'പ്രണയത്തിനു വേണ്ടി ഹൃദയം കൊടുക്കുന്നവരയല്ലേ നീ കണ്ടിട്ടുള്ളൂ. എന്നാൽ നിന്റെ പ്രണയത്തിനു വേണ്ടി ഞാൻ നൽകുന്നത് എന്റെ പ്രാണനാണ്'. പ്രണയിനിയെ അഭിസംബോധന ചെയ്ത് ദീർഘമായ ഒരു കത്തിൽ ആ യുവാവ് കുറിച്ചതിങ്ങനെ. ഭോപ്പാലിലാണ് സംഭവം. പ്രണയിക്കുന്ന പെൺകുട്ടിയുടെ അച്ഛൻ ക്ഷണിച്ചതിനെത്തുടർന്നാണ് ഭാരതീയജനതാ യുവമോർച്ച നേതാവായ അതുൽ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
എന്നാൽ വീട്ടിലെത്തിയ അതുലിനോട് പ്രണയം സത്യസന്ധമാണെങ്കിൽ മരിച്ചു കാണിക്കൂവെന്നായിരുന്നു പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടത്. വാഗ്വാദങ്ങൾക്കു ശേഷം അതുൽ സ്വയം വെടിവെയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അതുൽ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് ഭോപ്പാൽ പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് രാഹുൽ ലോധ പറയുന്നതിങ്ങനെ. അതുൽ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. കേസെടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
30 വയസ്സുകാരനായ അതുൽ 27 വയസ്സുകാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കാൻ പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടിട്ടാണ് ശിവാജി നഗറിലെ വീട്ടിലേക്ക് അതുൽ പോയത്. 'മകളോടുള്ള പ്രണയം തെളിയിക്കാൻ ഞാൻ സ്വയം ഇല്ലാതാകണമെന്ന് അയാൾ പറഞ്ഞു. ഞാനിപ്പോൾ അവളുടെ വീട്ടിലാണുള്ളത്. ഞാൻ മരിക്കുകയാണെങ്കിൽ എന്നെ ഇവിടുന്ന് മാറ്റണം. ഇല്ലെങ്കിൽ ഞാൻ എന്റെ പ്രണയത്തിനു വേണ്ടി തിരിച്ചു വരും'. സംഭവം നടന്ന ദിവസം അതുൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പെൺകുട്ടിയോട് പറയാനുള്ള കാര്യങ്ങളായി അതുൽ കുറിച്ചതിങ്ങനെ:- 'എനിക്ക് നീയില്ലാതെ ജീവിക്കാനാവുന്നില്ല. അതുകൊണ്ട് ഞാൻ പോവുകയാണ്. നിരവധിയാളുകൾ പ്രണയത്തിൽ വീഴാറുണ്ട്. പക്ഷേ നിന്നെ ഞാൻ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ മറ്റാർക്കുമാവില്ല. എനിക്ക് നിന്നെ മറക്കാനാവില്ല. സത്യമായും എനിക്ക് നിന്നെ മറക്കാനാഗ്രഹവുമില്ല. കാരണം നീ എന്റേതാണ്. മരണം വരെയും ഇനി മരിച്ചു കഴിഞ്ഞാലും എന്നും നീയെന്റെയുള്ളിലുണ്ടാവും. പ്രണയിക്കുന്ന എല്ലാവരും പ്രണയത്തിനുവേണ്ടി അവരുടെ ഹൃദയം നൽകാറുണ്ട്. പക്ഷേ പ്രണയത്തിനു വേണ്ടി എനിക്കു നൽകാനുള്ളത് എന്റെ പ്രാണൻ മാത്രമാണ്.
കുറിപ്പിനൊപ്പം പെൺകുട്ടിയ്ക്കൊപ്പമുള്ള 40 ഓളം ചിത്രങ്ങളും അതുൽ പങ്കുവച്ചിട്ടുണ്ട്. 13 വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹക്കാര്യം സംസാരിക്കാനായി പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് പ്രണയം ദുരന്തത്തിൽ കലാശിച്ചത്.