Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിൽ കാണാതായി 18 മാസം കഴിഞ്ഞ് ജീവനോടെ തീരത്തടിഞ്ഞു

x-default പ്രതീകാത്മക ചിത്രം.

വളരെ അവിശ്വസനീയമായ ഒരു സംഭവമാണിത്. കൂറ്റന്‍ തിരമാലകള്‍ക്കിടയില്‍ പെട്ട് മറഞ്ഞുപോയ വ്യക്തിയെ 18 മാസങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് അതേ വേഷവിധാനങ്ങളോടെ ബോധരഹിതയായി കണ്ടെത്തുക. മരിച്ചുപോയെന്ന് കരുതിയ വ്യക്തിയെ തിരികെ ലഭിച്ച വാർത്തയറിഞ്ഞവർ തിരയുന്നത് ഇതിനു പിന്നിലെ അദ്ഭുതത്തെക്കുറിച്ചാണ്.

ഇന്തോനേഷ്യയിലാണ് അവിശ്വസനീയമായ ഈ സംഭവം നടന്നത്. പതിനെട്ടു മാസം മുമ്പ് ഒരു ജനുവരിയില്‍ വെസ്റ്റ് ജാവായില്‍ വച്ചാണ് നൈനിങ് സണാറിഷ് എന്ന 53 കാരിയെ  ഒരു കൂറ്റന്‍തിരമാല കടലിലേക്ക് എടുത്തുകൊണ്ടുപോയത്.  പിന്നീട് അവരെക്കുറിച്ച് ആര്‍ക്കും കൃത്യമായ ഒരു വിവരവുമുണ്ടായിരുന്നില്ല. മൃതശരീരം  കണ്ടെത്തിയിട്ടില്ലായിരുന്നുവെങ്കിലും മരിച്ചുപോയി എന്നുതന്നെയാണ് എല്ലാവരും കരുതിയിരുന്നത്. പ്രതീക്ഷയുടെ ഒരു കണികപോലും ആര്‍ക്കുംഉണ്ടായിരുന്നുമില്ല. പക്ഷേ അതെല്ലാം കാറ്റില്‍ പറത്തിയാണ് ജീവനോടെ അന്ന് കാണാതെപോയ സ്ത്രീയെ അതേ കടല്‍ത്തീരത്ത് അന്ന് ധരിച്ച അതേ വസ്ത്രം തന്നെ ധരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയൊരു വ്യത്യാസം മാത്രം. ഇപ്പോള്‍ അവര്‍ക്ക് ബോധമുണ്ടായിരുന്നില്ല.

ഇനി മറ്റൊരു രസകരമായ കാര്യം കൂടി. ഈ  സ്ത്രീയെ കണ്ടെത്തുന്നതിന് മുമ്പ് ഇവരുടെ അച്ഛന്‍ ഒരു സ്വപ്‌നം കാണുകയുണ്ടായത്രെ. സ്വപ്‌നത്തില്‍ കണ്ടത് ഇപ്രകാരമായിരുന്നു. കാണാതെ പോയ അതേ കടല്‍ത്തീരത്ത് അതേ ഡ്രസ് ധരിച്ച് നൈനിങ് കിടക്കുന്നു. പല തവണ ഈ സ്വപ്‌നം ആവര്‍ത്തിച്ചുകാണുകയും ചെയ്തു. 

ആദ്യമൊക്കെ സ്വപ്‌നം അവഗണിച്ചുവെങ്കിലും അത് പലപ്പോഴും കണ്ടപ്പോള്‍ ആ സ്വപ്‌നത്തിന് പുറകെ പോകാന്‍ അച്ഛന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ശനിയാഴ്ച രാവിലെ അദ്ദേഹം ബീച്ചിലേക്ക് പോയി. പുറകെ കുടുംബക്കാരും. ഒടുവില്‍ രാത്രിയോടെയാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് നൈനിങിനെ കണ്ടെത്തിയത്. അതും കടലെടുത്തുപോയ സ്ഥലത്തു നിന്ന് വെറും 500 മീറ്റര്‍ അകലെ. 

അവിശ്വസനീയമായ ആ രംഗത്തിന് സാക്ഷ്യം വഹിച്ച കുടുംബാംഗങ്ങള്‍ ആദ്യം അവരെ വാരിയെടുത്ത് വീട്ടിലേക്കാണ് കൊണ്ടുപോയത്. പിന്നീട് ഡോക്ടറെ വിളിച്ചുവരുത്തി. ഗുരുതരമായ പരിക്കുകളൊന്നും നൈനിങിന് സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്. ബോധം വീണ്ടെടുത്ത നൈനിങിന് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ സാധിക്കുന്നുണ്ട്. പക്ഷേ മിണ്ടാന്‍ കഴിയുന്നില്ലെന്ന് മാത്രം. അതുകൊണ്ട് ഈ കടംകഥയുടെ പൊരുള്‍ അറിയാന്‍ നൈനിങ് സംസാരിച്ചുതുടങ്ങണം. എങ്കിലും എല്ലാവരുടെയും ഉള്ളിലെ സംശയം ഇതാണ്. നൈനിങിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്..എവിടെയായിരുന്നു ഇത്രയും കാലം?