കോളജ് പഠനകാലത്തിനിടെ, നന്നായി പഠിക്കാനായിരിക്കും വിദ്യാർഥികളോടു മാതാപിതാക്കൾ ആവശ്യപ്പെടുക. പഠനത്തിൽ മിടുക്കിയായിരുന്നിട്ടും പഠിക്കുന്നതിനൊപ്പം ജോലി നേടാൻ കുടുംബം ആവശ്യപ്പെട്ടപ്പോൾ അതിനുവേണ്ടി കഠിനായി പരിശ്രമിച്ച ഒരു പെൺകുട്ടിയുടെ കഥയാണിത്. പഠിച്ചു മിടുക്കിയായി ജോലി നേടുന്നതു കാണാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ല, സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടായിരുന്നു കുടുംബം സമ്മർദം ചെലുത്തിയത്.
അന്നു കഷ്ടപ്പാടുകളിലൂടെയാണു കുടുംബം കടന്നുപോയത്. കോളജിലെ മൽസരങ്ങളിലൊക്കെ പെൺകുട്ടി പങ്കെടുക്കും. ഡാൻസ് ആയാലും നാടകമായാലും എല്ലാം ഒരു കൈ നോക്കും. സമ്മാനങ്ങൾ കൊണ്ടു കുറച്ചെങ്കിലും ദാരിദ്ര്യം പരിഹരിക്കാമല്ലോ. പഠനത്തിനൊപ്പം ജോലിക്കുവേണ്ടിയും ശ്രമിച്ചു.ക്ലാസില്ലാത്തപ്പോൾ ജോലി ചെയ്യുക. എന്നാൽ ഒരു സ്ഥാപനവും സ്വീകരിച്ചില്ല. തളരാൻ പറ്റില്ല. ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിലൊരു സ്ഥാപനത്തിൽ ജോലി കിട്ടിയപ്പോൾ കാത്തിരുന്നതു കഷ്ടപ്പാടിന്റെ ദിനങ്ങൾ. പഠനവും ജോലിയുമായി ദിവസം 16 മണിക്കൂർ വരെ നീളുന്ന കഷ്ടപ്പാട്.
ചെറുപ്പത്തിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ഒരു പെൺകുട്ടി ഫെയ്സ്ബുകിൽ എഴുതി.കടന്നുപോകേണ്ടിവന്ന കഠിനകാലത്തെക്കുറിച്ച്. പഠനം മുന്നോട്ടുകൊണ്ടുപോകാൻ ജോലി ചെയ്യേണ്ടിവന്ന സമ്മർദസാഹചര്യങ്ങളെക്കുറിച്ച്. ഒരു ശരാശരി ഇന്ത്യൻ യുവതിക്കു നേരിടേണ്ടിവന്ന ദുരിതങ്ങളും അവ അതിജീവിക്കാൻ നടത്തിയ പരിശമവും നിറഞ്ഞുനിൽക്കുന്ന അനുഭവക്കുറിപ്പ്:
ഡിഗ്രി നേടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്റെ ചുറ്റുവട്ടത്തുള്ള കുട്ടികൾ ഡിഗ്രി പഠനം പൂർത്തിയാക്കാറില്ല. സാമ്പത്തിക ബുദ്ധുമുട്ടുകൾ ആയിരിക്കും കാരണം. പക്ഷേ, പഠനത്തിൽ പിന്നോട്ടുപോകാൻ ഞാൻ തയാറല്ലായിരുന്നു. എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു. അപ്പോൾ അച്ഛനാണു നിർദേശിച്ചത് ഞാൻ ഒരു ജോലി കണ്ടെത്തണമെന്ന്. ജോലി കൂടാതെ പഠനത്തെ പിന്തുണയ്ക്കാനുള്ള സാമ്പത്തികാവസ്ഥ വീട്ടിലില്ല. പണം സമ്മാനമായി തരുന്ന മൽസരങ്ങളിലൊക്കെ ഞാൻ പങ്കെടുത്തു. പാർട്ട് ടൈം ജോലികൾക്കുവേണ്ടി അപേക്ഷ അയച്ചു. സ്വീകരിച്ചുകൊണ്ടുള്ള കത്തുകൊളൊന്നും കിട്ടിയില്ല. ഒരു ബിരുദം പോലുമില്ലാത്ത കുട്ടിക്ക് എന്തു ജോലി കിട്ടാൻ. ശ്രമങ്ങൾ ഞാൻ ഉപേക്ഷിച്ചില്ല. ഡിഗ്രി നേടണം എന്ന കാര്യത്തിൽ ഉറച്ചുതന്നെ നിന്നു.
അവസാനം ഒരു ബ്രാൻഡ് ഫാക്ടറിയിൽനിന്ന് എനിക്ക് ഇന്റർവ്യൂ കാർഡ് കിട്ടി. കണ്ണാടിയിൽ നോക്കി പരിശീലിച്ചതിനുശേഷമാണു അഭിമുഖത്തിനുപോയത്. അവിടെ തൊഴിലുടമയ്ക്കുമുന്നിൽ എന്റെ അവസ്ഥ വിവരിച്ചു. നൂറു ശതമാനം ആത്മാർഥതയോടെ ജോലി ചെയ്യുമെന്നു ഉറപ്പുകൊടുത്തു. കമ്പനി അതംഗീകരിച്ചു. അതോടെ തിരക്കിട്ട എന്റെ ഷെഡ്യൂൾ തുടങ്ങുകയായി. ജോലി, കോളജ്, ഹോം വർക്, വീട്ടിലെ ജോലികളിൽ സഹായിക്കുക. വീണ്ടും ജോലി. 16 മണിക്കൂർ ജോലി ചെയ്താലും തീരില്ല. ഞാൻ തളർന്നില്ല. 24 മണിക്കൂറും ജോലി ചെയ്യാൻ തയാറായിരുന്നു ഞാൻ.
എന്റെ ആരോഗ്യത്തിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. പഠനം ഉപേക്ഷിക്കാൻ അവരെന്നോടു പറഞ്ഞു. പക്ഷേ, കുടുംബത്തിൽ എല്ലാവരും ചെയ്തതുപോലെ ഡിഗ്രി പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ജോലി ചെയ്യാൻ ഞാൻ തയ്യാറായില്ല. എന്റെ ദൃഡനിശ്ചയം തുറന്നുപറന്നു – എങ്ങനെയും പഠനം പൂർത്തിയാക്കണം.
ഹ്യൂമൻ റിസോഴ്സിൽ ബിരുദം കരസ്ഥമാക്കിയ ദിവസം – ഞാനൊരു വലിയ വൃത്തം പൂർത്തിയാക്കിയതായി എനിക്കു തോന്നി. ഒരു മൽസരത്തിൽ വിജയിച്ച അനുഭൂതി.
ഡിഗ്രി സർട്ടിഫിക്കറ്റ് വൈകിട്ട് അച്ഛന്റെ കയ്യിൽ കൊണ്ടുകൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാനൊരിക്കലും മറക്കില്ല:
പൊതുവെ എല്ലാവരും വീട്ടിൽ ഒരു മകനുണ്ടാകാനാണ് ആഗ്രഹിക്കുക. പക്ഷേ, മകൾക്കും പഠിക്കാനും ഒപ്പം കുടുംബത്തെ സഹായിക്കാനും കഴിയുമെന്ന് ഇന്നു നീ തെളിയിച്ചിരിക്കുന്നു...