അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സ്വയം ഒരു വീരനായകനായി കരുതാന്‍ ഒരുക്കമല്ല ഡോക്ടര്‍ റിച്ചഡ് ഹാരിസ്. ഓസ്ട്രേലിയക്കാരനായ ഹാരിസ് ഇന്ന് ആ രാജ്യത്തും തായ്‍ലന്‍ഡിലും മാത്രമല്ല ലോകമെങ്ങും അറിയപ്പെടുന്ന വ്യക്തിയാണ്. ലോകത്തിന്റെ പ്രാര്‍ഥനകളില്‍ ആ പേരുണ്ട്. ജനസംസാരത്തില്‍ അദ്ദേഹത്തിന്റെ സാഹസിക പ്രവൃത്തികളുണ്ട്. ഏറ്റവും സാഹസികനായ വ്യക്തിക്കു കൊടുക്കുന്ന പുരസ്കാരവും മഹാനായ ഓസ്ട്രേലിയക്കാരനുള്ള പുരസ്കാരവും അദ്ദേഹത്തിനു തന്നെ കൊടുക്കണം എന്ന ആവശ്യവും ഉയരുന്നു.
13പേരുടെ ജീവന്‍ രക്ഷിച്ച ചാരിതാര്‍ഥ്യത്തോടെ താം ലുവാങ് ഗുഹയ്ക്കുള്ളില്‍നിന്ന് ഏറ്റവുമവസാനം പുറത്തുവന്ന ഓസ്ട്രേലിയയില്‍നിന്നുള്ള ഡോക്ടറും നീന്തല്‍ വിദഗ്ധനുമാണ് റിച്ചഡ് ഹാരിസ്. അഭിനന്ദനങ്ങള്‍ക്കു നടുവില്‍ നില്‍ക്കുമ്പോള്‍ ഒരു സങ്കട വാര്‍ത്തയും അദ്ദേഹത്തെ തേടിയെത്തി. പിതാവിന്റെ മരണം. കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും രക്ഷിക്കാനുള്ള സാഹസിക ദൗത്യത്തില്‍ ഹാരിസ് മുഴുകിയപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് അഡലെയ്ഡിലെ വീട്ടില്‍ അന്ത്യശ്വാസം വലിച്ചത്.
അഡലെയ്ഡിലെ സാസ് മെഡ് സ്റ്റാറില്‍ അനസ്തെറ്റിസ്റ്റാണ് ഹാരി. ഹാരിയും 19 നീന്തല്‍ വിദഗ്ധരുമായിരുന്നു തായ്‍ലന്‍ഡില്‍ എത്തിയ ഓസ്ട്രേലിയന്‍ സംഘത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം ആദരിക്കുമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി ജുലി ബിഷപ് അറിയിച്ചെങ്കിലും കൂടുതല്‍ ഉന്നതമായ പുരസ്കാരങ്ങള്‍ ഹാരിക്കു നല്‍കണമെന്നാണ് ലോകമെങ്ങുനിന്നും ഉയരുന്ന ആവശ്യം.
മാധ്യമങ്ങളുള്‍പ്പെടെ തന്നെ പൂര്‍ണമായും പുകഴ്ത്തുമ്പോഴും എല്ലാ അംഗീകാരവും കുട്ടികള്‍ക്കും തായ് നേവി സംഘത്തിനും നല്‍കണം എന്ന നിലപാടിലാണു ഹാരി. എന്നാല്‍ തങ്ങള്‍ ഹാരിയോടു പൂര്‍ണമായും കടപ്പെട്ടിരിക്കുന്നു എന്നു പറയുന്നു തായ് നേവി സംഘം. തങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനം അവര്‍ ഫെയ്സ്ബുകില്‍ രേഖപ്പെടുത്തുകയും ചെയ്തു. അതിസാഹസികരാണ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍. അവരുടെ ധൈര്യവും മനോനിയന്ത്രണവും ആത്മവിശ്വാസവും എടുത്തുപറയേണ്ടതാണ്. അതൊന്നുകൊണ്ടുമാത്രമാണ് അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞത്. അതല്ലാതെ ഞങ്ങളുടെ വീരകൃത്യമൊന്നും ഇവിടെ സംഭവിച്ചിട്ടില്ല: വിനയാന്വിതനായി ഹാരി പറയുന്നു.
ലോകം പ്രാര്‍ഥനയോടെ കാത്തിരുന്ന സാഹസിക നിമിഷങ്ങളെക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ തന്നെ ഹാരിയോടു ചോദിച്ചു. പുറത്തുവരുന്നതിനു തൊട്ടുമ്പുള്ള അവസാന മണിക്കൂറുകള്‍ കഠിനമായിരുന്നു. വഴിയറിയാതെ ഞങ്ങള്‍ ശരിക്കും ബുദ്ധിമുട്ടി. ചെളിയും മണ്ണും കൂടി കൂടിക്കുഴഞ്ഞ വഴിയും ഇരുട്ടുമായതോടെ ഒന്നും കാണാന്‍ സാധിക്കുമായിരുന്നില്ല.
പൂര്‍ണമായ ഇരുട്ടില്‍ കുട്ടികളെ നെഞ്ചോടടുക്കിപ്പിടിച്ച് സുരക്ഷാനിര്‍ദേശങ്ങള്‍ പാലിച്ചു സഞ്ചരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്- പ്രധാനമന്ത്രിയുടെ അന്വേഷണത്തിനു മറുപടിയായി ഹാരി പറഞ്ഞു. ഹാരിയെയും മറ്റു രക്ഷാപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഫോണ്‍ സംസാരം അവസാനിപ്പിച്ചത്. ലോകത്തിനു താങ്കള്‍ ഇന്നു പ്രചോദനത്തിന്റെ മറുവാക്കാണ്. ഓസ്ട്രേലിയയ്ക്കു മുഴുവന്‍ ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍... പ്രധാനമന്ത്രി പിന്നീടു പറഞ്ഞു. ഹാരിയുടെ പിതാവിന്റെ മരണത്തില്‍ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.
പിതാവിന്റെ മരണത്തില്‍ തളര്‍ന്ന ഹാരിക്ക് തായ് നേവി സംഘവും അനുശോചനം രേഖപ്പെടുത്തി. ഈ കഠിനകാലത്തിലൂടെ വേഗം പുറത്തുവരാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു---അവര്‍ ഫെയ്സ്ബുക്കില്‍ രേഖപ്പെടുത്തി. അഡലെയ്ഡിലെ സാസ് മെഡ്സ്റ്റാര്‍ ആശുപത്രി അധികൃതരാണ് ഹാരിയുടെ പിതാവിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. വിജയകരമായ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു നിമിഷങ്ങള്‍ക്കകമായിരുന്നു മരണവാര്‍ത്ത എത്തിയത്.
അന്‍പത്തിമൂന്നു വയസ്സുകാരനായ ഹാരി കുടുംബവുമൊത്ത് നടത്താനിരുന്ന അവധിക്കാല യാത്ര വേണ്ടെന്നുവച്ചാണ് ഉത്തര തായ്‍ലന്‍ഡിലേക്ക് ദുരന്ത വാര്‍ത്ത അറിഞ്ഞയുടന്‍ എത്തിയതും സാഹസിക ദൗത്യത്തില്‍ പങ്കാളിയായതും. തന്റെ മുപ്പതുവര്‍ഷത്തെ അനുഭവങ്ങളുടെ ബലത്തിലാണ് കുട്ടികളുടെ ശാരീരിക അവസ്ഥ പരിശോധിച്ച് അവര്‍ക്കു കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി ഏറ്റവും കഠിനമായ മണിക്കൂറുകളില്‍ അവര്‍ക്കൊപ്പം നിന്ന് ഹാരിസ് രക്ഷാദൗത്യത്തിലെ വീരനായകനായി മാറിയത്. പുറത്തുവന്ന ഓരോ കുട്ടിയേയും പരിശോധിച്ച് അവര്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നു സാക്ഷ്യപ്പെടുത്തി ഹാരി. അവസാനത്തെയാളും പുറത്തുവന്നതിനുശേഷം മാത്രമാണ് അദ്ദേഹം ഗുഹാമുഖം വിട്ടതും.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏകകണ്ഠമായി ഉയരുന്ന അഭിപ്രായം ഹാരിക്ക് ഓസ്ട്രേലിയന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം കൊടുക്കണമെന്നാണ്. പുരസ്കാരം ഹാരിക്കു നല്‍കുന്നതിലൂടെ ഓസ്ട്രേലിയയ്ക്ക് ലോകത്തിനുമുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ജീവിതത്തില്‍ ഇതാദ്യമല്ല ഹാരി സാഹസിക ദൗത്യത്തില്‍ പങ്കാളിയാകുന്നത്. 2011 ലും അദ്ദേഹം വലിയൊരു ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് അപകടകരമായ ഗുഹയില്‍നിന്ന് സ്വന്തം പങ്കാളിയുടെ മൃതദേഹമാണ് അദ്ദേഹത്തിനു പുറത്തെടുക്കേണ്ടിവന്നത്. തെക്കന്‍ ഓസ്ട്രേലിയയിലെ മൗണ്ട് ഗാംബിയറില്‍ ടാങ്ക് ഗുഹയിലായിരുന്നു അന്ന് അപകടം നടന്നത്. എട്ടു കിലോമീറ്ററോളം സാഹസികമായി സഞ്ചരിക്കേണ്ടിവന്നു അന്നു ഹാരിക്ക്. അധികൃതര്‍ അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അന്ന് ഹാരി രക്ഷാദൗത്യത്തില്‍ പങ്കാളിയായത്.
ഇന്ന് ലോകമെങ്ങും ഹാരി അറിയപ്പെടുന്നു. സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ രക്ഷാദൗത്യങ്ങളില്‍ തന്റെ കഴിവുകള്‍ മുഴുവന്‍ സമര്‍പ്പിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സാഹസിക ദൗത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അനുഭവ പരിജ്ഞാനമുള്ളയാള്‍. ആത്മാര്‍ഥതയുടെയും സമര്‍പ്പണത്തിന്റെയും പര്യായം.