ആഡംബര ബംഗ്ലാവിൽ 25 കുട്ടികൾ; മാസ്സാണ് ഈ ഐഎഎസ് ഓഫീസറുടെ ഭാര്യ

ഉത്തര്‍പ്രദേശിലെ ലക്നൗവിൽ ഐഎഎസ് ഓഫിസര്‍ ജിതേന്ദ്രകുമാറിന്റെ വീട്ടില്‍ ചെന്നാല്‍ ഇരുപത്തഞ്ചോളം കുട്ടികളെ കാണാം. ആഡംബര സൗകര്യങ്ങളുള്ള ഒരു ബംഗ്ലാവിലെ അസാധാരണ കാഴ്ച. അവര്‍ ആ ബംഗ്ലാവിലേക്കു  വെറുതെ കയറിച്ചെന്നവരല്ല, ക്ഷണിക്കപ്പെട്ടവരാണ്.  കുട്ടികള്‍ക്കു കൂട്ടുകാരിയും പരിരക്ഷകയും ജിതേന്ദ്രകുമാറിന്റെ ഭാര്യയാണ്- സീമ ഗുപ്ത. അധ്യാപികയും സുഹൃത്തും മുതിർന്ന ചേച്ചിയും മുതല്‍ അമ്മയും സഹോദരിയും വരെയാണു സീമ കുട്ടികള്‍ക്ക്. മനുഷ്യത്വത്തിന്റെ അസാധാരണമായ ഒരു കാഴ്ച. 

എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നവരും ഒരു സൗകര്യവുമില്ലാത്തവരുമായ കുട്ടികളുണ്ട് സമൂഹത്തില്‍. വിശപ്പടക്കാന്‍ വ്യത്യസ്ത വിഭവങ്ങളുള്ളവര്‍ മുതല്‍ ഒരു നേരത്തെ ആഹാരത്തിനു പോലും ഒന്നുമില്ലാത്തവര്‍ വരെ. സ്കൂളുകളില്‍ പോകുന്നവര്‍ മുതല്‍ അക്ഷരം എന്താണെന്നു കേള്‍ക്കാത്തവര്‍ വരെ. വീട്ടില്‍ ഒരു ജോലിയിലും സഹായിക്കാത്തവര്‍ മുതല്‍ എല്ലാ ജോലിയും ചെയ്യുന്നവര്‍ വരെ. കുട്ടികളെ വീട്ടിലേക്കു ക്ഷണിക്കുക മാത്രമല്ല സീമ ചെയ്യുന്നത് അവര്‍ക്കു വേണ്ട വസ്ത്രം നല്‍കുക,ഭക്ഷണം നല്‍കുക,പഠന സാഹചര്യങ്ങള്‍ ഒരുക്കുക എന്നിവയും സീമ ചെയ്യുന്നു. ഭര്‍ത്താവു ജിതേന്ദ്രകുമാര്‍ സീമയുടെ  പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുമുണ്ട്. വിവധയിടങ്ങളില്‍നിന്നു കുട്ടികളെ വിളിച്ചുകൊണ്ടുവരാനും തിരിച്ചുകൊണ്ടാക്കാനും അദ്ദേഹം തന്റെ ഔദ്യോഗിക വാഹനം വിട്ടുതരാറുണ്ടെന്നും സീമ പറയുന്നു. ആ ബംഗ്ലാവില്‍ ദിവസവും വരുന്ന കുട്ടികളില്‍ ഒരാള്‍ പറയുന്നത് സീമ തങ്ങളുടെ അധ്യാപിക മാത്രമല്ല അമ്മ കൂടിയാണെന്നാണ്. 

തന്റെ വീട്ടില്‍വരുന്ന കുട്ടികളെ പഠിപ്പിക്കുക മാത്രമലല്ല അവര്‍ക്കു നല്ല ഭാവി ഏര്‍പ്പെടുത്താനും കൂടി ശ്രദ്ധിക്കാറുണ്ട് സീമ. പ്രാഥമിക വിദ്യാഭ്യാസം നല്‍കി കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനൊപ്പം അവരെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ ഭര്‍ത്താവിന്റെ സൗകര്യവും തേടാറുണ്ട്. കുട്ടികള്‍ക്കു നല്ല ഭാവി കാണിച്ചുകൊടുക്കുന്നതിലൂടെ അവരുടെ ഭാവി സംരക്ഷിക്കുക മാത്രമല്ല  ചെയ്യുന്നത്, അവരുടെ കുടുംബങ്ങളെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിക്കുക കൂടിയാണ്. സമൂഹത്തിലെ പ്രശ്നങ്ങളിലൊന്നും ശ്രദ്ധിക്കാതെ സുഖലോലുപ ജീവിതം നയിക്കാവുന്നതേയുള്ളു സീമയ്ക്ക്. പക്ഷേ, തന്റെ കടമ സമൂഹത്തിനുവേണ്ടിയുള്ള പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുകയാണെന്നു തിരിച്ചിറിയുന്നതിലാണ് ഈ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ മഹത്വം. ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ നേരിട്ടുള്ള സൗകര്യങ്ങള്‍ ഏറ്റുവാങ്ങുന്ന ആയിരങ്ങള്‍ക്ക് അനുകരണീയമായ ഒരു മാതൃക കൂടിയാണ് സീമ കാഴ്ചവയ്ക്കുന്നത്.