സ്വർഗത്തിൽ നിന്നുള്ള ദമ്പതികൾ എന്ന വിശേഷണത്തോടെയാണ് മിലിന്ദിന്റെയും അങ്കിതയുടെയും ആ ചിത്രത്തെ സുഹൃത്തുക്കൾ സ്വീകരിച്ചത്. മതാചാരപ്രകാരം ഏപ്രിലിൽ വിവാഹിതരായ ഇരുവരും ഹണിമൂൺ ആഘോഷങ്ങളുടെ ഭാഗമായാണ് വീണ്ടും വിവാഹിതരായത്.
ഇക്കുറി സ്പെയിനിലായിരുന്നു വിവാഹം. ബെയർഫൂട്ട് വെഡ്ഡിങ്ങിനായാണ് ഇവർ സ്പെയിനിലെത്തിയത്. അങ്കിത തന്നെയാണ് സ്പെയിനിൽ നടന്ന വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.വെള്ളച്ചാട്ടം പശ്ചാത്തലമാക്കി വെള്ളവസ്ത്രങ്ങളും ടിയാരയുമണിഞ്ഞ് വെള്ളപ്പൂക്കൾ കൈയിലേന്തി നിൽക്കുന്ന അങ്കിതയ്ക്കൊപ്പം വെള്ളസ്യൂട്ടും ബ്ലൂ ബ്ലെയ്സറും അണിഞ്ഞാണ് മിലിന്ദ് സോമൻ നിൽക്കുന്നത്. ബക്കറ്റ് ലിസ്റ്റിലെ കല്യാണം സഫലമാക്കിയത് അഭിനന്ദനങ്ങൾ എന്നാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്ന ഒരു കമന്റ്.
മഹാരാഷ്ട്രയിലെ ആചാരപ്രകാരം ഏപ്രിൽ 22 നായിരുന്നു 27 വയസ്സുകാരിയായ അങ്കിതയും 52 വയസ്സുകാരനായ മിലിന്ദും വിവാഹിതരായത്. അന്നു നടന്ന വിവാഹാഘോഷത്തിന്റെ ചടങ്ങുകളിൽ തന്റെ അസാമീസ് രീതിയും മഹാരാഷ്ട്രയിലെ ശൈലിയും കോർത്തിണക്കിയ വസ്ത്രങ്ങളും ആഭരണങ്ങളുമായിരുന്നു അങ്കിത ഉപയോഗിച്ചത്. വിവാഹശേഷം ഹണിമൂണിനായി യൂറോപ്യൻ രാജ്യങ്ങളിലായിരുന്ന ഇവർ സ്പെയിനിലെത്തിയപ്പോഴാണ് സ്വപ്ന സാക്ഷാത്കാരത്തിനായി വീണ്ടും വിവാഹിതരായത്.