ആ വീട്ടമ്മ പോസ്റ്റ് ചെയ്ത ചിത്രത്തിൽ അസാധാരണായി ഒന്നുമില്ല. വൃത്തിയും വെടിപ്പുമുള്ള ഒരു അടുക്കളയുടെ ചിത്രം. കിച്ചൻ സ്ലാബിൽ നിരത്തിവച്ചിരിക്കുന്ന വൃത്തിയുള്ള പ്ലേറ്റുകൾ. ചിത്രത്തിന് ബ്രിട്ടാണി ഏൺസ്പെർജർ എന്ന ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ഒരു അടിക്കുറിപ്പും കൊടുത്തു: ഇതുപോലെയാണു ഡിപ്രഷൻ എന്ന വിഷാദരോഗവും.
ദൈനംദിന ജീവിതത്തിനിടെ തന്നെ കീഴടക്കിയ വിഷാദരോഗത്തെക്കുറിച്ചുള്ള വീട്ടമ്മയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാരവിഷയം. എന്നും എവിടെയും എങ്ങനെയും കടന്നുവരാവുന്ന നിശ്ശബ്ദനായ കൊലയാളിയായി മാറിയിരിക്കുന്നു വിഷാദം. പുറമെ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണാനില്ലെങ്കിലും ദിനചര്യകളെയാകെ തകിടം മറിച്ച്, ജീവിതത്തെ അർഥശൂന്യമാക്കുന്ന മാരക രോഗം. പ്രശസ്തരും പ്രമുഖരുമായവരെ മുതൽ സാധാരണക്കാരെ വരെ വിഷാദം അടിമകളാക്കുന്നു. അടുക്കളയുടെ ചിത്രത്തിനൊപ്പം വീട്ടമ്മ എഴുതിയ പോസ്റ്റ് കണ്ണു നനയാതെ വായിക്കാനാകില്ല. ഒരു സാധാരണ വീട്ടമ്മയുടെ അനുഭവങ്ങളാണവർ പറയുന്നത്. വിഷാദത്തിന്റെ മാരക സ്വഭാവം അടുത്തറിയാൻ സഹായിക്കുന്ന പോസ്റ്റിലേക്ക്:
വൃത്തിയുള്ള ഈ പ്ലേറ്റുകൾ നോക്കൂ. ഒരു പ്രത്യേകതയുമില്ല. പക്ഷേ, അങ്ങനെയല്ല കാര്യങ്ങൾ. ഇപ്പോൾ വൃത്തിയായി പ്ലേറ്റുകളും മറ്റു പാത്രങ്ങളും അടുക്കിവച്ചിട്ടുണ്ടെങ്കിലും രണ്ടാഴ്ച മുമ്പ് ഇങ്ങനെയായിരുന്നില്ല എന്റെ വീട്ടിലെ അടുക്കള. മൂന്നുദിവസം മുമ്പ് അടുക്കളയുടെ നിലത്ത് ഇരിക്കുകയായിരുന്നു ഞാൻ. വൃത്തികേടായി കിടക്കുന്ന പ്ലേറ്റുകളിൽ നോക്കി ഞാൻ കരഞ്ഞു. ആഹാരം കഴിച്ച പാത്രങ്ങളോരോന്നും കഴുകി വയ്ക്കണമെന്ന് എനിക്കറിയാം. പക്ഷേ എനിക്കതു കഴിഞ്ഞില്ല. അഗാധമായ ജലാശയത്തിൽ താഴ്ന്നുപോകുന്ന കല്ലുപോലെ വിഷാദരോഗം എന്നെ തളർത്തി, തകർത്തു. രാത്രിയും പകലും ഞാൻ അടുക്കളിയിലെത്തി. ചെയ്യാനുള്ള ജോലികൾ എന്നെ തുറിച്ചുനോക്കി. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഓരോ ദിവസവും ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് എന്റെ മനസ്സിലുണ്ട്. പക്ഷേ, എനിക്കൊന്നിനും വയ്യ. ഞാൻ ഒന്നും ചെയ്തില്ല. അതേ, ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടായിട്ടും അവയെക്കുറിച്ച് അറിയാമെങ്കിലും അവ ചെയ്യാതിരിക്കുന്നതാണു വിഷദം എന്ന രോഗം.
ഒന്നിനും കൊള്ളാത്ത ഒരാളായി ഞാൻ മാറി. ഞാനെന്ന വലിയ പരാജയം. ഒരു കഴിവുമില്ലാത്ത ഒരാൾ. അലസതയുടെ പര്യായം. ദിവസം മുഴുവൻ ചെയ്യാനാവാത്ത കാര്യങ്ങൾ ഒന്നൊന്നായി മനസ്സിലൂടെ കടന്നുപോയി. ഒന്നും ചെയ്യാനാവാതെ വന്നപ്പോൾ ആകാംക്ഷ കൂടി. തോൽവി പൂർണമാകുകയായിരുന്നു. ഒരു കഴിവുമില്ലാത്ത ഒരു സ്ത്രീയോടൊത്ത് ആരെങ്കിലും താമസിക്കുമോ ? ആദ്യം വിട്ടുപോകുന്നത്, ഉപേക്ഷിക്കുന്നതും ഭർത്താവ് ആയിരിക്കും. വൃത്തിയില്ലാത്ത അടുക്കള കണ്ട് അതിഥികൾ മുഖം തിരിക്കും. മക്കൾക്കു പോലും സ്നേഹം തോന്നില്ല.
അഹാരം പാകം ചെയ്യാവുന്ന അവസ്ഥയിലല്ല അടുക്കള. ഭക്ഷണം വിളമ്പാവുന്ന അവസ്ഥയിലല്ല പാത്രങ്ങൾ. മുറികളിൽ കൂട്ടിയിട്ടിരിക്കുന്ന മുഷിഞ്ഞ തുണികൾ. അഴുക്കു കുന്നുകൂടിക്കിടക്കുന്ന മുറികൾ.മുറികൾക്കു മാത്രമല്ല പ്രശ്നം. സ്വയം നന്നായി വേഷം ധരിച്ചിട്ടില്ല. കുളിച്ചിട്ടില്ല. ബ്രഷ് ചെയ്തിട്ടുപോലുമില്ല. കുട്ടികളെ ഒരുക്കിയിട്ടില്ല. എല്ലാം ഒരു ദുസ്വപ്നം പോലെ. കരുത്തുള്ളവർ വിഷാദത്തെക്കുറിച്ചു സംസാരിക്കാറില്ല. മറ്റുള്ളവർ എന്തു കരുതും എന്ന തോന്നലിൽ അവർ ദൗർബല്യം മറക്കും. പക്ഷേ, ദുർബലരോ.....ഞാനും ദുർബലയല്ല. കരുത്ത് തെളിയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ഒരു ഒഴിവുകാലം കൂടിയേ തീരൂ...ഒരു ബ്രേക്ക്.
വിഷാദരോഗത്തെ വിജയകരമായി ഈ വീട്ടമ്മ അതിജീവിച്ചു. കുറിപ്പിന്റെ അസാനഭാഗത്തു കാണുന്നത് ആത്മവിശ്വാസം. ശക്തി. മുന്നോട്ടു കുതിക്കാനുള്ള ഊർജം.
ഇന്ന് ആകെ ചെയ്തത് ഡിയോഡറന്റ് സ്പ്രേ ചെയ്യുക മാത്രമായിരുന്നു. അങ്ങനെയാണെങ്കിൽത്തന്നെയെന്ത്. ഞാനതിൽ അഭിമാനിക്കുന്നു. നല്ലൊരു പ്രവൃത്തിയല്ലേ ചെയ്തത്. ഞാനുണ്ട് കൂടെ.
എനിക്കു സഹതാപം വേണ്ട. അൽപം പോലും വേണ്ട.
ഞാനിവിടെയുണ്ട്. നിങ്ങൾക്കു കരുത്തായി. അതേ, തീർച്ചയായും ഞാൻ സഹായിക്കും.
തന്റെ കുറിപ്പ് വൈറലായതിൽ വീട്ടമ്മ അത്ഭുദപ്പെടുന്നു. താനനുഭവിക്കുന്ന പ്രശ്നങ്ങൾ മറ്റുള്ളവരും അനുഭവിക്കുന്നു എന്നല്ലേ അതിന്റെ അർത്ഥം.
പ്രിയപ്പെട്ട വീട്ടമ്മമാരേ, ഞാൻ കടന്നുപോയതുപോലുള്ള അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടായാൽ തളരരുത്. തകരരുത്. ഞാനുണ്ട് കൂടെ.
എനിക്കൊരു ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കൂ. നമുക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്യാം. കൂട്ടായി പരിഹരിക്കാം.