അമ്മയ്ക്ക് ജോലിയുള്ളതാണോ ഇല്ലാത്തതാണോ ഇഷ്ടമെന്നു ചോദിച്ചാൽ ഭൂരിപക്ഷം കുഞ്ഞുങ്ങളുടെയും മറുപടി അമ്മയ്ക്ക് ജോലിയില്ലാതിരിക്കുന്നതാണ് തങ്ങൾക്കിഷ്ടമെന്നാണ്. സ്കൂൾ വിട്ടു വരുമ്പോൾ കാത്തിരിക്കാൻ വീട്ടിൽ അമ്മയുണ്ടാകുന്നത് വളരെ സന്തോഷം നൽകുമെന്നും സ്നേഹം കലർത്തി അമ്മ വിളമ്പുന്ന പലഹാരങ്ങൾ രുചിക്കുന്നതും അമ്മയുടെ ഒപ്പമിരുന്നു ഹോവർക്ക് ചെയ്യുന്നതുമൊക്കെയാണ് തങ്ങളുടെ സ്വർഗമെന്നുമുള്ള ന്യായമാണ് അതിന് മക്കൾ പറയുന്നത്.
അമ്മ ജോലിക്കു പോകുന്നത് ഇഷ്ടമില്ലാതിരുന്ന ഒരു ഭൂതകാലം തനിക്കുമുണ്ടായിരുന്നുവെന്ന് ഓർക്കുകയാണ് മുംബൈ സ്വദേശിനിയായ ഒരു യുവതി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. '' എന്റെ അച്ഛനമ്മമാർ ജോലിക്കാരാണ്. കൂട്ടുകാരുടെ അമ്മമാർ വീട്ടമ്മമാരും. അതുകൊണ്ടു തന്നെ അമ്മ ജോലിക്കു പോകുന്നതിനോട് എനിക്ക് വെറുപ്പായിരുന്നു. കുട്ടിക്കാലത്തെ വെറുപ്പുമാറി അവരെ ബഹുമാനിച്ചു തുടങ്ങിയത് മുതിർന്നപ്പോഴാണ് എത്ര വലിയ മാതൃകയാണ് അവർ ഞങ്ങൾക്ക് കാട്ടിത്തരുന്നത് എന്നു മനസ്സിലായപ്പോഴാണ്.
സമത്വം എന്നത് വീട്ടിൽ നിന്നാണ് തുടങ്ങേണ്ടതെന്ന നല്ല പാഠം പഠിപ്പിച്ചു തന്നത് അച്ഛനും അമ്മയും ചേർന്ന ആ ടീം ആയിരുന്നു. രാവിലെ ഞങ്ങൾക്കുള്ള ഭക്ഷണമൊരുക്കി ടിഫിൻ പൊതികെട്ടിയ ശേഷമാണ് അമ്മ ജോലിക്കു പോകുന്നത്. തിരികെയെത്തുന്ന ഞങ്ങൾക്ക് ഭക്ഷണം തരുന്നത് അച്ഛനാണ്. അതിനു ശേഷം അദ്ദേഹം തിരക്കിട്ട് ജോലിക്കുപോകും. വൈകുന്നേരം ജോലിസ്ഥലത്തു നിന്ന് അമ്മയെയും കൂട്ടിയാണ് അച്ഛൻ തിരിച്ചെത്തുക. പിന്നെ ഞങ്ങളെ ഹോംവർക്ക് ചെയ്യാൻ സഹായിക്കുന്നതും അത്താഴമൊരുക്കുന്നതും അവരിരുവരും ചേർന്നാണ്.
സ്കൂളിലെ പിറ്റിഎ മീറ്റിങ്ങിനും മറ്റും സാധാരണയായി വരുന്നത് അച്ഛനാണ്. അത് അമ്മയ്ക്കു ഞങ്ങളോട് സ്നേഹമില്ലാഞ്ഞിട്ടല്ല. അച്ഛനേയും അമ്മയേയും കണ്ടുവളർന്നതുകൊണ്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഞങ്ങൾ പഠിച്ചത്. ഫുൾടൈംജോലി ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും ഹോംലി അല്ലാതാവുന്നില്ല, അതുപോലെ തന്നെ അടുക്കളയിൽ കയറുന്ന പുരുഷൻ ഒരിക്കലും അവന്റെ ആഗ്രഹങ്ങളെ ഉപേക്ഷിക്കുന്നുമില്ല. സമത്വത്തെക്കുറിച്ചുള്ള വലിയ പാഠം പഠിച്ചത് വീട്ടിൽ നിന്നാണെന്നു പറഞ്ഞുകൊണ്ടാണ് യുവതി കുറിപ്പ് അവസാനിപ്പിക്കുന്നത്.