നാലുപേരിൽ ഇഷ്ടക്കൂടുതൽ ആ ഒരാളോട്; കാരണം വെളിപ്പെടുത്തി ബോണികപൂർ

അച്ഛനും നാലുമക്കളും ഒരുമിച്ചു പോസ് ചെയ്ത ആ കുടുംബ ചിത്രം ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത് കപൂർ കുടുംബത്തിലെ സോനംകപൂറിന്റെ വിവാഹ റിസപ്ഷനാണ്. ബോണികപൂറും അർജ്ജുനും അൻഷുലയും ജാൻവിയും ഖുഷിയും ഒരുമിച്ചു പോസ് ചെയ്ത ആ ചിത്രത്തെ ബിടൗണിലുള്ളവരും ആരാധകരും വളരെ പോസിറ്റീവായാണ് കണ്ടത്.

രണ്ട് അമ്മമാരിൽ പിറന്നവരാണെങ്കിലും ഒരു ആപത്ഘട്ടത്തിൽ പരസ്പരം ചേർന്നു നിൽക്കാൻ മനസ്സുകാട്ടിയ ആ കുട്ടികളുടെ മനോഭാവത്തെ നിറഞ്ഞ മനസ്സോടെ എല്ലാവരും സ്വീകരിച്ചപ്പോൾ ആ കാഴ്ച കണ്ട് ഹൃദയത്തിൽ വാത്സല്യം തുളുമ്പി നിൽക്കുകയാണ് ബോണികപൂർ എന്ന അച്ഛൻ. മക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്.

രണ്ട് അമ്മമാരിൽ പിറന്നവരാണെങ്കിലും‌ം അവർ തന്റെ മക്കളാണെന്നും. അവരുടെ സിരകളിലോടുന്നത് ഒരേ രക്തമായതിനാൽ അവർ എപ്പോഴെങ്കിലും ഒന്നിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പക്ഷേ വളരെ ദൗർഭാഗ്യകരമായ ഒരു സംഭവത്തിനു ശേഷമാണ് ആ കൂടിച്ചേരൽ നടന്നതെന്നും അദ്ദേഹം പറയുന്നു. താൻ അനുഗ്രഹീതനായ ഒരു അച്ഛനാണെന്നും നാലു മക്കളും തമ്മിൽ പരസ്പരം നല്ല സ്നേഹത്തിലാണെന്നും അദ്ദേഹം പറയുന്നു. മക്കളിൽ നാലുപേരോടും ഒരേ പരിഗണനയാണുള്ളതെങ്കിലും മകൻ അർജ്ജുനാണ് താൻ സ്പെഷ്യൽ ക്രെഡിറ്റ് നൽകുന്നതെന്നും അദ്ദേഹം പറയുന്നു. മക്കളിൽ മൂത്തയാൾ അവനാണ്. അവൻ എന്റെയൊപ്പം നിൽക്കാനായി ദുബായ്‌യിലേക്ക് വരാറുണ്ട്. ആ സമയത്ത് ജാൻവിക്കും ഖുഷിയ്ക്കുമൊപ്പം അൻഷുലയെ മുംബൈയിൽ നിർത്തും. രണ്ട് അമ്മമാരുടെ മക്കളാണെന്നത് അവരെ ബാധിക്കുന്നേയില്ല. അവർക്ക് നാലുപേർക്കും അച്ഛനെവേണം. അതുകൊണ്ടു തന്നെ അവരുടെയൊപ്പം ഞാനെന്നുമുണ്ടാവും.

ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണസമയത്ത് പിണക്കം മറന്ന് ബോണികപൂറിനെയും ശ്രീദേവിയുടെ മക്കളായ ജാൻവിയെയും ഖുഷിയെയും ആശ്വസിപ്പിക്കാനെത്തിയ അർജ്ജുനെയും അൻഷുലയെയും പലരും അഭിനന്ദിച്ചിരുന്നു. അക്കാര്യത്തെക്കുറിച്ച് പരാമർശിച്ച ആരാധകന് അർജ്ജുൻ നൽകിയ മറുപടിയിങ്ങനെ '' ഞാനും അൻഷുലയും ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പ്രതിനിധീകരിക്കുന്നത് ഞങ്ങളുടെ അമ്മയെയാണ്. അങ്ങനെയൊരു സന്ദർഭത്തിൽ ഞങ്ങൾ അച്ഛനൊപ്പമുണ്ടാവണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അവിടെ ജാൻവിയും ഖുഷിയും ഉണ്ടോ ഇല്ലയോ എന്നതൊന്നും വിഷയമല്ല''.

എങ്കിലും സഹോദരിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കാറുണ്ട് അർജ്ജുൻ. വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവുമധികം തവണ ട്രോളുകൾക്ക് വിധേയായിട്ടുള്ളയാളാണ് ജാൻവി. ജാൻവിയുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം കമന്റുകൾ വന്നപ്പോൾ ഇത്രമോശമായാണ് നമ്മുടെ രാജ്യം ചെറിയ പെൺകുട്ടികളെ നോക്കിക്കാണുന്നത് എന്നായിരുന്നു അർജ്ജുന്റെ പ്രതികരണം. സഹോദരിമാരുടെ പിറന്നാൾ ആഘോഷത്തിലും ജാൻവിയുടെ ആദ്യ സിനിമയുടെ റിലീസ് സമയത്തുമൊക്കെ സഹാദരിമാർക്കൊപ്പമുണ്ടായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് അർജ്ജുൻ. 

ബോണികപൂറിന് ആദ്യ ഭാര്യ മോനയിൽ ജനിച്ച മക്കളാണ് അർജ്ജുൻ കപൂറും അൻഷുല കപൂറും. പിന്നീടാണ് ബോണികപൂർ ശ്രീദേവിയെ വിവാഹം കഴിച്ചത്. ബോണി കപൂറിന് ശ്രീദേവിയിൽ ജനിച്ച മക്കളാണ് ജാൻവിയും ഖുഷിയും. മോന 2012 ലും ശ്രീദേവി 2018 ലുമാണ് മരിച്ചത്. ശ്രീദേവിയുടെ മരണത്തിനു മുൻപുവരെ പരസ്പരം അകലം പാലിച്ചാണ് ഇരു കുടുംബങ്ങളും കഴിഞ്ഞിരുന്നത്. എന്നാൽ ശ്രീദേവിയുടെ മരണശേഷം പിണക്കം മറന്നെത്തിയ അർജ്ജുൻ ഒരു മകന്റെ സ്ഥാനത്തു നിന്നാണ് ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്.