എന്തിനാണ് ഒരു വിദേശിയെ ജീവിത പങ്കാളയാക്കിയത്?; ആരാധകന് നടി കൊടുത്ത മറുപടി

സെലിബ്രിറ്റികളോട് ചോദ്യങ്ങൾ ചോദിക്കാൻ ആരാധകർക്കെപ്പോഴുമിഷ്ടമാണ്. ആ ആഗ്രഹം മനസ്സിലാക്കിയാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുമായി സംവദിക്കാൻ അവർ ആരാധകർക്ക് അവസരമൊരുക്കുന്നത്. എന്നാൽ പലപ്പോഴും കരിയറിനെക്കുറിച്ച് ചോദിക്കാതെ താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിയാനാണ് പല ആരാധകരും  ശ്രമിക്കുന്നത്.

ആസ്ക്ക് മി സംതിങ് എന്ന ഇൻസ്റ്റഫാം ഫീച്ചറിലൂടെ ആരാധകരുമായി സംവദിച്ച നടി ഇല്യാന ഡിക്രൂസിനും അടുത്തിടെ അങ്ങനെയൊരു അനുഭവമുണ്ടായി. താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങളറിയാനാണ് ആരാധകർ കൂടുതൽ താൽപ്പര്യം കാട്ടിയത്. ജീവിത പങ്കാളി ആരാണെന്ന ചോദ്യം വന്നപ്പോൾ താരം ആൻഡ്രൂ നീബോണിനെ ടാഗ് ചെയ്തു. വർഷങ്ങളായി ഇരുവരും ഡേറ്റിങ്ങിലാണ്.

ജീവിത പങ്കാളിയായി അൻഡ്രുവിനെ ടാഗ് ചെയ്തയുടൻ അടുത്ത ചോദ്യമെത്തി. എന്തുകൊണ്ടാണ് താങ്കൾ ഒരു വിദേശിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്? ഉശിരൻ മറുപടിയാണ് താരം ആ ചോദ്യത്തിന് നൽകിയത് '' ആ വ്യക്തിയുടെ ഹൃദയവുമായാണ് താൻ പ്രണയത്തിലായതെന്നും അയാളുടെ തൊലിയുടെ നിറമോ, ദേശീയതയോ തന്റെ പരിഗണനാവിഷയമേ ആയിരുന്നില്ലെന്നും'' ഇല്യാന മറുപടി നൽകി.

കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കാലത്തെ പോസ്റ്റിൽ ഇല്യാന ആൻഡ്രുവിനെ അഭിസംബോധന ചെയ്തത് ഹബി എന്നാണ്. എന്നാൽ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ  ആസ്ട്രേലിയൻ ഫൊട്ടോഗ്രാഫറെയാണോ വിവാഹം കഴിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് അത്തരം വ്യക്തിപരമായ കാര്യങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് പറയാൻ താൽപ്പര്യമില്ലെന്നായിരുന്നു ഇല്യാനയുടെ മറുപടി.