Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസ് മുറിക്ക് പുറത്ത് 13 വർഷമായി കാവലുണ്ട് ഈ അമ്മ

mother-life

ഉപാധികളില്ലാതെ സ്നേഹിക്കാൻ, ഇഷ്ടപ്പെടുന്നവർക്കു വേണ്ടി എന്തും ത്യജിക്കാൻ മനസ്സുള്ള അമ്മമാരുടെ കഥകൾ നമ്മൾ ഏറെ കേട്ടിട്ടുണ്ട്. ഇവിടെയൊരമ്മ മകന്റെ ക്ലാസ് മുറിക്കു പുറത്ത് കാവൽ നിൽക്കാൻ തുടങ്ങിയിട്ട് വർഷം പതിമൂന്നായി. ഇപ്പോഴും അമ്മയ്ക്ക്  മടിയില്ല. മറിച്ച് അവന്‍റെ സ്വപ്നങ്ങൾക്ക് കാവലാളാകുന്നതിന്‍റെ നിർവൃതി മാത്രം. പൊള്ളപ്പൊയില്‍ എ.എല്‍.പി.സ്കൂള്‍ വരാന്തയിലാണ് ശാന്തയുടെ കാവലിരിപ്പ് തുടങ്ങുന്നത്.  ഇപ്പോൾ പടന്നക്കാട് നെഹ്റു കോളേജിലെ ഒന്നാം വര്‍ഷ മലയാളം ക്ലാസിന് മുന്നിലും അത് തുടരുന്നു. അകത്ത് എഴുത്തച്ഛനും കുമാരനാശാനും ചങ്ങമ്പുഴയുമൊക്കെ നിപിൻ എന്ന വിദ്യാർഥിയെ സ്വാധീനിക്കുമ്പോൾ ഇൗ അമ്മയ്ക്ക് വലുത് അവന്റെ സന്തോഷം മാത്രം.

പിലിക്കോട് ആനിക്കാടിയിലെ കരുണാകരൻ – ശാന്ത ദമ്പതികളുടെ മകന്‍ നിപിന്‍ സെറിബ്രല്‍ പാള്‍സിയുടെ പിടിയിലാണ്. മനസ്സാഗ്രഹിക്കുന്നതുപോലെ ശരീരം ചലിക്കില്ല. എല്ലാത്തിനും പരസഹായം വേണം. എന്നാല്‍ കുട്ടിക്കാലം മുതലേ പഠനം നിപിന് വലിയ ആവേശമായിരുന്നു. പരിമിതികൾക്കിടയിലും മകന്റെ ആഗ്രഹത്തിനു തടസ്സം നിൽക്കാൻ അമ്മ ശാന്തയ്ക്കായില്ല. അതോടെ മകനു വേണ്ടി ആ അമ്മ സ്വന്തം ജീവിതം തന്നെ സമർപ്പിച്ചു. 

അങ്ങനെ ആനിക്കാടിയിലെ ഒറ്റമുറി വീട്ടിൽ നിന്നു ശാന്തയുടെ ചുമലിലേറി നിപിൻ സ്കൂളിലെത്തിത്തുടങ്ങി. വൈകുന്നേരം സ്കൂൾ വിടുവോളം അവർ മകനു കാവൽ നിന്നു. അവന്റെ ഒാരോ ആവശ്യങ്ങൾക്കും സഹപാഠിയായി ഒപ്പം കൂടി. ഒന്നുമുതല്‍ നാലുവരെ പൊള്ളപ്പൊയില്‍ എ.എല്‍.പി. സ്കൂളിലും അഞ്ചുമുതല്‍ 10 വരെ കൊടക്കാട് കേളപ്പജിയിലുമാണ് നിപിൻ പഠിച്ചത്.

രണ്ടുവര്‍ഷം മുന്‍പ് ഹയര്‍സെക്കന്‍ഡറി പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമായി. വീട്ടിലേക്കു വാഹനമെത്തുമായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന വീടും മറ്റു ദുരിതങ്ങളും ഒപ്പം. സംഭവം വാർത്തയായതോടെ പഞ്ചായത്ത് വീട് പണിയാന്‍ മൂന്നുലക്ഷം രൂപ അനുവദിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് റോഡൊരുക്കി. അക്കാലത്ത് കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പലായിരുന്ന സൂര്യനാരായണ കുഞ്ചൂരായരും സഹപ്രവര്‍ത്തകരും സഹപാഠികളും സ്കൂളില്‍ ആവശ്യമായ സൗകര്യങ്ങൾ നൽകി. നിപിൻ വീണ്ടും സ്കൂളിലെത്തി. ഹ്യുമാനിറ്റീസായിരുന്നു വിഷയം. പ്ലസ്ടു റിസൽട്ട് വന്നപ്പോൾ നിപിന്‍ 77 ശതമാനം മാര്‍ക്കോടെ പാസായി. തുടര്‍ന്നും പഠിക്കണമെന്ന നിപിന്റെ ആഗ്രഹമാണ് പടന്നക്കാട് നെഹ്രു കോളേജിലെത്തിച്ചത്. അവിടെയും കാവലായി അമ്മയെത്തി.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം