കാട്ടു തീപോലെയാണ് ആ വാർത്ത പടരുന്നത്. ബോളിവുഡ് താരം ഹൃതിക് റോഷനും മുൻ ഭാര്യ സൂസൈൻ ഖാനും വീണ്ടും വിവാഹിതരാകാൻ പോകുന്നു. മുൻപ് പലവട്ടം ഇത്തരം വാർത്തകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും ഇക്കുറി ആരാധകർ അതു പൂർണ്ണമായും വിശ്വസിച്ച മട്ടാണ്. വിവാഹമോചനത്തിനു ശേഷവും പൊതുച്ചടങ്ങുകളിലും കുട്ടികളുടെ ആവശ്യങ്ങൾക്കു വേണ്ടിയും ഇരുവരും ഒരുമിച്ചു പങ്കെടുക്കാറുണ്ട്. ഇവരുടെ പുനർവിവാഹ വാർത്ത വീണ്ടും ട്രെൻഡിങ് ആയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കുടുംബത്തോടടുപ്പമുള്ള വൃത്തങ്ങൾ രംഗത്തെത്തിയത്.
പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും രക്ഷിതാക്കൾ എന്ന നിലയിൽ മക്കൾക്ക് അവരുടെ ബെസ്റ്റ് നൽകണമെന്ന നിർബന്ധമുള്ളതുകൊണ്ടാണ് ഇരുവരും പൊതുവിടങ്ങളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നതെന്നും അവർ പറയുന്നു.പരസ്പരം വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്നവരാണ് ഇരുവരെന്നും അവരിൽ ആർക്കെങ്കിലും ഇനിയും ഒരുമിച്ചു ജീവിക്കണമെന്ന തോന്നലുണ്ടായാൽ തീർച്ചയായും അവർ അത് തുറന്നു പറയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുമെന്നും കുടുംബവൃത്തങ്ങൾ പറയുന്നു.
വിവാഹമോചനം കഴിഞ്ഞ് പരസ്പരം മുഖം തിരിച്ചു നടക്കുന്ന ദമ്പതികളിൽ നിന്ന് വ്യത്യസ്തരായി പെരുമാറുന്നവരാണ് ഹൃതിക്കും സൂസൈനും. സമൂഹമാധ്യമങ്ങളിലും മറ്റും പരസ്പരം മികച്ച കമന്റുകൾ നൽകുന്നവരാണിരുവരും. ഹൃതിക്കിനെതിരെ കങ്കണ റണാവത്ത് ആരോപണമുന്നയിച്ചപ്പോൾ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ഹൃതിക്കിനെ പിന്തുണയ്ക്കുകയാണ് സൂസൈൻ ചെയ്തത്.
നീണ്ട നാലുവർഷത്തെ പ്രണയത്തിനു ശേഷം 2000 ൽ ആണ് ഇരുവരും വിവാഹിതരായത്. 2013 ലാണ് വേർപിരിഞ്ഞത്. പിന്നീട് വിവാഹമോചനം നേടി. ഇരുവരും വീണ്ടും വിവാഹം കഴിക്കാൻ പോകുന്നുവെന്നുള്ള വാർത്ത മുൻപു പ്രചരിച്ചപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ സൂസൈൻഖാൻ ഈ വിഷയത്തിൽ തന്റെ നിലപാടു വ്യക്തമാക്കിയിരുന്നു.
വ്യാജപ്രചരണങ്ങൾ നിർത്തൂവെന്ന് ആളുകളോട് അഭ്യർഥിക്കുകയും ഹൃതിക്കുമായി ഒരുമിച്ചൊരു ജീവിതം ഉണ്ടാവുകയില്ലെന്നും പറഞ്ഞ സൂസൈൻ കുഞ്ഞുങ്ങൾക്ക് എന്നും തങ്ങൾ നല്ല മാതാപിതാക്കളാകുമെന്ന ഉറപ്പ് പറയുകയും ചെയ്തു.