Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനെക്കണ്ടപ്പോൾ ഓർമ്മ വന്നത് ഉമ്മയുടെ ഭൂതകാലം; കണ്ണുനിറയ്ക്കും ഈ കുറിപ്പ്

mother-love

ഹനാൻ എന്ന പെൺകുട്ടിയുടെ കഷ്ടപ്പാടും ജീവിതവും വാർത്തയായപ്പോൾ അവളെപ്പോലെ കഷ്ടതയനുഭവിച്ച തന്റെ ഉമ്മയെ ഓർക്കുകയാണ് ഒരു യുവതി. കണ്ണീരിന്റെ ഉപ്പും ഓർമ്മയുടെ ചൂരും നിറച്ച ഒരു ഫെയ്ബുക്ക് കുറിപ്പിലൂടെയാണ് ഫാത്തിമത്ത് നിസാന എന്ന യുവതി ഉമ്മയുടെ കഷ്ടത നിറഞ്ഞ ഭൂതകാലത്തെക്കുറിച്ച് ഓർമ്മിക്കുന്നത്.

ഉമ്മയുടെ സഹനവും കഷ്ടപ്പാടും കണ്ട് പഠിച്ചു മിടുക്കിയായ മകൾ ഇപ്പോൾ  മാനന്തവാടി ഗവ: കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ഉമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നെഴുതാൻ പ്രേരിപ്പിച്ചത് ഹനാൻ ആണെന്നും അവളുടെ കഥയറിഞ്ഞപ്പോൾ ഉമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നും പറഞ്ഞുകൊണ്ടാണ്  ഫാത്തിമത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ഫാത്തിമത്ത് നിസാനയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പതിനാറാം വയസ്സിലാണ് വല്ലുപ്പാന്റെ കൂടെ ജോലി ചെയ്തിരുന്ന, തന്റെ ഇരട്ടി പ്രായമുള്ള വ്യക്തി വന്ന് ഉമ്മീനെ കല്യാണം കഴിക്കുന്നത്.. പതിനൊന്ന് മക്കളും കഷ്ടപ്പാടും ഒരു വലിയ കടമ്പ തന്നെ ആയിരുന്നോണ്ട് തന്നെ കൂടുതൽ ആലോചിക്കാണ്ട് തന്നെ പതിനാറ് വയസുള്ള ഉമ്മീനെ 33 വയസുള്ള വാപ്പക്ക് കല്യാണം കഴിച്ച് കൊട്ത്തു.. കൊല്ലം രണ്ട് കഴിഞ്ഞപ്പോഴേക്കും വാപ്പ ഉപേക്ഷിച്ച ഞങ്ങൾ രണ്ട് മക്കളേം പോറ്റാൻ ആ ചെറിയ പ്രായത്തിൽ ഉമ്മി പോകാത്ത പണിയില്ല.. ഇപ്പോഴും എറണാകുളത്ത് ഓരോ സ്ഥലത്തൂടെ ബസിൽ പോകുമ്പൊ ഓരോ ബഹുനില കെട്ടിടം കാണുമ്പോഴും, ഇതിന്റെ 5-ാം നിലയിലേക്ക് പൊട്ടിക്കാത്ത ഒരു ചാക്ക് സിമന്റ് തലയിൽ വച്ച് ചുമന്ന് കൊണ്ട് പോയിട്ടുണ്ടെന്ന് പറയുമ്പോൾ, അങ്ങനെ ഓരോ കഥ പറയുമ്പോൾ, എന്തോ പെട്ടെന്ന് ആരോടൊക്കെയോ എന്തിനോടൊക്കെയോ തീർത്താൽ തീരാത്ത ദേഷ്യേം സങ്കടോക്കെ വരും.. പുസ്തകോം പേനയും പിടിക്കേണ്ട ഇളം കൈകളിലാണ് സിമന്റും ഇഷ്ടികേം മണലും തുമ്പേം കൈക്കോട്ടും ഒക്കെയായി... 18-ാം വയസ്സിൽ ആണ് ഇതെന്ന് ഇപ്പൊഴും എനിക്ക് വിശ്വസിക്കാൻ കഴിയാത്തത് ഇരുപത്തെട്ട് വയസ് തികയാൻ ആകുമ്പോഴും അഞ്ച് കിലോ അരി പോലും മര്യാദയ്ക്ക് തൂക്കി പിടിച്ച് നടക്കാൻ ഇപ്പോഴും എനിക്കാവില്ലാത്തത് കൊണ്ടാണ്..

പ്രായമായ ഉപ്പയും ഉമ്മയും തനിക്ക് താഴെയുള്ള 8 സഹോദരങ്ങളും തന്റെ സ്വന്തം രണ്ട് മക്കളും അടങ്ങുന്ന ഒരു കുടുംബം മുഴുവൻ തന്റെ ചുമലിലായോണ്ടാണ്, ഒരു മാസം പോലും മറന്ന് പോവാതെ എത്തുന്ന എല്ല് മുറിയുന്ന വേദനയുള്ളപ്പോൾ പോലും, വയറ് വേദനിച്ച് പിടഞ്ഞ് മരിക്കുമ്പോൾ പോലും ഒരു ലീവെടുക്കാതെ ഉമ്മി ജോലിക്ക് പോയത്.. കാര്യമായ വിദ്യാഭ്യാസം കിട്ടാത്തത് കൊണ്ട് തന്നെ കെട്ടിടം പണിക്കും മറ്റ്‌ കൂലിപ്പണികൾക്കും പോകുന്ന ഉമ്മി ഒരു ദിവസം പോലും ലീവെടുത്ത് വീട്ടിലിരുന്ന് ഞങ്ങളെ പുന്നാരിക്കുന്ന ഓർമ്മ പോലും എനിക്കില്ല.. ഞങ്ങളെ നോക്കിയത് ഉമ്മീന്റെ ഉമ്മയാണ്.. മക്കളെ നോക്കുന്ന കൂട്ടത്തിൽ രണ്ട് പേരക്കുട്ടികളേം കൂടെ.. 

എന്ത് വന്നാലും തളരാതെ, ഒരു വിഷമവും ഞങ്ങളെ അറിയിക്കാതെ, വാപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരിക്കൽ പോലും ആഗ്രഹം തോന്നാത്ത വിധം എന്നേം സബാനേം ഇവ്ടെ വരെ എത്തിച്ച ഉമ്മീനെ, ആ ചങ്കുറപ്പിനെ... ആ നിശ്ചയദാർഢ്യത്തെ

ഭയങ്കര സ്നേഹോം ബഹുമാനോം ആണ് ...

രണ്ട് ദിവസമായി ടൈംലൈനിൽ നിറഞ്ഞ് നിൽക്കുന്ന ഹനാനെ കണ്ടപ്പോൾ, അവളെ അറിഞ്ഞപ്പോൾ മുതൽ ഉമ്മിയെ വല്ലാതെ മിസ്സ് ചെയ്യാണ്..

ഹനാൻ, അവള് ജീവിക്കട്ടെ.. നമ്മൾടെ ആർടേം സഹതാപം ഒന്നും വേണ്ടാത്ത നല്ല തന്റേടമുള്ള ജീവിക്കാനറിയുന്ന മനസ്സുറപ്പുള്ള പെൺകുട്ടിയാണവൾ.. നമ്മൾടെ മൂഡിനനുസരിച്ച് ഓൺലൈൻ ഇരുന്ന് നമ്മൾ കൊടുക്കുന്ന സപ്പോർട്ട് അവൾക്ക് വേണ്ട..പേടിയാണ് അവൾക്ക് ഈ സപ്പോർട്ടുകൾ.. നാളെ നമ്മൾ തന്നെ ആണല്ലോ ഇന്ന് എത്തിച്ച അതേ ഉയരത്തിൽ നിന്ന് അവളെയെടുത്ത് പടുകുഴിയിലിടാൻ പോകുന്നത്.. അവൾ പഠിച്ച് ഉഷാറാവട്ടെ... വെറുതെ വിടുക എന്നതാണ് തീർച്ചയായും ഹനാനോട് നമുക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യം...

( ആ നിൽക്കുന്ന പെൺകുട്ടിയാണ് ഞാൻ പറഞ്ഞ കഥയിലെ നായിക.. ചിത്രത്തിലെ ശിശു ഈയുള്ളവളും)