Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളേ നിൻ കൈ പിടിച്ചാൽ

Joseph.jpg.image.784.410 മേരിക്ക് അരികിൽ ജോസഫ്.

ലക്ഷത്തിൽ മൂന്നുപേർക്കു മാത്രമുണ്ടാകുന്ന അപൂർവ രോഗമാണു മേരിക്ക്. എങ്കിലും, ലക്ഷത്തിൽ ഒരാൾക്കുപോലും കിട്ടാനിടയില്ലാത്ത ജീവിതപങ്കാളി മേരിക്ക് ഔഷധമാകുന്നു; ബൈബിളിലെ ജോസഫിനെപ്പോലെ നീതിമാനായ മറ്റൊരു ജോസഫ്! കാഴ്ചയും കേൾവിയുമില്ലാതെ ശരീരം തളർന്നുകിടക്കുന്ന മേരി നാട്ടിൽ നടക്കുന്ന എല്ലാ കഥകളും അറിയുന്നുണ്ട്. ഭാര്യയ്ക്കു നാട്ടുവിശേഷം പറഞ്ഞുകൊടുക്കുന്നതിനായി ജോസഫ് എഴുതിത്തീർത്തതു 42 നോട്ട്ബുക്കുകൾ! അവ വായിച്ച് മേരി ലോകകാര്യങ്ങൾ അറിഞ്ഞു. കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട ദിവസം മുതൽ മേരിയുടെ കൈവിരലുകൾ പിടിച്ച് ബെഡ്ഷീറ്റിൽ എഴുതിച്ച് ജോസഫ് ഭാര്യയോടു സംസാരിക്കുന്നു. കാൽനൂറ്റാണ്ടായി രാപകലില്ലാതെ കൂട്ടും കരുതലുമായി ജോസഫ് മേരിക്കൊപ്പമുണ്ട്. ഇല്ലായ്മകളെക്കുറിച്ചു ജോസഫ് ചിന്തിക്കുന്നില്ല. ഈ മനുഷ്യന് ഓരോ ദിവസവും പ്രത്യാശയുടേതു മാത്രമാണ്.

ചെറിയൊരു വീഴ്ചയിൽ തുടക്കം

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഓ‍ഞ്ഞിൽ സ്വദേശി ചെകിടനാനിക്കൽ ജോസഫിന്റെയും ഭാര്യ മേരിയുടെയും ജീവിത കഥയ്ക്കു സമാനതകളുണ്ടാകില്ല. കഴിഞ്ഞ 25 വർഷമായി സിസ്റ്റമിക് ലൂപസ് എരിത്തമറ്റോസിസ് (എസ്എൽഇ) എന്ന മാറാരോഗത്തിന്റെ പിടിയിലാണു മേരി. ആദ്യം ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ടു. അങ്ങനെ ശരീരം തളർന്നു കിടപ്പിലായി. കാലക്രമേണ ചെവി കേൾക്കാതായി. കാഴ്ചയും നഷ്ടമായി. ഓരോ ദിവസം കഴിയുന്തോറും ശരീരത്തിലെ കോശങ്ങൾ നിർജീവമായിക്കൊണ്ടിരിക്കുന്നു.

കോഴിക്കോടിന്റെ കിഴക്കുള്ള കുടിയേറ്റഗ്രാമമായ ചെമ്പനോടയിൽ ആദ്യമായി ഡീസൽ ജീപ്പ് വാങ്ങിയയാളാണ് ജോസഫ്. ചെമ്പനോടയിൽ മരിയ എന്ന ഹോട്ടലും സ്വന്തമായുണ്ട് അക്കാലത്ത്. 1982ൽ ജോസഫിന്റെയും മുള്ളൻകുന്ന് സ്വദേശിയായ മേരിക്കുട്ടിയുടെയും വിവാഹം നടന്നു. നാലു വർഷങ്ങൾക്കുള്ളിൽ രണ്ടു മക്കളുമുണ്ടായി. ദാമ്പത്യജീവിതത്തിന്റെ പതിനൊന്നാം വർഷം മേരിക്കുട്ടി കിടപ്പുമുറിയിൽ തലചുറ്റിവീണു. ഹോട്ടലിലായിരുന്ന ജോസഫ് വിവരമറിഞ്ഞു ചെമ്പനോട സിറ്റിയിൽനിന്നു സൈക്കിളിൽ വീട്ടിലേക്കു കുതിച്ചു. ഒരു പുരുഷായുസ്സോളം നീണ്ട വലിയൊരു ഓട്ടപ്പാച്ചിലിന്റെ തുടക്കമായിരുന്നു ആ സൈക്കിളോട്ടം.

തകിടംമറിയുന്ന ജീവിതം

ദേഹമാസകലം ഛർദിയിൽ കുളിച്ചു നിലത്തു വീണുകിടന്ന മേരിക്കുട്ടിയുമായി ജോസഫ് പേരാമ്പ്രയിലെ സോമസുന്ദരൻ ഡോക്ടറുടെ ആശുപത്രിയിലേക്ക് ഓടി. കുത്തിവയ്പ്പെടുത്തു വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിറ്റേദിവസവും മേരി തലചുറ്റിവീണു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി. ചെവിയിൽ നീണ്ട മൂളൽ. അസ്വസ്ഥത. രണ്ടു കണ്ണിനും അസഹനീയമായ വേദന. കൈകാലുകൾക്കു ബലക്ഷയം തുടങ്ങി. കണ്ണുകളിൽ വെളിച്ചമടിച്ചാൽ മരണതുല്യമായ വേദനയാണ്. ജനലും വാതിലും അടച്ചുപൂട്ടി കണ്ണടച്ച് മേരി കിടക്കും. അലോപ്പതി, ആയുർവേദം, ഹോമിയോ, നാട്ടുവൈദ്യം, ധ്യാനം, പ്രാർഥന ഇതെല്ലാമായി വർഷങ്ങൾ കടന്നുപോയി. നേർരേഖയിലായിരുന്ന ജീവിതം ഞൊടിയിടയിൽ തകിടംമറിയുന്നതു കണ്ട് ജോസഫും കുടുംബവും പകച്ചുനിന്നു.

Joseph-writing.jpg.image.784.410 മേരിയുടെ ചൂണ്ടുവിരൽ പിടിച്ചു ബെഡ്ഷീറ്റിൽ എഴുതിക്കുന്ന ജോസഫ്.

ചികിൽസ തുടങ്ങുന്നു

കോഴിക്കോടും മധുരയിലും മണിപ്പാലിലുമെല്ലാമായി ചികിൽസകൾ തുടർന്നു. എട്ടു വർഷത്തിനു ശേഷം വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു; മേരിക്കുട്ടിക്ക് എസ്എൽഇ എന്ന അപൂർവ രോഗമാണ്. എല്ലാ അവയവങ്ങളെയും തളർത്തിക്കളയുന്ന മാരകവ്യാധി. വിവിധ ആശുപത്രികളിലെ ചികിൽസയും ജോസഫിന്റെ പരിചരണവും തുടരവെ, മേരിയുടെ കൈകാലുകളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. ശരീരത്തിലാകെ തീപ്പൊള്ളലേറ്റെന്നപോലുള്ള കുമിളകൾ. വേദനസംഹാരികൾക്കും പിടിച്ചുനിർത്താൻ കഴിയാത്തത്ര നൊമ്പരം. ഒരിക്കൽ വയനാട്ടിൽനിന്നു കുറിച്യ സമുദായത്തിൽപ്പെട്ട വൈദ്യൻ എത്തി. വൈദ്യന്റെ നിർദേശപ്രകാരം കരുനെച്ചിയും വാതംകൊല്ലിയും ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ജോസഫ് മേരിക്കുട്ടിയെ ദിവസവും കുളിപ്പിച്ചു. ഭാര്യയുടെ അസുഖം മാറ്റാൻ മന്ത്രവും കൂടോത്രവുമൊഴികെ എല്ലാം ചെയ്തുനോക്കിയെന്നു ജോസഫ് പറയും. എന്നാൽ, ആശ്വാസം അൽപകാലത്തേക്കു മാത്രമായിരുന്നു.

ഉണങ്ങാമുറിവുകളുടെ കാലം

വ്രണങ്ങൾ പഴുത്തുപൊട്ടുകയാണ്. വസ്ത്രങ്ങൾ ധരിക്കാനാവില്ല. കസേരയിൽ ഇരുത്താൻ ഒരു തലയണ, കൈകൾക്കിടയിൽ രണ്ടെണ്ണം, തലയുടെ പിന്നിലും ചാരാനുമായി നാലു തലയണകൾ വേറെ. തലയണകൾക്കിടയിൽ ശരീരമാസകലം പ്ലാസ്റ്ററിൽ പൊതിഞ്ഞുകെട്ടി മേരിക്കുട്ടി കിടന്നു. ജോസഫിന്റെ തന്നെ ഭാഷ കടമെടുത്താൽ, ‘ബഹിരാകാശത്തേക്കു പോകുന്ന മനുഷ്യന്മാരുടെ രൂപം!’.

ദിവസേന നാലു മണിക്കൂറെടുത്താണു ഡ്രസിങ്. വ്രണങ്ങൾ മുഴുവൻ ഉപ്പുവെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കി പാഡിൽ പൊതിഞ്ഞുകെട്ടിയെടുക്കുന്നതു ജോസഫ് തന്നെ. മുറിയിലെങ്ങും മനുഷ്യമാംസം ചീയുന്ന ഗന്ധം. ശരീരത്തിലെ വ്രണങ്ങൾ മുഴുവനായി പൊതിഞ്ഞുകെട്ടാൻ ദിവസേന വേണ്ടിവരുന്നത് 1200 രൂപയുടെ തുണി. മെഡിക്കൽ സ്റ്റോറുകാർ മേരിക്കുട്ടിക്കുള്ള പ്ലാസ്റ്റർ ചെമ്പനോടയിലേക്കുള്ള ബസിൽ കയറ്റി മരിയ ഹോട്ടലിൽ ഇറക്കിക്കൊടുത്തു. പണമൊന്നും വാങ്ങിയില്ല. അപ്പോഴേക്കും മരുന്നും ചികിൽസയും മക്കളുടെ പഠനവുമൊക്കെയായി ജോസഫ് സാമ്പത്തികമായി തകർന്നിരുന്നു. മരിയ ഹോട്ടൽ അവിടത്തെ തൊഴിലാളികൾക്കു കൈമാറി. ചെമ്പനോട സിറ്റിയിൽ ആദ്യമായി ഇരമ്പിയെത്തിയ ഡീസൽ ജീപ്പ് കിട്ടിയവിലയ്ക്കു വിറ്റു.

letter.jpg.image.784.410

സ്റ്റിറോയ്ഡുകളിലും മോർഫിൻ ഗുളികകളിലും മേരിക്കുട്ടിയുടെ ദിവസങ്ങൾ ഇരുണ്ടുവെളുത്തു. ദിവസേന 120 ഗ്രാം മോർഫിൻ ഗുളികകളും കിലോക്കണക്കിനു പ്ലാസ്റ്ററുമായി പാലിയേറ്റിവ് കെയറിൽനിന്നു മടങ്ങുന്ന ജോസഫിനെ ആളുകൾ സംശയത്തോടെ നോക്കാൻ തുടങ്ങി. ഇത്രയും ഡോസ് ലഹരിഗുളികകളും തുണിക്കെട്ടുകളുമായി ഈ ചേട്ടൻ എങ്ങോട്ടാണു പോകുന്നത്? ഹൈ ഡോസ് മോർഫിൻ ഗുളികകളിലാണു മേരിക്കുട്ടിയുടെ ജീവിതമെന്നറിഞ്ഞ അവർ മേരിക്കുട്ടിക്കു മോർഫിൻകുട്ടിയെന്നു പേരിട്ടു- ജോസഫ് പറയുന്നു.

അന്നൊരിക്കൽ ചെമ്പനോട പള്ളിയിലെ ഞായറാഴ്ച കുർബാനയ്ക്കിടയിൽ വികാരി ഫാ. തോമസ് വട്ടോട്ടുതറപ്പേൽ വിശ്വാസികളോട് ഈ ദമ്പതികളുടെ കഥ പറഞ്ഞു. നാട്ടുകാരിൽ പലരും മേരിയുടെ രോഗാവസ്ഥ എത്രത്തോളം ഗുരുതരമാണെന്നറിയുന്നത് അങ്ങനെയാണ്. തുടർന്ന് ഒട്ടേറെപ്പേർ ഈ കുടുംബത്തെ സഹായിക്കാനെത്തി. അയൽക്കാർ, ബന്ധുമിത്രാദികൾ, ചെമ്പനോട, കൂരാച്ചുണ്ട് പള്ളി വികാരിമാർ, ഇവടകസമൂഹം, കന്യാസ്ത്രീകൾ, കൂരാച്ചുണ്ട്, ചെമ്പനോട, മുള്ളൻകുന്ന്, ചക്കിട്ടപാറ, കുറ്റ്യാടി എന്നിവിടങ്ങളിലെ പാലിയേറ്റിവ് കെയർ യൂണിറ്റുകൾ... നന്മമനസ്സുകളുടെ പട്ടിക ഇനിയും നീളും.

ചികിൽസയും മരുന്നുകളും നിർത്താതെ തുടർന്നപ്പോൾ ആറു വർഷം മുൻപ് ചെമ്പനോടയിലെ വീടും സ്ഥലവും വിറ്റ് കൂരാച്ചുണ്ടിലേക്കു താമസം മാറേണ്ടിവന്നു. മക്കളായ ജോസിന്റെയും മഞ്ജുവിന്റെയും വിവാഹം ഇതിനിടയിൽ കഴിഞ്ഞു. അപ്പോഴേക്കും ജോസഫ് ചക്കിട്ടപാറ സഹകരണ ബാങ്കിൽ ലക്ഷക്കണക്കിനു രൂപയുടെ കടക്കാരനായിത്തീർന്നിരുന്നു. സൗദിയിൽ ജോലിയുള്ള മകന്റെ വരുമാനംകൊണ്ട് മേരിക്കുട്ടിയുടെ ചികിൽസയ്ക്കുള്ള ഭാരിച്ച ചെലവു പോലും കണ്ടെത്താനാകുന്നില്ല.

മേരിക്ക് ജോസഫ് എഴുതിയ പുസ്തകം

2014 ഏപ്രിൽ 15ന് മേരിയുടെ നോട്ട്പുസ്തകത്തിൽ ജോസഫ് ഇങ്ങനെ എഴുതി:

പച്ചരി കൂടുതൽ നേരം വെള്ളത്തിലിടണോ? നാളെ പൊടിപ്പിക്കാനുള്ളതാണ്. പിന്നെ, 24ന് വിലങ്ങാട്ടെ ബാബുവിന്റെ വീട്ടിൽ കയറിത്താമസമാണ്. അവൻ പഴയ വീട് പൊളിച്ച് സിമന്റുകട്ടവച്ചു തേച്ച് ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടു പുതുക്കിപ്പണിതു. കൊച്ചിന്റെ ആദ്യകുർബാന മേയ് നാലിന്. ചെമ്പനോടനിന്ന് ബോസ് വിളിച്ചു. കൊച്ചിന്റെ ആദ്യകുർബാന 26നാണ്. അതിനും വിളിച്ചു. വ്യാഴാഴ്ച ജെസിയും ജിജിയും അപ്പംചുടാൻ വരുന്നുണ്ട്...

Wedding.jpg.image.784.410 ജോസഫും മേരിയും വിവാഹനാളുകളിൽ.

ഉറ്റവരുടെ വിശേഷങ്ങളെല്ലാം ഭാര്യയെ അറിയിക്കുമെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലെ പ്രധാന ചടങ്ങുകൾക്കൊന്നും ജോസഫ് പോകാറില്ല. മേരിക്കുട്ടിയെ വീട്ടിൽ തനിച്ചാക്കാനാകില്ലല്ലോ. മേരിയുടെ കാഴ്ച കുറയുന്നതനുസരിച്ച് ജോസഫിന്റെ അക്ഷരങ്ങളുടെ വലുപ്പം കൂടി. കറുത്തമഷിയുള്ള ബോൾപേന തടിച്ച സ്കെച്ച് പേനയ്ക്കും നോട്ട്ബുക്കിലെ ഒരു പേജിൽ ഒതുക്കിയിരുന്ന വിശേഷങ്ങൾ നാലു പേജുകളിലേക്കും വഴിമാറി. കാഴ്ച പൂർണമായി നഷ്ടപ്പെട്ട 2014 മേയ് നാലിനു ശേഷമാണ് എഴുത്ത് നോട്ട്ബുക്കിൽനിന്ന് ബെഡ്ഷീറ്റിലേക്കായത്. ഭാര്യയുടെ ചൂണ്ടുവിരൽ പിടിച്ചു ബെഡ്ഷീറ്റിലേക്കെത്തിച്ച് ജോസഫ് എഴുതിക്കൊണ്ടിരിക്കും. മേരിക്കുട്ടി എല്ലാം മൂളിക്കേൾക്കും; ഇടറിയ ശബ്ദത്തിൽ, മുറിയുന്ന വാക്കുകളിൽ മറുപടി പറയും.

എല്ലാ കഥകൾക്കുമിടയിലും, ബാങ്കിലെ കടം പെരുകി 42 ലക്ഷമായതും ജപ്തി നോട്ടിസുമായി കഴിഞ്ഞദിവസം പോസ്റ്റ്മാൻ വീട്ടിലേക്കു വന്നതും ജോസഫ് ഇതുവരെ മേരിയുടെ ബെഡ്ഷീറ്റിലെഴുതിയിട്ടില്ല, മനഃപ്രയാസമുണ്ടാക്കുന്നതൊന്നും അവളെ അറിയിക്കാറില്ല, ജോസഫ്.