Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെ 'ഫന്നീഖാൻ' കണ്ട ആരാധ്യയുടെ പ്രതികരണം

aishwarya-aaradhya-01

അമ്മ ഐശ്വര്യയുടെ ഫന്നീഖാൻ എന്ന ചിത്രം കാണാൻ ഗംഭീര തയാറെടുപ്പുകളാണ് ആരാധ്യ നടത്തിയത്. മുൻപ് ടിവിയിലും മറ്റും താൻ അഭിനയിച്ച സിനിമിയിലെ രംഗങ്ങളും പാട്ടുകളുമൊക്കെ ആരാധ്യ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് താൻ അഭിനയിച്ച ഒരു മുഴുനീള ചിത്രം അവൾ കാണുന്നതെന്നാണ് ഐശ്വര്യ പറഞ്ഞത്.

അമ്മ അഭിനയിച്ച ചിത്രത്തിന്റെ സ്പെഷൽ പ്രിവ്യൂ കൂട്ടുകാർക്കൊപ്പം കാണണമെന്നാണ് ആരാധ്യ ആഗ്രഹം പ്രകടിപ്പിച്ചത്. ആരാധ്യയുടെ ആഗ്രഹം പോലെ കൂട്ടുകാരും അവരുടെ മാതാപിതാക്കളും ഫന്നീഖാന്റെ സ്പെഷൽ പ്രവ്യൂവിനെത്തുകയും ആ ദിവസത്തെ സുന്ദരമാക്കിത്തീർക്കുകയും ചെയ്തു. അമ്മയുടെ  അഭിനയത്തെക്കുറിച്ച് മകൾ എന്തു പറഞ്ഞു എന്ന ചോദ്യത്തിന്, അവളുടെ നിറഞ്ഞ ചിരിയിൽ എല്ലാമുണ്ടായിരുന്നുവെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. ചിത്രത്തിലെ ഗാനചിത്രീകരണ രംഗങ്ങൾ ആരാധ്യ കണ്ടിരുന്നുവെന്നും ഐശ്വര്യ പറയുന്നു.

എല്ലാ പ്രായക്കാർക്കും ചിത്രം ആസ്വദിക്കാൻ കഴിയുമെന്നും കാണികൾക്കായി വളരെ പോസിറ്റീവ് മെസേജ് പങ്കുവയ്ക്കുന്ന ചിത്രമാണെന്നും കുട്ടികൾ കാണാൻ പാടില്ലാത്തതായി ഒന്നുംതന്നെ ചിത്രത്തിലില്ലെന്നും ഐശ്വര്യ പറയുന്നു. എല്ലാ വീട്ടിലെയും കുഞ്ഞുങ്ങൾ ചെയ്യുന്നതുപോലെ വീട്ടിൽ ആരാധ്യ ഇടയ്ക്കിടെ പാടുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യാറുണ്ടെന്നും താൻ അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകളും അവളുടെ അച്ഛനും മുത്തച്ഛനും അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകളുമൊക്കെ അവൾ അതിനായി തിരഞ്ഞെടുക്കാറുണ്ടെന്നും ഐശ്വര്യ പറയുന്നു. ആരാധ്യയെ സാധാരണ കുടുംബാന്തരീക്ഷത്തിൽ വളർത്താനാണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.

താരങ്ങളായ അമ്മമാരുടെ കുഞ്ഞുങ്ങൾ മിക്കവാറും നാനിയുടെ കൈയിലാകും, പക്ഷേ ആരാധ്യ എപ്പോഴും ഐശ്വര്യയ്ക്കൊപ്പമുണ്ടല്ലോ എന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയോടെ ഐശ്വര്യ മറുപടി പറഞ്ഞതിങ്ങനെ:

‘ആരാധ്യയുടെ കാര്യം നോക്കാനായി രണ്ടു നാനിമാരുണ്ട്. ഒരാൾ നീണ്ട അവധിയെടുക്കുമ്പോൾ അസൗകര്യമുണ്ടാകാതിരിക്കാനാണത്. പക്ഷേ അതൊന്നും വിഷയമേയല്ല. ആരാധ്യയുടെ കാര്യങ്ങളെല്ലാം ഒറ്റയ്ക്കു ചെയ്യാനാണ് എനിക്കിഷ്ടം. ഷെഡ്യൂളുകൾ അസൗകര്യങ്ങൾ ഉണ്ടാക്കുന്ന ചില സമയങ്ങളിൽ അതിന് കഴിയാറില്ല. അപ്പോൾ എന്റെ അമ്മയാണ് അവളുടെ കാര്യങ്ങൾ നോക്കുക.’

കരിയറും കുടുംബജീവിതവും ബാലൻസ് തെറ്റാതെ കൊണ്ടുപോകുന്നതിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.- ‘18 വയസ്സുവരെ ഒരുപാട് ഉത്തരവാദിത്തങ്ങൾ എനിക്കുണ്ടായിരുന്നു. ഓർമ വച്ച നാൾ മുതൽ പുലർച്ചെ 5.30 നാണ് എന്റെ ഒരു ദിവസം തുടങ്ങിയിരുന്നത്. ആരാധ്യ വന്നതോടു കൂടി മുൻഗണനകളിൽ മാറ്റം വന്നിട്ടുണ്ട്. എല്ലാത്തിനേക്കാളും പ്രാധാന്യം കൽപ്പിക്കുന്നത് അവൾക്കാണ്. എല്ലാവീട്ടമ്മമാരും ഹീറോസ് ആണ്. പ്രത്യേകിച്ചും ജോലിചെയ്യുന്ന അമ്മമാർ. സമയമാണ് അവരെ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രശ്നം. എല്ലാക്കാര്യങ്ങളിലും പിന്തുണയ്ക്കുന്ന ഭർത്താവാണെന്റെ ഭാഗ്യം’.

ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ:- ‘ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രമോഷൻ പരിപാടികളിലൊന്നും എന്റേത് വലിയ കഥാപാത്രമാണെന്ന ഇംപ്രഷനുകളൊന്നും നൽകിയിട്ടില്ല. വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം’.