മകളെയോർത്ത് അഭിമാനിച്ച് ജയറാമും പാർവതിയും

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

സെലിബ്രിറ്റി കിഡ്സിന്റെ പുതിയ വിശേഷമറിയാൻ എപ്പോഴും തിടുക്കമാണ് ആരാധകർക്ക്. അത് താരദമ്പതികളുടെ മക്കളാകുമ്പോൾ ആവേശം കൂടും. ജയറാം– പാർവതി ദമ്പതികളുടെ മകൾ മാളവികയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ദമ്പതികളുടെ മകൻ കാളിദാസൻ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം നടത്തുകയും സംസ്ഥാന അവാർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ മകൾ മാളവിക അന്നും ഇന്നും സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ്.

അഭിമുഖങ്ങളിലും പൊതുവേദികളിലും താരദമ്പതികൾ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യവും മാളവികയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചാണ്. താരദമ്പതികളും മാളവികയും അതേപ്പറ്റി വ്യക്തമായ ഒരുത്തരം നൽകിയിട്ടില്ല. മക്കളുടെ പഠനത്തിനാണ് താരദമ്പതികൾ ഏറ്റവും കൂടുതൽ പ്രാധാന്യം കൽപ്പിച്ചത്. ബാലതാരമായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന കാളിദാസൻ തിരിച്ചെത്തിയത് പൂമരം എന്ന ചിത്രത്തിലൂടെയാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് കാളിദാസൻ സിനിമയിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോഴിതാ മകളുടെ ഗ്രാജ്വേഷൻ ഡേയുടെ ചിത്രങ്ങൾ അഭിമാനത്തോടെ പങ്കുവച്ചിരിക്കുകയാണ് ജയറാം. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെ ജയറാം പങ്കുവച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. നിരവധിപേരാണ് മാളവികയ്ക്ക് ആശംസയറിയിച്ചുകൊണ്ട് പ്രതികരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇനി സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. കാളിദാസന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

കാളിദാസിന് മാത്രമല്ല മാളവിയ്ക്കും മികച്ച സ്വീകാര്യതയാണ്  സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന  മാളവികയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. നേരത്തെ ഗംഭീര മേക്കോവര്‍ നടത്തി ഈ താരപുത്രി ഞെട്ടിച്ചിരുന്നു. തടിച്ച ശരീര പ്രകൃതക്കാരിയായ മാളവിക എങ്ങനെയാണ് ഇത്ര സ്ലിം ആയത് എന്ന സംശയമുന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇടയ്ക്ക് മുടി ബോയ് കട്ടടിച്ചായിരുന്നു താരപുത്രി പ്രത്യക്ഷപ്പെട്ടത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ജയറാമിന് പിന്നാലെ ചക്കിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.