അമ്മയുടെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾ തന്നെ താരപരിവേഷം ലഭിക്കുന്നവരാണ് സെലിബ്രിറ്റി കിഡ്സ്. സെയ്ഫ് അലീഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പിറന്നു വീണപ്പോൾ മുതൽ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശസ്തനായ സെലിബ്രിറ്റി കിഡ് ആണ് കുട്ടിനവാബായ തൈമൂർ. തൈമൂർ എവിടെയുണ്ടെങ്കിലും പാപ്പരാസികളുടെ ക്യാമറക്കണ്ണുകൾ കൊച്ചുതൈമൂറിനെ വിടാതെ പിന്തുടരും.
മാതാപിതാക്കളുടെയൊപ്പം എയർപോർട്ടിലായിരിക്കുമ്പോഴും നാനിയോടൊപ്പം പ്ലേസ്കൂളിലായിരിക്കുമ്പോഴുമൊക്കെയാണ് പാപ്പരാസികൾക്ക് തൈമൂറിന്റെ ചിത്രങ്ങൾ പകർത്താൻ അവസരം ലഭിക്കുന്നത്. എന്നാൽ കുഞ്ഞുതൈമൂറിനൊപ്പം സെൽഫിയെടുക്കാൻ ഒരു ആരാധകൻ കാട്ടിയ വിക്രിയകളുടെ വിഡിയോ വൈറലായതിനെത്തുടർന്ന് സെയ്ഫും കരീനയും അൽപ്പം പരിഭ്രാന്തിയിലാണ്. താരപരിവേഷമോ പദവിയോ എന്താണെന്നു പോലും മനസ്സിലാക്കാൻ പ്രായമായിട്ടില്ലാത്ത പിഞ്ചു തൈമൂറിനെ ആരാധകരുടെ അതിരു കടന്നുള്ള പെരുമാറ്റത്തിൽ നിന്ന് രക്ഷിക്കാനായി കുഞ്ഞിന് ബോർഡി ഗാർഡിനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് സെയ്ഫും കരീനയുമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
തൈമൂറിനു ലഭിക്കുന്ന താരപരിവേഷത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അഭിമുഖങ്ങളിൽ കരീന നൽകുന്ന ഉത്തരമിങ്ങനെ :- 'താരപരിവേഷത്തെക്കുറിച്ചു മനസ്സിലാകാനുള്ള പ്രായമൊന്നും ആകാത്തതുകൊണ്ടു തന്നെ അവനതൊന്നും ആസ്വദിക്കുന്നതായി എനിക്ക് തോന്നുന്നില്ല. കൂടി നിൽക്കുന്ന ഫൊട്ടോഗ്രാഫേഴ്സ് അവന്റെ പേരു വിളിക്കുമ്പോൾ അവൻ അവിടേക്ക് നോക്കാറുണ്ട്. അതിനർഥം അവൻ ക്യാമറയിലേക്ക് നോക്കി പോസ് ചെയ്യുന്നു എന്നല്ല. തന്റെ ചിത്രം അവരെടുക്കുന്നുണ്ടെന്നു പോലും അവൻ ചിന്തിക്കുന്നുണ്ടാവില്ല'.- കരീന പറയുന്നു.
തൈമൂർ സമൂഹമാധ്യമങ്ങളിലെ പ്രശസ്ത സെലിബ്രിറ്റി കിഡ് ആയി മാറുമ്പോഴും ഒരു അമ്മ എന്ന നിലയിൽ മകൻ സാധാരണ ഗതിയിൽ വളരുന്നത് കാണാനാണ് തനിക്കിഷ്ടമെന്നും കരീന പറയുന്നു. എന്നാൽ തൈമൂറിന്റെ മുത്തശ്ശിയും മുൻ നടിയുമായ ശർമിള ടാഗോർ പറയുന്നത് തന്നേക്കാൾ പ്രശസ്തനാണ് കൊച്ചു നവാബ് എന്നാണ്.
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലീഖാനും കരീന കപൂറും വിവാഹിതരായത് 2012 ലാണ്. തൈമൂർ പിറന്നതാവട്ടെ 2016 ഡിസംബറിലും. വരുന്ന ഡിസംബറിൽ രണ്ടാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചുതൈമൂർ.