പെൺകുട്ടികൾക്ക് അരുതുകൾ കൽപ്പിക്കുന്ന അമ്മമാർ കാണണം ഈ വിഡിയോ

തിരിച്ചറിവായിത്തുടങ്ങുന്ന പ്രായം മുതൽ പെൺകുട്ടികൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു പല്ലവിയാണത്. അതു ചെയ്യരുത്, കാരണം നീയൊരു പെൺകുട്ടിയാണ്. ആ വാചകം ഏറ്റവും കൂടുതൽ പറയുന്നതും വീട്ടിലെ മുതിർന്ന സ്ത്രീകളാണ്. വീട്ടിലെ ജോലികൾ പെൺകുട്ടികൾ മാത്രം ചെയ്യണം. ഭക്ഷണത്തിന്റെ സമയത്ത് ഊണുമേശയിലെത്തുന്നതു മാത്രമാണ് ആൺകുട്ടികളുടെ ജോലി എന്നിങ്ങനെയുള്ള അലിഖിത നിയമങ്ങൾ പല കുടുംബങ്ങളിലും ഇന്നുമുണ്ട്. സ്വന്തം എച്ചിൽ പാത്രങ്ങൾ വൃത്തിയാക്കണമെന്നു പോലും അമ്മമാർ ആൺകുട്ടികളെ പഠിപ്പിക്കാറില്ല. അതേയമ്മ തന്നെ വീട്ടിലുള്ളവർക്കെല്ലാം വെച്ചുവിളമ്പണമെന്നും അവരുടെയൊക്കെ എച്ചിൽ പാത്രങ്ങൾ വൃത്തിയാക്കണമെന്നും മകളെ നിർബന്ധിച്ചു പഠിപ്പിക്കുകയും ചെയ്യും.

അമ്മ പറയുന്നതെല്ലാം ശരിയെന്ന് വിശ്വസിച്ച് അനുസരിക്കുന്ന കുട്ടിക്കാലത്തു നിന്നും വീടിനുള്ളിലെ അസമത്വങ്ങളെ ചോദ്യം ചെയ്യുന്ന കൗമരാകാലത്തിലെത്തുന്ന പെൺകുട്ടിക്കാലത്തിലാണ് പല കുടുംബങ്ങളിലും പൊട്ടിത്തെറിയുണ്ടാകുന്നത്. അങ്ങനെയൊരു കഥയും മക്കളോടുള്ള രണ്ട് അമ്മമാരുടെ മനോഭാവവും തുറന്നു കാട്ടുകയാണ് ഇവിടെയൊരു വിഡിയോ.സ്ത്രീശാക്തീകരണത്തെക്കുറിച്ച് വളരെ ശക്തമായ ഒരു സന്ദേശം പങ്കുവയ്ക്കുകയാണ് നാരി എന്ന ഹ്രസ്വചിത്രം. ഒരമ്മയുടെ വയറ്റിൽ നിന്ന് ഒരേ സമയം പിറന്നുവീണ ഇരട്ടക്കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളിൽ നിന്നാണ് വിഡിയോയുടെ തുടക്കം.

ഇരട്ടക്കുഞ്ഞുങ്ങളിലെ ആൺകുഞ്ഞ് വീടിനുള്ളിലും പുറത്തും എല്ലാ പ്രിവിലേജുകളും ആസ്വദിച്ചു വളരുമ്പോൾ പലപ്പോഴും പെൺകുഞ്ഞിന് ഒരു കാഴ്ചക്കാരിയുടെ റോൾ മാത്രമാണുള്ളത്. മുതിരുമ്പോൾ തന്റെ അസംതൃപ്തികൾ ചില ചോദ്യങ്ങളായി അമ്മയ്ക്കു നേരെ നീട്ടുമ്പോൾ നീയൊരു അമ്മയാകുമ്പോഴേ നിനക്കത് മനസ്സിലാകൂവെന്ന ക്ലീഷേ ഡയലോഗുകൊണ്ട് അമ്മ മകളുടെ വായടിപ്പിക്കുന്നു.

ചില സ്റ്റീരിയോടൈപ്പുകളെ കാലംതന്നെ തിരുത്തുന്ന കാഴ്ചയാണ് വിഡിയോയുടെ അവസാനം കാണാൻ കഴിയുക. തനിക്ക് നിഷേധിക്കപ്പെട്ട സന്തോഷങ്ങൾ മകൾക്കു നൽകാൻ ഉത്സാഹം കാട്ടുന്ന അമ്മയിലൂടെ വിഡിയോ അവസാനിക്കുമ്പോൾ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ഗംഭീരമായ സന്ദേശമായി അതു മാറുന്നു.

സിനിമ സീരിയല്‍ താരം സ്വാസികയാണ് ഹ്രസ്വചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഹരിഹരനാണ് സംവിധാനം. ജോയിന്റ് ഡാഡി പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. സുഖിനു ആര്‍.എസ് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. അരുണ്‍ പി.ജിയാണ് എഡിറ്റിങ്ങ്. സിന്ധു വര്‍മ്മ, പ്രദീപ് പി.ജി, അരവിന്ദ് ജെ.എസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.