കുഞ്ഞിനുവേണ്ടി അമ്മവേഷമണിഞ്ഞൊരു അച്ഛൻ; കണ്ണുനിറഞ്ഞ് സമൂഹമാധ്യമങ്ങൾ

സിംഗിൾ പേരന്റ് ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും ചെറിയ കുഞ്ഞുങ്ങളുള്ളപ്പോൾ. കുഞ്ഞുമനസ്സു നോവാതെ കാത്ത ഒരു അച്ഛനാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. തായ്‌ലൻഡിൽ നടന്ന ഒരു സംഭവത്തിന്റെ വിഡിയോയാണ് കാണികളുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. ആഗസ്റ്റ് 12നാണ് തായ്‌ലൻഡിൽ മാതൃദിനം ആചരിക്കുന്നത്.

മാതൃദിനത്തോടനുബന്ധിച്ച് അഞ്ചുവയസ്സുകാരനായ മകന്റെ സ്കൂളിൽ നടന്ന മാതൃദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാൻ ആ അച്ഛനെത്തിയത് അമ്മമാരണിയുന്ന വസ്ത്രം ധരിച്ചു കൊണ്ടാണ്. ഓഫ്‌വൈറ്റ് നിറത്തിലുള്ള ലെയ്സ് വസ്ത്രങ്ങളണിഞ്ഞ് അമ്മമാർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ മകനെ ചേർത്തുപിടിച്ചിരിക്കുന്ന അച്ഛന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് അദ്ദേഹത്തിന്റെ സുഹൃത്താണ്.

മകന് അമ്മയെ മിസ്സ് ചെയ്യാതിരിക്കാനാണ് താനിങ്ങനെ ചെയ്തതെന്നാണ് അച്ഛന്റെ വിശദീകരണം. ആറുമില്യണിലധികം കാഴ്ചക്കാരുമായി സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് വിഡിയോ. വിവാഹമോചിതരാണ് കുട്ടിയുടെ അച്ഛനും അമ്മയും. അമ്മയിപ്പോൾ യൂറോപ്പിലാണുള്ളത്.