വിവാഹം കഴിഞ്ഞ് വെറും 13 മണിക്കൂറിനുള്ളിൽ വരൻ മരിച്ചു; കണ്ണുനിറയ്ക്കും പ്രണയം

വിവാഹം കഴിഞ്ഞ രാത്രിയില്‍ തന്നെ ഭര്‍ത്താവ് മരണമടയുക.വിവാഹവേഷമണിഞ്ഞ് ഭര്‍ത്താവിന്റെ കിടക്കയ്ക്കരികില്‍ അദ്ദേഹത്തിന്റെ മരണം കണ്ടിരിക്കുക. ഏതെങ്കിലും സിനിമയിലെ അവസാനരംഗമാണ് ഇത് എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. സിനിമയെ വെല്ലുന്ന ജീവിതകഥയാണിത്. കണ്ണീരോടെയല്ലാതെ നമുക്കിത് കേള്‍ക്കാനുമാവില്ല. സൗത്ത്‌വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോൾ നഗരത്തിലെ ലോറന്‍സ് വെസ്‌റ്റോണില്‍ നിന്നാണ്  സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്‌കോട്ട് പംലേ എന്ന 41കാരനാണ് മിഷേല്‍ വൈറ്റ് എന്ന 32 കാരി ഭാര്യയെ തനിച്ചാക്കി കടന്നുപോയിരിക്കുന്നത്.

രണ്ടുവര്‍ഷമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു മിഷേലും സ്‌കോട്ടും. കഴിഞ്ഞ മാസം അവസാനമാണ് ദഹനസംബന്ധമായ ചില അസ്വസ്ഥതകള്‍ സ്‌കോട്ടിന് അനുഭവപ്പെട്ടുതുടങ്ങിയത്. എന്‍ഡോസ്‌കോപ്പിയും മറ്റു പരിശോധനകളും നടത്തിയതിന് ശേഷം ഡോക്ടേഴ്‌സ് പറഞ്ഞതുകേട്ട് അവര്‍ ഞെട്ടിപ്പോയി. സ്‌കോട്ട് കാന്‍സറിന്റെ നാലാം സ്‌റ്റേജിലാണ്. കരളിലാണ് അർബുദം പിടിമുറുക്കിയിരിക്കുന്നത്. ഇനിയൊന്നും ചെയ്യാനില്ല, പാലിയേറ്റീവ് കെയറിങ് അല്ലാതെ. 

ഏതാനും ദിവസങ്ങള്‍ മാത്രമേ സ്‌കോട്ടിന് ജീവിതമുള്ളൂവെന്ന്  അവര്‍ക്ക് മനസ്സിലായി. ഇനി അധികകാലമില്ല എന്ന തിരിച്ചറിവുണ്ടായ നിമിഷമാണ് അതുവരെയില്ലാതിരുന്ന ആഗ്രഹം അവരുടെ ഉള്ളില്‍ പിറവിയെടുത്തത്. തങ്ങള്‍ക്ക് വിവാഹിതരാകണം. മിഷേല്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എല്ലാവരും സ്‌കോട്ടിന്റെ കിടക്കയ്ക്കരികിലേക്ക് ഓടിയെത്തി. വിവാഹം നടക്കാന്‍ 24 മണിക്കൂര്‍ നേരത്തെയെങ്കിലും ഒരുക്കങ്ങള്‍ ആവശ്യമായിരുന്നു. അതെങ്കിലും കിട്ടുമോയെന്ന് ഭയന്നുപോയ നിമിഷങ്ങള്‍ ആയിരുന്നു അത്. ആശുപത്രിയില്‍ നിന്ന് പോന്ന ഉടനെ മിഷേല്‍ രജിസ്ട്രര്‍ ഓഫിസിലേക്കാണ് പോയത്. 'എല്ലാവരും വളരെ ദയയോടെ പെരുമാറി, മിഷേൽ ആ നിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നു. ബൊക്കയും കേക്കും എന്റെ ഒരു ഫ്രണ്ട് നൽകി. അയല്‍വാസികളിലൊരാള്‍ എന്റെ മേക്കപ്പ് നടത്തി'- മിഷേൽ പറയുന്നു. 

പരമ്പരാഗതമായ വിവാഹവസ്ത്രമായിരുന്നു മിഷേലിന്റേത്. പാന്റ്‌സും ഷര്‍ട്ടുമായിരുന്നു സ്‌കോട്ടിന്റെ വേഷം. വീല്‍ച്ചെയറില്‍ അണിഞ്ഞൊരുങ്ങിവന്ന സ്‌കോട്ടിനെ കാത്ത് മുറിയുടെ വെളിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും നിന്നിരുന്നു. ഭാര്യയായി മിഷേലിനെ സ്വീകരിക്കുന്നുവെന്ന് കണ്ഠമിടറി സ്‌കോട്ട് മറുപടി നൽകി. വിവാഹം കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് മടങ്ങി.

മരണമെത്തുന്ന നേരത്ത് മിഷേല്‍ സ്‌കോട്ടിന്റെ കിടക്കയ്ക്കരികില്‍തന്നെയിരുന്നു. കണ്ണീരും പ്രാർഥനയുമായി.ഒരു അദ്ഭുതത്തിന് വേണ്ടി. പക്ഷേ. വെളുപ്പിന് 1.30 ന് സ്‌കോട്ട് യാത്രയായി. മിഷേല്‍ ഇല്ലാത്ത ലോകത്തേക്ക്. അവളെ വിധവയാക്കിക്കൊണ്ട്. ജീവിക്കാനുള്ള മോഹങ്ങള്‍ ബാക്കിവച്ചുകൊണ്ട്. അപ്പോള്‍ അവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 13 മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളൂ.