ആരാധ്യയുടെ ഇഷ്ടങ്ങളെക്കുറിച്ച് മനസ്സുതുറന്ന് അമിതാബ് ബച്ചൻ

കൊച്ചുമകൾ ആരാധ്യയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ സന്തോഷത്തോടെ മറുപടി പറഞ്ഞുകൊണ്ടാണ് അമിതാബ് ബച്ചൻ അവളുടെ ഇഷ്ടങ്ങൾ വെളിപ്പെടുത്തിയത്. ബിടൗണിലെ ബിഗ്ബിയുടെ പ്രശസ്ത ടെലിവിഷൻ ഷോ പത്താം ലക്കത്തിലേക്ക് കടന്ന അവസരത്തിൽ മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നത്.

എന്നെങ്കിലും ആരാധ്യയുമായി ഷോയിലെ പോലെ പൊതുവിഞ്ജാനം അളക്കുന്ന ഗെയിം കളിച്ചിട്ടുണ്ടോയെന്നായിരുന്നു മാധ്യമപ്രവർത്തകരിൽ ഒരാളുടെ ചോദ്യം. 'താങ്കൾ എനിക്ക് നൽകിയത് വളരെ നല്ലൊരു ആശയമാണെന്നും ഇതുവരെ ആരാധ്യയുമായി ആ ഗെയിം കളിച്ചിട്ടില്ലെന്നും വീട്ടിലെത്തിയാലുടൻ അവളുമായി ഈ ഗെയിം കളിക്കുമെന്നും' അദ്ദേഹം മറുപടി നൽകി.

''പൊതുവിഞ്ജാനം അളക്കുന്ന ഷോയെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രായമൊന്നും ആരാധ്യയ്ക്കായിട്ടില്ല. സ്കൂളിലെ പഠിത്തവും മറ്റു പാഠ്യേതര പ്രവർത്തനങ്ങളുമായി കക്ഷി നല്ല തിരക്കിലാണ്. അവളുടെ സ്കൂളിലും ക്വിസ് പ്രോഗ്രാമുകളൊക്കെയുണ്ടെന്നും അറിവു നേടാനുള്ള ഔത്സുക്യവും ജിജ്ഞാസയും അവൾക്കുണ്ട്'' എന്നും ബിഗ്ബി പറയുന്നു. ഷോയുടെ സിഗ്നേച്ചർ ട്യൂൺ ആരാധ്യയ്ക്ക് വളരെയിഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിതാബ് ബച്ചന്റെ മകൻ അഭിഷേക് ബച്ചന്റെയും മുൻ ലോകസുന്ദരി ഐശ്വര്യറായ് ബച്ചന്റെയും മകളാണ് ആരാധ്യ.