Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിച്ച കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ ഡോക്ടർ ദമ്പതികൾ ചെയ്യുന്നത്

doctor-couple-77 ഡോക്ടർ ദമ്പതികൾ മകൾ മീരയ്ക്കൊപ്പം.

മകളെ ജീവനേക്കാളേറെ സ്നേഹിച്ചിട്ടും ഉമേഷ്–അശ്വിനി ദമ്പതികൾ പ്രാർഥിച്ചതും വിങ്ങുന്ന ഹൃദയത്തോടെ ഓടിനടന്നതും കുട്ടിയുടെ ജീവൻ രക്ഷിക്കാനല്ല; മകളുടെ ജീവിക്കുന്ന അവയവങ്ങൾ ദാനം ചെയ്ത് മറ്റു ജീവിതങ്ങൾക്കു തുണയാകാൻ. ബ്രെയിൻ ഡെത്ത് എന്നു ഡോക്ടർമാർ വിധിയെഴുതിയ കുട്ടിക്കുവേണ്ടി അതേ അവർക്കു ചെയ്യാൻ ആവുമായിരുന്നുള്ളൂ. മകൾ മറ്റുള്ളവരിലൂടെയെങ്കിലും ജീവിക്കുന്നതു കാണാൻ. മകൾക്കു പകരമാവില്ലെങ്കിലും ആ ജീവിതം ധന്യമായെന്ന് ആശ്വസിക്കാൻ. പക്ഷേ, സമൂഹത്തിന് ഉപകാരപ്പെടുന്ന അവയവദാനം പോലും പൂർത്തിയാക്കാനായില്ലെങ്കിലും കുട്ടിയുടെ ഓർമ അനശ്വരമാക്കാൻ അവർക്കു കഴിഞ്ഞു– സമൂഹത്തിനുതന്നെ മാതൃകയാകുന്ന മഹാദാനത്തിലൂടെ. ദുരന്തത്തിന്റെ ഇരുട്ടിലും കെട്ടുപോകാൻ വിട്ടുകൊടുക്കാതെ കാത്തുവച്ച ത്യാഗത്തിന്റെ വിളക്ക്.

2017 ഡിസംബർ. ഉമേഷിന്റെ ജീവിതത്തിലെ കറുത്ത അധ്യായത്തിന്റെ തുടക്കം. അമരാവതിയിൽനിന്നുള്ള ഡോക്ടർ ദമ്പതികളായ ഉമേഷിനും അശ്വനിക്കും മകളെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. മൂന്നുമാസം മാത്രം പ്രായമായ മീരയെ. ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങിവരുമ്പോൾ പാഞ്ഞുവന്ന കാർ വാഹനത്തിൽ ഇടിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന അശ്വിനിക്കും മീരയ്ക്കും ഗുരുതരമായി പരുക്കേറ്റു. തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി അശ്വിനിയെ. മീരയെ വിദഗ്ധ ചികിൽസ ലഭിക്കുന്ന ശിശുരോഗ ആശുപത്രിയിലേക്കും.  മീരയുടെ തലയ്ക്കാണ് ക്ഷതമേറ്റതത്. എട്ടുമണിക്കൂറിനകം നാഗ്പൂർ ചിൽഡ്രൻസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലേക്കു മാറ്റിയെങ്കിലും മീരയുടെ ജീവൻ കൈവിട്ടിരുന്നു. ഗുരുതരമായിരുന്നു പരുക്ക്. ബ്രെയിൻ ഡെത്ത്– ഡോക്ടർമാർ വിധിയെഴുതി. പരുക്കേറ്റു കിടന്ന അശ്വനിയോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു ഉമേഷിന്. അവയവദാനത്തെക്കുറിച്ച് ഉമേഷ് ചിന്തിക്കുന്നതിനുമുമ്പുതന്നെ പക്ഷേ, അശ്വിനി ആലോചിച്ചിരുന്നു. അവർ പെട്ടെന്നുതന്നെ തീരുമാനത്തിലെത്തി. 

കുട്ടികളുടെ അവയവദാനം സങ്കീർണമാണ്. നിയമങ്ങൾ അവ്യക്തവും. ഡോക്ടർമാരുടെ സമ്മതവും സർക്കാരിന്റെ അനുവാദവുമൊക്കെ വേണം. ഓടിനടന്ന് ഉമേഷ് എല്ലാ അനുമതികളും നേടിയെടുത്തു. മീരയുടെ അവയവങ്ങൾ ദാനം ചെയ്ത് രണ്ടു കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ഒരുക്കങ്ങളും പൂർണം. ആംബുലൻസ് വരാൻവേണ്ടി കാത്തിരിക്കുമ്പോൾ അവസാനപ്രതീക്ഷയും കെടുത്തി മീര കടന്നുപോയി– കാർഡിയാക് അറസ്റ്റ്. 

മീരയുടെ ജീവൻ മറ്റൊരാൾക്കെങ്കിലും പ്രയോജനപ്പെടുമെന്നു പ്രതീക്ഷിച്ചെങ്കിലും സാധ്യമാകാതെ വന്നപ്പോൾ ഉമേഷ് തളർന്നു. കുട്ടികളുടെ അവയവദാന നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് അപേക്ഷിച്ച് കത്തെഴുതാൻ മാത്രം കഴിഞ്ഞു ആ ദമ്പതികൾക്ക്. ഗൈനക്കോളജിസ്റ്റാണ് ഉമേഷ്. നവജാതശിശുക്കൾ അനുയോജ്യമായ അവയവങ്ങൾ കിട്ടാതെ മരണത്തിലേക്കു കടന്നുപോകുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. നയങ്ങളിലെ അവ്യക്തത മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുവരെ അദ്ദേഹം കത്തെഴുതി. 

രണ്ടുവർഷം മുമ്പു നടന്ന അപകടവും അവയവദാനത്തിനുവേണ്ടി നടത്തിയ പ്രയത്നവും ഇപ്പോൾ ഓർമിക്കുന്നതിനു കാരണമുണ്ട്. ജീവിച്ചിരുന്നെങ്കിൽ‌ ഈ ഓഗസ്റ്റ് 21 ന് ഒന്നാം പിറന്നാൾ ആഘോഷിക്കേണ്ടതായിരുന്നു മീര. അവയവദാനം നടക്കാതെവന്നെങ്കിലും ഓഗസ്റ്റ് 21 അവിസ്മരണീയമാക്കാൻ തീരുമാനിച്ചു ഉമേഷും അശ്വിനിയും. താഴ്ന്ന വരുമാനക്കാരായ കുടുംബത്തിലെ കുട്ടികൾക്കു ഹൃദയശസ്ത്രക്രിയക്കുള്ള ധനം സംഭാവന ചെയ്തുകൊണ്ട്. 

dr-couple-with-payal-01 ഡോക്ടർ ദമ്പതികൾ പായലിനൊപ്പം.

ജൂലൈയിൽതന്നെ ഡോക്ടർ ദമ്പതികൾ ഒരുക്കം തുടങ്ങി. അന്വേഷണവും. സർക്കാർ പദ്ധതികളിലൊന്നും ഉൾപ്പെടാത്ത രണ്ടു കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ. മൂന്നുമാസം നീണ്ട അന്വേഷണം. ഒടുവിൽ രണ്ടു കുട്ടികളെ കണ്ടെത്തി. നാലര വയസ്സുള്ള പായലും അഞ്ചുവയസ്സുകാരി അശ്വവാശിൽ ധവാലെയും. ദിവസവേതനക്കാരനായ ഒരു തൊഴിലാളിയുടെ മകളാണ് പായൽ. അശ്വവാശിൽ കർഷക കുടുംബത്തിൽ ജനിച്ച കുട്ടിയും. ശസ്ക്രിയ നടക്കേണ്ട ദിവസം അശ്വവാശിലിനു  സർക്കാർ സഹായം ലഭിച്ചു. പായലിന്റെ ചികിൽസാച്ചെലവുകൾ അവർ ഏറ്റെടുത്തു. എന്നും അസുഖമായിരുന്നു പായലിന്. നിരന്തരമായ ആശുപത്രിവാസവും. ഗ്രാമത്തിൽനിന്നു പായലിനെ ഡോക്ടർ ദമ്പതികൾ അമരാവതിയിലെ ശ്രീ സന്ത് അച്യുത് മഹാരാജ് ഹാർട്ട് ഹോസ്പിറ്റലിലേക്കു മാറ്റി. ഒന്നേകാൽ ലക്ഷം വരെ ചെലവു വരുന്ന ശസ്ത്രക്രിയ 80,000 രൂപയ്ക്ക് ചെയ്യാൻ കഴിഞ്ഞു. അസുഖവുമായി മല്ലടിച്ചു കഴിഞ്ഞ പായൽ പുതുജീവിതത്തിലേക്കു പ്രവേശിച്ചു; പാവപ്പെട്ട കർഷക കുടുംബത്തിൽ സന്തോഷവും പ്രതീക്ഷയും പകർന്ന്.

എന്തുതന്നെ സംഭവിച്ചാലും ഒന്നും പകരമാവില്ല മീരയുടെ ജീവനെന്ന് അറിയാം ഉമേഷിനും അശ്വിനിക്കും. എങ്കിലും വിടപറഞ്ഞ മകളുടെ ഓർമയിൽ പായൽ ചിരിക്കുമ്പോൾ, ഒരു കുടുംബം സമാധാനത്തോടെ ജീവിക്കുന്നതു കാണുമ്പോൾ കണ്ണുനീർ വറ്റിയ ഡോക്ടർ ദമ്പതികളുടെ മുഖത്തും ചിരി വിരിയുന്നു–നൊമ്പരത്തിപ്പൂവു പോലെ.