കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന ഒട്ടുമിക്ക ദമ്പതികളും ഭയക്കുന്ന ഒരു ദിനമുണ്ട്. കുഞ്ഞിനെ ദത്തെടുത്തതാണെന്ന് അവരോട് തുറന്നു പറയുന്ന ദിനം. കുഞ്ഞുങ്ങൾ എങ്ങനെ ആ സത്യത്തെ ഉൾക്കൊള്ളും. ഇനി വേദനയോടെ അതുൾക്കൊണ്ടാൽത്തന്നെ അവർ തങ്ങളെ പഴയ പോലെ സ്നേഹിക്കുമോ എന്നു തുടങ്ങി ഒരു കുന്നു സംശയങ്ങൾ അവരുടെ മനസ്സിൽ തലപൊക്കും.
സത്യം മൂടിവച്ച് അവരെ വളർത്തിയാലും എന്നെങ്കിലുമൊരിക്കൽ മറ്റാരിൽ നിന്നെങ്കിലും അവർ കാര്യം മനസ്സിലാക്കിയാലുണ്ടാകുന്ന പ്രത്യാഘ്യാതങ്ങളെക്കുറിച്ചോർത്ത് മനസ്സുവെന്തു ജീവിക്കുന്ന മാതാപിതാക്കളുമുണ്ട്. എന്നാൽ അച്ഛനമ്മമാരെ തീ തീറ്റിക്കാതെ വളരെച്ചെറുപ്പത്തിലേ തന്നെ സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കിയ ഒരു കൊച്ചു കുറിമ്പിപ്പെണ്ണിനെക്കുറിച്ച് ഹ്യൂമെൻസ് ഓഫ് ബോംബെയാണ് ലോകത്തോടു പറഞ്ഞത്.
താനൊരു ദത്തു പുത്രിയാണെന്ന് തുറന്നു പറയുന്ന പൂർണ്ണ മനസ്സോടെ ആ സത്യത്തെ അംഗീകരിക്കുന്ന ആ കൊച്ചുപെൺകുട്ടി ഒരു കഥപറയുന്ന ലാഘവത്തോടെ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ :-
'' എനിക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് ഒരു രാത്രിയിൽ അമ്മ ആ കഥ പറഞ്ഞു തന്നത്. അതിങ്ങനെയായിരുന്നു. ഒരു രാത്രിയിൽ ബീച്ചിലൂടെ നടക്കുകയായിരുന്നു അച്ഛനും അമ്മയും. അപ്പോഴവർക്ക് ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹം തോന്നി. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് നോക്കി അവർ ദൈവത്തോട് പ്രാർഥിച്ചു. എന്നെന്നും സ്നേഹിക്കാൻ ഒരു കുഞ്ഞിനെ തരണേയെന്ന്. ദൈവം അവരുടെ പ്രാർഥന കേട്ടു. ആകാശത്തിൽ നിന്നും ഏറ്റവും തിളങ്ങി നിന്ന ഒരു നക്ഷത്രത്തെ അടർത്തിയെടുത്ത് എന്റെ അച്ഛനമ്മമാർക്കു നൽകി. ഈ കഥ പറയുമ്പോൾ അവരുടെ കണ്ണുകളും സന്തോഷംകൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു.''
'ഞാൻ കുറച്ചു കൂടി മുതിർന്നപ്പോൾ അമ്മ എന്നോടു പറഞ്ഞു. ആ കുഞ്ഞുനക്ഷത്രം ഞാനാണെന്നും എന്നെ അവർ ഒരു കോൺവെന്റിൽ നിന്ന് ദത്തെടുത്തതാണെന്നും ഞാനവർക്ക് ഏറെ പ്രത്യേകതയുള്ള കുഞ്ഞാണ്. അതുകൊണ്ടാണ് അവരെനിക്ക് നൈഷ എന്നു പേരിട്ടത്. അമ്മ പറഞ്ഞ ഈ ഫെയറി ടെയിലാണ് എനിക്കേറെയിഷ്ടം. അമ്മയും അച്ഛനും എന്നെ കണ്ടെത്തിയതിൽ വളരെ സന്തോഷമുണ്ട്'.