ആ പ്രണയത്തിനു മുന്നിൽ കാൻസറും തോറ്റുപിൻമാറാനുറച്ചു. ഡോക്ടേഴ്സ് പങ്കുവച്ച പോസിറ്റീവ് റിപ്പോർട്ടിനെക്കുറിച്ചുള്ള സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് സച്ചിൻ തന്നെയാണ്. തീവ്രപ്രണയം കൊണ്ട് കാൻസറിനെ തോൽപ്പിക്കാനിറങ്ങിയ സച്ചിന്റെയും ഭവ്യയുടെയും വാർത്ത നിറഞ്ഞ കണ്ണുകളോടെ വായിച്ചവർക്കെല്ലാം ഇനി ആശ്വസിക്കാം.
ഭവ്യയുടെ ശരീരത്തിൽ നിന്ന് കാൻസർ പിടിവിട്ടു തുടങ്ങിയതിന്റെ സൂചനകൾ ഡോക്ടർമാർ തന്നെയാണ് ദമ്പതികളോട് പങ്കുവച്ചത്. കാൻസർ എന്ന വില്ലനെ തോൽപ്പിച്ചു തുടങ്ങിയ സന്തോഷവാർത്തയെക്കുറിച്ച് സച്ചിൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ :-
‘വിവാഹത്തിന് ശേഷം ഞങ്ങൾ എറണാകുളത്തെ ആശുപത്രിയിൽ കീമോ ചെയ്യുവാൻ പോവുകയുണ്ടായി. ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോർട്ടുകൾ പോസിറ്റിവാണെന്ന് ഡോക്ടർ അറിയിച്ചു. മരുന്നുകളെക്കാൾ ഫലിച്ചത് നിങ്ങൾ ഓരോരുത്തരുടെയും പ്രാർഥനയാണെന്ന് സാരം. ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന്, സ്നേഹിച്ചതിന്, ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷൻ തയാറാവാൻ ഡോക്ടർ അറിയിച്ചിട്ടുണ്ട്. എല്ലാം നല്ല രീതിയിൽ അവസാനിക്കാൻ എല്ലാവരും പ്രാർഥിക്കുക.’
പരസ്പരം പ്രണയിച്ചു തുടങ്ങിയ കാലഘട്ടങ്ങളിലാണ് ഭവ്യയ്ക്ക് കാൻസർ സ്ഥിരീകരിക്കുന്നത്. എന്നാൽ പാതിവഴിയിൽ പ്രണയത്തെ ഉപേക്ഷിക്കാതെ രോഗത്തെ അതിജീവിക്കാൻ ഭവ്യയെ മാനസികമായി തയാറെടുപ്പിച്ചുകൊണ്ട് സച്ചിൻ അവളുടെയൊപ്പം നിന്നു. അവളുടെ ചികിത്സയ്ക്കുവേണ്ടി തന്റെ പഠനം പാതിവഴയിലുപേക്ഷിച്ച് അവൻ ജോലിചെയ്യാനിറങ്ങി. ചികിത്സയുടെ ആദ്യഘട്ടത്തിൽ വിവാഹനിശ്ചയം നടത്തി. കീമോ ചികിത്സ പുരോഗമിക്കുന്നതിനിടയിൽ ഭവ്യയ്ക്ക് സച്ചിൻ താലി ചാർത്തി.
സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുടെ പ്രണയകഥ പുറംലോകമറിഞ്ഞത്. അന്നുമുതൽ ഈ പ്രണയത്തിനു മുന്നിൽ കാൻസർ തോറ്റുപോകണേയെന്ന് പ്രാർഥിച്ച ആളുകളോടാണ് സച്ചിൻ ഇപ്പോൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന വാർത്ത പങ്കുവച്ചത്.