എന്നും ലക്ഷ്മിയ്ക്കൊപ്പം ആയിരിക്കാനിഷ്ടപ്പെട്ട ബാലു; കണ്ണീരോടെ കുടുംബം

സംഗീതപരിപാടികളുടെ തിരക്കിൽ ലോകമെമ്പാടും സഞ്ചരിക്കുമ്പോഴും ബാലഭാസ്കർ ഉള്ളുകൊണ്ട് ആഗ്രഹിച്ചത് ഭാര്യ ലക്ഷ്മിയ്ക്കൊപ്പം ആയിരിക്കാനാണെന്നും, അവൾക്കൊപ്പമിരിക്കുമ്പോൾ കിട്ടുന്ന മനസമാധാനം ലോകത്തു മറ്റൊരിടത്തു നിന്നും കിട്ടില്ലെന്നു പറഞ്ഞുകൊണ്ട് ലക്ഷ്മിക്കരുകിലേക്ക് ഓടിയെത്തുന്ന ബാലഭാസ്കറിനെ ഓർത്തുകൊണ്ട് വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തുടങ്ങിയ പ്രണയവും 18 വർഷം നീണ്ട സുന്ദര ദാമ്പത്യവും ഓർമ മാത്രമാക്കി മകളുടെയൊപ്പം ബാലഭാസ്കറും യാത്രയായപ്പോൾ തനിച്ചായിപ്പോയത് ലക്ഷ്മിയാണ്. അപകടത്തിൽ പറ്റിയ സാരമായ പരുക്കുമായി ഇപ്പോഴും ആശുപത്രിയിൽ കഴിയുന്ന ലക്ഷ്മി മകളുടെ വേർപാടും ഭർത്താവിന്റെ മരണവും അറിഞ്ഞിട്ടില്ല.

തിരുവനന്തപുരം യൂണിവേഴ്സിറ്റി ക്യാംപസിലാണ് ബാലഭാസ്ക്കറും ലക്ഷ്മിയും ആദ്യം  കണ്ടുമുട്ടുന്നത്. ഇരുപത്തൊന്നാംവയസില്‍. അതീതീവ്രമായ പ്രണയം. വീട്ടുകാരുടെ സമ്മതം കിട്ടാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കും മുൻപേ ഇരുവരും വിവാഹിതരായി. അന്നുമുതല്‍ 18 വര്‍ഷം ബാലഭാസ്ക്കറിന്‍റെ ജീവിതത്തിന്‍റെ ഈണമായിരുന്നു ലക്ഷ്മി. ലോകമറിയുന്ന വയലിസ്റ്റായി ബാലു പ്രശസ്തിയിലേക്കുയരുമ്പോള്‍ നിഴലായി ഒപ്പം നിന്നു. 

ഒരിയ്ക്കല്‍പോലും ശ്രുതി തെറ്റാത്ത പ്രണയജീവിതത്തില്‍ ഒരു സങ്കടം മാത്രമേയുണ്ടായിരുന്നുള്ളു. 16 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ മകള്‍ തേജസ്വിനിയെത്തിയതോടെ അതുമാറി. പിന്നെ ജീവിതം തേജസ്വിനിയെന്ന ജാനിയിലേക്ക് ശ്രുതിമാറ്റി. ബാലുവും ജാനിയുമില്ലാതെ എന്നെങ്കിലുമൊരിക്കല്‍ ജീവിക്കേണ്ടിവരുമെന്ന് ‌വിചാരിച്ചുകാണില്ല ലക്ഷ്മി. ജീവിതം ശ്രുതിപൊട്ടിയത് ലക്ഷ്മിയറിയുന്നതോര്‍ത്തുള്ള നോവിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.