Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെന്ന നിലയിൽ ആശങ്കയില്ല: മേതിൽ ദേവിക

methil-devika-mukesh-01

വ്യക്തിപരമായ മീ ടൂ ക്യാംപെയിനെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ഭർത്താവ് മുകേഷിനെതിരെയുണ്ടായ ആരോപണങ്ങളിൽ ഒരു ഭാര്യയെന്ന നിലയിൽ ആശങ്കയില്ലെന്നും മേതിൽ ദേവിക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീ ടൂ ക്യാംപെയിനെക്കുറിച്ചും ഭർത്താവ് മുകേഷിനെക്കുറിച്ചുയർന്ന ആരോപണത്തെക്കുറിച്ചും പ്രതികരിച്ചത്.

മീ ടൂ ക്യാംപെയിൻ നല്ലൊരു അവസരമാണെന്നും സ്ത്രീകൾക്ക് തുറന്നു ‌സംസാരിക്കാൻ അവസരം നൽകുന്ന മീ ടൂ ക്യാംപെയിനെ വ്യക്തിപരമായി താൻ പിന്തുണയ്ക്കുന്നുണ്ടെന്നും പറഞ്ഞതിനൊപ്പം പുരുഷന്മാർക്ക് പ്രകോപനപരമായ സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്കെതിരെയും ക്യാംപെയിൻ വേണ്ടതല്ലേയെന്നും അവർ ചോദിച്ചു.

വർഷങ്ങൾക്കു മുൻപ് നടന്നു എന്നു പറയുന്ന സംഭവത്തെക്കുറിച്ച് ഇപ്പോൾ ഉയരുന്ന ആരോപണം ഒരു ഭാര്യ എന്ന നിലയിൽ തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും സംഭവത്തെക്കുറിച്ച് ഭർത്താവുമായി സംസാരിച്ചിരുന്നുവെന്നും അങ്ങനെയൊരു സംഭവം ഓർമ്മയിലില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും, അദ്ദേഹം തന്നോട് നുണ പറയില്ല എന്നാണ് വിശ്വാസമെന്നും മേതിൽ ദേവിക പ്രതികരിച്ചു. പലപ്പോഴും ഭർത്താവിന്റെ മൊബൈൽ ഫോൺ താനാണ് കൈകാര്യം ചെയ്യുന്നതെന്നും ഒരുപാട് സ്ത്രീകൾ പ്രകോപനപരമായ സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും പലപ്പോഴും താനാണ് ആ മെസേജുകൾക്ക് മറുപടി അയയ്ക്കാറുള്ളതെന്നും അവർ പറയുന്നു. ഒരു ഭാര്യ എന്ന നിലയിൽ അത്തരം സന്ദേശങ്ങളെ മറ്റൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്റ് ആയേ കാണാൻ കഴിയൂവെന്നും അങ്ങനെയുള്ള സ്ത്രീകൾക്കെതിരെ ക്യാംപെയ്ൻ ഒന്നുമില്ലേയെന്നാണ് തന്റെ ചോദ്യമെന്നും അവർ പറഞ്ഞു.

19 വർഷം മുമ്പ് ഒരു ടെലിവിഷൻ പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നു പറഞ്ഞുകൊണ്ടാണ് ടെസ് ജോസഫ് എന്ന യുവതി രംഗത്തു വന്നത്. ചിത്രീകരണത്തിനിടെ തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് തുടർച്ചയായി വിളിച്ചു ശല്യപ്പെടുത്തിയെന്നും. മുകേഷിന്റെ മുറിയുടെ അടുത്തുള്ള മുറിയിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നുമായിരുന്നു ടെസ് ജോസഫിന്റെ ആരോപണം. സംഭവം തന്റെ മേലധികാരിയായ ഡെറിക്ക് ഒബ്രിയാന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അദ്ദേഹം പ്രശനത്തിന് പരിഹാരം കണ്ടതെന്നും ടെസ് പറയുന്നു. 

എന്നാൽ യുവതിയെ പരിചയമില്ലെന്നും അങ്ങനെയൊരു സംഭവം ഓർമ്മയിലില്ലെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം. തന്റെ കുടുംബത്തിലും സ്ത്രീകളുണ്ടെന്നും അതുകൊണ്ടു തന്നെ മീ ടൂ ക്യാംപെയിനെ പിന്തുണയ്ക്കുന്നയാളാണ് താനെന്നും മുകേഷ് പറയുന്നു.