ലിനിക്കു നൽകിയ ഒരു വാക്കുകൂടി പാലിക്കാനായതിന്റെ നിർവൃതിയിലാണ് ഭർത്താവ് സജീഷ്. ലിനിയുടെയും സജീഷിന്റെയും ഇളയ മകൻ സിദ്ധാർഥ് കഴിഞ്ഞ ദിവസം അക്ഷരങ്ങളുടെ ലോകത്ത് പിച്ചവെച്ചു. ലിനിയുടെ ആഗ്രഹം പോലെ ലോകനാർകാവിലാണ് കുഞ്ഞിനെ എഴുത്തിനിരുത്തിയത്.
അച്ഛന്റെ മടിയിലിരുന്നാണ് സിദ്ധാർഥ് അക്ഷരങ്ങളെ തൊട്ടറിഞ്ഞത്. ലിനി–സജീഷ് ദമ്പതികളുടെ മൂത്തമകന്റെ വിദ്യാരംഭവും ഈ ക്ഷേത്രത്തിലായിരുന്നു. ഇളയ കുട്ടിയെയും ഇവിടെ ഹരിശ്രീ കുറിപ്പിക്കണമെന്നത് ലിനിയുടെ ആഗ്രഹമായിരുന്നു. നിപ്പ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനിക്കും നിപ്പ സ്ഥിരീകരിച്ചത്. മരണത്തിനു മുമ്പ് ഭർത്താവിനെഴുതിയ കുറിപ്പിൽ മക്കളെക്കുറിച്ചുള്ള ആശങ്കകളായിരുന്നു ലിനി ഒടുവിൽ പങ്കുവച്ചത്.
ഗൾഫിൽ ജോലി ചെയ്തിരുന്ന സജീഷിന് കേരളസർക്കാർ ആരോഗ്യ വകുപ്പിൽ ജോലി നൽകിയിരുന്നു. ലിനിയുടെ ആഗ്രഹം പോലെ മക്കളെയും കുടുംബത്തെയും നന്നായി സംരക്ഷിക്കുന്നുണ്ടെന്നും ജീവിച്ചുകൊതിതീരാതെ കുഞ്ഞുങ്ങളെ തന്നെയേൽപ്പിച്ചു മടങ്ങിയ ലിനിയുടെ ത്യാഗപൂർണ്ണമായ വിടവാങ്ങലിൽ ഹൃദയമർപ്പിച്ചുകൊണ്ട് ലിനിയുടെ ആഗ്രഹങ്ങൾ സാധിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ആദ്യശമ്പളം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് സജീഷ് സംഭാവന നൽകിയത്.