ഏട്ടന്റെ കൺമണികൾക്ക് പേരിട്ടു: സുധാകരന്റെ ഇരട്ടക്കുഞ്ഞുങ്ങളെക്കുറിച്ച് ഭാര്യാ സഹോദരി

ഏട്ടൻ സുധാകരന്റെ ഇരട്ടക്കൺമണികൾക്ക് പേരിട്ടവിവരം സുധാകരന്റെ  ഭാര്യാ സഹോദരിയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. കുഞ്ഞുങ്ങളുണ്ടാകാനുള്ള ചികിൽസയ്ക്കായി കോഴിക്കോട് ചികിൽസാ കേന്ദ്രത്തിലേക്കുള്ള യാത്രക്കിടയിലാണ് മരണം സുധാകരന്റെ ജീവനെ തട്ടിയെടുത്തത്. പ്രണയവിവാഹിതരായ സുധാകരനും ഷിൽനയും നാലുവർഷം മുൻപാണു കുഞ്ഞുങ്ങൾക്കായി ചികിൽസ തുടങ്ങിയത്. 2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം അസിസ്റ്റന്‍റ്  പ്രഫസറായിരുന്ന കെ.സി. സുധാകരന്‍ മരിച്ചത്.

കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെ ഒറ്റക്കാക്കി സുധാകരൻ മടങ്ങിയെങ്കിലും ചികിൽസ പാതിവഴിയിൽ ഉപേക്ഷിക്കാൻ ഷിൽന തയാറായില്ല. ചങ്കൂറ്റത്തോടെ ഷിൽന ചികിൽസ തുടരുകയും ചികിൽസയ്ക്കായി ശേഖരിച്ചു വച്ചിരുന്ന സുധാരന്‍റെ ബീജം ഉപയോഗിച്ച് ഐവിഎഫ് (ഇന്‍വിട്രോ ഫെര്‍ട്ടിലെെസേഷന്‍) വഴി ഗർഭം ധരിക്കുകയും ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു.

ഷിൽനയുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ ആദ്യം അമ്പരന്നുപോയ ബന്ധുക്കളും സുഹൃത്തുക്കളും പിന്നീട് എല്ലാ പിന്തുണയും നൽകി അവർക്കൊപ്പം നിന്നു. കൺമണികളെ കാണാതെ ജീവൻവെടിഞ്ഞ സുധാകരൻ മറ്റൊരു ലോകത്തിരുന്നു ഈ സുന്ദരകാഴ്ചകൾ കാണുന്നുണ്ടെന്നു തന്നെയാണ് ഷിൽനയുടെയും കുടുംബത്തിന്റെയും വിശ്വാസം.