ഭർത്താവിന് ഹൃദയാഘാതം, ഭാര്യയ്ക്ക് പ്രസവ സമയം; ഒടുവിൽ

കാത്തിരിപ്പിന്റെ നിമിഷങ്ങളിലായിരുന്നു ആഷ്‍ലി. 39 ആഴ്ചത്തെ ഗര്‍ഭകാലം പൂര്‍ത്തിയാക്കിയ യുവതി. പിറ്റേന്ന് ആശുപത്രിയില്‍ പോകണം. എല്ലാ മോശം ചിന്തകളും മനസ്സില്‍നിന്നു മാറ്റി സ്നേഹവും സന്തോഷവും നിറച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷത്തിനുവേണ്ടി തയാറാകാന്‍ മണിക്കൂറുകള്‍ മാത്രം. പക്ഷേ അമേരിക്കയില്‍ മിനസോട്ടയില്‍നിന്നുള്ള ഈ യുവതിക്ക് നേരിടേണ്ടിവന്നത് ദുസ്വപ്നങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത നിമിഷം. അന്നു രാവിലെ ഉണരുമ്പോള്‍ കിടക്കയില്‍ തൊട്ടടത്തു കിടക്കുന്നു ഭര്‍ത്താവ് ആന്‍ഡ്രു ശ്വാസത്തിനുവേണ്ടി ബുദ്ധിമുട്ടുന്നു. അദ്ദേഹത്തിന്റെ ഹൃദയം ക്രമമില്ലാതെ മിടിച്ചുകൊണ്ടിരുന്നു. 

ഒരു നിമിഷം അറച്ചുനിന്നെങ്കിലും ആഷ്‍ലി 911 എന്ന നമ്പറിലേക്കു ഡയല്‍ ചെയ്തു. എന്റെ ഭര്‍ത്താവിനു ശ്വസിക്കാന്‍ കഴിയുന്നില്ല...ആഷ്‍ലി എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ശ്വാസത്തിനുവേണ്ടി കിതയ്ക്കുന്ന അദ്ദേഹത്തിന്റെ ശബ്ദമാണു നിങ്ങള്‍ കേള്‍ക്കുന്നത്. ശ്വാസഗതി നിയന്ത്രിക്കാന്‍ പ്രഥമശുശ്രുഷ നല്‍കുകയാണ് ഇപ്പോള്‍ വേണ്ടത്. വേഗം ചെയ്യൂ....കാര്‍ഡിയാക് അറസ്റ്റ് എന്ന വേദനാകരവും മാരകവുമായ അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു ആന്‍ഡ്രൂ. 911-ല്‍ ഫോണ്‍ എടുത്തയാള്‍ ആഷ്‍ലിയോടു പറഞ്ഞു. ആദ്യം ആന്‍ഡ്രൂവിനെ കിടക്കയില്‍നിന്നു നിലത്തേക്ക് ഇറക്കികിടത്തുക. തുടര്‍ന്നു പ്രഥമശുശ്രൂഷ നല്‍കുക.ഞാന്‍ പൂര്‍ണ ഗര്‍ഭിണിയാണ്. എനിക്കതു ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല..നിസ്സഹാ യതയോടെ ആഷ്‍ലി പറഞ്ഞൊപ്പിച്ചു. ഫോണ്‍ വച്ചതിനുശേഷം ആന്‍ഡ്രുവിനെ നിലത്തേക്ക് കിടത്താന്‍ കരുത്തില്ലാത്തതിനാൽ കിടക്കയിൽ വച്ചുതന്നെ ആഷ്‍ലി പ്രഥമ ശുശ്രൂഷ നല്‍കാന്‍ തുടങ്ങി. 

നിമിഷങ്ങള്‍ക്കകം ആന്‍ഡ്രുവിനെ ആശുപത്രിയിലേക്കു മാറ്റാന്‍ വാഹനമെത്തി. വേഗം ആശുപത്രിയിലെത്തിച്ചു ചികിത്സയും തുടങ്ങി. 

ജീവിതത്തിലൊരിക്കലും ഇത്തരമൊരു ദുരനുഭവം ആഷ്‍ലി ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. വന്യമായ സ്വപ്നങ്ങള്‍പോലും പേടിച്ചിട്ടുമില്ല. ഭര്‍ത്താവ് ആശുപത്രിയില്‍ ജീവനുവേണ്ടി പിടയുമ്പോള്‍ ആഷ്‍ലി പിറുപിറുത്തു: അദ്ദേഹം ജീവനോടെ തിരിച്ചുവരുന്നില്ലെങ്കില്‍ എനിക്കു കുട്ടിയെ വേണ്ട...സെന്റ് പോള്‍സ് യുണൈറ്റഡ് ആശുപത്രിയിലായിരുന്നു ചികില്‍സ. കാര്‍ഡിയാക് അറസ്റ്റ് അവശേഷിപ്പിച്ച അസ്വസ്ഥകള്‍ ഉണ്ടായിരുന്നെങ്കിലും ചികില്‍സയെത്തുടര്‍ന്നു പിറ്റേന്ന് ആന്‍ഡ്രുവിനു ബോധം തിരിച്ചുകിട്ടി. മസ്തിഷ്കത്തിനു പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ അദ്ദേഹത്തെ രക്ഷപ്പെടുത്താനായിരുന്നു അധികൃതരുടെ ശ്രമം. 

എന്താണെന്നു സംഭവിച്ചതെന്ന് അപ്പോഴും അദ്ദേഹത്തിനു മനസ്സിലായിരുന്നില്ല. കണ്ണു തുറക്കൂ എന്ന നഴ്സിന്റെ ശബ്ദം കേട്ട് കണ്ണു തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു നിമിഷം താന്‍ എവിടെയാണ് എത്തിപ്പെട്ടിരിക്കുന്നതെന്നുപോലും അദ്ദേഹത്തിനു മനസ്സിലായില്ല. ഒടുവില്‍ കണ്ണുതുറന്ന് തന്റെ കിടക്കയ്ക്കു ചുറ്റും കൂടിനില്‍ക്കുന്നവരുടെ മുഖങ്ങളിലൂടെ അദ്ദേഹം കണ്ണോടിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചു കൈ നീട്ടുകയും കൈപ്പത്തി അടയ്ക്കുകയും തുറക്കുകയും കണ്ണ് അടയ്ക്കുകയും തുറക്കുകയുമൊക്കെ ചെയ്തു. എല്ലാവരുടെയും മുഖങ്ങളില്‍ സന്തോഷം. ആന്‍ഡ്രു തിരിച്ചുവന്നിരിക്കുന്നു; ജീവിതത്തിന്റെ ആനന്ദങ്ങളിലേക്ക്. 

പിറ്റേന്ന് നിര്‍ണായകമായ ദിവസമാണ്; ആഷ്‍ലിയുടെ ജീവിതത്തില്‍. ഒരു കുട്ടിക്കുവേണ്ടിയുള്ള ആ ദമ്പതികളുടെ കാത്തിരിപ്പിന് അവസാനം കുറിക്കുന്ന ദിനം. മെറ്റേണിറ്റി വാര്‍ഡില്‍ ആഷ്‍ലിയുടെ കിടക്കയുടെ ആരികില്‍ വീല്‍ചെയറില്‍ ആന്‍ഡ്രുവിനെ കൊണ്ടുവന്നു. അവരിരുവരും അപ്പോഴും കൈകള്‍ കോര്‍ത്തുപിടിച്ചിട്ടുണ്ടായിരുന്നു. ആഷ്‍ലിയുടെ കുട്ടിയെ പുറത്തെടുക്കാന്‍ പ്രസവ ശസ്ക്രക്രിയ വേണ്ടിവന്നു. അതിനാല്‍ പിന്നീടുള്ള നടപടിക്രമങ്ങള്‍ ആന്‍ഡ്രൂവിന് വിഡിയോയിലൂടെ കാണേണ്ടിവന്നു. 

ഞാന്‍ കാത്തിരുന്ന, എന്റെ പ്രിയപ്പെട്ട കുട്ടി ഭൂമിയിലേക്കു ജനിച്ചുവീണപ്പോള്‍ അതിരില്ലായിരുന്നു എന്റെ സന്തോഷത്തിന്...ആന്‍ഡ്രു പിന്നീടു പറഞ്ഞു. ആന്‍ഡ്രു അടുത്തില്ലെങ്കിലും ആഷ്‍ലി ശസ്ത്രക്രിയ വേഗം പൂര്‍ണമാകാന്‍ കാത്തിരുന്നു. അമ്മയും കുഞ്ഞും സന്തോഷത്തോടെ ആശുപത്രി വിടാന്‍ സമയമായി. അപ്പോഴേക്കും ആന്‍ഡ്രുവിന്റെ ചികില്‍സയും പൂര്‍ത്തിയായിരുന്നു. അദ്ദേഹം മികച്ച പുരോഗതി കൈവരിച്ചിരുന്നു. ആന്‍ഡ്രൂവും ആഷ്‍ലിയും കു‍ഞ്ഞും ആശുപത്രി വിടുമ്പോള്‍ ഡോക്ടര്‍മാര്‍ ആന്‍ഡ്രൂവിന്റെ ചെവിയില്‍ മന്ത്രിച്ചു....ആഷ്‍ലി ഇല്ലായിരുന്നെങ്കില്‍, ഗര്‍ഭിണിയായിരുന്നെങ്കിലും സമചിത്തത വിടാത്ത അവരുടെ ധീരത ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കില്ലായിരുന്നു....ആന്‍ഡ്രൂവും അതു സമ്മതിച്ചു. കാത്തിരിപ്പിന്റെ നിമിഷങ്ങളെ പിന്നിലാക്കി അവര്‍ പുതുജീവിതത്തിലേക്ക്....