സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കു തയാറെടുത്ത ഇൻഡിഗോ ഫ്ലൈറ്റിലെ യാത്രക്കാർ ആ കാഴ്ച കണ്ട് അൽപ്പനേരം അമ്പരന്നു നിന്നു. യാത്രയ്ക്കു തൊട്ടു മുമ്പു നടന്ന നാടകീയമായ സംഭവങ്ങൾക്കു പിന്നിലെ ഹൃദയസ്പർശിയായ കഥയറിഞ്ഞപ്പോൾ പൈലറ്റിന്റെ സന്തോഷത്തിൽ അവരും പങ്കാളികളായി. യാത്രയ്ക്കുള്ള തയാറെടുപ്പു പുരോഗമിക്കുന്നതിനിടയിലാണ് പൈലറ്റ് കോക്പിറ്റിൽ നിന്ന് യാത്രക്കാർക്കിടയിലേക്ക് ഇറങ്ങി വന്നത്. ശേഷം രണ്ടു സ്ത്രീ യാത്രക്കാരുടെ കാലുകൾ തൊട്ടുവന്ദിച്ച് കോക്പിറ്റിലേക്ക് മടങ്ങി.
അൽപ്പനേരം കഴിഞ്ഞാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുയാത്രക്കാർക്ക് വ്യക്തമായ ചിത്രം ലഭിച്ചത്. പ്രദീപ് കൃഷ്ണൻ എന്ന പൈലറ്റിന്റെ കന്നിയാത്രയായിരുന്നു അത്. അദ്ദേഹം അനുഗ്രഹം വാങ്ങിയ യാത്രക്കാരികൾ അദ്ദേഹത്തിന്റെ അമ്മയും മുത്തശ്ശിയുമായിരുന്നു. അമ്മയുടെയും മുത്തശ്ശിയുടെയും കന്നിയാത്ര പ്രദീപ് ആദ്യമായി പറത്തുന്ന ഫ്ലൈറ്റിലായത് കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കി.
ചെന്നൈയിൽ നിന്ന് വിമാനം പുറപ്പെടും മുമ്പാണ് ഹൃദയസ്പർശിയായ രംഗങ്ങൾക്ക് യാത്രക്കാർ സാക്ഷികളായത്. മകൻ പറത്തുന്ന വിമാനത്തിൽ കന്നിയാത്ര ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രദീപിന്റെ അമ്മ. പ്രദീപിന്റെ സുഹൃത്താണ് വിമാനത്തിനുള്ളിൽ നടന്ന വികാരനിർഭരമായ രംഗങ്ങൾ പകർത്തിയത്. പിന്നീട് അദ്ദേഹമത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
സുഹൃത്തിന്റെ സ്വപ്നം സഫലമായ നിമിഷം എന്നു തുടങ്ങുന്ന ഹൃദയ സ്പർശിയായ കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്.