സിവിൽ സർവീസ് കുടുംബകഥ

ഷൈനമോൾ ഐഎഎസ്,അക്ബർ ഐപിഎസ്, ഷൈല ഐഎഎസ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഷൈല, അക്ബർ, ഷൈന. മൂന്ന് സിവിൽ സർവീസ് സഹോദരങ്ങളും ഒത്തു ചേർന്നപ്പോൾ... ആ അപൂർവ വിശേഷങ്ങൾ.

മസൂറിയിലെ ട്രെയിനിങ് ആരംഭിച്ച് ഒരു മാസം പിന്നിട്ട ദിവസം ഷൈല അനിയൻ അക്ബറിന് ഒരു കത്തെഴുതി. ‘സിവിൽ സർവീസ് നേടാനുളള കഴിവും പ്രാപ്തിയും നിനക്കുണ്ട്. ആ ശക്തി തുണയാകേണ്ട ഒരു കൂട്ടം ആളുകൾ നമ്മുടെ പിന്നിലും. നീ സിവിൽ സർവീസിൽ ചേരണം....’ ആ കത്ത് അക്ബർ വായിച്ചത് കണ്ണുകൾ തുറന്നു പിടിച്ചല്ല, മനസ്സ് തുറന്നു വച്ചായിരുന്നു. അക്ബറിനു പിന്നാലെ അനിയത്തി ഷൈന കൂടി സിവിൽ സർവീസിന്റെ വഴിയിലേക്ക് നടന്നപ്പോൾ ചേച്ചി ഷൈലയ്ക്ക് സന്തോഷം ഇരട്ടിയായി.

ഷൈല ഐഎഎസ്, അക്ബർ ഐപിഎസ്, ഷൈനമോൾ ഐഎഎസ്. സഹോദരങ്ങൾ മൂന്നു പേരും സിവിൽ സർവീസ് നേടിയ ഇന്ത്യയിലെ അപൂർവ കുടുംബത്തിലെ അപൂർവ ദിനമായിരുന്നു അത്. സർവീസിൽ കയറിയ ശേഷം ആദ്യമായി മൂവരും ഒരു അഭിമുഖത്തിനായി ഒത്തു ചേർന്നു. ജോലിയിലെയും കുടുംബത്തിലെയും ത്രില്ലും സന്തോഷവും പങ്കുവച്ചു.

മുമ്പേ പറന്ന പക്ഷി

ആലുവ കോട്ടപ്പുറം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അബു മാഷിനും ഭാര്യ സുലേഖയ്ക്കും മൂന്നു മക്കൾ. പെൺമക്കളെ രണ്ടു പേരെയും അധ്യാപികമാരാക്കണമെന്നും മകനെ വക്കീലാക്കണമെന്നും ആ അച്ഛൻ ആഗ്രഹിച്ചു. അതിന്റെ കാരണം ഷൈല പറയും.‘‘ടീച്ചിങ് പെൺകുട്ടികൾക്ക് ഏറ്റവും നല്ല ജോലിയാണെന്ന് വാപ്പ കരുതി. സൗകര്യപ്രദമായ ഷെഡ്യൂൾ, നല്ല പ്രഫഷൻ. അക്ബർ കുഞ്ഞുന്നാൾ മുതലേ ബാലരമ അമർ ചിത്രകഥയിലെ കഥകൾ വായിച്ച് കഥാപ്രസംഗമാക്കി അവതരിപ്പിക്കുമായിരുന്നു. കർണനും അഭിമന്യുവും പോലെയുളള കഥാപാത്രങ്ങൾ അവന് കാണാപ്പാഠമായിരുന്നു. പിന്നെ നന്നായി പ്രസംഗിക്കുകയും ചെയ്യും. അതുകൊണ്ടൊക്കെയാകും അവനെ വക്കീലാക്കണം എന്ന് ആഗ്രഹിച്ചത്.’

പക്ഷേ, അധ്യാപികയാകാനുളള തീരുമാനം ഷൈല മാറ്റി. അതിനു വഴി തെളിച്ചത് ഒരു ഡൽഹി യാത്രയായിരുന്നു. ‘‘പി.ജിക്ക് എം.ജി യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്കായിരുന്നു എനിക്ക്. എക്കണോമിക്സിന് യു.സി. കോളജിന് കിട്ടുന്ന ആദ്യത്തെ റാങ്ക്. പഠിക്കുമ്പോൾ തന്നെ നെറ്റ് എഴുതി. ആ സമയത്ത് അഖിലേന്ത്യാ തലത്തിൽ റിസൾട്ട് തടഞ്ഞു വച്ചു. അടുത്ത തവണ വീണ്ടും എഴുതി. കോഴ്സ് കഴിഞ്ഞ് ജൂണിൽ റിസൾട്ട് വന്നതിന്റെ കൂടെ രണ്ട് പരീക്ഷകളുടെയും റിസൾട്ട് വന്നു, രണ്ടു നെറ്റ്, ഒരു ജെ.ആർ.എഫ് അങ്ങനെ എൻവയോൺമെന്റൽ എക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യാൻ തുടങ്ങി. പഠിച്ച കോളേജിൽ തന്നെ ഗസ്റ്റ് ലക്ചററായി ജോലിക്കും ചേർന്നു. ആ സമയത്ത് ഇംഗ്ലീഷ് പത്രത്തിൽ ഒരു പരസ്യം വന്നു, ഇന്ത്യൻ എക്കണോമിക്സ് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അപേക്ഷ ക്ഷണിക്കുന്നു. ടീച്ചർമാർ പറ‍ഞ്ഞിട്ട് എഴുതി നോക്കി. ഇന്റർവ്യൂവിനായി ഡൽഹിയിലേക്ക് പോയി. അതാണ് ജീവിതം മാറ്റി മറിച്ച തീരുമാനങ്ങളുടെ തുടക്കം.’’

ഷൈല ഐഎഎസ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരള എക്സ്പ്രസിൽ കയറുമ്പോൾ ഷൈല അബുമാഷിന്റെ സ്വപ്നത്തിനു കൂട്ടു നിന്ന മകളായിരുന്നു. പക്ഷേ, തിരികെ പ്ലാറ്റ്ഫോമിൽ കാലുകുത്തിയ അവൾ അച്ഛന്റെ സ്വപ്നത്തിന് സ്വർണച്ചിറകുകൾ നൽകിയിരുന്നു. ‘‘ഇന്റർവ്യൂവിൽ ഞാൻ സെലക്ട് ആയില്ല. പക്ഷേ, ഈ പരീക്ഷ പാസാകാനായി നാലും അഞ്ചും വർഷം കോച്ചിങ്ങിനു പോയി തപസിരിക്കുന്ന കുറേപ്പേരെ അവിടെവച്ച് കണ്ടു. അത് എനിക്ക് വലിയ വെളിച്ചമായിരുന്നു. തിരികെ ട്രെയിൻ കയറുമ്പോൾ മനസിൽ തീരുമാനം എടുത്തിരുന്നു. അടുത്ത ലക്ഷ്യം സിവിൽ സർവീസ്. വീട്ടിലെത്തി ഇക്കാര്യം അനൗൺസ് ചെയ്തത് ഇപ്പോഴും ഓർമയുണ്ട്. വാപ്പ ചിരിച്ചു, ഉമ്മ ഒന്നും മനസിലാകാത്തതു പോലെ നിന്നു, അനിയനും അനിയത്തിയും കയ്യടിച്ചു. അപ്പോഴത്തെ ആവേശത്തിനു ഞാൻ പറഞ്ഞതാണെന്നേ വാപ്പ കരുതിയുളളൂ. പക്ഷേ, കോച്ചിങ്ങിനു പോകണമെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിനു മനസിലായി അത് നിസാരമല്ല എന്ന്.’’

പാതയിലെ പൂമരങ്ങൾ

സിവിൽ സർവീസ് പരിശീലനം നൽകുന്ന പല സ്ഥാപനങ്ങളെപ്പറ്റി അന്വേഷിച്ചു. ചില കാര്യങ്ങൾ ആദ്യമേ തന്നെ കല്ലുകടിയായി. കുറുക്കു വഴികളിലൂടെ സിവിൽ സർവീസ് നേടാനുളള വഴികളാണ് മിക്കയിടക്കും പഠിപ്പിക്കുന്നത്. പിന്നെയാണ് തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാഡമിയിൽ കൊച്ചു കോശി സാറിന്റെ അടുത്ത് എത്തുന്നത്. അതാണ് ജീവിതത്തിലെ ടേണിങ് പോയിന്റെന്ന് മൂവരും സമ്മതിക്കുന്നു. ‘‘ചില അധ്യാപകരുണ്ട്, നമ്മളെ വല്ലാതെ ചേർത്തു നിർത്തുന്ന മനസുളളവർ. യു.സി. കോളജിനോട് ഞങ്ങൾക്കുളള അടുപ്പത്തിന്റെ കാരണം അതാണ്. ഹിസ്റ്ററി ഡിപ്പാർട്ടുമെന്റിൽ സി.ജെ. വർഗീസ് സാറുണ്ടായിരുന്നു. കോംപറ്റീഷൻ സക്സസ് റിവ്യൂവിന്റെ എഡിറ്റോറിയൽ പേജ് ഫോട്ടോസ്റ്റാറ്റ് എടുത്ത് അദ്ദേഹം തരുമായിരുന്നു. എന്തു സംശയത്തിനും ഏത് സമയത്തും കൂടെയെത്തുന്ന അധ്യാപകരെ കിട്ടിയതാണ് ഒരു വലിയ ഭാഗ്യം. പേരെടുത്തു പറഞ്ഞാൽ ഒരുപാടുണ്ട്. അധ്യാപകരോട് സ്നേഹം കൂടുന്ന ജീൻ ചിലപ്പോൾ ഞങ്ങളുടെ രക്തത്തിലുണ്ടാകും.’’ ഷൈല പറയുന്നു.

2002 മേയിലാണ് ഷൈല പ്രിലിമിനറി പരീക്ഷ എഴുതിയത്. 48–ാം റാങ്ക് വാങ്ങി 2003 ബാച്ചിൽ ഐഎഎസ് നേടി മഹാരാഷ്ട്ര കേഡറിലേക്ക് പോയി. അന്നാണ് ഷൈല ആ നിർണായകമായ കത്ത് അക്ബറിന് എഴുതുന്നത്.

ചേച്ചിയുടെ വഴിയേ

അക്ബർ അപ്പോൾ എൽഎൽഎം പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ‘‘വീട്ടിലെ പഠിപ്പിസ്റ്റ് ഷൈലയായിരുന്നു. ചേച്ചി പഠിക്കുന്നതു കണ്ട് മലയാളം ടെക്സ്റ്റൊക്കെ എടുത്ത് ഉറക്കെ വായിച്ച് ഞാൻ ഉമ്മയെ പറ്റിക്കും. പക്ഷേ, പഠിത്തത്തിൽ ഉഴപ്പിയിട്ടില്ല. ഷൈലയുടെ കത്ത് കിട്ടിയതോടെ എനിക്കു സിവിൽ സർവീസിനോട് താൽപര്യമായി. മെയിൻ സബ്ജക്ട് ലോ തന്നെ എടുക്കാമെന്നുളളതുകൊണ്ട് വാശിയോടെ പഠിച്ചു. 2004 ൽ എൽ എൽ എം ഫസ്റ്റ് റാങ്കോടെ പാസായി. നിയമത്തിൽ ജെആർഎഫും കിട്ടി. പരീക്ഷ പാസായി ഞാൻ അഭിഭാഷകനായി കോടതിയിൽ പ്രാക്ടീസ് ചെയ്തു തുടങ്ങിയ സമയത്ത് രണ്ട് ടെസ്റ്റ് എഴുതിയിരുന്നു, സെയിൽസ് ടാക്സ് ഓഫിസറും മുനിസിപ്പൽ സെക്രട്ടറിയും. രണ്ടും കിട്ടി. മുനിസിപ്പൽ കൗൺസിലിന്റെ കീഴിൽ ജോലി ചെയ്യാൻ താൽപര്യമില്ലാത്തതു കൊണ്ട് സെയിൽസ് ടാക്സ് ഓഫിസറായി ജോയിൻ ചെയ്തു. ആ സമയത്താണ് പ്രിലിമിനറി പരീക്ഷ എഴുതുന്നതും.’’ അക്ബർ പറയുന്നു. പിന്നെ സംഭവിച്ചത് ചരിത്രം. 2005 ൽ അക്ബറും 2007 ൽ ഷൈനയും സിവിൽ സർവീസുകാരായി. അക്ബർ കേരള കേഡർ ഐ.പി. എസും ഷൈന ഹിമാചൽ കേഡർ ഐഎഎസുമാണ്.

അക്ബർ ഐപിഎസ്.ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സർവീസ് ഹിസ്റ്ററി

മൂന്നു കേഡറുകൾക്കും ഗുണവും ദോഷവുമുണ്ടെന്ന് ഇവർ പറയുന്നു. 13 വർഷമായി മഹാരാഷ്ട്ര കേഡറിൽ ജോലി ചെയ്യുന്ന ഷൈലയ്ക്ക് മുംബൈയോട് അൽപം ഇഷ്ടക്കൂടുതലുണ്ട്. ‘‘പെട്ടെന്ന് സ്ഥലം മാറ്റി കളയുമെന്ന് പേടി ഇല്ലാതെ ജോലി ചെയ്യാവുന്ന കേഡർ ആണത്. പലരും ചോദിക്കാറുണ്ട്, കേരളത്തിലേക്ക് ഡെപ്യൂട്ടേഷനിൽ വന്നുകൂടെ എന്ന്. അവിടെ ആളുകളും രാഷ്ട്രീയക്കാരും നമ്മളെ കൃത്യമായി അളക്കും. അഴിമതിക്ക് കൂട്ടു നിൽക്കില്ല, മികച്ച രീതിയിൽ ജോലി ചെയ്യും എന്നു മനസിലായാൽ പിന്നെ സമ്മർദവും കുറവായിരിക്കും. ’’

കൊങ്കൺ ഏരിയയിൽ വരുന്ന രത്നഗിരിയിൽ പ്രൊബേഷനറി ട്രെയിനിയായാണ് ഷൈല സർവീസ് ആരംഭിച്ചത്. ദുലെയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി. മറാത്ത് വാഡയിൽ വരൾച്ച ബാധിതമായ ഹിംഗോളിയിൽ കലക്ടറായി. പിന്നെ മുംബൈ കലക്ടറായി. ഇപ്പോൾ ആ കാലാവധി അവസാനിച്ച് സെയിൽസ് ടാക്സ് ജോയിന്റ് കമ്മിഷണറായി. ഇതിനിടയിൽ മനസിൽ തട്ടുന്ന പല രംഗങ്ങൾക്കും ഷൈല സാക്ഷിയായി.

‘‘ഹിംഗോളിയിലും ദുലെയിലും ജോലി ചെയ്യുമ്പോൾ മറാഠി പഠിക്കാതെ രക്ഷയില്ല. റൂറൽ ഏരിയയിലെ ട്രൈബൽ വില്ലേജുകളിൽ പോകുമ്പോൾ വിഷമമാകും.വേണ്ടത്ര പോഷകാഹാരം കിട്ടാതെ രോഗങ്ങളും ദുരിതവും. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണത്. ഒക്ടോബർ മാസമായാൽ കന്നുകാലികെളെയും കുട്ടികളെയുമെടുത്ത് അതിർത്തിക്കപ്പുറത്തെ പഞ്ചസാര ഫാക്ടറികളിലേക്ക് അവർ ജോലിതേടി പോകും. അതോടെ മക്കളുടെ പഠിത്തം നിലയ്ക്കും. മടക്കം അടുത്ത ഏപ്രിലിലേ ഉളളൂ.

ഇത് നിർത്താൻ സീസണിൽ ഹോസ്റ്റൽ തുടങ്ങി. മക്കളെ അവിടെ നിർത്തി രക്ഷിതാക്കൾക്ക് ജോലി തേടി പോകാം. പക്ഷേ, അപ്പോൾ പിന്നെയും പ്രശ്നം, പെൺമക്കളെ ഹോസ്റ്റലിൽ നിർത്താൻ അവർ തയാറല്ല. വീടുകളിൽ കയറിയിറങ്ങി അമ്മമാരെ സമ്മതിപ്പിക്കുന്നതായി പിന്നെ എന്റെ ജോലി. നാലാം ക്ലാസ് കഴിഞ്ഞാൽ പെൺമക്കളെ വിവാഹം ചെയ്തു വിടും. അത് അവസാനിപ്പിക്കാനും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും സർവശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിച്ചു. സീസണൽ ഹോസ്റ്റൽ പദ്ധതി പിന്നീട് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്താകെ വ്യാപിപ്പിച്ചു.

മുംബൈയിലെ മിക്കവാറും സ്ഥലവും റവന്യൂ ലാൻഡാണ്. കലക്ടറുടെ അധീനതയിൽ. നഗരഹൃദയത്തിലുളള ചൗപാട്ടി ബീച്ചിനടുത്ത് ഛോട്ടാ ചൗപാട്ടിയിൽ വലിയ ഭൂമി കയ്യേറ്റം നടന്നിരുന്നു. പുറത്തു നിന്ന് ആരെയും കയറാൻ അനുവദിക്കില്ല. നിർണായകമായ തീരുമാനം എടുക്കേണ്ട സന്ദർഭം. ഇറങ്ങിത്തിരിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കും. പക്ഷേ, അത് വിജയത്തിലെത്തിക്കാനായി. ഇപ്പോൾ അവിടെ കുടുംബങ്ങൾ കാറ്റു കൊള്ളുന്ന ശാന്തമായ ബീച്ച് ആണ്. അതുവഴി പോകുമ്പോൾ ആ ദിവസങ്ങൾ ഇപ്പോഴും ഞാൻ ഓർക്കും.’’

ഷൈനമോൾ ഐഎഎസ്. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മുംബൈ ഭീകരാക്രമണം നടന്ന സമയത്ത് ചേച്ചി ലീവെടുത്ത് നാട്ടിൽ വന്നു എന്നു പറഞ്ഞ് അക്ബറും ഷൈനയും ചേച്ചിയെ കളിയാക്കുന്നു. പ്രസവാവധിയിൽ പ്രവേശിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് ആക്രമണം നടന്നത് എന്നു പറഞ്ഞ് ഷൈല അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നെങ്കിലും ചിരി അവസാനിക്കുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭാ ഇലക്ഷനും ഷൈല മുംബൈ കലക്ടറായിരുന്ന സമയത്താണ് നടന്നത്.

നാട്ടിലെ താരങ്ങൾ

ആലുപ്പുഴയിലും കോട്ടയത്തും എസ്പി ആയി സേവനമനുഷ്ഠിച്ച ശേഷമാണ് തിരുവനന്തപുരം റൂറൽ എസ്പിയായി അക്ബർ ചുമതലയേറ്റത്. ‘‘ശ്രീനിവാസൻ പറയുന്നതു പോലെ ചെയ്ത സിനിമകളേക്കാൾ ചെയ്യാത്ത സിനിമകളാണ് എന്റെ സംഭാവന. കേസുകൾ തെളിയിക്കുന്നതിലല്ല, കേസുകളുണ്ടാക്കാതെ ജില്ലയുടെ സമാധാനം കാക്കുന്നതിലല്ലേ കാര്യം’’ അക്ബർ നയം വ്യക്തമാക്കി. ഇപ്പോൾ വീണ്ടും ആലപ്പുഴ എസ്പിയായി നിയമിതനായിരിക്കുകയാണ് അദ്ദേഹം.

അബുമാഷും സുലേഖയും.ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഹിമാചലിൽ പ്രൊബേഷനറി ട്രെയിനിങ്ങും പോസ്റ്റിങ്ങും കഴിഞ്ഞ് ഡെപ്യൂട്ടേഷനിലാണ് ഷൈന കേരളത്തിലെത്തിയത്. ‘‘എന്റൊപ്പം ഐഎഎസ് കിട്ടിയവരിൽ കോഴിക്കോട് കലക്ടർ പ്രശാന്തിനു മാത്രമാണ് അന്ന് കേരള കേഡർ കിട്ടിയത്. കേഡർ ഏതായാലും ജോലി നന്നായാൽ മതി എന്നതാണ് നയം. കേരളത്തിലേക്ക് വരാൻ ഡെപ്യൂട്ടേഷന് ശ്രമിക്കുമ്പോൾ തന്നെ പലരും പറഞ്ഞിരുന്നു, വന്നാലും ഒരു വർഷം തികയ്ക്കും മുമ്പേ പോകേണ്ടി വരുമെന്ന്. ഇവിടെ മര്യാദയ്ക്ക് ജോലി ചെയ്യാൻ ആരും സമ്മതിക്കില്ലത്രേ. പക്ഷേ, എനിക്ക് അങ്ങനെയൊരു അനുഭവം ഇതുവരെ ഇല്ല. ഇവിടെ വന്ന ശേഷമാണ് നല്ല എക്സ്പോഷർ കിട്ടിയതും. ആദ്യം ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ആയിരുന്നു. ഏറ്റവും അടിപിടി നടക്കുന്ന വകുപ്പായിട്ടും അത് നന്നായി മാനേജ് ചെയ്തതു കൊണ്ട് ഇനി ഏത് വകുപ്പ് കിട്ടിയാലും പ്രശ്നമില്ല.

ഭീഷണിക്കോ സ്വാധീനത്തിനോ വഴങ്ങില്ല എന്നും ആദ്യമേ തീരുമാനിച്ചിരുന്നു. ചില കാര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ വിളിക്കും. നിയമവിരുദ്ധമായി ചെയ്യാൻ പറ്റില്ലാത്ത കാര്യത്തിന് ആരും നിർബന്ധിച്ചിട്ടില്ല. പുറ്റിങ്ങൽ അപകടത്തിന്റെ കാര്യത്തിലും ആ നിലപാടാണ് സഹായിച്ചത്. അനുമതി നിഷേധിച്ചപ്പോൾ കുറ്റപ്പെടുത്തിയവർ പോലും അപകടത്തിനു ശേഷം അനുകൂലിച്ചു.’’ ഷൈനയുടെ വാക്കുകളിൽ ഉറപ്പ്.

വീട്ടിൽ കേഡർ ഇല്ല

മൂന്നു കേഡറുകളിലേക്ക് പിരിഞ്ഞു പോയെങ്കിലും വീട്ടിലെത്തിയാൽ പിന്നെ ഇവർ കോട്ടപ്പുറത്തെ കൂട്ടുകുടുംബമാകും. ഓഫീസിലെ ടെൻഷൻ വീട്ടിലേക്ക് കൊണ്ടു വരാറില്ല. ജോലിയിൽ വിട്ടു വീഴ്ച ചെയ്യാത്തവർ വീട്ടിൽ വന്ന് ടെൻഷനടിക്കേണ്ട കാര്യമില്ലല്ലോ. പിന്തുണയുമായി ഷൈലയ്ക്കൊപ്പം ഭർത്താവ് റോയ് ഉണ്ട്. അഭിഭാഷകനായ ഇദ്ദേഹം മുംബൈയിൽ ലോ ഫേം നടത്തുന്നു. രണ്ടു മക്കളാണ്, റിമയും റിച്ചയും.

അക്ബറിന്റെ ഭാര്യ അമൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോള‍ജിൽ അധ്യാപിക. മക്കൾ അൻമോലും അഫ്രീനും സ്കൂൾ വിദ്യാർഥികൾ. ഷൈനയുടെ ഭർത്താവ് ഷാനവാസ് മേത്തർ എറണാകുളത്ത് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. വാപ്പ ആഗ്രഹിച്ചതുപോലെ അധ്യാപികയും അഭിഭാഷകനും ആയില്ലെങ്കിലും ജീവിതത്തിലേക്ക് അഭിഭാഷകരെയും അധ്യാപികയെയും തിരഞ്ഞെടുക്കാൻ അവർ മറന്നില്ല.

നിങ്ങൾക്കും നേടാം

സിവിൽ സർവീസിനു തയാറെടുക്കുന്നവർക്കായി ഈ സഹോദരങ്ങൾ നൽകുന്ന ടിപ്സ്.

∙സിവിൽ സർവീസിന് തയാറെടുക്കുമ്പോൾ പഠിച്ച വിഷയം തന്നെ തിരഞ്ഞെടുക്കണം. നല്ല അറിവുളള വിഷയം സെലക്ട് ചെയ്താൽ അത്ര പരിചയമില്ലാത്ത വിഷയം പുതുതായി പഠിച്ചെടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാം.

∙പരിശീലനത്തിന് ഏറ്റവും നല്ല സ്ഥാപനം തിരഞ്ഞെടുക്കണം. നല്ല അക്കാഡമിക് ബ്രില്ല്യൻസുളളവരോടൊപ്പം മത്സരിച്ചു പഠിക്കുന്നത് വിജയത്തിലേക്ക് കൂടുതൽ അടുപ്പിക്കും.

∙ലക്ഷ്യം നേടിയിട്ടേ വിശ്രമിക്കൂ എന്ന ദൃഢനിശ്ചയം വേണം. ഐഎഎസ് കിട്ടിയില്ലെങ്കിലും മറ്റേതെങ്കിലും ജോലി കിട്ടും എന്ന ചിന്ത വേണ്ട. കിട്ടിയാൽ കിട്ടി എന്ന മട്ട് സിവിൽ സർ‌വീസ് തയാറെടുപ്പിൽ ഒരിക്കലും പാടില്ല.

∙ഏത് വിഷയം പഠിച്ചാലും ഏത് പ്രഫഷൻ തിരഞ്ഞെടുത്താലും അതിൽ തിളങ്ങുമെന്ന ഉറച്ച തീരുമാനമുണ്ടാകണം. ജോലിയോടുളള ആത്മാർത്ഥത അത്യാവശ്യം.