കണ്ണുനനയിക്കും ഈ അമ്മയുടെ കത്ത്

Chanda Kochhar

ജോലിക്കാരായ അമ്മമാരുടെ മക്കൾ ഈ കത്ത് തീർച്ചയായും വായിക്കണം. കോർപറേറ്റ് മേഖലയിൽ വലിയ പദവി അലങ്കരിക്കുന്ന ഒരു സ്ത്രീ ആ പദവിയുടെ പകിട്ട് മാറ്റിവെച്ച് കേവലം ഒരു അമ്മ എന്ന നിലയിൽ മകൾക്കെഴുതിയ കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ആ അമ്മയുടെ പേര് ചന്ദാ കൊച്ചാർ. ഐസി ഐസി ഐ ബാങ്ക് മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ചന്ദാ കൊച്ചാർ മകൾ ആരതിക്കെഴുതിയ കത്ത് കണ്ണ് നിറയാതെ വായിച്ചു തീർക്കാനാവില്ല.

തൻെറ ബാല്യത്തെപറ്റിയും ജീവിതത്തിൽ താൻ കാത്തു സൂക്ഷിച്ച മൂല്യങ്ങളെ പറ്റിയും ജീവിത പങ്കാളിയും കുടുംബാംഗങ്ങളും തനിക്ക് നൽകിയ പിന്തുണയെ പറ്റിയും മകളുടെ ഭാവിയെപറ്റിയുള്ള പ്രതീക്ഷകളെക്കുറിച്ചുമാണ് കത്തിലൂടെ ആ അമ്മ മകളോട് പങ്കുവയ്ക്കുന്നത്. സുധാ മേനോന്റെ, ലെഗസി; ലെറ്റേഴ്‌സ് ഫ്രം എമിനന്റ് പാരന്‍റ്‌സ് ടു ദെയര്‍ ഡോട്ടേഴ്‌സ് എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയ ആ കത്ത് തുടങ്ങുന്നതിങ്ങനെ...

പ്രിയപ്പെട്ട ആരതി,

ഇന്ന് ആത്മവിശ്വാസത്തോടെ എൻെറ മുന്നിൽ നിൽക്കുന്ന നിന്നെ കണ്ട് എൻെറ ഉള്ളിൽ അഭിമാനം നിറയുകയാണ് മകളെ. ജീവിതത്തിലെ പുതിയ ഉയരങ്ങളിലലേക്ക് പറക്കാൻ വെമ്പി നിൽക്കുന്ന നിന്നെ കാണുമ്പോൾ എൻെറ ഭൂതകാലത്തെക്കുറിച്ചാണു കുട്ടീ എനിക്ക് ഓർമ വരുന്നത്. ജീവിതത്തിൽ ഞാൻ ഉയർത്തിപ്പിടിച്ച ചില മൂല്യങ്ങൾ, വിശ്വാസങ്ങൾ ഇതൊക്കെ എനിക്ക് എൻെറ ബാല്യകാലത്ത് ലഭിച്ച നല്ല ഗുണങ്ങളാണ്. അതിൻെറ ഉറവിടം എൻെറ മാതാപിതാക്കൾ തന്നെയാണെന്ന് എനിക്ക് നിസ്സംശയം പറയാൻ സാധിക്കും.

ഇന്ന് ഞാൻ ഏതെങ്കിലും നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിൻെറ ക്രെഡിറ്റ് മുഴുവൻ അവർക്കവകാശപ്പെട്ടതാണ്. കാരണം. ഞാൻ എന്ന വ്യക്തിയുടെ അടിത്തറ രൂപപ്പെടുത്തിയത് അവരായതുകൊണ്ടു തന്നെ. ബാല്യത്തിൽ അവർ പകർന്നു തന്ന പ്രാഥമിക പാഠങ്ങളാണ് ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. അതിലൊക്കെ ഉപരി ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. ആൺ കുട്ടിയെന്നോ പെൺകുട്ടിയെന്നോ ഒരു വേർതിരിവും ഇല്ലാതെയാണ് രണ്ട് പെൺ കുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്ന മൂന്ന് കുട്ടികളെ അവർ പഠിപ്പിച്ചത്.

സമർപ്പണ ബോധ്യത്തോടെ സത്യസന്ധമായി ജീവിക്കാനാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ജീവിതം പഠനം തുടങ്ങിയ എല്ലാ മേഖലകളിലും വ്യക്തിപരമായ ഇഷ്ടങ്ങൾ വേണമെന്നും അതിലൂടെ നല്ല വ്യക്തിത്വത്തിനുടമകളാവണമെന്നും അവർ ഞങ്ങൾക്ക് പറ‍ഞ്ഞു തന്നു. തീരുമാനങ്ങൾ സ്വയം എടുക്കാനും അതുവഴി സ്വയം പര്യാപ്തരാകാനുമുള്ള അവസരങ്ങൾ അവർ ഞങ്ങൾക്കു നൽകി.

പക്ഷെ 13–ാം വയസിലാണ് അമ്മ എന്ന ശക്തിയെപറ്റി ഞങ്ങൾ കൂടുതലറിഞ്ഞത്. എൻെറ 13–ാം വയസിലാണ് ഹൃദയസ്തംഭനം മൂലം അച്ഛൻ ഞങ്ങളെ വിട്ടുപോയത്. അതുവരെ വെറും വീട്ടമ്മ മാത്രമായിരുന്ന അമ്മയ്ക്കു മുന്നിൽ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളായി ഞങ്ങൾ നിന്നു. ഒട്ടും തളരാതെ അമ്മ മാന്യമായി ഞങ്ങളെ വളർത്താനുറച്ച് ജോലിക്കു പോയിത്തുടങ്ങി. അമ്മക്കേറെ പ്രിയപ്പെട്ട ഡിസൈനിങ് ആൻഡ് ടെക്സ്റ്റൈൽസ് രംഗത്തു തന്നെ ഒരു ജോലി തരപ്പെടുത്തി.

ജീവിതത്തിലെ ഒരു വിഷമവും ഞങ്ങളെ അറിയിക്കാതെ അമ്മ ഭംഗിയായി വീട്ടുകാര്യങ്ങൾ നടത്തി. അതുവരെ അമ്മയുടെ ഉള്ളിൽ ഞങ്ങൾ പോലും അറിയാതെ ഒളിച്ചിരുന്ന ശക്തിയുള്ള വ്യക്തിത്വത്തെ ഞങ്ങൾ അപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും ഓരോ നിലയിലെത്തുന്നിടം വരെ അമ്മ രാപകലില്ലാതെ അധ്വാനിച്ചു. ഒരു സ്ത്രീക്ക് അവളിലുള്ള വിശ്വാസം എങ്ങനെ അവളുടെ ജീവിതത്തിൽ പോസിറ്റീവ് ആയി പ്രതിഫലിക്കുമെന്ന് അമ്മ ജീവിതം കൊണ്ട് കാട്ടിത്തന്നു.

ആ അമ്മയിൽ നിന്നുൾക്കൊണ്ട പ്രചോദനം കൊണ്ടാണ് ഒരു ജോലിക്കാരിയായ കുടുംബിനിയായി എനിക്കും ജോലിയും വ്യക്തി ജീവിതവും ഒരു പോലെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത്. ഇതു പറഞ്ഞപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്. നീ യുഎസിൽ ആയിരുന്നപ്പോഴാണ് ഐസിഐസിഐയുടെ എംഡിയായും സി ഇ ഒ ആയും ‍ഞാൻ സ്ഥാനമേൽക്കുന്നതിനെക്കുറിച്ച് വാർത്തകൾ വന്നത്. അതിനു ശേഷം രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞ് നീ എനിക്ക് ഒരു മെയിൽ അയച്ചിരുന്നു. അതെപറ്റി നീ ഇപ്പോൾ ഓർക്കുന്നുണ്ടോ? ഇത്രയധികം സമ്മർദ്ദവും ഉത്തരവാദിത്തവും ഉള്ള ഒരു ജോലിയായിരുന്നു അമ്മ ചെയ്തുകൊണ്ടിരുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, വീട്ടിലെപ്പോഴും അമ്മ ഞങ്ങളുടെ അമ്മ മാത്രമായിരുന്നു. ഇതേ പോലെ തന്നെ മുന്നോട്ടു പോവുക എന്നായിരുന്നു ആ മെയിലിലൂടെ നീ എന്നോട് പറഞ്ഞിരുന്നത്.

ജോലിയുടെ സമ്മർദ്ദം ഞാൻ വീട്ടിൽ കാട്ടാതിരുന്നതിന് നീ നന്ദി പറയേണ്ടത് നിൻെറ മുത്തശ്ശിയോടാണ് കാരണം. ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും ഒരു സിംഗിൾ പേരൻര് ആയി നിന്ന് ഞങ്ങളെ വളർത്താൻ അവർ കാണിച്ച ധൈര്യം മൂലമാണ് ഇന്ന് പ്രതിസന്ധികളെ ശാന്തമായി നേരിട്ട് ജീവിതത്തിൽ മുന്നോട്ട് സഞ്ചരിക്കാൻ എനിക്ക് സാധിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് 2008 ൽ ബാങ്കിങ് മേഖല നേരിട്ട സാമ്പത്തിക മാന്ദ്യം എന്ന പ്രതിസന്ധിയെ ഞാൻ അതിജീവിച്ചത്. മാധ്യമങ്ങളിൽ നിറയെ തകർച്ചയിലേക്ക് പതിക്കുന്ന ബാങ്കിങ് മേഖലയെക്കുറിച്ചുള്ള വാർത്തകൾ മാത്രം.

Chanda Kochhar With Her Daughter

ഓഹരികൾ നിക്ഷേപിച്ച വൻകിട– ചെറുകിട ഓഹരിയുടമകളോടും സർക്കാരിനോടും ഇടമുറിയാതെ ആശയവിനിമയം നടത്തിയും നിക്ഷേപം പിൻവലിക്കാനെത്തിയ ഉപഭോക്താക്കളോട് ക്ഷമയോടെ പെരുമാറിയും അവർ അധ്വാനിച്ചുണ്ടാക്കിയ കാശ് നഷ്ടപ്പെടില്ലെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചുമൊൊക്കെയാണ് ആ ദിവസങ്ങൾ ഞാൻ തള്ളിനീക്കിയത്. നിക്ഷേപം പിൻവലിക്കാനെത്തുന്ന ആളുകളുടെ വാക്കുകൾ ശാന്തമായി കേൾക്കാനും അവർക്കിരിക്കാൻ കസേരയും കുടിക്കാൻ വെള്ളവും നൽകണമെന്നും എല്ലാ ശാഖകളിലെയും സ്‌റ്റാഫുകൾക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. നിക്ഷേപം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് തുക തിരിച്ചു നൽകാനും അവരെ പറഞ്ഞ് ചുമതലപ്പെടുത്തി. അല്ലാത്തവരെ സാഹചര്യത്തിൻറെ നിജസഥിതി പറഞ്ഞു ബോധ്യപ്പെടുത്താനും പറഞ്ഞു.

അത്രയും മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വേളയിലാണ് നിൻെറ സഹോദരൻെറ സ്ക്വാഷ് ടൂർണമെൻറ് നടക്കുന്ന സ്ഥലത്തേക്ക് അവൻെറയൊപ്പം ഞാനും പോയത്. അവിടെയെത്തിയപ്പോൾ എന്നെ പരിചയപ്പെടാൻ കുറെ അമ്മമാരെത്തി. ഔദ്യോഗിക ജീവിതത്തിൽ സമ്മർദ്ദത്തിൻെറ കൊടുമുടിയിലിരിക്കുമ്പോഴും മകൻറെ വിനോദത്തിനായി സമയം കണ്ടെത്തിയ അമ്മ അത്ര തന്നെ ആത്മാർത്ഥത അവളുടെ ജോലിയിലും കാട്ടുമെന്ന് ഉറപ്പുണ്ടെന്നും. അതുകൊണ്ടു തന്നെ അവരുടെ പണം ബാങ്കുകളിൽ സുരക്ഷിതമായി എന്ന് പറഞ്ഞ് ആ അമ്മമാർ മടങ്ങിയപ്പോൾ തൻെറ ബാങ്കിനുമേൽ കസ്റ്റമേഴ്സിനുള്ള വിശ്വാസം തിരിച്ചറിയുകയായിരുന്നുവെന്നും അവർ പറയുന്നു.

സാഹചര്യങ്ങളെ അതിൻെറ പ്രാധാന്യമനുസരിച്ച് ഉൾക്കൊള്ളാനും അറിയാത്തതിനെക്കുറിച്ച് വെറുതെ ഉൽകണ്‌ഠപ്പെടാതിരിക്കാനുമുള്ള പാഠം അമ്മയിൽ നിന്ന് ഉൾക്കൊണ്ടതുകൊണ്ടാണ് അത്രവലിയ ഒരു പ്രതിസന്ധി തരണം ചെയ്യാൻ സാധിച്ചതെന്നും. കരിയറിനോടൊപ്പം കുടുംബവും ഒന്നിച്ചുകൊണ്ടു പോകാൻ കഴിഞ്ഞത് ഭർത്താവിൻെറ മാതാപിതാക്കളുടെ കൂടെ പിന്തുണ കൊണ്ടാണെന്നും അവർ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നമ്മളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതുപോലെ തന്നെ അവരോട് പെരുമാറാൻ ശ്രദ്ധിക്കണമെന്നും അവർ പറയുന്നു.

ഭർത്താവിന്റെ പിന്തുണയില്ലാതെ ഈ ജോലിയിൽ തുടരാൻ ആവില്ലായിരുന്നുവെന്നും രണ്ടുപേരും പരസ്പരം മനസിലാക്കിയും ബഹുമാനിച്ചും മുന്നോട്ടു പോയതുകൊണ്ടാണ് ഇത്ര സുന്ദരമായ ഒരു കുടുംബ ജീവിതം ലഭിച്ചതെന്നും. മകൾക്കും ഇതുപോലെ സുന്ദരമായ ഒരു കുടുംബജീവിതം ലഭിക്കട്ടെയെന്ന ആഗ്രഹവും ആ അമ്മ പങ്കുവയ്ക്കുന്നു. ജീവിതത്തിലുണ്ടായ കു‍ഞ്ഞു നൊമ്പരങ്ങളെയും കത്തിൽ കോറിയിടാൻ ആ അമ്മ മറക്കുന്നില്ല. മകൾക്ക് ബോർഡ് എക്സാം നടക്കുന്ന ഒരു ദിവസം അവധിയെടുത്ത് അവളെ സ്കൂളിൽ വിടാൻ പോയപ്പോൾ എത്രയോ വർഷമായി ഒറ്റയ്ക്കു പോയി ബോർഡ് എക്സാം എഴുതിയിരിക്കുന്നു എന്ന കാര്യം മകൾ ഓർമിപ്പിക്കുന്നു. മകളുടെ വാക്കുകൾ സങ്കടപ്പെടുത്തിയെങ്കിലും ജോലിക്കാരിയായ ഒരു അമ്മയുടെ മകൾ ആയതുകൊണ്ടല്ലേ അവൾ ചെറുപ്പത്തിലേ നല്ല ഉത്തരവാദിത്തമുള്ള കുട്ടിയായതെന്നോർത്ത് ആ അമ്മ മകളെ സമാധാനിപ്പിക്കുന്നു.

തൻെറ അഭാവത്തിൽ ഒരു അമ്മയുടെ കരുതലോടെ കുഞ്ഞു സഹോദരനെ സംരക്ഷിക്കുന്ന മകളുടെ വൈഭവത്തെ പുകഴ്ത്താനും അമ്മ മറക്കുന്നില്ല. മകളിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും നല്ല വ്യക്തിത്വമുള്ള ഒരു സ്ത്രീയായി അവൾ വളർന്നുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആ അമ്മ പറയുന്നു. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. അതിലേറെ വിശ്വാസമാണ് കഠിനാധ്വാനത്തോട്. നമ്മുടെ വിധി നിർണ്ണയിക്കുന്നത് നാം തന്നെയാണ് അതുകൊണ്ട് ആകാശത്തോളം ലക്ഷ്യം കാണുക. ആ ലക്ഷ്യത്തിലേക്ക് സാവധാനം നടന്നടുക്കുക.

വിജയത്തിലേക്കാകട്ടെ നിൻറെ ഓരോ കുതിപ്പും. വിജയത്തിൻെറ പാതയിൽ നീ വയ്ക്കുന്ന ഓരോ ചുവടുകളും നിന്നിൽ സന്തോഷം നിറയ്ക്കട്ടെയെന്നും ആ അമ്മ ആശംസിക്കുന്നു. ജീവിതത്തിൽ മുന്നോട്ടു പോകുന്ന അവസരത്തിൽ നിനക്ക് ചില കഠിനമായ തീരുമാനങ്ങളെടുക്കേണ്ടി വരും. അതിനെ ചിലർ പരിഹസിച്ചേക്കാം. അതിനെക്കുറിച്ചൊന്നും ഓർക്കാതെ മുന്നോട്ടു പോവുക. നിനക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുക. അതിൽ നിന്നും പിൻമാറാതിരിക്കുക.

Chanda Kochhar With Her Daughter

ആരതി, സ്വപ്നങ്ങളോട് നീ ഒരിക്കലും സന്ധി ചെയ്യരുത്. കോംപ്രമൈസുകൾക്ക് തയാറാവാതെ സത്യസന്ധതയോടെ മുന്നോട്ടു പോയാൽ നേടാനാവാത്തതായി ഒന്നും ഇവിടെയില്ല. ഒരിക്കലും സമ്മർദ്ദങ്ങൾ നിന്നെ കീഴടക്കാൻ അനുവദിക്കാതിരിക്കുക. ചുറ്റുമുള്ള മനുഷ്യരുടെ വികാരങ്ങൾ കണക്കിലെടുത്ത് നല്ല തീരുമാനങ്ങളുമായി മുന്നോട് പോവുക. ഒന്നോർക്കുക ജീവിതത്തിൽ നല്ല സമയവും ചീത്ത സമയവും ഉണ്ടാകും. രണ്ടിനേയും സമചിത്തതയോടെ നേരിടാൻ പഠിക്കുക.

ഓരോ അവസരങ്ങളും ജീവിതത്തിൽ ഓരോ പുതിയ പാഠങ്ങൾ പഠിക്കാനുള്ള സമയമായി കരുതുക. അങ്ങനെ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തെ സന്തോഷത്തോടെ നേരിടാൻ പഠിക്കുക

സ്നേഹത്തോടെ

അമ്മ