അമ്മായി അമ്മ ഹേമമാലിനെയെപ്പോലെയാവണം

Hema Malini

ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾപങ്കുവയ്ക്കുന്നതിനേക്കാൾ പെൺകുട്ടികൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത് അമ്മായിയമ്മയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും പ്രതീക്ഷകളും പങ്കുവെയ്ക്കാനാണ്. പ്രമുഖ മാട്രിമോണിയൽ വെബ്സൈറ്റ് അടുത്തിടെ നടത്തിയ ഒരു സർവേയിലാണ് ഇന്ത്യൻ പെൺകുട്ടികൾക്കിഷ്ടം ഹേമമാലിനിയെപ്പോലെയുള്ള അമ്മായി അമ്മയെ ആണെന്ന് വ്യക്തമായത്.

സർവേയിൽ പങ്കെടുത്ത 27 ലക്ഷത്തിലധികം പെൺകുട്ടികളാണ് മുൻബോളിവുഡ് ഡ്രീം ഗേൾ ഹേമമാലിനിയെപ്പോലെയുള്ള അമ്മായി അമ്മ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. ഹേമമാലിനി അഭിനയിച്ച ചില നല്ല കഥാപാത്രങ്ങൾ പെൺകുട്ടികളുടെ മനസു കീഴടക്കിയതുകൊണ്ടാവാം അവർ ഇങ്ങനെ പറയുന്നതെന്നാണ് ഓൺലൈൻ സർവേ നൽകുന്ന സൂചനയെങ്കിലും ഹേമമാലിനിയുടെ വ്യക്തിത്വവും പെൺകുട്ടികളെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് തെളിവുണ്ട്.

പുത്തൻ ആശയങ്ങളെ സ്വീകരിക്കാനും മാറ്റങ്ങളെ പോസിറ്റീവ് ആയി ഉൾക്കൊള്ളാനും ഹേമമാലിനിക്ക് കഴിയുന്നതുകൊണ്ടാണ് തങ്ങൾ അവരെപ്പോലെയുള്ള അമ്മായി അമ്മയെ ആഗ്രഹിക്കുന്നത് എന്നാണ് പെൺകുട്ടികളുടെ പക്ഷം. ഇനി ഹേമമാലിനിയെപ്പോലെ പെർഫക്ട് ആയ ഒരു അമ്മായി അമ്മ ആവാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ പ്രതീക്ഷക്കൊത്തുയരുന്ന അമ്മായി അമ്മയാവാൻ പെൺകുട്ടികൾ ചില നിർദേശങ്ങളും വയ്ക്കുന്നുണ്ട്.

1. അമ്മായി അമ്മമാർക്ക് എന്തെങ്കിലും കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതു മറ്റുള്ളവരോട് പറഞ്ഞു നടക്കാതെ നേരിട്ടു തന്നെ പറയുക.

2. ഓഫീസ് ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ചു മാനേജ് ചെയ്യാൻ പറ്റാത്ത സന്ദർഭങ്ങളിൽ ഭർത്താവ് സഹായിക്കാൻ സന്മനസു കാട്ടിയാൽ അത് തടയാൻ ശ്രമിക്കാതിരിക്കുക.

3. ഭർത്താവും ഭാര്യയും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളിൽ ആവശ്യമില്ലാതെ തലയിടാൻ വരരുത്.

മിനിമം ഇക്കാര്യങ്ങളെങ്കിലും മനസ്സിൽ വെച്ച് ഭർതൃവീട്ടിൽ ആവശ്യമായ പരിഗണനയും സ്വാതന്ത്ര്യവും നൽകിയാൽ കുടുംബം ഹാപ്പി ആയി മുന്നോട്ടുകൊണ്ടുപോകാമെന്നും ഈ മരുമക്കൾ ഉറപ്പു പറയുന്നു.