തളർന്നു പോകുന്ന ജീവിതസാഹചര്യങ്ങളോട് തളരാതെ സമരം ചെയ്തു വിജയിച്ച വീട്ടമ്മ. മുപ്പത്തിരണ്ടാം വയസ്സിൽ വിവാഹം. നാലരവർഷത്തെ ദാമ്പത്യത്തിനൊടുവിൽ വൈധവ്യം. ഒന്നരയും മൂന്നും വയസ്സുള്ള രണ്ടു കുട്ടികൾ.
പകച്ചു നിന്നില്ല, ആരെയും ആശ്രയിച്ചതുമില്ല, സ്വന്തം കാലിൽ നിന്ന് രണ്ടു മക്കളെയും വളർത്തി. ഉന്നത വിദ്യാഭ്യാസം നൽകി ഉദ്യോഗസ്ഥരാക്കി. എഴുപത്തിരണ്ടാം വയസ്സിലും ആരെയും ആശ്രയിക്കാതെ ജോലി ചെയ്ത്, സ്വന്തം വരുമാനത്തിൽ ഏകയായി ജീവിക്കുന്നു. അരൂർ ‘അറയ്ക്കൽ’ കെ.കെ. സുധർമ എന്ന വീട്ടമ്മ സന്ധിയി ല്ലാത്ത പോരാട്ടങ്ങളുടെ പേരിലാണു മറ്റുള്ളവർക്കു മാതൃകയായി മാറുന്നത്.
സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ ഏഴു മക്കളിൽ മൂത്തയാളായിട്ടാണു സുധർമ ജനിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് വിമൻസ് കോളജിൽ നിന്നു ബിഎസ് സി സുവോളജി പാസ്സായി. തുടർന്ന് ആലപ്പുഴ കിടങ്ങാറമ്പ് അമ്പലത്തിൽ സ്ത്രീകൾക്കു വേണ്ടി തുടങ്ങിയ ഖാദി സൊസൈറ്റിയിൽ മാനേജരായി ജോലി ചെയ്തു. വ്യക്തിപരമായ കാരണങ്ങളാൽ വിവാഹം വേണ്ടെന്നു തീരുമാനത്തിലായിരുന്നു കുറേക്കാലം.
മുപ്പത്തിരണ്ടാം വയസ്സിലാണ് മനംമാറ്റമുണ്ടാകുന്നത്, കിഡ്നിരോഗിയായ ഒരാളുടെ വിവാഹാലോചന വന്നപ്പോഴാണ്. അദ്ദേഹത്തിന് അഞ്ചു വർഷമായിരുന്നു ഡോക്ടർമാർ ആയുസ്സ് പറഞ്ഞത്. അതറിഞ്ഞിട്ടും ആ വ്യക്തിയെ കൈവിടാൻ സുധർമ ഒരുക്കമായിരുന്നില്ല. രോഗിയായ ഭർത്താവിനെ സംരക്ഷിക്കാൻ ജോലി ഉപേക്ഷിച്ചു.
കണിച്ചുകുളങ്ങരയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു മാറി. രണ്ടു കുട്ടികൾ ജനിച്ചു. ഞാൻ ഇല്ലെങ്കിലും നീ മക്കളെ നന്നായി നോക്കുമെന്നെനിക്ക് അറിയാമെന്നു ഭർത്താവ് ശ്രീനിവാസൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ആ വാക്കുകളാണ് ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ തരണം ചെയ്തു മുന്നേറാൻ തനിക്കു പ്രോത്സാഹനവും ശക്തിയുമായി മാറിയ തെന്നു സുധർമ പറയുന്നു.
നാലരവർഷത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവ് മരിച്ചു. മകൾ ജയലക്ഷ്മിക്ക് ഒന്നരയും മകൻ ജയ്ശങ്കറിന് മൂന്നും വയസ്സായിരുന്നു പ്രായം. ഭർത്തൃവീട്ടുകാരെയോ, സ്വന്തം വീട്ടുകാരെയോ ആശ്രയിക്കാതെ ആറാട്ടുവഴിയിൽ ഒരു വീടു വാടകയ്ക്കെടുത്ത് മക്കളോടൊപ്പം സുധർമ താമസം തുടങ്ങി. രണ്ടു കൊച്ചു കുഞ്ഞുങ്ങളും വിധവയായ ഒരു അമ്മയും തനിച്ചു താമസിക്കുന്നതറിഞ്ഞു ശല്യം ചെയ്യാൻ പലരുമുണ്ടായിരുന്നു.
പക്ഷേ, അതെല്ലാം സുധർമ ധൈര്യസമേതം ഒറ്റയ്ക്കു തന്നെ നേരിട്ടു. കുട്ടിക്കാലം മുതൽ അറിയാവുന്ന ജോലി പഠിപ്പിക്കലാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ട്യൂഷനെടുത്തു സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നു സുധർമ. എസ്എൻ കോളജിൽ ക്ലാർക്കായി ജോലി കിട്ടിയിട്ടും, മക്കളെ നോക്കാൻ മറ്റാരുമില്ല എന്ന കാരണത്താൽ ആ ജോലി വേണ്ടെന്നുവെച്ചാണു ട്യൂഷൻ എടുത്തു ജീവിക്കാനുള്ള വഴി കണ്ടെത്തിയിരുന്നത്.
കുട്ടികളെ സ്കൂളുകളിൽ ചേർക്കാറായപ്പോൾ നല്ല വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശ്യത്തോടെ ആലപ്പുഴ ടൗണിലും തുടർന്ന് അരൂരിലേക്കും താമസം മാറി. ഈ സമയം പലചരക്കു കട നത്തിയും ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാൾ തുടങ്ങിയും അച്ചാറുണ്ടാക്കി പായ്ക്കറ്റിലാക്കി കടകളിൽ വിതരണം ചെയ്തും ട്യൂഷനെടുത്തുമാണു വരുമാനം കണ്ടെത്തിയത്. അരൂരിൽ വാങ്ങിയ വീടിന്റെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തതിൽ നിന്നു മാസം ഒരു നിശ്ചിത വരുമാനം കിട്ടുന്നു.
മക്കൾ പഠിക്കുന്ന സ്കൂളുകളിലും കോളജുകളിലും പോയി അവരുടെ പഠനത്തെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും മനസ്സിലാക്കിയിരുന്ന അമ്മ കൂടിയാണു താനെന്നു പറയുന്നു, സുധർമ. മകൻ ജയ്ശങ്കർ എംഎസ് സി സോഫ്റ്റ് വെയർ എൻജിനീയറിങ് കഴിഞ്ഞ് കാനഡയിൽ എൻജിനീയറായി ജോലി നോക്കവേ ആയിരുന്നു വിവാഹം.
മകൾ എംഎസ് സി നഴ്സിങ് കഴിഞ്ഞ് എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നു. മക്കൾക്കു മാത്രമല്ല, അവരുടെ പങ്കാളികൾക്കും ഉന്നത വിദ്യാഭ്യാസം ഉണ്ടായിരിക്കണം എന്നു സുധർമയ്ക്കു നിർബന്ധമായിരുന്നു.
പത്രങ്ങളിലെ വൈവാഹിക പംക്തികൾ പതിവായി നോക്കി നോക്കി, രണ്ടു മക്കൾക്കും പിഎച്ച്ഡി ബിരുദധാരികളായ യോജിച്ച പങ്കാളികളെ കണ്ടെത്തിയതും താൻ തന്നെയായിരുന്നു എന്ന് അഭിമാനത്തോടെ സുധർമ പറയുന്നു.
മരുമകന്‍ മനോജ് കേന്ദ്രസർക്കാർ സ്ഥാപനമായ മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. മരുമകൾ അനുപമ ഫ്രാൻസിലും ജർമനിയിലുമായാണു ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറൽ ബിരുദവും പൂർത്തിയാക്കിയത്. ഇപ്പോൾ സൗദി അറേബ്യയിൽ ഒരു കൊളജിൽ അധ്യാപികയാണ്.
സ്ത്രീകളെ ബഹുമാനിക്കാനും, ജോലി ചെയ്തു ജീവിക്കാനുള്ള അവരുടെ അവകാശത്തെ മാനിക്കാനും മകനെ പഠിപ്പിച്ച ഒരു അമ്മ കൂടിയാണു സുധർമ. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസമുള്ള മരുമകൾക്കു സൗദി അറേബ്യയിൽ വളരെ നല്ലൊരു ജോലി ഓഫർ വന്നപ്പോൾ ആ ജോലിക്കു പ്രാധാന്യം നൽകി കാനഡയിലെ സ്വന്തം ജോലി വേണ്ടെന്നു വച്ചു കൂടെ പോവുകയായിരുന്നു മകൻ ജയ്ശങ്കർ. കുട്ടിയെ നോക്കുന്നതും വീടു നോക്കുന്നതുമെല്ലാം ജയ്ശങ്കറാണ്. മകനും മകളുമായി രണ്ടു കൊച്ചുമക്കൾ– ധനഞ്ജയും മഹിത്തും.
രണ്ടു മക്കളും വിവാഹിതരായപ്പോൾ വീട്ടിൽ തനിച്ചായെങ്കിലും സുധർമ സ്വന്തം അധ്വാനത്താൽ ജീവിതം ആഘോഷമാക്കുകയാണ്. വിക്ടറി എന്നു പേരുള്ള ട്യൂഷൻ സെന്റർ നടത്തിയും തൊട്ടടുത്തുള്ള കോൾഡ് സ്റ്റോറേജിലേക്കു ദിവസം 25 പേർക്കുള്ള ഊണും 50 ചായയും ഉണ്ടാക്കിക്കൊടുത്തും വരുമാനം നേടുന്നുണ്ട്. ജോലിക്കാരിയെ നിർത്തില്ല എന്നതും സുധർമയുടെ വാശിയാണ്.
വിശക്കുന്ന ആരെ കണ്ടാലും വയറു നിറയെ ആഹാരം നൽകുന്നതും സുധർമയുടെ ശീലമാണ്. താൻ ജീവിതത്തിലേക്കു പകർത്താൻ ശ്രമിക്കുന്ന അമ്മയുടെ ശീലങ്ങളിൽ ഒന്ന് അതാണെന്നു മകൾ ജയലക്ഷ്മി പറയുന്നു. ‘വേറെ എന്തു നൽകിയാലും മനുഷ്യൻ ഇനിയും വേണമെന്നു പറയും, പക്ഷേ, വയറു നിറഞ്ഞാൽ വേണ്ടെന്നേ പറയൂ.
അത്രയ്ക്കു സത്യസന്ധമായ ഒന്നാണ് ആഹാരം, അതുകൊണ്ടു വിശക്കുന്നു എന്ന് ആരു പറഞ്ഞാലും, പറയാതെ മനസ്സിലാക്കിയാലും അവർക്ക് ആഹാരം നൽകണം എന്ന് അമ്മ കുട്ടിക്കാലം മുതൽ പറഞ്ഞു പഠിപ്പിക്കാറുണ്ടായിരുന്നു. ജോലിക്കു പോകുമ്പോൾ ഒരു പൊതിച്ചോറു കൂടുതൽ എടുത്ത് ഹോസ്റ്റലിൽ നിൽക്കുന്ന സഹപ്രവർത്തകരായ കുട്ടികൾക്കു നൽകാൻ എനിക്കു പ്രചോദനമാകാറുള്ളത് അമ്മയുടെ വാക്കുകളാണ്’.
നാച്ചുറോപ്പതി പഠിച്ചിട്ടുള്ള സുധർമ കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. അച്ചാറ് ഉണ്ടാക്കി ഉപജീവനം നടത്തിയിരുന്നെങ്കിലും നാച്ചുറോപ്പതി പഠിച്ചതോടെ അച്ചാറിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു മനസ്സിലാവുകയും അതു നിർത്തുകയും ചെയ്തു.
ടെറസിൽ ഇപ്പോഴും വിപുലമായ പച്ചക്കറിത്തോട്ടമുണ്ട്. ഒന്നോ രണ്ടോ പച്ചക്കറികൾ ഒഴിച്ചു ബാക്കിയെല്ലാം വീട്ടിൽ നിന്നു തന്നെ കിട്ടും. തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത പറമ്പിൽ നാട്ടുകാർ മാലിന്യം കൊണ്ടുപോയി തള്ളുമ്പോഴും, ഒരു മതിലിനിപ്പുറമുള്ള ആ സ്ഥലത്തേക്ക് ഒരു കടലാസ് തുണ്ടു പോലും സുധർമ വലിച്ചെറിയാറില്ല. മാലിന്യങ്ങൾ വേർതിരിച്ചു സംസ്കരിക്കുകയും, ജൈവമാലിന്യങ്ങള്‍ ചെടികൾക്കും പച്ചക്കറികൾക്കും വളമായി ഉപയോഗിക്കുകയുമാണു പതിവ്. വാർധക്യത്തിലും യൗവനത്തിന്റെ ചുറുചുറുക്കോടെ ജീവിതത്തെ നോക്കി പുഞ്ചിരിക്കുകയാണ് ഈ അമ്മ.
നാടിന്റെ വെളിച്ചമായി
ദിവസവും പത്രം വായിക്കുകയും പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ജനപ്രതിനിധികളെ കത്തെഴുതി അറിയിക്കുകയും ചെയ്യുന്നതിൽ ഏറെ തൽപരയാണ് ഈ വീട്ടമ്മ. പലതിനും പരിഹാരം ഉണ്ടാകാറുണ്ട്. സ്വന്തം പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ കണ്ടു വകുപ്പുമന്ത്രിക്കു വരെ കത്തെഴുതിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ പഞ്ചായത്തും ഗവൺമെന്റും വ്യക്തമായ ഒരു നിലപാടു സ്വീകരിക്കുന്നില്ല എന്നു കാണിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു വരെ പരാതി അയച്ചിട്ടുണ്ട്.
നിരന്തരമായി എഴുതിക്കൊണ്ടിരുന്നാൽ എന്നെങ്കിലും ഫലം കാണും എന്ന വിശ്വാസമാണു സുധർമയ്ക്ക്. വീട്ടിൽ താമസിപ്പിച്ചിരുന്ന മൂന്നു കുട്ടികളിൽ ബുദ്ധിമാന്ദ്യമുള്ള ഇളയകുട്ടിക്ക് എന്തെങ്കിലും പെൻഷൻ അനുവദിച്ചു കൊടുക്കണമെന്നു നിരന്തരമായി, മുഖ്യമന്ത്രി എ.കെ.ആന്റണിക്കു കത്തെഴുതുകയും അതിനു ഫലം കാണുകയും ചെയ്തിട്ടുണ്ട്. ചുറ്റുവട്ടത്തുള്ള 21 വീടുകളിലെ താമസക്കാരുടെ ഒപ്പു ശേഖരിച്ചു നൽകിയ നിവേദനത്തിന്റെ ഫലമായാണു തങ്ങളുടെ പ്രദേശത്തു വൈദ്യുതി വന്നത് എന്നും സുധർമ പറയുന്നു.
പൂജയെക്കാള്‍ പുണ്യം
ഭര്‍ത്താവിന്റെ മരണത്തെ തുടർന്നു നടത്താനുള്ള പണച്ചെലവുള്ള പൂജകളുടെ നീണ്ട നിര ജ്യോത്സ്യൻ സുധർമയ്ക്ക് എഴുതിക്കൊടുത്തു. സ്വർണ പ്രതിമയുണ്ടാക്കി ക്ഷേത്രത്തിൽ സമർപ്പിക്കണം എന്നുവരെയുണ്ട് ലിസ്റ്റിൽ. സുധർമ ഒന്നും ചെയ്തില്ല. പകരം നിരാലംബയായ ഒരു അമ്മയെയും അവരു ടെ മൂന്നു കുട്ടികളെയും വീട്ടിൽ കൂട്ടിക്കൊണ്ടു വന്നു താമസിപ്പിച്ചു. മൂന്നു കുഞ്ഞുങ്ങൾക്കു ജന്മം നല്‍കിയ അവിവാഹിതയായ സ്ത്രീയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോൾ നാട്ടുകാർ പോലും എതിർത്തു.
പക്ഷേ, സുധർമ തീരുമാനത്തിൽ നിന്നു പിൻതിരിഞ്ഞില്ല. ഓലപ്പുരയിലെ ഒറ്റമുറിയിൽ ആരോരുമില്ലാതെ തനിയെ ആ പെൺകുട്ടി പ്രസവിക്കുമ്പോൾ തിരിഞ്ഞു പോലും നോക്കാതിരിക്കുന്നവരാണു തന്നെ എതിർക്കുന്നത് എന്ന ബോധം സുധർമയ്ക്കുണ്ടായിരുന്നു. ഒരു ഗ്ലാസ് കഞ്ഞിവെള്ളം പോലും കൊടുക്കാൻ ആരുമില്ല. അങ്ങനെയാണ് ഒരു കുടുംബത്തിനു മൂന്നു നേരം ആഹാരവും വസ്ത്രവും താമസിക്കാൻ ഇടവും നൽകുന്ന പുണ്യം മതി തനിക്കെന്നും പൂജ വേണ്ട എന്നും സുധർമ തീരുമാനിച്ചത്.
ഏതാനും വർഷം മുൻപ് അമ്മ മരിച്ചുപോയെങ്കിലും രണ്ടു പെൺമക്കളിൽ ഒരാളെ സുധർമ വിവാഹം കഴിപ്പിച്ചയച്ചു. അവൾക്കായി അൽപം സ്വർണവും അഞ്ചു സെന്റ് സ്ഥലവും സുധർമ മാറ്റിവച്ചിട്ടുണ്ട്. വിവാഹം വേണ്ടെന്നു പറഞ്ഞു നിൽക്കുന്ന മൂത്ത പെൺകുട്ടിക്ക് 12 പവൻ സ്വർണവും 22,500 രൂപയും നൽകിയിട്ടുണ്ടെന്നു സുധർമ പറയുന്നു. ബുദ്ധിമാന്ദ്യ മുണ്ടായിരുന്ന ഇളയകുട്ടി 15–ാം വയസ്സിൽ മരിച്ചു.