മണ്ണിനെയും മനുഷ്യരെയും ഒരു പോലെ സ്നേഹിച്ച് ജീവിതത്തിന് അർഥവും ലക്ഷ്യവും കണ്ടെത്തിയ വീട്ടമ്മയാണു കണ്ണൂർ ഇരിക്കൂർ ഹരിശ്രീ നിലയത്തിൽ പി.എം വീണാമണി. പരിസ്ഥിതി സംരക്ഷക, സാമൂഹിക പ്രവര്‍ത്തക എന്നീ രണ്ടു വേഷങ്ങളോടൊപ്പം നല്ല വീട്ടമ്മയുടെ വേഷത്തിലും വീണാ മണി തിളങ്ങുന്നു.
അച്ഛനും അമ്മയ്ക്കും മണ്ണിനോടുള്ള ഇഷ്ടം കണ്ടാണു വീണാമണി വളർന്നത്. അത് ഒരു പ്രചോദനമായി മാറുകയായിരുന്നു. കർഷകനായിരുന്ന ചെറുവത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പി.എം. കമലാക്ഷിയമ്മയുടെയും ഒൻപതു മക്കളിൽ ഏഴാമത്തെ കുട്ടിയാണു വീണാമണി.
വീട്ടിൽ കാളയും പശുവും ആടും കോഴിയുമൊക്കെ ഉണ്ടായിരുന്നു. രണ്ടര ഏക്കർ വയലിൽ കൃഷിയും. തീരെ ചെറിയ കുട്ടിയായിരു ന്നപ്പോൾ തന്നെ അച്ഛനോടൊപ്പം പാടത്തു പോകുമായിരുന്നു. മണ്ണുവാരിയും ചെളിയിൽ കളിച്ചും ഞാറ് നട്ടും നെല്ലു കൊയ്തു മൊക്കെ കർഷകരോടൊപ്പം വളർന്നു.
ഒൻപതു മക്കളോടും അവരുടെ നക്ഷത്രത്തിനു ചേരുന്ന മരങ്ങൾ വളർത്താൻ അച്ഛൻ പറയുമായിരുന്നു. വീട്ടിൽ മാത്രമല്ല, നാട്ടിലും നക്ഷത്ര വനം വച്ചുപിടിപ്പിക്കുന്നതിൽ വീണാമണി മുൻകൈയെടുത്തു. കണ്ണൂർ ജില്ലയിൽ മാത്രമല്ല സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കണ്ടൽക്കാടുകളും മരങ്ങളും വീണാമണി വച്ചു പിടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ക്ലാസുകളിൽ ചെറുപ്പം മുതൽ സജീവമായിരുന്നു. കൃഷിയോടുള്ള ഇഷ്ടം ജന്മസിദ്ധമായി വീണാമണിയുടെ ഉള്ളിലുണ്ടെന്നു മനസ്സിലാക്കിയത് സ്കൂളിൽ പഠിപ്പിച്ച ആനി ടീച്ചറാണ്. വീണ കാർഷിക കോളജില്‍ പോയി പഠിക്കണമെന്ന് ടീച്ചർ എപ്പോഴും പറയാറുണ്ടായിരുന്നു. അങ്ങനെയാണു വെള്ളായണി കാർഷിക സർവകലാശാലയിൽ ബിഎസ്‌സി അഗ്രികൾച്ചറിന് ചേരുന്നത്. പഠനം കഴിഞ്ഞയുടൻ അഗ്രികൾച്ചർ ഓഫിസറായി ജോലി കിട്ടി.
ഇതിനിടെ വിവാഹം, രണ്ടു കുട്ടികൾ ഭർത്താവ് മണികണ്ഠൻ വീണാമണിയുടെ എല്ലാ ഇഷ്ടങ്ങൾക്കും ആദര്‍ശങ്ങള്‍ക്കും താങ്ങും തണലുമായി നിൽക്കുന്ന വ്യക്തിയാണ്. കൃഷി ഓഫിസറുടെ ജോലി രാജിവച്ചു മുഴുവൻ സമയവും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക പ്രവർത്തനത്തിനും നീക്കി വയ്ക്കാൻ വീണാമണി തീരുമാനിച്ചപ്പോൾ അതിനു പൂർണ പിന്തുണ നൽകിയത് മണികണ്ഠനായിരുന്നു. അന്നുതൊട്ട് ഇന്നു വരെ വീണാമണിയുടെ കൂടെ എന്തിനും മണികണ്ഠനുമുണ്ട്.
കണ്ണൂർ ജില്ലയിലെ ആദിവാസിമേഖലയായ ചടിച്ചിക്കുണ്ടം, പരിക്കളം, ആര്യങ്കോട്, മാങ്കുഴി തുടങ്ങിയ പ്രദേശങ്ങൾ മദ്യ മുക്തമാക്കുന്നതിൽ നേതൃത്വം വഹിച്ചതാണു വീണാമണിയുടെ നേട്ടങ്ങളിൽ എടുത്തു പറയേണ്ടത്. കോളനികളിൽ പോയി എങ്ങനെയാണു മദ്യം ഉണ്ടാക്കുന്നതെന്നും എവിടെയാണു പൊലീസുകാർ കാണാത്തവിധം ഒളിപ്പിച്ചുവയ്ക്കുന്നതെന്നും സ്നേഹത്തോടെ അന്വേഷിച്ചു മനസ്സിലാക്കി.
അടുപ്പിനു താഴെ കുഴി കുഴിച്ചു വലിയ വീപ്പകളിൽ മദ്യം ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പതിവ്. പൊലീസ് റെയ്ഡിനു വന്നാൽ കണ്ടെത്താൻ പറ്റുകയുമില്ല. മദ്യം ഉപയോഗിക്കരുതെന്നു സ്നേഹ ത്തോടെ കോളനിവാസികളെ ഉപദേശിക്കുകയും ചെയ്തു. കേസെടു ക്കകയോ ഉപദ്രവിക്കുകയോ ചെയ്യരുത്, മദ്യം നശിപ്പിച്ചാൽ മാത്രം മതി. എന്ന വീണാമണിയുടെ അപേക്ഷ പൊലീസ് സ്വീകരിച്ചു.
ഈ സംഭവം കുറെ നാൾ ആവർത്തിച്ചതോടെ മദ്യം ഉണ്ടാക്കുന്നതും കോളനിവാസികൾ നിർത്തി. ജോലി ചെയ്തു ജീവിക്കാൻ ആരംഭിച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷവും അഭിമാനവും തോന്നിയത് അപ്പോഴാണെന്നു വീണാമണി പറയുന്നു.
ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും അനിയനുമടങ്ങു ന്ന വീട്ടിലായിരുന്നു വിവാഹം കഴിഞ്ഞപ്പോൾ മുതല്‍ താമസം. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് പ്രാർഥിച്ചു മതഗ്രന്ഥങ്ങൾ പാരായണം ചെയ്ത് അടുക്കളയിൽ കയറുന്നതാണു വീണാമണി യുടെ ശീലം.
ഇന്നും അതു പാലിക്കുന്നു. മരുമകൾ സർക്കാർ ഉദ്യോഗം രാജിവച്ചതിൽ മാത്രമായിരുന്നു മാതാപിതാക്കള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടായിരുന്നത്. പക്ഷേ കൃഷിയിലൂടെ മണ്ണ് പൊന്നാക്കി മാറ്റുന്നതിൽ സന്തോഷം കണ്ടെത്തുന്ന മരുമകളെ പ്രോത്സാഹി പ്പിക്കാൻ അവരും മുൻപന്തിയിൽ തന്നെ നിന്നു.
ഉള്ളിയടക്കമുള്ള പച്ചക്കറി, മുത്താറി, ചോളം, നെല്ല് തുടങ്ങിയ വയെല്ലാം വീണാമണിയുടെ കൃഷിയിടത്തിലുണ്ട്. പുറത്തു നിന്നു വാങ്ങുന്ന ഒരേ ഒരു സാധനം കടല മാത്രമാണ്. ഞവര അരിയുടെ ചോറും. തവിടടങ്ങിയ ഭക്ഷണവുമാണു വീട്ടിൽ പതിവായി ഉപയോഗിക്കുന്നത്. രണ്ട് ഏക്കർ സ്വന്തം സ്ഥലത്തും പാട്ടത്തിന് എടുത്ത ആറര ഏക്കർ സ്ഥലത്തുമായാണ് കൃഷി.
കൃഷിക്കാരിയും കൃഷി ശാസ്ത്രത്തിൽ ബിരുദധാരിയുമായതു കൊ ണ്ട് സ്വന്തമായി പലതരം പരീക്ഷണങ്ങൾ വീണാമണി നടത്താറുണ്ട്. അതിലൊന്നാണ് മാലിന്യങ്ങളിൽ നിന്നും ജൈവവളം ഉൽപദിപ്പി ക്കുന്ന ജൈവാമൃതം.
മാലിന്യം തരൂ വളം തരാം എന്ന പേരിൽ വിവിധ ജില്ലകളിൽ വീണാമണിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടക്കുന്നു. ജൈവമാലിന്യ ങ്ങളിൽ ചില പ്രത്യേക ചേരുവകൾ ചേർ ത്താൽ പച്ചക്കറികളിൽ നിന്ന് നല്ല വിളവു കിട്ടുമെന്ന കണ്ടുപിടി ത്തം കൂടിയാണ് വീണമണി നടത്തിയത്. ഗോമൂത്രവും ചാണക വും കാന്താരിമുളകും ചേർത്ത് അച്ഛൻ ഉണ്ടാക്കിയിരുന്ന ജൈവവളവും വിവിധതരം ജൈവകീടനാശിനിയുമാണ് ഓരോ തരം പച്ചക്കറിക ൾക്കും യോജിക്കുന്ന ജൈവവളമുണ്ടാക്കാൻ വീണാമണിക്ക് പ്രചോദനമായത്.
മാലിന്യത്തിൽ നിന്ന് ജൈവവളം ഉൽപാദിപ്പിക്കാനുള്ള വീണാ മണി യുടെ കണ്ടുപിടിത്തം കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന കാലത്ത് രാജമാണിക്യം ഐപിഎസ് നേരിട്ട് കണ്ടു മനസ്സിലാ ക്കിയിരുന്നു. പിന്നീട് എറണാകുളം ജില്ലാ കലക്ടറായി ചാർജ് എടുത്തപ്പോൾ മരട്–വൈറ്റില ഭാഗത്തെ മാലിന്യം എന്തു ചെയ്യണ മെന്നറിയാതെ വിഷമിച്ചപ്പോൾ അതു വളമാക്കിമാറ്റാനുള്ള പ്രോജക്ട് രാജമാണി ക്യം ഏൽപിച്ചത് വീണാമണിയെ ആയിരുന്നു.
വീണയും സംഘവും ഒരു വീട് വാടകയ്ക്ക് എടുത്ത് എറണാകുള ത്ത് താമസം തുടങ്ങി. വൈറ്റിലയിലെ കെട്ടിക്കിടന്ന മാലിന്യമെല്ലാം ഒറ്റ രാത്രികൊണ്ടു മാറ്റി വളമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു. മരട് മാർക്കറ്റ് പരിസരത്തു നിന്നുള്ള മാലിന്യം ഇപ്പോഴും വളമാക്കി മാറ്റുന്നു. ഈ പ്രോജക്ടോടെ വീണാമണി തന്റെ പ്രവർത്തന മേഖല കണ്ണൂരും എറണാകുളവുമാക്കി വികസിപ്പിച്ചു.
പൊതുപ്രവര്‍ത്തനത്തിനിടയിൽ മറ്റുള്ളവർക്കു നീതി കിട്ടാൻ വേണ്ടി പലതവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വന്ന അനുഭവം നിയമം പഠിക്കാനുള്ള പ്രചോദനമായി. എറണാകുള ത്തെ മൂന്നു വർഷത്തെ താമസത്തിനിടയിൽ എൽഎൽബി ബിരുദ വും വീണാമണി നേടി. ഭർത്താവും മകൻ വിജയ് ശ്രീഹരിയും , വാണി ശ്രീലക്ഷ്മിയുമടങ്ങുന്ന കുടുംബത്തെയും കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കു പറിച്ചു നട്ടിരുന്നു.
മകളിപ്പോള്‍ എറണാകുളത്തു ബോർഡിങ് സ്കൂളിൽ താമസിച്ചു പഠിക്കുകയാണ്. കൂടുതൽ ദൗത്യങ്ങളുമായി ഇപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണു വീണാ മണി. പരിസ്ഥിതി പ്രവർത്തനവുമായി നാടു ചുറ്റുമ്പോഴാണു കണ്ണൂർ കൊല്ലും കൊലയുമുള്ള നാടല്ലേ എന്ന നിരന്തര പരിഹാസം കേൾക്കേണ്ടി വന്നത്. സാമൂഹിക പ്രവർത്തനത്തിലേക്കു തിരിയാൻ കാരണമായത് അതാണെന്നു വീണാമണി പറയുന്നു.
വൃദ്ധസദനം ഒരു സ്വപ്നം
വീണാമണിയുടെ സ്വന്തം വീട്ടിലും എറണാകുളത്തെ ഓഫിസിലും മറ്റുമായി നിരാലംബരായ 93 പേർ താമസിക്കുന്നുണ്ട്. പലരും പ്രായമായവരും മക്കൾ ഉപേക്ഷിച്ചു പോയവരും നോക്കാൻ ആരുമില്ലാത്തവരുമാണ്.
ചിക്കൻ പോക്സ് വന്ന ഒരു അമ്മയെ സ്വന്തം മക്കൾ റോഡിൽ ഉപേക്ഷിച്ച വിവരം കണ്ണൂരിലെ പരിചയക്കാരാണു വീണാമണിയെ വിളിച്ച് അറിയിക്കുന്നത്. എറണാകുളത്തു നിന്ന്, ആദ്യം കിട്ടിയ ട്രെയിനിൽ കണ്ണൂരിലെത്തിയ വീണ, ആ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നടത്തി. മക്കളുടെ പേരിൽ സീനിയര്‍ സിറ്റി സൺ ആക്ട് പ്രകാരം കേസെടുപ്പിക്കുകയും ചെയ്തു.
ഇതായിരുന്നു തുടക്കം. പിന്നീട് പ്രായമായ ഒട്ടേറെപ്പേരുടെ അവകാ ശങ്ങൾക്കു വേണ്ടി പോരാടി. ഇപ്പോൾ സ്വന്തം വീടിനോടു ചേർന്നു ള്ള 50 സെന്റ് സ്ഥലത്ത് ഒരു വൃദ്ധസദനം പണിതുകൊണ്ടിരിക്കു കയാണു വീണാമണി. ഭാവിയിൽ ഏതെങ്കിലും കേന്ദ്രസർക്കാർ ഏജൻസിക്ക് ആ വൃദ്ധസദനം കൈ മാറണമെന്നാണ് ആഗ്രഹം. സ്വത്തിനോടോ പണത്തിനോടോ അമിതമായ താൽപര്യമില്ലാത്ത വീണാമണി, ഭർത്താവിനു കിട്ടിയ സ്വത്തിൽ നിന്നു 15 സെന്റ് സ്ഥലം നിർധനരായ മൂന്നു കുടുംബങ്ങൾക്ക് എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ആൽമരത്തിൽ കയറിയും സമരം
കുഞ്ഞായിരുന്നപ്പോൾ മണ്ണിനോടു തോന്നിയ ഇഷ്ടം പിന്നീടു വീണാമണിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരു ന്നു. ഇപ്പോൾ പതിനെട്ടോളം നാഷണൽ ഗവൺമെന്റ് ഓർഗ നൈസേഷനിൽ വിവിധ ചുമതലകൾ വഹിക്കുന്നു. പ്രകൃതിക്കു നേരെയുള്ള കയ്യേറ്റങ്ങളെ ചെറുക്കാൻ ഏതറ്റം വരെ പോകാനും സമരം നയിക്കാനും വീണാമണിക്ക് ഒരു മടിയുമില്ല.
കണ്ണൂർ കലക്ടറേറ്റിനു സമീപത്തെ ആൽമരത്തിൽ വരെ കയറി സമരം നടത്തിയിട്ടുണ്ട്. പതിനാറു വർഷമായി പരിസ്ഥിതിക്കു വേണ്ടി പോരാടാൻ തുടങ്ങിയിട്ട്. പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള അവാർഡ്, പരിസ്ഥിതി ഉച്ചകോടി അവാർഡ്, ബാലകോൺഗ്രസ് മികച്ച കോഓർഡിനേറ്റർക്കുള്ള അവാർഡ് തുടങ്ങി 20 ൽ ഏറെ പുരസ്കാരങ്ങളും വീണാമണിയെ തേടിയെത്തിയിട്ടുണ്ട്.
2008 ൽ ഡൽഹിയിൽ നടന്ന പരിസ്ഥിതി ഉച്ചകോടിയിൽ മികച്ച പ്രബന്ധം അവതരിപ്പിച്ചതിനു പ്രത്യേക പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലിൽ നിന്നാണു വീണാമണി പുരസ്കാരം ഏറ്റുവാങ്ങിയത്.
വീണാമണിയ്ക്കു മാർക്കിടാം
SMS അയയ്ക്കേണ്ട വിധം : വീണാമണിയ്ക്കു മാർക്കിടാം . STR എന്നു ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം മാർക്ക് ( അതു അക്കത്തിലാവണം. 1,2,3,4,5,6,7,8,9,10 എന്നിവയിൽ ഒരെണ്ണം.) രേഖപ്പെടുത്തി 56767123 എന്ന നമ്പറിലേക്കു SMS ചെയ്യുക. ഉദാഹരണത്തിന് 8 മാർക്കാണു നിങ്ങൾ കൊടുക്കുന്നതെങ്കിൽ STR സ്പേസ് 8. ഇമെയിൽ വിലാസത്തിലും തപാലിലും ഇതേപോലെ മാർക്കിട്ട് അയയ്ക്കാം.
വിലാസം : വീട്ടമ്മ, മനോരമ ആഴ്ചപ്പതിപ്പ്, കോട്ടയം–1 e-mail id : weekly@manorama.com അടുത്തലക്കം വീട്ടമ്മ ; ശ്രീജ വി.കെ, പൊൻകുന്നം