മോഹൻലാലിന്റെ മകളും ; ഒരു മൂക്കുത്തി കഥയും

ജീവിതത്തിൽ അച്ഛനിഷ്ടമില്ലാത്ത ഒരേയൊരു കാര്യമേ ഞാൻ ചെയ്തിട്ടുള്ളൂ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായിരുന്നു അത്.

കുട്ടിയുടെ അച്ഛന്റെ പേരന്താ? മോഹൻലാൽ. ആഹാ! അപ്പോൾ സിനിമാ നടൻ മോഹൻ ലാലിന്റെ മോളാണല്ലേ?. ജീവിതത്തിൽ ഏറ്റവും അധികം കേട്ട ഒരു ചോദ്യമാണിത്. ''എന്റെ അച്ഛൻ സിനിമാ നടനൊന്നുമല്ല. പക്ഷേ ബാലേട്ടൻ എന്ന മോഹൻലാൽ പടത്തിലെ കഥാപാത്രത്തെപ്പോലെ തന്നെ നാട്ടുകാരുടെ പ്രിയപ്പെട്ട ലാലേട്ടനാണ്''. എന്ന് ഒരു പുഞ്ചിരിയോടെ മറുപടി കൊടുക്കും.

മലയാള സിനിമയിലെ ഇതിഹാസ നടന്റെ പേരുള്ള ഒരു അച്ഛനെ കിട്ടിയതിൽ ഗമ കാണിച്ചു നടന്ന ഒരു കുട്ടിക്കാലത്തെക്കുറിച്ച് ഇടയ്ക്കൊക്കെ ഓർത്തു ചിരിക്കാറുണ്ട്. അതിലും ഏറെ ചിരിപ്പിക്കാറുണ്ട് അച്ഛന്റെ പല തമാശകളും. അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് പഞ്ഞിക്കെട്ടുപോലെ നനുത്ത് മൃദുലമായ കുടവയറാണ്. മുതിർന്നു കഴിഞ്ഞിട്ടും സന്തോഷം തോന്നിയാൽ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് അച്ഛന്റെ പഞ്ഞിവയറിൽ ഉമ്മവെയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നും അച്ഛൻ തന്നിരുന്നു.

അമ്പലത്തിലോ കല്യാണത്തിനോ മറ്റോ പോവാൻ അച്ഛന്റെ കൂടെയിറങ്ങിയാലുടൻ അച്ഛൻ പറയും. ''അയ്യോ!  നീ എന്റെ കൂടെ വരണ്ട. വഴിയിൽക്കാണുന്നവരെല്ലാം ചോദിക്കും ചേച്ചിയുടെ കൂടെ എങ്ങോട്ടാണെന്ന്''. ആ പറച്ചിൽ എന്നെ ശുണ്ഠി പിടിപ്പിക്കുമെന്ന് അച്ഛനു നന്നായറിയാം. അതും അവഗണിച്ച് ഞാൻ അച്ഛന്റെ ഒപ്പം തന്നെ നടക്കും. ടൗണിലോ മറ്റു തിരക്കുള്ള സ്ഥലങ്ങളിലോ അച്ഛൻ നിൽക്കുന്നതു കണ്ട് അച്ഛാ എന്നു വിളിച്ച് അടുത്തു ചെന്നാൽ വളരെ നാടകീയമായി അപരിചിതയെ കാണുന്ന പോലെ അച്ഛന്റെ ഒരു ചോദ്യമുണ്ട്. ''അച്ഛനോ ആരുടെ അച്ഛൻ. പിന്നെ അടുത്തു നിൽക്കുന്ന അച്ഛന്റെ സുഹൃത്തുക്കളോട് ചോദിക്കും. നിങ്ങൾക്കാർക്കെങ്കിലും ഈ പെങ്കൊച്ചിനെ അറിയാമോ? ദേ ഇതെന്നെ കേറി അച്ഛാ എന്നു വിളിക്കുന്നു. ആ കൊച്ചിന് ആളുമാറിപ്പോയതായിരിക്കുമല്ലേ?'' അച്ഛന്റെയും കൂട്ടുകാരുടെയും മുമ്പിൽ ചമ്മാതെ നമ്മളിതെത്ര കണ്ടതാ എന്ന ഭാവത്തോടെ മുഖം കൂർപ്പിച്ച് നിന്ന് ഞാൻ പ്രതിഷേധിക്കും.

മുതിർന്നു കഴിഞ്ഞിട്ടും സന്തോഷം തോന്നിയാൽ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നും അച്ഛൻ തന്നിരുന്നു.

അച്ഛനെ ആരും എന്നെക്കാൾ കൂടുതൽ സ്നേഹിക്കരുതെന്ന പിടിവാശിയെ എന്നും അച്ഛൻ തോൽപ്പിച്ചിരുന്നത് ഒരു കള്ളക്കഥകൊണ്ടാണ്. എനിക്ക് ഒരു അനിയത്തിയുണ്ടെന്നും അച്ഛൻ അവളെ സ്നേഹിക്കുന്നതു കണ്ട് കുശുമ്പു മൂത്ത് ഞാൻ അവളെ ഉപദ്രവിക്കുന്നതുകൊണ്ട് അവളെ തിരുവനന്തപുരത്ത് ഒരു ബന്ധുവീട്ടിൽ ആക്കിയിരിക്കുകയാണെന്നുമായിരുന്നു ആ കഥ. അച്ഛന് തിരുവനന്തപുരത്ത് ബന്ധുവീടുകൾ ഇല്ലാത്തതും എന്റെ ഓർമ്മയിൽ അങ്ങനെയൊരു അനിയത്തിയില്ലാതിരുന്നതും എന്റെ സംശയം ബലപ്പെടുത്തിയിരുന്നു. എന്റെ ആ സംശയത്തെയും കൂളായി നേരിടാൻ അച്ഛന്റെ കൈയിൽ മാർഗമുണ്ടായിരുന്നു.

പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനായ അച്ഛന് മാസത്തിൽ ഒരു തവണയെങ്കിലും തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടായിരുന്നു. അധ്യാപികയായ അമ്മയ്ക്കും ട്രെയിനിങ് ഒക്കെ വരുമ്പോൾ തിരുവന്തപുരത്തു പോകണമായിരുന്നു. ആ യാത്രകളൊന്നും ഔദ്യോഗിക ആവശ്യത്തിനല്ലെന്നും അതൊക്കെ അവരുടെ രണ്ടാമത്തെ പെൺകുട്ടിയെ കാണാനുമാണെന്നും എന്നെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു അവരുടെ യാത്ര. അവർക്ക് ഒത്താശ ചെയ്ത് കള്ളക്കഥയുടെ പൊലിപ്പുകൂട്ടി എന്റെ അസൂയയെ ആളിക്കത്തിച്ചതിൽ എന്റെ ഏക സഹോദരനുള്ള പങ്കും ചെറുതല്ല.

ഒടുവിൽ തിരിച്ചറിവിന്റെ പ്രായമെത്തിയപ്പോൾ ആ കള്ളക്കഥ ഞാൻ തന്നെ പൊളിച്ചു. കുഞ്ഞനിയത്തിയെ ഞാൻ ഉപദ്രവിക്കുമെങ്കിൽ എന്നെ പറഞ്ഞു മനസ്സിലാക്കാതെ കുഞ്ഞിനെ മാറ്റി നിർത്തിയത് ശരിയാണോ എന്നു ഞാനവരോടു ചോദിച്ചു. സ്വന്തം കുഞ്ഞിനെ അത്ര നാളൊന്നും കൂടെത്താമസിപ്പിക്കാതിരിക്കാൻ ഒരു അച്ഛനും അമ്മയ്ക്കും കഴിയില്ലെന്നും ഇനിയീ കള്ളക്കഥ വിശ്വസിക്കില്ലെന്നും ഞാൻ അവരോടു പറഞ്ഞു. അങ്ങനെ ആ കള്ളക്കഥ ശുഭപര്യവസായിയായി ചീറ്റിപ്പോയി.

അച്ഛനൊരു പൊതുപ്രവർത്തകനായതുകൊണ്ട് വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം അമ്മയാണ് നോക്കിയിരുന്നത്. നാടിനു കൊള്ളുന്നവനെ വീടിനു കൊള്ളില്ല എന്ന് അച്ഛമ്മയിടക്കിടെ പറയാറുള്ളതുകൊണ്ട് ആരും അച്ഛനെ ചോദ്യം ചെയ്യാനും മുതിർന്നില്ല. ഒരു പൊതുപ്രവർത്തകനും സത്യസന്ധനായ രാഷ്ട്രീയക്കാരനും സ്ഥാനമാനങ്ങൾ മാത്രമേയുള്ളൂ സമ്പത്ത് കാണില്ല എന്ന് ചെറുപ്പത്തിലെപ്പോഴോ അച്ഛൻ പറഞ്ഞതുകൊണ്ട് ഒരു കാര്യത്തിനും അച്ഛനോടു വാശിപിടിച്ചിട്ടില്ല.

എന്റെ ഓർമയിൽ ഒരിക്കലേ അച്ഛൻ എന്നെ തല്ലിയിട്ടുള്ളൂ. എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും അച്ഛൻ എന്നെ അടിച്ച ദിവസം.

എന്റെ ഓർമയിൽ ഒരിക്കലേ അച്ഛൻ എന്നെ തല്ലിയിട്ടുള്ളൂ. ഏഴാം വയസ്സിലായിരുന്നു അത്. അത്യാവശ്യപ്പെട്ട ഏതോ ഫയലുകൾ തിരഞ്ഞുകൊണ്ടിരുന്ന അച്ഛന്റെ അരികിലെത്തി ഞാൻ ചിണുങ്ങാൻ തുടങ്ങി. അലമാരയുടെ മേലെത്തട്ടിലിരിക്കുന്ന കളർകുപ്പികളിലെ ചാന്തുപൊട്ട് ഇപ്പോൾ വേണം അതായിരുന്നു എന്റെ ആവശ്യം. അച്ഛൻ തിരക്കിലാണ്. മോൾക്ക് അതു പിന്നെ തരാം. ഞാൻ പിടിവാശി കാട്ടി. എനിക്കത് ഇപ്പോൾത്തന്നെ വേണം. എന്റെ വാശികണ്ട് അച്ഛനു ദേഷ്യം വന്നു. നിനക്ക് ഇപ്പോൾത്തന്നെ താരം എന്നു പറഞ്ഞ് ചുമരിൽ തൂക്കിയിട്ടിരുന്ന ഏട്ടന്റെ ബെൽറ്റെടുത്ത് എന്റെ തുടയിൽ ഒന്നു പൊട്ടിച്ചു. കാലുപൊട്ടി ചോരയൊഴുകി. എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും അച്ഛൻ എന്നെ അടിച്ച ദിവസം. കൊച്ചുകുട്ടിയെ ഇങ്ങനെ തല്ലാമോയെന്നു ചോദിച്ച് സങ്കടപ്പെട്ട് അമ്മ എന്നെയെടുത്ത് മുറിക്കു പുറത്തേക്കു പോയി. പക്ഷേ എന്നിട്ടും എന്തോ എനിക്കച്ഛനോട് പിണക്കമൊന്നും തോന്നിയില്ല.

ജീവിതത്തിൽ അച്ഛനിഷ്ടമില്ലാത്ത ഒരേയൊരു കാര്യമേ ഞാൻ ചെയ്തിട്ടുള്ളൂ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായിരുന്നു അത്. അച്ഛൻ പെങ്ങൾടെ മകളുടെ വിവാഹം നടത്താൻ അച്ഛനൊരുങ്ങിയപ്പോഴാണ് ഞാനാ ആഗ്രഹം പറഞ്ഞത്. മൂക്കു കുത്തണം. അതു പറഞ്ഞപ്പോഴേ അച്ഛൻ പറഞ്ഞു. 'വേണ്ട. നിന്റെ ചപ്ലാച്ചി മൂക്കിന് അതു ചേരില്ല. അമ്മയുടെ മൂക്കുപോലെ നീണ്ടു ഭംഗിയുള്ള മൂക്കിനേ മൂക്കുത്തി ചേരൂ'. ''അച്ഛാ നമ്മളെപ്പോലെ പാവപ്പെട്ടവർക്ക് എപ്പോഴും ജ്യൂവലറിയിൽ ഒന്നും പോവാൻ പറ്റൂല്ലല്ലോ. ഏതായാലും ഈ കല്യാണം അച്ഛനല്ലേ നടത്തുന്നത്. അവൾക്ക് ആഭരണം വാങ്ങുമ്പോൾ എനിക്കൊരു കുഞ്ഞു മൂക്കുത്തി വാങ്ങിത്തന്നൂടേ?'' എന്റെ പരിവേദനം കേട്ടിട്ടാവണം അച്ഛൻ പറഞ്ഞു. മൂക്കൂത്തി വാങ്ങിത്തരാൻ പറ്റില്ലെന്നല്ലല്ലോ പറഞ്ഞത്. അതു നിനക്കു ചേരില്ല എന്നല്ലേ. നിനക്ക് അത്ര നിർബന്ധമാണെങ്കിൽ പോയി കുത്തിക്കോളൂ. പിന്നെ ഇങ്ങോട്ടു വരരുത്. കിഴക്കുംഭാഗത്ത്  കുറേ തമിഴത്തികൾ വന്നിട്ടുണ്ട് അവരുടെ കൂടെ പോയ്ക്കോണം.

വെറും വാക്കാണെങ്കിലും മൂക്കു കുത്തിക്കോളാൻ പറഞ്ഞല്ലോ. ആ തക്കം മുതലെടുത്ത്. അന്നു തന്നെ അമ്മയെയും കൂട്ടി തൊട്ടടുത്ത ജൂവലറിയിൽ പോയി ഒരു മൂക്കുത്തി വാങ്ങി. ഹൃദയചിഹ്നമുള്ള ആ മൂക്കുത്തിയണിഞ്ഞ് ഗമയിൽ വീട്ടിലെത്തി. അച്ഛൻ മുഖത്തു പോലും നോക്കുന്നില്ല. മൂന്നു ദിവസം കഴിഞ്ഞിട്ടും അച്ഛൻ അയയുന്ന മട്ടില്ല. പിന്നെ കല്യാണത്തിരക്കിൽ അച്ഛൻ എന്റെ മൂക്കുത്തി കാര്യം മറന്നേ പോയി.

അപ്പോഴാണ് അടുത്ത പ്രശ്നം കൊളേജിൽ പോയി തിരിച്ചു വരുമ്പോൾ മൂക്കുത്തി തനിയേ ഊരിപ്പോന്നു. മൂക്കുത്തിയുടെ പിരിമുറുക്കാൻ അശ്രാന്ത പരിശ്രമം നടത്തിയിട്ടും പറ്റുന്നില്ല. ഞാൻ തോറ്റില്ല. ഇത് അഭിമാനത്തിന്റെ പ്രശ്നമാണ്. അന്നൊരു രാത്രി എങ്ങനെയോ കഴിച്ചു കൂട്ടി പിറ്റേന്നു വെളുപ്പിനെ തന്നെ അമ്പലത്തിലേക്കെന്നു പറഞ്ഞു പുറപ്പെട്ടു. അമ്പലത്തിനു സമീപം താമസിക്കുന്ന സ്വർണ്ണപ്പണിക്കാരന്റെ വീടായിരുന്നു ലക്ഷ്യം. ആളോടു കാര്യം പറഞ്ഞു. അയ്യോ മോളേ... മൂക്ക് ഒന്നൂടെ കുത്തേണ്ടി വരും തുള അടഞ്ഞു പോയല്ലോ.

പക്ഷേ എന്നിട്ടും എന്തോ എനിക്കച്ഛനോട് പിണക്കമൊന്നും തോന്നിയില്ല.

മൂക്കൂ തുളക്കുന്ന വേദനയേക്കാൾ വലുതാണ് അഭിമാനം. അച്ഛന്റെ മുന്നിൽ തോൽക്കാൻ പാടില്ലല്ലോ. ചേട്ടൻ ധൈര്യമായി കുത്തിക്കോളൂ ഞാൻ പറഞ്ഞു. ആൾ മൂക്കു കുത്തി ആദ്യം കുത്തിയതുപോലെയല്ല ചോരപ്പുഴയൊഴുകുകയാണ്. ആളുടെ മോൾ ഒരു ചെറിയ കുട്ടി ചോരപ്രളയം കണ്ടു ബോധം കെട്ടു. ചേട്ടനും സുല്ലിട്ടു. മോളെ ഈ മൂക്കുത്തിയുടെ പിരി കേറുന്നില്ല. നാളെ കടയിൽ വന്ന് പുതിയൊരു മൂക്കുത്തി വാങ്ങൂ. തണ്ടിന് നല്ല നീളമുള്ളത്. ഇനി അതേയുള്ളൊരു രക്ഷ.

അങ്ങനെ പിറ്റേദിവസമായി. കടതുറക്കുന്ന നേരമയപ്പോൾ അവിടേക്ക് വലിച്ചുവിട്ടു. കൈയിലിരുന്ന മൂക്കുത്തി മാറ്റി പുതിയ ഒരെണ്ണം വാങ്ങി. അങ്ങനെ വിജയകരമായി മൂന്നാം തവണയും മൂക്കു തുളച്ചു. അല്ലെങ്കിൽ ഒന്നിൽപ്പിഴച്ചാൽ മൂന്നെന്നാണല്ലോ. പക്ഷെ പിന്നെയും അത്ഭുതം സംഭവിച്ചു. എനിക്ക് അച്ഛൻ തന്നെ ഒരു മൂക്കുത്തി വാങ്ങിത്തന്നു. സ്വർണ്ണക്കുമിളയുള്ള ഒരു മൂക്കുത്തി. ഇടയ്ക്കിടെ മൂക്കുത്തി മാറ്റിയിടാൻ ആ മൂക്കുത്തി ചെപ്പു തുറക്കുമ്പോൾ അതിനിടയിൽ രണ്ടു മൂക്കൂത്തികൾ കൂടുതൽ തിളക്കത്തോടെ എന്നെ നോക്കിച്ചിരിക്കും. ഒന്ന് അച്ഛൻ എനിക്കു വാങ്ങിത്തന്ന മൂക്കുത്തിയും. ഒരു പിറന്നാളിന് അമ്മ വാങ്ങിത്തന്ന വൈരമൂക്കുത്തിയും.

ഒരു പൊതുപ്രവർത്തകനും സത്യസന്ധനായ രാഷ്ട്രീയക്കാരനും സ്ഥാനമാനങ്ങൾ മാത്രമേയുള്ളൂ സമ്പത്ത് കാണില്ല എന്ന് ചെറുപ്പത്തിലെപ്പോഴോ അച്ഛൻ പറഞ്ഞതുകൊണ്ട് ഒരു കാര്യത്തിനും അച്ഛനോടു വാശിപിടിച്ചിട്ടില്ല.

സ്വർണ്ണക്കുമിളയുള്ള മൂക്കുത്തിയണിയുമ്പോഴൊക്കെ എന്റെ മൂക്ക് വല്ലാതെ തണുത്തു വിറയ്ക്കും. അച്ഛനെ അവസാനമായി ഉമ്മവെച്ചപ്പോൾ തണുത്തുറഞ്ഞ അച്ഛന്റെ നെറ്റിയിലും കവിളുകളിലും ഉള്ള മരവിപ്പിന്റെ അതേ തണുപ്പ് എന്റെ മൂക്കിൻ തുമ്പിലേക്ക് അരിച്ചിറങ്ങും. അച്ഛന്റെ പ്രാണൻ വിട്ടുപോയ ആശുപത്രി മുറിയിൽവെച്ചും നനുത്ത ചൂട് അച്ഛനുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോൾ മൊബൈൽ മോർച്ചറിയുടെ ചില്ലുകൾ അച്ഛനെ കെട്ടിപ്പിടിക്കുന്നതിൽ നിന്ന് എന്നെ പ്രതിരോധിച്ചു. അപ്പോഴും അച്ഛന്റെ ദേഹം തണുത്തുറഞ്ഞെന്ന് എനിക്കു മനസ്സിലായില്ല.

സ്വർണ്ണക്കുമിളയുള്ള മൂക്കുത്തിയണിയുമ്പോഴൊക്കെ എന്റെ മൂക്ക് വല്ലാതെ തണുത്തു വിറയ്ക്കും. അച്ഛനെ അവസാനമായി ഉമ്മവെച്ചപ്പോൾ തണുത്തുറഞ്ഞ അച്ഛന്റെ നെറ്റിയിലും കവിളുകളിലും ഉള്ള മരവിപ്പിന്റെ അതേ തണുപ്പ് എന്റെ മൂക്കിൻ തുമ്പിലേക്ക് അരിച്ചിറങ്ങും.

ഒടുവിൽ അരിയും പൂവുമിട്ട് തൊഴുതു കഴിഞ്ഞ് അച്ഛനു ഞാൻ നൽകിയ അവസാനത്തെ ഉമ്മയിലാണ് എന്റെ മനസ്സിന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിക്കരഞ്ഞത്. അച്ഛന്റെ മിനുമിനുത്ത മുഖം ഇത്രമേൽ മരവിച്ചിരുന്നെങ്കിൽ ആ പഞ്ഞിക്കെട്ടുപോലുള്ള വയർ കരിങ്കല്ലുപോലെ ഉറച്ചു പോയിരിക്കില്ലേ... അപ്പോൾ ഞാനോർത്തു മരണശേഷം ഞാൻ അച്ഛനെ കാണണ്ടായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ അച്ഛനെക്കുറിച്ചോർക്കുമ്പോൾ നനുത്ത ചൂടുള്ള പതുപതുത്ത വയറിന്റെ ഓർമകളെ എന്റെ മനസ്സിലും ചുണ്ടിലും ഉണ്ടാവുമായിരുന്നുള്ളൂ. ലോകം പിതൃദിനം ആഘോഷിക്കുമ്പോൾ അച്ഛൻ നൽകിയ സുന്ദരമായ നിമിഷങ്ങളെ ഓർത്ത് ഞാനും ജീവിക്കുന്നു... സ്നേഹിച്ചു തീർക്കാൻ കുറച്ചായുസ്സു കൂടി അച്ഛനു ബാക്കിവയ്ക്കാമായിരുന്നു എന്ന് പരിഭവിച്ചുകൊണ്ട്...