Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുംബനങ്ങളുടെ താഴ്‌വരകളിൽ നാമിരുവരും

couple-love-1

ചുണ്ടിന്റെ തണുത്ത ഇലത്തുമ്പിൽ ഒരു മഞ്ഞു തുള്ളി ഉണ്ടെന്നു തോന്നി. അത്രമേൽ തണുപ്പും മഞ്ഞിന്റെ രുചിയുമുള്ള ആദ്യ ചുംബനത്തിൽ തകർന്നടിഞ്ഞു പോയവൾക്ക് മുന്നിൽ ഇതിനു മുമ്പോ അതിനു ശേഷമോ ചുംബനങ്ങളില്ലാതെയായി തീർന്നു. "പ്രണയപാചകം" എന്ന അനിത നായരുടെ നോവൽ വായനക്കൊടുവിലെപ്പോഴോ നോവലിലെ പ്രധാന കഥാപാത്രമായ ലെനയുടെ ആദ്യ ചുംബനം അത്രയേറെ മോഹിപ്പിച്ചിരുന്നു.

എന്താണ് ആണിനും പെണ്ണിനും ആദ്യ ചുംബനം നൽകുന്ന അനുഭൂതി? "ചുംബനം, ചുണ്ടുകളുടെ ഒരു വെറും സ്പർശം കൊണ്ട് ഒരാൾക്കു മറ്റൊരാളെ ഇത്രയധികം ആഴത്തിൽ അടുത്തറിയുവാൻ കഴിയുമെന്ന് അവരെന്നെങ്കിലും കരുതിയിരിരുന്നോ? 

അവൾ കാലിന്റെ പെരുവിരലുകളിൽ ഉയർന്നുനിന്നു. അവർക്കിടയിൽ ഇഞ്ചുകളുടെ അകലമുണ്ട്. ഏകദേശം ഒരു ജീവിതകാലത്തിന്റെ അകലം. നഷ്ടമായ വർഷങ്ങൾ, വേർപെട്ടിരുന്ന ജീവിതങ്ങൾ, എല്ലാമെല്ലാം ഈ പ്രഥമചുംബനത്തിൽ വിളക്കിച്ചേരണം. " നോവലിൽ അനിതാ നായർ എഴുതുന്നു. ചുംബനങ്ങൾക്ക് പ്രസക്തി ഒരു പെണ്ണുടലിൽ  വന്നു തുടങ്ങുന്നത് എന്ന് മുതൽക്കാണ്?

x-default

ആദ്യമായി ഒരു പ്രണയ കഥ കേട്ട നിമിഷം മുതൽ നിന്നെയും തിരഞ്ഞു തുടങ്ങി എന്ന് റൂമി പറഞ്ഞു തുടങ്ങുമ്പോൾ  പ്രണയിക്കുന്നതിന്റെ ഉള്ളിൽ നിന്നും ചുംബനത്തിന്റെ മധുരത്തെ അടർത്തി എടുത്തു അതിനെ ചങ്കിലൊരിടത്ത്  ഒട്ടിച്ചു വയ്ക്കുന്നതാര്? ആദ്യ ചുംബനം അത്ര മധുര തരമായ ഓർമ്മകൾ ആകുന്നത് ആർക്കാണ്? അത് ഏറ്റവും മോഹിപ്പിച്ച, ആത്മാവോളം ചേർത്തുവെച്ച ഒരാളിൽ നിന്ന് ലഭിക്കുമ്പോൾ അല്ലാതെ അത് ഓർമ്മിക്കപ്പെടുമോ?

"ഒരു ചുംബനം പകർന്ന

 

ഏറ്റവും 

 

വിഷാദാർദ്രമായ വരി

 

അത് 

 

നിന്റെ പേരാകുന്നുവല്ലോ...",

ഏറ്റവും വിഷാദം നിറയ്ക്കുന്നവയ്ക്ക് ഉള്ളിലെപ്പോഴും പ്രണയമൂറുന്ന ശംഖു നാദമുണ്ടാകും. ആ വിഷാദത്തെ നിറയ്ക്കുന്നതും പിന്നീട് ഇടയ്ക്കൊക്കെ ഒഴിക്കുന്നതും അതേപ്രണയമാകുമ്പോൾ പിന്നെ എങ്ങനെ ആ വരി നിന്റെ പേരാകാതെയിരിക്കുമെന്നാണ്! ആദ്യ ചുംബനത്തിൽ ശരീരത്തിന്റെ ഗന്ധം കലരാൻ പാടില്ലെന്നാണ്.

നെറുകയിൽ നിന്നും ഒരു മഴ തുള്ളി ഭൂമിയുടെ ആകർഷണത്തിൽ പെട്ടെന്ന പോലെ താഴേക്കൊഴുകി വരുമ്പോൾ അത് മുഖത്തിന്റെ ചരിവുകളിലൂടെ അരിച്ചരിച്ച് അധരങ്ങളുടെ തണുത്ത മുറിവിന്റെ കീഴിലെത്തും. ചുംബനം ഇപ്പോൾ നിനക്കാവശ്യമുണ്ടോ എന്ന് ഒരു വേള ഇരു അധരങ്ങളും പരസ്പരം അവരവരാൽ ചോദ്യം ചെയ്യപ്പെടുന്നൊരു നിമിഷത്തിനപ്പുറം ഒന്നിനെ മറ്റൊന്ന് കവർന്നെടുത്ത് അധീനതയിലാക്കി മാറ്റും. വിടുതൽ നേടിക്കഴിയാത്ത യുദ്ധത്തിന്റെ ഒടുങ്ങാത്ത ഉന്മാദങ്ങളിലേയ്ക്ക് പിന്നെ വലിച്ചെറിയപ്പെടും. 

എത്രമേൽ മൃദുലമായിരിക്കാം ചില ചുംബനങ്ങൾ! വേദനിപ്പിക്കാതെ ഏറ്റവും ലളിതമായി ഒരു തൂവൽ വന്നു തൊടുന്നത്ര ശാന്തതയോടെ അത് അപര കോശങ്ങളിൽ വന്നുരുമ്മും. അവർക്കിടയിലുള്ള അകലങ്ങൾ എത്രയോ കാലങ്ങളുടെ വ്യത്യാസങ്ങളായി അടയാളപ്പെട്ടാലും ആ നെഞ്ചിടിപ്പ് രേഖപ്പെടുത്തും യഥാർഥ നൂറ്റാണ്ടുകളുടെ വ്യത്യാസം. ശ്വാസം മുട്ടലുകളുടെ ഒടുവിൽ ചങ്കു കെട്ടുന്ന വൈഷമ്യത്തിന്റെ നീണ്ട വിനാഴികകൾ അവസാനിക്കുമ്പോൾ ഇനിയിപ്പോൾ ജീവനറ്റു പോയാൽ പോലും ആനന്ദമാണെന്ന തിരിച്ചറിവിലേക്കെത്തുമ്പോൾ പ്രണയം ലഹരിയായി തീരുന്നു. 

പ്രണയത്തിൽ അഴിഞ്ഞു വീഴേണ്ടത് ആണും പെണ്ണുമെന്ന ഈഗോ കൂടിയാണ്. നീയും ഞാനുമെന്ന കലഹവുമാണ്. ബാക്കിയാകുന്നത് പ്രണയത്തിന്റെ അന്തമില്ലാത്ത ഉന്മാദ വിസ്ഫോടനങ്ങൾ മാത്രവും. അവിടെ അവനും അവളുമില്ല. നിന്റെയും എന്റെയും ആത്മസങ്കലനം മാത്രം.

x-default

അവർക്കിടയിൽ നിശ്വാസങ്ങൾ കൊണ്ട് തീർക്കപ്പെട്ട ഒരു കടലുണ്ട്, അതിന്റെ ഇരമ്പലുകൾ നാല് ഭിത്തികളും തകർത്തു പുതിയ ലോകത്തെ നിർമ്മിക്കാൻ യാത്ര തുടങ്ങും. ആ ഊർജ്ജത്തിന്റെ മാന്ത്രികതയിൽ തന്നെ അത്രയേറെ മോഹിപ്പിച്ച അവളുടെ പാദസരമണിഞ്ഞ കാൽപ്പാദങ്ങളെ അവൻ കയ്യിലെടുത്ത് ഓമനിക്കും. അവിടെ അവൻ ആൺമേൽക്കോയ്മയുടെ മുഷിഞ്ഞു നാറിയ കുപ്പായത്തെ വലിച്ചെറിഞ്ഞു ഏറ്റവും പുതിയതായി അവൾ തുന്നി നൽകിയ പ്രണയത്തിന്റെ കുപ്പായത്തിന്റെ ഗന്ധമാസ്വദിക്കുന്നവനായി മാറിയിട്ടുണ്ടാകും. 

"ആഴത്തിലുള്ള ചുംബനത്തിലൂടെ അവർ പരസ്പരം ഇഴുകി ചേർന്നു. അയാളുടെ കയ്യുകൾ അവളുടെ നിതംബങ്ങൾ തലോടി. അവൾ അയാളുടെ ഷർട്ടിനുള്ളിലൂടെ കൈ അകത്തേയ്ക്കിട്ടു പുറത്തുകൂടി വിരലോടിച്ചു. അയാളുടെ വായിലെ ജീരകം അവൾ രുചിച്ചു. അവളുടെ വായിലെ പഞ്ചസാര മധുരം അയാളും..

'ഞാനിതെക്കാലവും ആഗ്രഹിക്കുന്നു.' അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ട് അയാൾ പറഞ്ഞു.

'എനിക്കറിയാം' അവൾ മൊഴിഞ്ഞു. "-പ്രണയപാചകം (അനിത നായർ)

പ്രണയം ശരീരമാണെന്നും അല്ലെന്നുമുള്ള വചനങ്ങൾ എത്രയോ തവണ ആവർത്തിക്കപ്പെട്ടു ചർച്ചയാകുമ്പോഴും ഇതിന്റെ രണ്ടിന്റെയും മധ്യത്തിൽ നിൽക്കുന്ന മാനുഷിക പ്രണയത്തെ തള്ളി കളയുന്ന പ്ലേറ്റോണിക് പ്രണയം എന്ന ചൊല്ലിൽ ഉള്ളതെന്താവും... പെണ്ണിന് പ്രണയം ആത്മാവിറങ്ങി ചെല്ലുന്ന ഏറ്റവും മനോഹരമായ അവളുടേതായ ഒരു രാഷ്ട്രവും പുരുഷന് അവന്റെ മോഹങ്ങളേ പിടിച്ചടക്കാനുള്ള തൃഷ്ണകളുടെ മഹാ സാമ്രാജ്യവുമാകുമ്പോൾ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനൊടുവിൽ പ്രണയ നഷ്ടം ഉണ്ടാകുന്നതിനു പ്രത്യേകിച്ച് കാരണങ്ങൾ കണ്ടു പിടിക്കേണ്ടതില്ല.

പക്ഷെ മറ്റു പ്രണയങ്ങളിൽ നിന്നും എല്ലായ്പ്പോഴും വ്യത്യസ്തമാക്കപ്പെട്ടു ഒരുവളെ അവൻ ഹൃദയത്തിന്റെ ഏറ്റവും നിഗൂഢമായ ഒരിടത്ത് അൽപ്പം മാത്രം വെളിച്ചം കടന്നു വരുന്ന മുറിയിൽ താമസിപ്പിച്ചേക്കാം. ഒരുതരം മെഴുകുതിരി വെളിച്ചത്തിൽ പരസ്പരം ഭക്ഷണമാക്കപ്പെട്ടു പ്രണയത്തിന്റെ നീണ്ട നേരങ്ങളെ അതിജീവിച്ചേക്കാം. ഇടയ്ക്കിടയ്ക്ക് കാവലിരിക്കുന്ന മുറിയുടെ മെഴുകുതിരി വെളിച്ചം കെടുത്തി വച്ച് അവളെ ഇരുട്ട് മുറിയിൽ ഒറ്റയ്ക്കിരുത്തി അവൻ കടന്നു പോയേക്കാം, ഒറ്റയ്ക്കിരുന്നു വീർപ്പു മുട്ടി എങ്കിലും നിശബ്ദത വെടിയാതെ അവൾ തനിയെ അവളുടെ പത്തു പതുപ്പുള്ള മെത്തയിൽ ഉറങ്ങി പോയേക്കാം.

x-default

അപ്പോഴാണ് വീണ്ടുമവന്റെ വരവ്. ഒച്ചയില്ലാതെ അവളുടെ ഹൃദയത്തിലേയ്ക്കൊരു ക്രാഷ് ലാൻഡിങ് നടത്തി വീണ്ടും നിഗൂഢമാക്കപ്പെട്ട അറയിലൊരു മെഴുകുതിരി കൊളുത്തി വയ്ക്കപ്പെടും. ഇത് നിരന്തരം ആവർത്തിക്കപ്പെടുന്നത് കൊണ്ടാവണം പ്രണയം പ്ളേറ്റോണിക് ആയി ചിലർക്കിടയിലെങ്കിലും മാറപ്പെടുന്നത്. ചിലർക്ക് വേണ്ടി മാത്രം കത്തുന്ന മെഴുകുതിരി വെളിച്ചം വന്നു വീണു പിന്നീട് അവരുടെ മുഖം എല്ലായ്പ്പോഴും പ്രശോഭിതമാവുകയും ചെയ്യും.

പ്രണയം ഏതു പരിധിയിലാണ് സ്വാർത്ഥമായി തീരുന്നത്! ഞാൻ എന്ന വാക്കിന്റെ അവസാനം കൂട്ടി ചേർക്കപ്പെടേണ്ട വെള്ള വെളിച്ചങ്ങളുടെ ഇടയിലേക്ക് ആന്തരഹൃദയത്തിൽ കൊളുത്തി വച്ച മെഴുകുതിരി വെളിച്ചം പ്രകാശിച്ചു തുടങ്ങിയാൽ അതിന്റെ നേർ രേഖകൾ അധികം ആയുസ്സില്ലാതെ തളർന്നു തുടങ്ങും . മുറിവിലൂടെ രക്തം ഒഴുകും . ആദ്യ ചുംബനത്തിന്റെ ഓർമ്മകൾ പോലും അവസാന നാളിന്റെ അന്ത്യ രംഗത്തെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും.

ചന്ദ്രന്റെ പ്രകാശം രാത്രിയുടെ യാമങ്ങൾ മാത്രം ഏറ്റവും മനോഹരമാക്കുന്നു പോലെ പ്രണയത്തിന്റെ മെഴുകുതിരി വെളിച്ചം ഉള്ളിലെ പാഴ്ക്കറകളെ വിശുദ്ധീകരിച്ച് അവനവനെ ആന്തരികമായി സുഖപ്പെടുത്താനും കണ്ടെത്താനും മാത്രമായി തീരുമ്പോൾ അവയിൽ നിന്നും പുറപ്പെടുന്ന രക്തത്തിനു പ്രണയത്തിന്റെ വിശുദ്ധീകരിക്കപ്പെട്ട ഗന്ധമുണ്ടായി തീരുന്നു. ഉടൽ ജീവികളായ മനുഷ്യന് ഉദാത്തവത്കരിക്കപ്പെട്ട പ്രണയം എന്നാൽ ആനന്ദത്തെ കണ്ടെത്തലാണ്.

buying-home

ശരീരത്തിന്റെ വളരെ കുറച്ചു നേരമുള്ള ആനന്ദങ്ങളെ മറി കടന്നു ആത്മാവിന്റെ ആനന്ദങ്ങളിലെത്തുമ്പോൾ അവിടെ അവൻ പ്രണയത്താൽ വാഴ്ത്തപ്പെട്ടവനാകുന്നു. എന്തും അറിഞ്ഞും അനുഭവിച്ചും വിചാരപ്പെട്ടും ഒടുവിൽ എത്തപ്പെടേണ്ടത് പ്രണയമെന്ന അദ്‌ഭുത ശാന്തതയിലേയ്ക്ക്...

അപൂർവ്വം മനുഷ്യർ കണ്ടിട്ടുള്ള ഏറ്റവും മനോഹരമാക്കപ്പെട്ട ഉദ്യാനത്തിലേയ്ക്ക്. അവിടെ നീയും ഞാനുമില്ല, അവനും അവളുമില്ല, പ്രണയമെന്ന മെഴുകുതിരി വെളിച്ചം മാത്രം. അതും കെട്ടു പോയാൽ ഇരുളാണ്ട് കിടക്കുന്ന ധ്യാനത്തിന്റേതായ മഹാ താഴ്വര മാത്രം. ഇരുളിലും സ്വയമറിയുന്ന , ഇതിഹാസം സ്വയം രചിക്കുന്ന പ്രണയികളുടെ താഴ്വര... ആ യാത്രയിൽ തന്നെയല്ലേ നീയും ഞാനും.....?