യൂറോപ്പിൽ എവിടെയോ നിന്നും വന്നതായിരുന്നു മാഗി. നാട്ടിൽ യോഗാ മാസ്റ്ററാണ്, പരിചയപ്പെടാൻ വന്നപ്പോൾ കൈനീട്ടി ഒരു ഷേക്ക് ഹാൻഡ് പ്രതീക്ഷിച്ചിടത്ത് കൈ രണ്ടും വിടർത്തി സ്വയം നൽകാൻ അവർ തയ്യാറായി. കെട്ടിപ്പിടിച്ച് സ്നേഹം പങ്കു വയ്ക്കുമ്പോൾ അന്നാണ് ആദ്യമായി സ്നേഹത്തിന്റെയും പുണരലിന്റെയും രാഷ്ട്രീയം മനസ്സിലാക്കാൻ കഴിഞ്ഞത്.
ഹൃദയത്തിൽ നിന്നും അപര ഹൃദയത്തിലേക്ക് എന്തോ ഒന്ന് പ്രവഹിക്കുന്നുണ്ട്. ഒട്ടും അറിയാത്ത ആളാണെങ്കിൽ പോലും അപാരമായ സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ട്. രക്തം കുതിച്ചൊഴുകുന്നുണ്ട്. മാഗിയോട് ഭയങ്കര സ്നേഹം തോന്നി. ഹൃദയങ്ങൾക്കിടയിൽ നിന്നും മുള പൊട്ടിയ ഒരു സ്നേഹത്തിന്റെ ഗന്ധം അവിടെ ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു വന്നു. പിന്നീടെപ്പോഴും ആരെ കാണുമ്പോഴും ഒരു കെട്ടിപ്പിടിക്കലിന്റെ സാധ്യതകളിലേക്കാണ് മനസ്സ് പോയത്. ബന്ധങ്ങളെ മനോഹരമായി നിലനിർത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ടെക്നിക്കായി അത് അനുഭവിച്ചവർക്കല്ലേ അല്ലെങ്കിലും തോന്നേണ്ടൂ.
നമ്മുടെ കേരളത്തിൽ, അതും സദാചാര ചോദ്യങ്ങൾ ഒരുപാട് നേരിടേണ്ടി വരുന്ന ഒരിടത്ത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കെട്ടിപുണരൽ ബെഡ് റൂമിലേയ്ക്ക് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. പുണരൽ (hugging )എന്നതിന്റെ അർഥം ലൈംഗിക ബന്ധത്തിന് മുൻപുള്ള വൈകാരിക പ്രകടനമായി ഒതുങ്ങി പോയതിന്റെ നിവൃത്തികേടുകളിലേക്കാണ് രണ്ടു വർഷങ്ങൾക്കു മുൻപ് പരസ്യമായി കൊച്ചി കേന്ദ്രമായി ഇവിടെ കിസ് ഓഫ് ലവ് പോലെയുള്ള പ്രതിഷേധങ്ങൾ നടന്നതും. എന്നിട്ടും നമ്മുടെ സദാചാര സമൂഹത്തിന്റെ ചിന്തകളിലേക്ക് ഒരിക്കലും ആലിംഗനങ്ങളും അതിന്റെ ഭംഗിയും എത്തിനോക്കിയില്ല. ഏറ്റവും ഒടുവിൽ പന്ത്രണ്ടാം ക്ലാസ്സുകാരായ രണ്ടു കുട്ടികൾ ഒരാളെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ആലിംഗനം ചെയ്തപ്പോൾ അവരെ സ്‌കൂളിൽ നിന്ന് പുറത്താക്കുന്നത് വരെ എത്തി നിൽക്കുന്നു ആ സദാചാര വിലാപം.
തിരുവന്തപുരത്താണ് യുവജനോത്സവത്തിൽ സമ്മാനം നേടിയ കൂട്ടുകാരിയെ ആൺസുഹൃത്ത് ആലിംഗനം ചെയ്തു അഭിനന്ദിച്ചത്. അവരെയാണ് സ്‌കൂൾ അധികൃതർ സദാചാര ചോദ്യമുയർത്തി പുറത്താക്കിയത്. ഇതിനും കുറച്ചു മാസങ്ങൾക്കു മുൻപാണ് ഒരു പെൺകുട്ടിയെ ശിക്ഷാ വിധിയെന്നോണം ആൺകുട്ടികളുടെ ഒപ്പമിരുത്തി എന്ന കാരണത്താൽ സ്‌കൂൾ വിദ്യാർത്ഥിനിയുടെ മൂതിർന്ന സഹോദരി സ്‌കൂളിൽത്തന്നെ ആത്മഹത്യ ചെയ്തത്. എന്താണ് നമ്മുടെ സ്‌കൂളുകൾ പഠിപ്പിക്കുന്നത്? കണക്കും സയൻസും ഭൗമശാസ്ത്രവുമൊക്കെ ഒക്കെ അതിൽ താൽപ്പര്യം പോലുമില്ലാത്ത കുട്ടികളുടെ തലയിലേക്ക് അടിസ്ഥാന വിദ്യാഭ്യാസമെന്ന നിലയിൽ കുത്തിക്കയറ്റുമ്പോൾ മനുഷ്യത്വവും സാഹോദര്യവും ലിംഗബോധമില്ലാതെ പരസ്പരം സ്നേഹിക്കാനുള്ള മനസ്സുമൊക്കെ ഇവർക്ക് അധ്യാപകർ നഷ്ടമാക്കുകയല്ലേ ഇത്തരം പ്രവൃത്തികളിലൂടെ.
എൽ പി ക്ലാസ്സുകൾ മുതൽ തന്നെ ആരംഭിക്കുന്നതാണ് ആൺകുട്ടികളും പെൺകുട്ടികളും എന്ന വിവേചനം. രണ്ടു പേർക്കും രണ്ടു തരം യൂണിഫോം, രണ്ടു തരം ഇരിപ്പിടങ്ങൾ, രണ്ടു തരം പരിഗണനകൾ തുടങ്ങി എല്ലാത്തിലുമുള്ള വിവേചനങ്ങൾ ക്ലാസ്‌റൂമിനു പുറത്തേയ്ക്കു നീണ്ടാൽ ബസുകളിലും എന്തിനു സർക്കാർ സ്ഥാപനങ്ങളുടെ ക്യൂവിൽ വരെയുണ്ട്. രണ്ടു ശരീരമായിപോയതിന്റെ ആധികൾ എപ്പോഴാണ് ഇരു മനസ്സുകളിലും ഉണ്ടാകുന്നതെന്ന് ചോദിച്ചാൽ അത് വീടുകളിലെ ആരംഭിക്കുന്നതുമാണ്.
വാങ്ങിക്കൊടുക്കുന്ന വസ്ത്രങ്ങളിൽ, ഉപയോഗിക്കുന്ന സോപ്പുകളിൽ എല്ലാമുണ്ട് പെണ്ണാണെന്ന് പറയിപ്പിക്കുന്ന ഒരു വേർതിരിവ്. നമ്മുടേതല്ലാത്ത മറ്റെന്തോ പേറുന്ന അപര ലിംഗങ്ങളിൽ കൗതുകം തോന്നുന്ന പ്രായമാണ് കൗമാരം. ഒരുപക്ഷേ എൺപതുകളിലും തൊണ്ണൂറുകളിലും ദൂരെ നിന്ന് മാത്രം കൗതുകത്തോടെ നോക്കിയിരുന്ന "കൊച്ചുപുസ്തകങ്ങളിലൂടെ" മാത്രം കാണാൻ കഴിഞ്ഞിരുന്ന പെൺ ശരീരങ്ങളുടെ കൗതുകം ഇപ്പോൾ ഏതു പ്രായക്കാർക്കും പുതുമയല്ല. അവരുടെ വിരൽ തുമ്പിൽ തന്നെ ആ കൗതുകങ്ങൾക്കുള്ള ഉത്തരങ്ങളുണ്ട്. അതുകൊണ്ടു തന്നെ പുതിയ തലമുറയിൽ ആൺ-പെൺ വിടവുകൾക്ക് വലിപ്പം കുറഞ്ഞിരിക്കുന്നു.
ലിംഗഭേദമില്ലാതെ പരസ്പരം കാര്യങ്ങളെ തിരിച്ചറിയാനും സംസാരിക്കാനും ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നുണ്ട് എന്നിടത്താണ് പഴയ തലമുറയുടെ സദാചാര കണ്ണുകൾ അവരിലേക്ക് അരിച്ചിറങ്ങുന്നത്. പരസ്പരം അഭിനന്ദിക്കാനായി ഒന്ന് ആലിംഗനം ചെയ്താലോ സ്നേഹ സൂചകമായി ഒരു കവിൾ ചുംബനം നല്കിയാലോ ഉരിഞ്ഞു വീഴുന്നതാണ് ഭാരതത്തിന്റെ സംസ്കാരവും സദാചാരവുമെന്നു തൊട്ടു മുൻപുള്ള തലമുറയോട് വരെ ആരാണാവോ പറഞ്ഞു കൊടുത്തിട്ടുണ്ടാവുക. കാലത്തിനൊത്തു മാറേണ്ടതു തന്നെയാണ് സംസ്കാരവും അല്ലാതെ പഴയ കാലത്തിന്റെ അതേ രേഖയിൽ അതേ കാലത്തിൽ തന്നെ തുടർന്നും ജീവിച്ചു കാണിക്കുന്നതല്ല.
ആണും പെണ്ണും ആലിംഗനം ചെയ്‌താൽ എന്താണ് അവർക്കിടയിൽ നിന്നും ഊർന്നു വീഴുന്നത്? ഏറ്റവും സ്വകാര്യതയിൽ പാലിക്കേണ്ട ശരീരത്തിന്റെ രാഷ്ട്രീയവും ആലിംഗനവും തമ്മിൽ നല്ല വ്യത്യാസങ്ങളുണ്ട്. ആലിംഗനം എന്നത് രണ്ടു മനസ്സുകളുടെ ആശയവിനിമയത്തിന്റെ വേദിയായി ഉപയോഗിക്കാം എന്നിരിക്കെ അതിന്റെ ഭംഗിയുള്ള ഇടപെടീൽ തന്നെയാണ് വിദേശികൾ "hug " എന്നതിൽ കൂടി നടത്തുന്നത്. ലൈംഗികതയുടെ ചുവ അശേഷമില്ലാത്ത ആലിംഗനങ്ങൾ തമ്മിലുള്ള ഹൃദയധാരകളുടെ പ്രകടനങ്ങളെ മാത്രമാണ് സൂചിപ്പിക്കുന്നത്. പക്ഷേ സ്ത്രീ എന്നാൽ കിടക്കയിലെ ലൈംഗിക ഉപകരണം മാത്രമെന്ന് വിശ്വസിച്ച് പോരുന്ന പുരുഷന്മാർക്കും സ്വയം അത്തരം ഉപകരണമായി മാറ്റപ്പെട്ടു പോയ സ്ത്രീകൾക്കും ഈ മനോഹരമായ ആലിംഗന രീതിയെ സ്വീകരിക്കാൻ ബുദ്ധിമുട്ടായേക്കാം.
ടോട്ടോച്ചാൻ എന്നൊരു വിഖ്യാത പുസ്തകമുണ്ട്, ഒരുപക്ഷേ അത്തരം പുസ്തകങ്ങൾ വായിക്കാൻ സ്‌കൂൾ കാലം മുതൽ അധ്യാപകർ ഉൾപ്പെടെ കുട്ടികളോട് നിർദ്ദേശിക്കാറുമുണ്ട്. അതിലെ ടോട്ടോചാന്റെ സ്‌കൂൾ വിദ്യാഭ്യാസം ഏറെ കൗതുകത്തോടെയേ നമുക്ക് വായിച്ചെടുക്കാനാകൂ. ആൺ-പെൺ വേർതിരിവുകളില്ലാതെ, എൽ പി ക്ലാസ്സ് മുതൽ ഒന്നിച്ചു കളിച്ചും വസ്ത്രങ്ങളില്ലാതെ നീന്തിയും ശരീരത്തെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും കുട്ടിക്കാലം മുതൽ എതിർലിംഗങ്ങൾ പരസ്പരമറിയുമ്പോൾ അവർക്കിടയിൽ ഉരുവായി വരുന്ന ഒരു പരസ്പര ബഹുമാനമുണ്ട്.
രണ്ടു രീതിയിലുള്ള ശരീരമാണെങ്കിലും ചിന്തകളിലും പ്രവൃത്തികളിലും ഒന്നാക്കപ്പെട്ടു വളരുമ്പോൾ പരസ്പരം അവർ വച്ച് പുലർത്തുന്ന സ്നേഹവായ്പുകളുണ്ട്. പക്ഷേ അപൂർവമായി ലിംഗത്തിനപ്പുറം പരസ്പ്പരം കുട്ടികൾ നേടിയെടുക്കുന്ന സ്നേഹത്തിൽ പോലും സംശയക്കണ്ണുകളോടെ നോക്കുമ്പോൾ എങ്ങനെയാണ് പ്രിയ അധ്യാപകരെ നിങ്ങൾ ടോട്ടോച്ചാനെ ഉള്ളിൽ കുറ്റബോധമില്ലാതെ വായിക്കുന്നതും പഠിപ്പിക്കുന്നതും കുട്ടികൾക്ക് നിർദ്ദേശിക്കുന്നതും?
ഇനിയെങ്കിലും ശരീര ഭയമില്ലാതെ പെൺകുട്ടികൾക്ക് ആൺകുട്ടികളുടെയൊപ്പം ജീവിക്കണം, വളരണം. ലിംഗ വേർതിരിവില്ലാതെ ഒരേ പോലെ പഠിക്കാനും കളിക്കാനുമാകണം. സ്നേഹിക്കാനും ബഹുമാനിക്കാനും ആകണം. അതിന് ഇപ്പോഴത്തെ ഈ വിലകുറഞ്ഞ സദാചാര മേൽവസ്ത്രങ്ങൾ കൊണ്ടുപോയി ഊരിക്കളയുക. ആണും പെണ്ണും പരസ്പരം ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കട്ടെ. ഒരു പൊതു സഭയുടെ മുന്നിൽ വച്ച് ആലിംഗനം ചെയ്യുക എന്നാൽ അതു സ്നേഹത്തിന്റെ , സംവേദനത്തിന്റെ ഭാഷയാണ്. അത് അനുഭവിക്കാൻ സ്വയം സജ്ജരായി നോക്കുക, അല്ലെങ്കിൽ പുതിയ തലമുറയെ എങ്കിലും അനുവദിക്കുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.