ഉടൽച്ചിത്രങ്ങൾ വൈറലാകുന്ന കാലത്ത് എങ്ങനെ പ്രണയിക്കും?

"നീ എന്റേത് മാത്രമാണ്", ഈ ലോകത്ത് നിന്നെയാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നത്"... പ്രണയത്തിന്റെ പരകോടിയിൽ നിൽക്കുമ്പോൾ ഫോണിന്റെ മെസേജ് ഫോൾഡറിൽ വരുന്ന ഈ സന്ദേശങ്ങൾ ചങ്കിടിപ്പിക്കാറുണ്ടെങ്കിൽ ഓർക്കാം പ്രണയത്തിലെ ഏറ്റവും വലിയ മണ്ടൻ വാചകമാണത്.

പ്രണയത്തിന്റെ ഒരു സവിശേഷ ലൈനുണ്ട്. ആ വരയിൽ എത്തിപ്പെട്ടാൽ പിന്നെ അതിന്റെ തരംഗ ദൈർഘ്യത്തിനനുസരിച്ചു മുന്നോട്ടു പോവുക എന്നതല്ലാതെ വേറെ മാർഗ്ഗങ്ങളില്ല. ആ വരയിലൂടെയുള്ള യാത്രയ്ക്കിടയിൽ വഴികൾ പല രീതിയിലേയ്ക്കും ദിശയിലേയ്ക്കും മാറി മാറി ഒടുവിൽ എത്തപ്പെടുന്ന പ്രണയത്തിന്റെ പൂർണതയിലേക്കാവും എല്ലാ സഞ്ചാരങ്ങളും. പക്ഷേ എന്താണ് പ്രണയത്തിന്റെ പൂർണത? എന്ത് ലക്ഷ്യത്താലാണ് പ്രണയങ്ങൾ സഞ്ചരിക്കുന്നത്? ഇനിയും ഇനിയും വേണം എന്ന് തോന്നിപ്പിക്കുന്നത് എന്താണ്? ഈ അപൂർണത തന്നെയാണ് പ്രണയത്തെ അടയാളപ്പെടുത്തുന്നത്. പക്ഷേ അത് മനസ്സിലായി വരുമ്പോഴേക്കും പലർക്കും അവരുടെ ജീവിതമുൾപ്പെടെ കൈവിട്ടു പോയി കഴിഞ്ഞിരിക്കും. 

"നീ എന്റേത് മാത്രമാണ്", ഈ ലോകത്ത് നിന്നെയാണ് ഞാൻ കൂടുതൽ സ്നേഹിക്കുന്നത്"... പ്രണയത്തിന്റെ പരകോടിയിൽ നിൽക്കുമ്പോൾ ഫോണിന്റെ മെസേജ് ഫോൾഡറിൽ വരുന്ന ഈ സന്ദേശങ്ങൾ ചങ്കിടിപ്പിക്കാറുണ്ടെങ്കിൽ ഓർക്കാം പ്രണയത്തിലെ ഏറ്റവും വലിയ മണ്ടൻ വാചകമാണത്. സ്വാർത്ഥമല്ലാത്ത യാതൊരു വിധ സ്നേഹത്തെയും മനുഷ്യൻ വഹിക്കുന്നതേയില്ല. അവനവന്റെ താടിയിലെ തീ തന്നെയാണ് മനുഷ്യൻ ആദ്യം കെടുത്താൻ പോകുന്നതെന്ന് സാരം.

പക്ഷേ പ്രണയത്തിൽ അന്ധമായ വിശ്വാസം ഒരു ആശ്വാസമായി നിൽക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ആൾ സ്വയം നാം തന്നെയായി മാറിപ്പോകും. പിന്നെ എന്ത് ചെയ്താലും അതു നമുക്കു വേണ്ടിത്തന്നെയാകുമ്പോൾ വസ്ത്രം മാറുമ്പോഴോ, കുളിക്കുമ്പോഴോ ഒരു ചിത്രമെടുത്താൽ അതിലിപ്പോൾ എന്താണ് കുഴപ്പം എന്ന് തോന്നി തുടങ്ങും. അത് ആദ്യം ചോദിക്കുമ്പോൾ സദാചാര ചിന്ത മൂലം ഒന്ന് മടിച്ചും പിന്നെ ചോദിക്കാതെയും കൊടുക്കുമ്പോഴും ഉള്ളിലിരുന്നു "അത് വേണ്ടിയിരുന്നില്ല" എന്നുറക്കെ പറയുന്ന മനസ്സിന്റെ ബോധത്തെ ഓഹ്ഹ്, എനിക്കവനെ വിശ്വാസമാ , എന്ന് പറഞ്ഞു അടിച്ചിരുത്തി ആ ചിത്രം അയാൾ കണ്ടെന്നു മനസ്സിലാക്കുമ്പോൾ ഉള്ളിൽ ആനന്ദം തോന്നി, അവന്റെ ഉടലിനെ ഇക്കിളി കൂട്ടിക്കുന്ന പ്രണയം പുരണ്ട വാക്കുകളിൽ ഒഴുകി നടക്കുമ്പോൾ എന്നെങ്കിലും ചിന്തിക്കുമോ നാളെ ഇതേ ആനന്ദനിമിഷങ്ങൾ മാറാത്ത വേദനയുടെ കാരണമായേക്കാം എന്ന്!

നഗ്ന ചിത്രങ്ങൾ കൈമാറുക എന്നാൽ ഇന്ന് അത്ര പിന്നോക്കം നിൽക്കുന്നവരല്ല നമ്മുടെ സ്ത്രീകൾ. "അയാളെ" അത്രമേൽ വിശ്വാസമുണ്ടല്ലോ, മൊബൈൽ സർവ്വീസിന് കൊടുക്കുമ്പോൾ അതിൽ നിന്ന് പോകാനാണെങ്കിൽ അതിനു വേറെ പല മാർഗ്ഗങ്ങളുമുണ്ട്, അതെന്തെങ്കിലും ചെയ്യാമല്ലോ! പക്ഷേ വിശ്വാസങ്ങളുടെ നൂൽ വഴികൾ എത്ര എളുപ്പത്തിലാണ് പലപ്പോഴും പൊട്ടി തകരുന്നത്! 

പ്രണയിക്കുന്ന ആളുടെ നഗ്നത കാണുക എന്നത് തീർത്തും വൈകാരികമായ ഒരു അനുഭവമാണ്. സംസാരവും ആശയ സംവേദനവും മൊബൈൽ വഴി നടക്കുമ്പോൾ ജീവിക്കുന്ന നിമിഷങ്ങൾ അതേപടി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അതേ നിമിഷം തന്നെ പകർത്തപ്പെടുമ്പോൾ നഗ്നത ആസ്വദിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല ഇന്ന്.

"അവൻ എന്നെ മാത്രമല്ല തകർത്തത്. ഞാനവനെ വിശ്വസിച്ചു. അവൻ പക്ഷേ എന്നെയും അതുപോലെ പലരെയും ഉപയോഗിക്കുകയായിരുന്നു. അവനു പെണ്ണുങ്ങളുടെ ശരീരവും പണവും വേണമായിരുന്നു. തിരിച്ചറിഞ്ഞപ്പോഴേക്കും ഞാൻ വൈകിപ്പോയി",

സൈബർ സെക്സ് എന്നത് പോലും വളരെയധികം വ്യാപിക്കപ്പെട്ടിരിക്കുന്നു. പരസ്പരം താൽപ്പര്യമുള്ള സ്ത്രീയ്ക്കും പുരുഷനും സൈബർ ലോകത്തിൽ രണ്ടിടങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ അവരുടെ മനസ്സും ശരീരവും കണ്ടും കേട്ടും പങ്കു വയ്ക്കാം. സ്വയം രതിയുടെ തലങ്ങൾ ആസ്വദിച്ച് ശരീര സംതൃപ്തി തേടാം. തൊട്ടറിയുക എന്നത് ഏതോ പൗരാണികമായ പ്രണയ സങ്കല്പം എന്നതു പോലെ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായ കാലത്തിന്റെ മാറ്റമെന്നോണം ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും ഇതൊന്നും തെറ്റാകണമെന്നല്ല, പക്ഷേ ചതിക്കപ്പെടാനുള്ള സാധ്യതകളുടെ ശതമാന കൂടുതലിനെയാണ് ഭയക്കേണ്ടത്. 

ഈയടുത്തു ആത്മ സുഹൃത്തിട്ട ഒരു ഫെയ്ബുക്ക് പോസ്റ്റിൽ സമൂഹത്തിൽ വളരെ മാന്യനെന്നു അറിയപ്പെടുന്ന ഒരു വ്യക്തിയുടെ സ്വകാര്യ ശേഖരത്തിൽ നിന്നും ആ സ്ത്രീ കണ്ടെത്തിയ ഇരുന്നൂറിലധികം സ്ത്രീകളുടെ ചിത്രങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞു. പരിചയമുള്ളതും ഇല്ലാത്തതുമായ സ്ത്രീകളുടെ ചിത്രങ്ങൾ, അവയിൽ നഗ്നമായ ചിത്രങ്ങളും ഉണ്ട്. ഏറ്റവും സ്വകാര്യമായ നിമിഷത്തിൽ അയാൾക്ക് വേണ്ടി മാത്രം അയച്ചു കൊടുക്കപ്പെടുന്ന നഗ്നതയുടെ ഭംഗിയുള്ള ചിത്രങ്ങൾ പിന്നീട് അയാൾ ഒരു വിലപേശലിനു വേണ്ടി ഉപയോഗിച്ചാൽ? അങ്ങനെ തന്നെയാണ് പലയിടങ്ങളിലും പലപ്പോഴും സംഭവിക്കപ്പെടുന്നതും. ആ ബ്ലാക്ക് മെയിൽ ഒരു പക്ഷേ പണത്തിനു വേണ്ടിയോ വീണ്ടും അവർ ആഗ്രഹിക്കുമ്പോൾ ഉള്ള ശരീര സുഖത്തിനോ വേണ്ടിയാകാം.

തങ്ങളുടെ ചിത്രങ്ങൾ അതും ഉടൽ ചിത്രങ്ങൾ വൈറൽ ആവുക എന്നാൽ അത്ര സുഖമില്ലാത്ത ഏർപ്പാടായതു കൊണ്ട് എന്തു വില കൊടുത്തും ബ്ലാക്ക് മെയിലിങ്ങിന്റെ കുഴിയിലേക്ക് വീണു കൊടുക്കേണ്ടിയും വരും. പക്ഷേ അപ്പോഴേക്കും പണം നഷ്ടപ്പെടുക എന്നതിനേക്കാൾ വിശ്വാസം നഷ്ടപ്പെടുക എന്ന അവസ്ഥയിലേക്കാവും സ്ത്രീകൾ എത്തിപ്പെടക.. മാനസികമായും ശാരീരികമായും ഏറെ തകർന്ന അവസ്ഥയിൽ നിന്നും അതിജീവനം പിന്നെ വലിയ ബുദ്ധിമുട്ടാണ് പലപ്പോഴും സ്ത്രീകളെ സംബന്ധിച്ച്.

വിശ്വാസങ്ങളുടെ നൂൽ വഴികൾ എത്ര എളുപ്പത്തിലാണ് പലപ്പോഴും പൊട്ടി തകരുന്നത്.

"അവൻ എന്നെ മാത്രമല്ല തകർത്തത്. ഞാനവനെ വിശ്വസിച്ചു. അവൻ പക്ഷേ എന്നെയും അതുപോലെ പലരെയും ഉപയോഗിക്കുകയായിരുന്നു. അവനു പെണ്ണുങ്ങളുടെ ശരീരവും പണവും വേണമായിരുന്നു. തിരിച്ചറിഞ്ഞപ്പോഴേക്കും ഞാൻ വൈകിപ്പോയി", വിഷാദത്തിന്റെ നിലയില്ലാ കയത്തിൽ ആണ്ടു പോയ പെൺവാക്കുകൾ പലപ്പോഴും നോവിക്കും. അവരറിയാതെ ചെന്ന് പെടുന്ന വീര്യമേറിയ വിഷാദ രോഗത്തിന്റെ മരുന്നുകളുടെയും ലഹരിയുടേയുമൊക്കെ ലോകങ്ങൾ അവരെ കൊണ്ട് ചെന്നെത്തിക്കുന്നത് അതി തീവ്രമായ മാനസിക നിലകളിലേയ്ക്ക് തന്നെയാണ്.

വിശ്വാസം തകർപ്പെടുക എന്ന വളരെ മാരകമായ ഒരു കുറ്റമാണ് അവർ അനുഭവിക്കേണ്ടി വരുന്നത്. അതിലും വലിയ നോവുകളൊന്നുമില്ല എന്നവർ മനസ്സിലാക്കുന്നു. പക്ഷേ പിന്നെയും പിന്നെയും ബന്ധങ്ങളിൽ ചെന്ന് പെടാൻ തോന്നിപ്പിക്കുന്ന സ്നേഹം അന്വേഷിക്കുന്ന അപാരമായൊരു ആത്മ ചേദന എല്ലാവരിലുമുണ്ട്. പറ്റിക്കപ്പെട്ടാലും ഇനിയും എനിക്കീ അബദ്ധം പറ്റില്ല എന്ന് പറഞ്ഞു വീണ്ടും അപകടങ്ങളിൽ ചെന്ന് ചാടുന്നവർ!

എങ്ങനെയാണ് ഇന്നത്തെ കാലത്തു പ്രണയിക്കേണ്ടത്? രസകരമായ ഒരു ചോദ്യമാണ്! പക്ഷേ കാലം ആവശ്യപ്പെടുന്നുണ്ട് ഇതിന്റെ ഉത്തരം. വിശ്വാസം മുറിവേൽക്കുന്ന സാധ്യതകൾ എല്ലാ ബന്ധങ്ങളിലുമുണ്ട്. കാരണം സഹിഷ്ണുതയുടെ അതിർവരമ്പുകൾ വളരെ നേർത്തതാണ് പ്രത്യേകിച്ച് ബന്ധങ്ങൾക്കിടയിൽ. അതുകൊണ്ടു തന്നെ തിരിച്ചറിവുകൾ ആദ്യം മുതൽ പരസ്പരമുണ്ടായിരുന്നാൽ വളരെക്കാലം മനോഹരമായി തന്നെ അതിനെ മുന്നോട്ടു കൊണ്ട് പോകാനാകും. ജീവിതത്തിന്റെ എല്ലാ വഴികളിലേയ്ക്കുമുള്ള യാത്രകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്ന് തന്നെയാണ് പ്രണയം. ഓരോ മനുഷ്യനെയും അവന്റെ സ്വപ്നങ്ങളെയും മുന്നോട്ടു നടത്തുന്ന അപാരമായ ശക്തിയുമാണ് അവനു പ്രണയം.

അതേ സമയം തന്നെ പ്രണയത്തിന്റെ ഉന്മാദങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെടുമ്പോൾ ചെന്നെത്തുന്നത് കര കയറാൻ ബുദ്ധിമുട്ടുള്ള വൻ കുഴികളിലേക്കാണ് എന്ന ബോധ്യം ഉണ്ടായിരിക്കണം. മുന്നിൽ വാക്കുകൾക്കുള്ളിലും സൈബർ ഇടങ്ങളിൽ മറഞ്ഞിരുന്നും അല്ലാതെയും സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തികളെ അതിരു കവിഞ്ഞു വിശ്വസിക്കുന്ന പ്രവണത അത്ര ആശ്വാസ്യകരമല്ല. സംസാരിക്കുമ്പോൾ ഹൃദയം പറയുന്ന ആദ്യ നിർദ്ദേശങ്ങൾ ഉറപ്പായും പരിഗണിക്കാൻ ശ്രദ്ധിക്കാം. അതൊരു ശരീരത്തിന്റെ എൻകോഡിങ് സംവിധാനമാണ്. കൃത്യമായി അത് ആളുകളെ മനസിലാക്കുകയും അവരുടെ ഹൃദയവുമായി ഈ എൻകോഡിങ് പ്രവർത്തനം സംവദിക്കുക വഴി ലക്ഷ്യങ്ങളെ കണ്ടെത്തുകയും ചെയ്യും.

വിശ്വാസം മുറിവേൽക്കുന്ന സാധ്യതകൾ എല്ലാ ബന്ധങ്ങളിലുമുണ്ട്. കാരണം സഹിഷ്ണുതയുടെ അതിർവരമ്പുകൾ വളരെ നേർത്തതാണ് പ്രത്യേകിച്ച് ബന്ധങ്ങൾക്കിടയിൽ.

പക്ഷേ പലപ്പോഴും ഹൃദയത്തിന്റെ ആദ്യ വാക്കുകൾക്ക് നാം ചെവി കൊടുക്കാറില്ല. മനസ്സിന്റെ മോഹങ്ങളുടെ വാക്കുകൾക്ക് ചെവി കൊടുക്കുമ്പോൾ അവിടെ കേൾക്കുന്നത് നമ്മുടെ ആഗ്രഹങ്ങളാണ് താനും. അവിടം മുതൽ താളം തെറ്റി എന്ന് ഉറപ്പിക്കണം. ആദ്യ ഘട്ടം വിട്ടു കളഞ്ഞാൽ പോലും നഗ്നതയെ ഭയമുള്ള ഒരാൾ അല്ലെങ്കിൽ അത്തരം ഒരു ചിത്രം പുറത്തു വരുമ്പോൾ അപകടമാകും എന്ന് ബോധ്യമുള്ളൊരാൾ അത്തരം ചിത്രങ്ങൾ എടുക്കാതെയും അത് മൊബൈലിൽ സൂക്ഷിക്കാതെയും എത്ര പ്രിയമുള്ള ആളായാലും അവർക്ക് നൽകാതെയും ഇരിക്കാൻ ശ്രദ്ധിക്കാം.

സദാചാരത്തിനു നിരക്കാത്ത ബന്ധങ്ങളായതു കൊണ്ടല്ല പ്രണയം ശ്രദ്ധിച്ച് വേണം എന്ന് പറയുന്നത്, മറിച്ച് അവനവന്റെ വൈകാരികതകളിൽ അപരൻ കൈകടത്തി അതിനെ തകർക്കാൻ അനുവദിക്കരുത് എന്നുള്ളതുകൊണ്ടാണ്. തകരാൻ തയ്യാറായിട്ടുള്ളവർക്ക് ഹൃദയത്തിന്റെ വാക്കുകളെ കേൾക്കാതെ പ്രണയത്തിന്റെ മുൾവഴികളിലൂടെ നടക്കാൻ തുടങ്ങാം. 

പ്രണയം ഭയപ്പെടേണ്ട എന്തെങ്കിലും ഒന്നായിട്ടല്ല ഇതിലൂടെ മനസ്സിലാക്കേണ്ടത്! അതി മനോഹരമായ ഒരു വൈകാരിക അനുഭൂതിയും ജൈവീകവും മാനുഷികവുമായ പലവിധ പ്രവർത്തനങ്ങൾക്കും ഉത്തേജനവുമാണത്. കൈപ്പിടിയിൽ ഒതുങ്ങുന്ന വിധത്തിൽ അതിനെ ഏറ്റവും ഭ്രാന്തമായി സമീപിച്ചാൽ തിരികെയും അതേ മര്യാദകൾ അതു തിരികെ നൽകും. പക്ഷേ ഭ്രാന്തുകൾക്കിടയിൽ വിവേകം കൈവിടുമ്പോൾ വിശ്വാസങ്ങൾക്ക് മുറിവുകൾ പറ്റും.

എങ്ങനെയാണ് ഇന്നത്തെ കാലത്തു പ്രണയിക്കേണ്ടത്?

ഒരു ബന്ധം തുടങ്ങുമ്പോൾ അയാളുടെ പല സന്ദർഭങ്ങളിലുമുള്ള ഇടപെടലുകൾ നമ്മിലുണ്ടാക്കുന്ന വൈബ് തിരിച്ചറിയുക. അതു പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയോടെ കേൾക്കുക. വിശ്വാസം എന്നത് ഒരു നിബന്ധനയല്ലാത്തതു കൊണ്ട് അത്രയെളുപ്പമല്ല അത് തിരികെ ലഭിക്കാനും. മനുഷ്യർ മനുഷ്യർ തന്നെയാണ്. അതും ഇന്നത്തെ കാലത്തിന്റെ മനുഷ്യർ. താടിയ്ക്ക് തീ പിടിക്കുമ്പോൾ സ്വയം രക്ഷപെട്ടോടാൻ ശ്രമിക്കുന്നവർ! അവർക്ക് നിങ്ങളെയും കൂടി ഒപ്പം രക്ഷപെടുത്താൻ എപ്പോഴും കഴിഞ്ഞു എന്നു വരില്ല!