Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനാണ് ഞങ്ങൾ ലെഗ്ഗിൻസ് ധരിക്കുന്നത്?

women Walking

എത്ര പറഞ്ഞാലും മതിയാകാത്ത പല വിഷയങ്ങളുണ്ട്. അതിൽ ചില വിഷയങ്ങൾ ഇടയ്ക്കിടയ്ക്ക് വീണ്ടും ഓരോ കാലങ്ങളിൽ പ്രസക്തമാവുകയും ചർച്ചയ്ക്ക് പൊതു സമൂഹം എടുക്കുകയും ചെയ്യും. അതുമായി ബന്ധപ്പെട്ട സാധ്യതകളെല്ലാം സംസാരിക്കുമ്പോൾ പോലും ഒടുവിൽ എവിടെയും എത്താതെ ചർച്ച അലസി പിരിയും പിന്നത്തേയ്ക്കുള്ള ഒരു കാലത്തിന്റെ ചർച്ചയ്ക്കായി. പക്ഷേ ഓരോ തവണയും കാലം മാറുന്നതിനനുസരിച്ച് ചില വിഷയങ്ങളുടെ അസ്വാഭാവികതകൾ മാറുകയും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി തീരുകയും ചെയ്യുന്നു. ഈയിടെ വീണ്ടും അത്തരത്തിൽ പ്രസക്തമായി വന്ന ഒരു വിഷയമാണ് സ്ത്രീകളുടെ വസ്ത്രം പ്രത്യേകിച്ച് ലെഗ്ഗിങ്‌സ്. 

ലെഗ്ഗിൻസ് വിദേശീയരുടെ അടിവസ്ത്രമാണെന്നും അത് നമ്മുടെ നാട്ടിൽ സ്ത്രീകൾ ഉപയോഗിക്കുന്നത് വളരെ മോശമായ പ്രവണതയാണെന്നും ഇപ്പോഴും പലരും അഭിപ്രായപ്പെടുന്നു. എന്തുകൊണ്ട് ലെഗ്ഗിൻസ് ഒരു മോശം വേഷമാകുന്നു? ശരീരത്തോട് പറ്റിച്ചേർന്നു കിടക്കുന്ന തരം വസ്ത്രമാണ് ലെഗ്ഗിൻസ് നിർമ്മാണത്തിനായി ഉപയോഗിച്ചു വരുന്നത്. ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് അതുകൊണ്ടു തന്നെ ലെഗ്ഗിൻസ് ഉടലിനോട് പറ്റിച്ചേർന്നു കിടക്കും. ഈ ഉടൽ പതിപ്പിനോടാണ് പലർക്കും എതിർപ്പുകളുള്ളത്.

ലെഗ്ഗിൻസ് ധരിക്കുമ്പോൾ എന്താണ് പുരുഷന് പ്രശ്നം? ഇവിടെ പ്രശ്നം പുരുഷന് മാത്രമല്ല. ഇതിനെതിരെ സംസാരിക്കുന്നവരിൽ സ്ത്രീകളും ഉണ്ട് എന്നതാണ് സത്യം. കുട്ടിക്കാലം മുതൽ കുടുംബത്തിന്റെ ഉള്ളിൽ നാം കേട്ട് വരുന്ന സദാചാര വിലക്കുകൾ നിരവധിയാണ്. പെൺകുട്ടികൾ ഉറക്കെ ചിരിക്കാൻ പാടില്ല, ഉറക്കെ സംസാരിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല, വളർന്നു കഴിഞ്ഞാൽ ആൺകുട്ടികളോടൊപ്പം അധികം ഇടപെടാൻ പാടില്ല. അങ്ങനെ അങ്ങനെ എത്രയധികം അരുതുകളാണ്.

വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഈ അരുതുകൾ ആവശ്യത്തിലേറെയാണ്. ആ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് നാം വളരുന്നതും സമൂഹത്തിലേക്കിറങ്ങുന്നതും. അപ്പോൾ സ്വാഭാവികമായും നമ്മുടെ വിശ്വാസങ്ങളുമായി ഒപ്പം നിൽക്കാത്ത രീതികൾ കണ്ടാൽ അത് ആ വിശ്വാസത്തിനു നിരക്കാത്തത് കൊണ്ട് മാത്രം സദാചാര വിരുദ്ധമായി നമുക്ക് തോന്നും. പക്ഷേ കാലങ്ങളായി അനുവർത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വിശ്വാസങ്ങൾ കാലത്തിനനുസരിച്ച് മനുഷ്യന്റെ ബൗദ്ധികവും കലാതിവർത്തവുമായ മാറ്റങ്ങൾക്കനുസരിച്ച് മാറേണ്ടതല്ലേ എന്ന ചോദ്യം ചോദിക്കുന്നതിനോട് ആർക്കും താൽപ്പര്യമില്ല. ആ ചോദ്യം കേൾക്കുന്നത് തന്നെ എന്തോ വലിയ തെറ്റാണെന്ന വിശ്വാസത്തിലാണ് സമൂഹം അതിനെ കേൾക്കുന്നത്. 

സ്വന്തം കാലിൽ ജീവിക്കാനാഗ്രഹിക്കുന്ന പെൺകുട്ടികളാണ് ഇന്നുള്ളത്. സ്വന്തമായി അധ്വാനിച്ചും സ്വപ്നങ്ങളെ കൈയ്യെത്തിപ്പിടിച്ചും അങ്ങനെ മുന്നോട്ടു പോകുമ്പോൾ അത്രയും നാൾ അടക്കി വച്ചുകൊണ്ടിരുന്ന പല ആഗ്രഹങ്ങളും പുറത്തേയ്‌ക്കെടുക്കാൻ അവൾ ധൈര്യം ആർജ്ജിക്കുന്നു. വ്യത്യസ്തമായ രീതിയിൽ പുറത്തിറങ്ങാൻ ആഗ്രഹിച്ച ഏതെങ്കിലുമൊരു പെൺകുട്ടി ആയിരുന്നിരിക്കണം ആദ്യമായി ഇത്തരം വേഷങ്ങളിട്ട് സദാചാരസമൂഹത്തിലേക്കിറങ്ങാൻ ധൈര്യം കാട്ടിയത് . പക്ഷേ ഈ വ്യത്യസ്തയ്ക്കപ്പുറം ലെഗ്ഗിൻസ് പെൺകുട്ടികൾക്ക് നൽകുന്ന ചില സൗകര്യങ്ങളുണ്ട്. ഒരുപക്ഷേ മറ്റെന്തിനേക്കാളും ലെഗ്ഗിൻസിനോട് പെൺകുട്ടികൾക്കുള്ള അടുപ്പവും ഈ സൗകര്യങ്ങൾ തന്നെയാണ്. 

Leggings

പണ്ടുമുതലേയുള്ള വള്ളി കൊണ്ട് കെട്ടുന്ന ചുരിദാർ ബോട്ടങ്ങൾ ഉപയോഗിക്കുമ്പോഴുള്ള അസൗകര്യങ്ങൾ ബാത്റൂമുകളിൽ തുടങ്ങി അത് ചിലപ്പോഴൊക്കെ അഴിഞ്ഞു വീഴുമോ എന്നതിൽ വരെ എത്തി നിൽക്കാറുണ്ട്. ബസിൽ കയറുമ്പോൾ അറിയാതെ വള്ളി വലിഞ്ഞു ചുരിദാർ ബോട്ടം അഴിഞ്ഞു വീണ പെൺകുട്ടികളെ ഇത്തരത്തിൽ ഓർക്കുമ്പോൾ ചങ്ക് ഒന്ന് പിടയ്ക്കും. എന്തെങ്കിലും കാണാനുണ്ടോ ഇല്ലയോ എന്നതല്ല വിഷയം, മൂടി കെട്ടി വച്ച സദാചാര ചിന്ത പേറുന്ന ഒരു സമൂഹത്തിൽ ഈ ബോട്ടം അഴിഞ്ഞു വീഴലുകൾ ഉണ്ടാക്കുന്ന പരിഹാസങ്ങളുടെ ഒരു കൂട്ടചിരികളുണ്ട്.

അവിടെ നഷ്ടപ്പെടുന്ന അഭിമാനത്തിന്റെ സങ്കടങ്ങളുടെ അത്രയും ബുദ്ധിമുട്ടുകൾ ഒരിക്കലും ഒരു ലെഗ്ഗിൻസ് ഒരു സ്ത്രീയ്ക്ക് നൽകുന്നില്ല. വള്ളികളുള്ള ബോട്ടത്തിന്റെ ബുദ്ധിമുട്ടുകൾ ഇതിൽ മാത്രമല്ല, ബാത്‌റൂമുകളിൽ പലപ്പോഴും കെട്ടുകൾ മുറുകി വീണു ഒന്നഴിക്കാൻ ബുദ്ധിമുട്ടി മൂത്രമൊഴിയ്ക്കാൻ പോലും കഴിയാതെ ഒടുവിൽ വലിച്ചു പൊട്ടിയ്ക്കാൻ പോലും ശ്രമിച്ചു പരാജയപ്പെട്ടു കണ്ണിൽ നിന്ന് വെള്ളം വന്നു നിൽക്കുന്ന അനുഭവങ്ങളുണ്ടാവാത്ത എത്ര പെൺകുട്ടികൾ ഉണ്ടാകും? അത് ഉറപ്പായും ഒന്നിലും രണ്ടിലും ഒതുങ്ങി നിൽക്കില്ല എന്നുറപ്പ്. ഇത്തരം സാഹചര്യങ്ങളിൽ തന്നെയാണ് ഇലാസ്റ്റിക്ക് സൗകര്യമുള്ള ഒന്ന് വലിച്ചാൽ എളുപ്പം ഊരി പോരാൻ കഴിയുനന ലെഗ്ഗിൻസുകൾ താരങ്ങളാകുന്നത്. പിന്നെ എങ്ങനെ പെൺകുട്ടികൾ അതിൽ വീഴാതെയിരിക്കും.

Bottom

ഒരു പെൺകുട്ടി ഒരു വസ്ത്രം ധരിക്കുന്നത് അവളുടെ മാത്രം സ്വാതന്ത്ര്യത്തിലും സൗകര്യത്തിലും പെടുന്ന കാര്യങ്ങളാണ്. അതിൽ രണ്ടാമതൊരാളുടെ സൗകര്യം കുട്ടിയായിരിക്കുമ്പോൾ അവൾക്ക്‌ സ്വീകരിക്കേണ്ടി വന്നേക്കാം പക്ഷേ അതിനപ്പുറം സ്വന്തമായി അഭിപ്രായങ്ങളുള്ള സ്ത്രീകൾക്ക് മൂന്നാമതൊരാളുടെ ഉപദേശം കുറഞ്ഞത് അവളുടെ ഉടലിന്റെ കാര്യത്തിൽ ആവശ്യമില്ല. സ്വന്തം ഉടലിന്റെ കാര്യം എങ്ങനെ വേണമെന്ന് മറ്റൊരാൾക്കും അവളേക്കാൾ ധാരണയും ഉണ്ടാകാൻ പോകുന്നില്ല.

വസ്ത്രം തിരഞ്ഞെടുക്കുന്നതിന് പല മാർഗ്ഗങ്ങളും നാം ഉപയോഗിക്കാറുണ്ട്. ജനിച്ചു വളർന്ന അന്തരീക്ഷം, ജനിച്ച സ്ഥലങ്ങൾ, വ്യത്യസ്തത ആഗ്രഹിക്കുന്ന മനസ്സ്, കാണുമ്പോൾ തോന്നുന്ന ഇഷ്ടങ്ങൾ, എല്ലാത്തിലും ഉപരി നമ്മുടേതായ സൗകര്യങ്ങൾ എന്നിങ്ങനെ ആണ് ആ തെരഞ്ഞെടുപ്പിന്റെ കാരണങ്ങൾ നീളുക. പക്ഷേ പൊതുവെ മനുഷ്യർക്ക് ഉപദേശിക്കുക എന്നത് വളരെയധികം ഇഷ്ടമുള്ള കാര്യമായായതു കൊണ്ട് തങ്ങളുടെ വിശ്വാസങ്ങളെയും നിർദ്ദേശങ്ങളെയും അതുമാത്രമാണ് ശരിയെന്ന നിലയിൽ മറ്റൊരാളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അത് വസ്ത്രധാരണത്തിൽ മാത്രമല്ല മതത്തിലും രാഷ്ട്രീയത്തിലും ഒക്കെ ഇത് തന്നെയാണ് നമ്മുടെ നിലപാട്. 

എതിരെ ഉയരുന്ന മറ്റൊരു വിശ്വാസം ഒരിക്കലും ശരിയാകാൻ വഴിയില്ല എന്നാ നിഗമനത്തിൽ എത്തുന്നതോടെ അതിനെതിരെ സംസാരിക്കാൻ വഴികളും വാക്കുകളും കണ്ടെത്തിത്തുടങ്ങും. ഇതിൽ കൂടുതൽ വേട്ടക്കാരനാകുന്നത് പുരുഷന്മാരും ഇരകളാക്കപ്പെടുന്നത് സ്ത്രീകളുമായിരിക്കും. ആണ്ടുകളായി പൗരുഷം എന്നാൽ ഭരിക്കാൻ വേണ്ടി ലഭിച്ച എന്തോ വരദാനമാണെന്ന തെറ്റിദ്ധാരണ വച്ച് പുലർത്തുന്ന പല പുരുഷന്മാർക്കും തങ്ങളുടെ നിലപാടിൽ തന്നെ തങ്ങൾക്കൊപ്പം ജീവിക്കുന്ന അല്ലെങ്കിൽ തങ്ങൾക്ക് മുന്നിൽ ജീവിക്കുന്ന പെൺകുട്ടികളും ജീവിക്കണം എന്ന് ഉറച്ചു ചിന്തിക്കുന്നു.

leggins

പെൺകുട്ടികൾ മറ്റൊരു വ്യക്തിയാണെന്നോ അവർക്കും നിർദ്ദേശങ്ങളും ഇഷ്ടങ്ങളും ഉണ്ടെന്നോ ചിന്തിക്കാൻ പോലും ശ്രമിക്കില്ല. അവരുടെ സൗകര്യങ്ങൾ പോലും കണക്കിലെടുക്കുകയുമില്ല. അത്തരം അടിമത്ത സമ്പ്രദായങ്ങളിൽ ജീവിക്കാൻ ഇന്ന് പെൺകുട്ടികൾ പൊതുവെ തയ്യാറാകുന്നില്ല. പക്ഷേ അതുകൊണ്ടു തന്നെയാകണം പുരുഷന്മാരും പെൺകുട്ടികളുടെ മാറ്റങ്ങൾക്കനുസരിച്ചു മാറിയിട്ടുണ്ട്. ചിന്തകൾ കുറച്ചുകൂടി സ്വാതന്ത്ര്യപരവും മാനുഷികവും ആയിട്ടുണ്ട്. 

ലെഗ്ഗിൻസ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പെൺകുട്ടികൾ ധരിക്കുന്നുണ്ടെങ്കിൽ അത് അവളുടെ ഇഷ്ടം മാത്രമാണ്. അത് സൗകര്യത്തിനനുസരിച്ചോ, ഇഷ്ടത്തിനനുസരിച്ചോ ആകാം, അതിനിടയിൽ കൂടി അവളുടെ ഉടൽ വടിവും അടിവസ്ത്രത്തിന്റെ അളവും കാണുന്നവർക്കു മുന്നിൽ മറ്റൊന്നും പറയാനില്ല. കാരണം അടിവസ്ത്രം ഉപയോഗിക്കാത്തവരോ പെണ്ണിന്റെ ഉടലിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവരോ അല്ല ഇന്നത്തെ സമൂഹം.

അവരുടെ വിരലിന്റെ അറ്റത്ത് ഇന്ന് എല്ലാമുണ്ട്. അതുകൊണ്ടു തന്നെ ഒരുപെണ്ണിന്റെ ഉടൽ പുരുഷനെ ഭ്രാന്ത് പിടിപ്പിക്കേണ്ടതില്ല. നോക്കുക എന്നത് ഒരു തെറ്റല്ല, സദാചാര കണ്ണുകൾ മാറി വരുന്നതേയുള്ളൂ. പക്ഷേ കണ്ണുകൾ നൽകുന്ന സന്ദേശങ്ങൾ തലച്ചോറ് വരെ എത്തുന്നതിൽ അവസാനിക്കുമ്പോൾ അത് അവളുടെ നേരെയുള്ള ചോദ്യങ്ങളല്ലാതെയിരിക്കുമ്പോൾ അത് സ്ത്രീകളോട് കാണിക്കുന്ന കാലം ആവശ്യപ്പെടുന്ന മര്യാദയാകുന്നു. ഇനിയെങ്കിലും സദാചാരം കാണാതെ പഠിച്ചിരിക്കുന്ന മനുഷ്യർ അത് പാലിക്കേണ്ടതാകുന്നു.