ആ ഡ്രൈവറുടെ മുഖം എത്രയോ പെൺകുട്ടികൾക്ക് പരിചിതമായത്

അഞ്ചാം ക്ലാസ്സ് മുതൽ വീടിനടുത്തുള്ള സ്‌കൂളിൽ നിന്നും വിടുതൽ നേടി ടൗണിലെ സ്‌കൂളിൽ ചേരുമ്പോൾ തോന്നി വലിയ കുട്ടിയായി. ഇതുവരെ പത്തു മിനിട്ടു നടന്നാൽ എത്തുന്ന ദൂരത്തായിരുന്നു സ്‌കൂളെങ്കിൽ ഇനി മുതൽ അത് മുപ്പതു പൈസ കൊടുത്താൽ ചെന്നെത്തുന്ന ഒരു ദൂരത്തിനുള്ളിലാണ്.

ബസ്സിനുള്ളിൽ കയറിയിറങ്ങി വീട്ടിൽ നിന്നും അകലേക്ക്‌ പോകണം. പരിഭ്രമത്തിന്റെ നെഞ്ചിടിപ്പുകൾക്കു ശേഷം സ്ഥിരം ഒരേ ബസിൽ യാത്ര ചെയ്യുമ്പോൾ വീണ്ടും മുതിർന്ന പെൺകുട്ടിയായതിന്റെ ആഹ്ലാദം വന്നു തൊട്ടു. ഒപ്പമുള്ളവരൊക്കെ കോളേജിൽ പഠിക്കുന്ന ചേച്ചിമാരും ചേട്ടന്മാരും ഒക്കെയാണെങ്കിലും കുറച്ചു സ്‌കൂൾ കുട്ടികളെ പ്രൈവറ്റ് ബസ് ജീവനക്കാർ എന്തുകൊണ്ടോ ബസിൽ കയറ്റാതെ ഇരിക്കുകയോ എസ് ടി നൽകുമ്പോൾ പുച്ഛ ഭാവത്തിൽ ടിക്കറ്റ് തരാതിരിക്കുകയോ ചെയ്തില്ല.

ബസ് കാലിയാണെങ്കിൽ ഉള്ള സീറ്റിൽ ഇരിക്കാൻ ആരും മടി കാണിച്ചുമില്ല. പക്ഷേ ആ രണ്ടു യാത്രകൾക്കിടയിൽ പൊട്ടി മുളച്ച പ്രണയങ്ങൾ ചെറുതായിരുന്നില്ല. പല കഥകളും സ്‌കൂളിലും നടവഴിയിലും ചർച്ചയ്ക്ക് വിഷയമാകുമ്പോൾ കൗതുകത്തോടെ അതിലേറെ ആരാധനയോടെ ബസിലെ ജീവനക്കാരെ നോക്കാൻ തോന്നും. ആ ആരാധന തീർന്നു കിട്ടിയത് ഏഴാം ക്ലാസ്സിലെ ആ ദിവസം മുതലായിരുന്നു.

കിളി എന്ന് പറയുന്ന വിശിഷ്ട വ്യക്തിയ്ക്ക് ബസിനുള്ളിൽ വളരെ കുറവല്ലാത്ത സ്വാധീനമുണ്ട്. അയാളാണ് ആ ബസിനെ അപ്പാടെ നിയന്ത്രിക്കുന്നത്. ഒരു ബെല്ലടിച്ചാൽ വണ്ടി നിൽക്കുന്നതും ഡബിൾ അടിച്ചു വണ്ടി വിടുന്നതും ആളുകളെ ഡോർ തുറന്നു ഇറക്കി വിടുന്നതും അയാളായിരുന്നു. ഇടയ്ക്ക് പെൺകുട്ടികളുടെ മുഖത്ത് നോക്കി ഒരു കണ്ണ് ഇറുക്കി അടച്ചൊരു പൊട്ടൻ ചിരിയുള്ളത് പല പെൺകുട്ടികളും കണ്ടില്ലെന്നു നടിക്കും. എങ്കിലും അയാളെ കുറിച്ച് വലിയ വിവാദങ്ങളൊന്നും ഞങ്ങൾക്കിടയിൽ കഥകളായില്ല.

ഒരിക്കൽ ഫൂട്ട്‍ബോഡിന്റെ തൊട്ടു പിന്നിലെ സീറ്റിന്റെ ഇടയിൽ നിൽക്കാനേ സ്ഥലം കിട്ടിയുള്ളൂ, അല്ലെങ്കിലും എസ് ടി കുട്ടികളുടെ സ്ഥിരം സ്ഥലമാണതും ഡ്രൈവറിന്റെ സീറ്റിനടുത്തുള്ള ഗിയർ ബോക്‌സിനോട് ചേർന്ന ഫുട്‍ബോൾ കളിക്കാനുള്ള സ്ഥലവും. എന്തോ തുടയിലൂടെ ഇഴയുന്നത് പോലെ തോന്നിയപ്പോൾ തട്ടിക്കളയാൻ ശ്രമിച്ചപ്പോഴാണ് അത് രണ്ടു വിരലുകളാണെന്നും ആ വിരലുകൾ മുൻപിൽ നിൽക്കുന്ന കിളിയുടേതാണെന്നും മനസ്സിലായത്.

എങ്ങനെ പ്രതികരിക്കണം?  മിണ്ടാതെ നിൽക്കണോ, അതോ ഉച്ചത്തിൽ കരയണോ? ഒന്നും മനസ്സിലായില്ല. പെട്ടെന്നുണ്ടായ ഷോക്കിൽ അയാളുടെ കൈ തട്ടിക്കളയുമ്പോൾ പല്ലുകൾ തെല്ലു പൊന്തിയ  മുഖത്തെ അയാളുടെ ചിരി ഒന്നുകൂടി തെളിഞ്ഞു കത്തി. ചിന്തിക്കാൻ ഒരു ആലോചന പോലും തലച്ചോറിലേയ്ക്ക് കടന്നു വരുന്നില്ല. ഉള്ളിലെ വെളിച്ചമെല്ലാം കെട്ടു പോയിരിക്കുന്നു. ബസിനുള്ളിലൂടെ ഏതോ ഇരുണ്ട ഇടനാഴിയിലേക്ക് വീണു പോയിരിക്കുന്നു. അത് ശബ്ദമില്ലാത്തവരുടെ ലോകമാണ്. അവിടെ ചെന്നാൽ ആർക്കും ശബ്ദമില്ല, ഭയമില്ല, ഒരുതരം നിസ്സംഗത മാത്രം. 

ബസിൽ നിന്ന് ഇറങ്ങുമ്പോൾ അയാൾ കടന്നു പിടിക്കുമോ എന്ന് ഭയന്ന് ഇറങ്ങിയ വഴി ഒന്ന് കുതിച്ചിറങ്ങി. ഇറങ്ങുമ്പോൾ നിലത്തു കിടന്ന കല്ലിൽ കാലു തട്ടി അപ്പോൾ മുതൽ ചോര ഒലിച്ചുകൊണ്ടേയിരുന്നു. ഭയത്തിന്റെ ചോരയാണത്. അപ്പോൾ മുതൽ സ്വകാര്യ ബസ് എന്നാൽ ഒരുതരം തടവറ ആയെ തോന്നിയുള്ളൂ.

ആയിടയ്ക്ക് വായിച്ച ഏതൊക്കെയോ കഥകളിൽ ബസ് ജീവനക്കാരുമായി പ്രണയത്തിലായി ഒളിച്ചോടി ചുവന്ന തെരുവിൽ പെട്ടുപോയ പെൺകുട്ടികളെ കണ്ടു. അതോടെ യാത്ര കെ എസ് ആർ ടി സി ബസിലാക്കി. കൺസഷൻ കാർഡെടുത്തു. പക്ഷേ പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ കിട്ടിയത് അതിലും ഭീകരമായിരുന്നു.

അന്നൊക്കെ ട്രാൻസ്‌പോർട്ട് ബസുകൾക്ക് ഒരേയൊരു വാതിലേയുള്ളൂ. ആണും പെണ്ണും എല്ലാം കയറുന്നതു അതിലൂടെ, കയറിയാൽ മുൻപോട്ടു പോകാനാകാതെ വലിയൊരു ജാഥ ഉണ്ടായി വരും. അവ പിന്നെ അസഹിഷ്ണുതയിലേയ്ക്കും അസ്വാതന്ത്ര്യത്തിലേയ്ക്കും മുന്നോട്ടു നയിക്കും.

തിങ്ങി ഞെരുങ്ങി ശ്വാസം മുട്ടി നിൽക്കുമ്പോൾ ആരുടെതെന്ന് പോലുമറിയാത്ത കൈകൾ വന്നു വളർന്നു തുടങ്ങുന്ന മാറിന്റെ മുഴുപ്പില്ലായ്മയിലേയ്ക്കും കാലിന്റെ ഇടയിലേയ്ക്കും നീണ്ടു പോയി. മൊട്ടുസൂചി കുത്താനുള്ള അറിവില്ലായ്മയിലേക്കും ഓർമ്മക്കേടിലേയ്ക്കും എത്തുമ്പോഴേക്കും ആ യാത്ര അത്രമേൽ അസഹ്യമായേക്കാം എന്ന തിരിച്ചറിവിൽ എത്തേണ്ടി വന്നു. സ്വകാര്യ ബസു തന്നെയാണ് ഭേദം. ഒന്നുമല്ലെങ്കിലും ആണിനും പെണ്ണിനും പ്രത്യേകം ഇടങ്ങളുണ്ട്, ജീവനക്കാരിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചാൽ മതി. അങ്ങനെ വീണ്ടും സ്വകാര്യ ബസിലേക്ക്...

അങ്ങനെ എത്രയെത്ര മാറ്റങ്ങൾ നടത്തിയാകും ഓരോ സ്ത്രീയും അവളുടെ യാത്രകളെ കുറിക്കുന്നത്. ഡ്രൈവറുടെ അശ്ലീല ആംഗ്യത്തെ തുടർന്ന് അയാളുടെ വീഡിയോ എടുത്ത് സുഹൃത്തിനു അയച്ചു കൊടുത്തു ഡ്രൈവറിനെതിരെ കേസെടുപ്പിച്ച ഡോക്ടർ പെൺകുട്ടിയുടെ കഥ കേൾക്കുമ്പോൾ പ്രതികരിക്കുന്ന അവസ്ഥകളും അതിനൊത്ത് വളർന്ന സാങ്കേതിക വിദ്യയും ഓർക്കുമ്പോൾ ഒരാശ്വാസം തോന്നുന്നു.

പൊതുവെ സ്വകാര്യ ബസ് ഡ്രൈവർമാരുടെ രീതി കുറച്ചു കൂടി പ്രണയാർദ്രമാണ്. ബസിൽ കയറി സൈഡ് സീറ്റ് പിടിച്ച് എവിടെയെങ്കിലും ഇരിക്കുമ്പോൾ മുതൽ നോട്ടം വീണു തുടങ്ങും. പിൻ റോഡിലേയ്ക്ക് നോക്കുന്ന മിറർ കൊണ്ട് വച്ചിരിക്കുന്നത് അത്ര നേരം വച്ചിരിക്കുന്ന പൊസിഷനിൽ നിന്ന് മാറ്റി കൃത്യമായി മുഖം കാണുന്ന രീതിയിൽ വച്ച ശേഷം നോക്കി ചിരിക്കാൻ ആരംഭിക്കുന്നവർ വരെയുണ്ട്.

ബസ് നിർത്തുന്ന ഇടവേളകളിൽ കൃത്യമായി നോട്ടം വീഴുകയും മന്ദമായ ഒരു ഹാസം മുഖത്ത് തങ്ങി നിൽക്കുകയും ചെയ്യും. ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയാൽ ചില്ലറ ചോദ്യങ്ങളും ഉണ്ടായി വരും. നിങ്ങൾ നോക്കിയിട്ടല്ലേ അവർ നോക്കൽ എന്ന ചോദ്യം അത്ര തെറ്റൊന്നുമല്ല. നോട്ടങ്ങൾ എപ്പോഴും ആസ്വാദിക്കാനുള്ളവ തന്നെയാണ്, അവ അശ്ലീലം ആവാതെ ഇരിക്കുന്ന കാലത്തോളം, അതുകൊണ്ടു തന്നെ റിയർവ്യൂ മിററിലെ പാതി നോട്ടങ്ങൾ ആസ്വദിക്കാൻ തോന്നിയിട്ടുള്ളൂ. പക്ഷേ ഒരു സ്ത്രീ അവൾ നേരിട്ട അനുഭവത്തിന്റെ വീഡിയോ എടുത്തു പൊലീസിന് പരാതി നൽകണമെങ്കിൽ അവിടെ അവൾ നേരിട്ടത് അത്ര ആർദ്രമായ ഒരു നോട്ടമായിരുന്നില്ല എന്ന് തന്നെ മനസ്സിലാക്കണം. 

വിരലുകൾ കൊണ്ട് എന്ത് രീതിയിലും ഒരാൾക്ക് മറ്റൊരാളോട് സംസാരിക്കാം. അത് ഏറ്റവും മാന്യമായും ഏറ്റവും അശ്ലീലവുമായും കാണുന്നവർക്ക് എടുക്കാം. അത് കാണുന്നവന്റെ മാത്രം കണ്ണിലാണ് . അടപ്പില്ലാത്ത കുപ്പിയിൽ വിരൽ ഇട്ടു കാണിച്ച ബസ് ഡ്രൈവർ അയാളുടെ മാനസിക വിചാരങ്ങൾ സ്ത്രീയോടു പറയാൻ തന്നെയായിരുന്നു ഉദ്ദേശിച്ചത്. അതിനെതിരെയാണ് സ്ത്രീ പ്രതികരിച്ചതും. ഇവിടെ എല്ലാം വ്യക്തമാണ്. പെൺകുട്ടികൾ അവർക്ക് ഇഷ്ടപ്പെടാത്ത എന്തിനെയും എതിർക്കാൻ പഠിച്ചിരിക്കുന്നു. അവർക്കിഷ്ടമില്ലാത്ത വാക്കുകളെ പ്രയോഗങ്ങളെ ഇടപെടീലുകളെ അവൾ എതിർക്കാനും മറുത്തു പറയാനും ശീലിച്ചിരിക്കുന്നു. 

നിന്റെ ഒച്ച ഉയരരുത്, 

 

നീ മിണ്ടാതെയിരിക്കണം, 

 

നീ സഹിക്കണം..

എന്ന് തുടങ്ങിയ വാക്കുകളുടെ സ്ഥാനത്ത് അവളെ പ്രതികരിക്കാൻ പഠിപ്പിക്കുകയാണ് ഇന്നത്തെ കാലത്ത് മാതാപിതാക്കളും സുഹൃത്തുക്കളും. 

ദൈവമേ ! എത്രകാലങ്ങൾക്ക് മുൻപായിരുന്നു ഹൃദയം ഉച്ചത്തിൽ മിടിച്ച ആ അനുഭവത്തെ നേരിട്ടത്. ശബ്ദം നഷ്ടമായി പകച്ചു നിന്നു പോയത്. അന്നയാളുടെ തെറിച്ചു നിൽക്കുന്ന പല്ലിനിട്ടു രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. എന്റെ ഇഷ്ടമില്ലാതെ നിനക്ക് തൊടാനുള്ളതല്ല എന്റെ ശരീരമെന്നു ഉറക്കെ പറയാമായിരുന്നു. പക്ഷേ നിസ്സഹായതയോളം പോന്ന മറ്റൊരു ശിക്ഷയും ഒരു ജീവിതത്തിൽ ഒരു സ്ത്രീ അനുഭവിക്കാനില്ല.

ഒന്നുമില്ലെന്നും ആരുമില്ലെന്നും തോന്നുന്ന അവസ്ഥയിലെ നിസ്സഹായത. അവിടെ മുതലാണ് അവൾ ഇരയായി തീരുന്നത്. ആ നിസ്സഹായത വേട്ടക്കാരന് ആഘോഷമായും രക്ഷപെടാനുള്ള അവസരമായും മാറുന്നു. അയാൾ വീണ്ടും വേട്ടക്കാരനായി തുടരുകയും ഇരകളായി പല പെൺകുട്ടികൾ പലയിടങ്ങളിൽ നിന്നും വന്നെത്തുകയും ചെയ്യുന്നു. പ്രതികരിക്കേണ്ടത് അന്നായിരുന്നു.

പക്ഷേ പല ഇരകളിൽ ഒരാളായി മാറപ്പെടുമ്പോൾ പിന്നീട് ഭയം ഉള്ളിൽ കുമിഞ്ഞു കൂടാൻ ആരംഭിച്ചിരുന്നു. പുരുഷന്മാരിൽ നിന്നും അറിയാതെ തന്നെയുള്ള ഒരു അകന്നു നിൽക്കൽ. എന്നേയ്ക്കും ആ അവസ്ഥയെ തരണം ചെയ്യാനാകാതെ നിൽക്കുമ്പോൾ ഇപ്പോഴും ഇരയാക്കപെടലിൽ നിന്നും വിടുതൽ നേടിയില്ലേ എന്ന് സംശയം തോന്നുന്നു. ഒരിക്കൽ ആണെങ്കിൽ പോലും അത്രമേൽ അസഹ്യമായ അനുഭവങ്ങൾ അവളെ മാറ്റുന്നത് ഇങ്ങനെയൊക്കെയാണ്! 

പ്രതികരണം കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മാറുമ്പോൾ അവളും മാറുന്നു. ജീവിതം പിന്നത്തേയ്ക്കായി നിർത്തുന്ന മുറിവുകളിൽ നിന്നു ഇന്നേ അവൾ രക്ഷപെടാൻ പരിശീലിക്കുന്നു. 

അങ്ങനെ തന്നെയാണ് വേണ്ടത്...

അങ്ങനെ തന്നെയാണ് വേണ്ടത്!