Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്‍ഭാര്യമാരെക്കുറിച്ചാണ് ഈ കുറിപ്പ്; നിസ്സാരകാര്യങ്ങളുടെ പേരിൽ പടിയിറക്കപ്പെട്ടവരെക്കുറിച്ച്

divorce-1 പ്രതീകാത്മക ചിത്രം.

മാനസേശ്വരീ മാപ്പു തരൂ... 

മറക്കാന്‍ നിനക്കു കഴിയില്ലെങ്കില്‍ 

മാപ്പു തരൂ.. മാപ്പു തരൂ...

വരികള്‍ വികാരസാന്ദ്രമായി ഉയര്‍ന്നുയര്‍ന്നുപോകുമ്പോള്‍ മനസ്സില്‍ നിറയുന്നതു വയലാര്‍ രാമവര്‍മയെന്ന മലയാള സിനിമാഗാന ചക്രവാളത്തിലെ ഗാനഗന്ധര്‍വനല്ല. പാട്ടിനൊത്ത് അഭിനയിച്ച നടീനടന്‍മാരല്ല. ഒരു സിനിമയിലും നാടകത്തിലും അഭിനയിക്കാതെ വിസ്മൃത ജീവിതം സ്വയം സ്വീകരിച്ച ഒരു സ്ത്രീ- പ്രശസ്തി തേടാതെ, അംഗീകാരത്തിനു കാത്തുനില്‍ക്കാതെ, എല്ലാ ദുഃഖങ്ങളും ഉള്ളിലടക്കി പിന്‍വാങ്ങിയ ഒരാള്‍- ചന്ദ്രമതി തമ്പുരാട്ടി. വയലാറിന്റെ ആദ്യഭാര്യ.  

ചന്ദ്രമതിയെ കേരളം അറിയുന്നത് വയലാറിന്റെ ആദ്യഭാര്യ എന്ന നിലയിലാണ്. പക്ഷേ, ചലച്ചിത്രഗാനത്തെയും കവിതയേയും നെഞ്ചേറ്റുന്നവര്‍ക്കു ചന്ദ്രമതി സന്യാസിനിയാണ്. മാനസേശ്വരിയാണ്. കാലത്തെ അതിജീവിച്ച കവിതകളിലെ ജീവിച്ചിരുന്ന കഥാപാത്രമാണ്. തന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞുകൊണ്ടു പിന്‍വാങ്ങിയ ആ പുണ്യമനസ്സിന്റെ ഉടമയ്ക്ക് എന്തുകൊണ്ടും അര്‍ഹിച്ച ബഹുമതി.

ഒരു തെറ്റുതിരുത്തല്‍ എന്നുപോലും പറയാം. ഞാനും എന്റെ മൂന്ന് അനുജത്തിമാരും ചന്ദ്രമതി തമ്പുരാട്ടിയെ വലിയമ്മ എന്നല്ല അമ്മ എന്നുമാത്രമേ വിളിച്ചിട്ടുള്ളൂ എന്ന ശരത്ചന്ദ്രവര്‍മയുടെ വാക്കുകളിലുണ്ട് ആ കുടുംബം ചന്ദ്രമതിക്കു കൊടുത്ത ബഹുമതിയും കരുതലും. പക്ഷേ, കേരളത്തിന്റെ കഴിഞ്ഞ കാലങ്ങളില്‍ ശാരീരകമായ പരിമിതികളുടെയും മറ്റും പേരില്‍ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ കണ്ണീര്‍ തളം കെട്ടിക്കിടക്കുന്നുണ്ട്. ആരും ആറിയാതെപോയ സങ്കടങ്ങളുടെ പ്രതിരൂപങ്ങള്‍. 

സന്യാസിനി എന്ന വാക്കിനാല്‍ അക്ഷരങ്ങളുടെ ലോകത്ത് അനശ്വരയായി ചന്ദ്രമതി. പക്ഷേ, അറിയപ്പെടാതെപോയ ആയിരങ്ങളോ ? വികാരസമുദ്രങ്ങള്‍ തന്നെ അലയടിക്കുന്നുണ്ട് ആ വാക്കില്‍.. സന്യാസിനീ... സന്യാസിനിയാകാന്‍ ആഗ്രഹിക്കാതെതന്നെ അത്തരമൊരു ജീവിതത്തിനു വിധിക്കപ്പെട്ട ഒരാളെയാണ് ആ വാക്ക് അഭിസംബോധന ചെയ്യുന്നതെങ്കില്‍ അതു കേള്‍ക്കുമ്പോള്‍ എന്തെല്ലാം.. ഏതെല്ലാം വികാരങ്ങളായിരിക്കും ആ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുക.(മതത്തിന്റെ ചട്ടക്കൂട്ടില്‍ ജീവിക്കുന്ന സന്യാസികളെക്കുറിച്ചല്ല ഇവിടെ ഉദ്ദേശിക്കുന്നത് ).  അത് എന്തു തന്നെയായിരുന്നാലും കേരളത്തിലെ ഒരുകാലത്തെ സാമൂഹികജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലേക്കു വാതില്‍ തുറക്കുന്നുണ്ട് ആ വാക്ക്. 

പെണ്‍ജീവിതങ്ങളിലേക്ക്. അരികുകളിലേക്കു തള്ളപ്പെട്ടവരുടെ വിസ്മൃതജീവിതങ്ങളിലേക്ക്. കുതിച്ചുപോകുന്ന കാലം വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് വാചാലരാകുമ്പോള്‍, പോയ കാലത്തിന്റെ നന്‍മകളെ പാടിപ്പുകഴ്ത്തുമ്പോള്‍ മനഃപൂര്‍വം മറക്കുന്ന അപ്രിയസത്യങ്ങളിലേക്ക്. സ്വയമൊരു തെറ്റും ചെയ്യാതിരുന്നിട്ടും പൂവായ് വിരിഞ്ഞ് അകത്തളങ്ങളില്‍ പുഴു തിന്നാന്‍ വിധിക്കപ്പെട്ടവരെക്കുറിച്ച്.

സ്വന്തമെന്നു പറയാന്‍ ആരും ഇല്ലാതെ, കാത്തിരിക്കാന്‍ ആരുമില്ലാതെ കാത്തുവച്ച ഓര്‍മകളില്‍ ജീവിതം കരഞ്ഞുതീര്‍ക്കുന്നവര്‍. അവരുടെ പ്രതിനിധിയല്ലേ സന്യാസിനി. ഒരു കവി  ഒരു ഗാനത്തിലൂടെ പാടിപ്പുകഴ്ത്തപ്പെട്ടിരിക്കാം. പക്ഷേ, അത്തരം ജീവിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട മറ്റുള്ളവരോ. ആരും പറയാത്ത അവരുടെ കഥകള്‍. ആരും പാടാത്ത പാട്ടുകള്‍. അക്ഷരാര്‍ഥത്തില്‍ ‘ പൂജയ്ക്കെടുക്കാത്ത പൂക്കള്‍’ .   

ആദ്യത്തേത് എന്നതൊരു പദവിയാണ്. പിന്നീടുവരുന്നവര്‍ക്കു തകര്‍ക്കാനാകാത്ത റെക്കോര്‍ഡ്. പക്ഷേ വിവാഹത്തിന്റെ കാര്യത്തിലാകുമ്പോള്‍ അതാരും ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത മുള്‍ക്കിരീടമാണ്. ഇറക്കിവയ്ക്കാനാകാത്ത ഭാരം.  പിന്നീടുള്ള ജീവിതത്തിലൂടനീളം മുന്നോട്ടു കുതിക്കാനാകാതെ കാലില്‍ കുരുക്കിടുന്ന ചങ്ങല.

ആദ്യഭാര്യയാകാന്‍ ആഗ്രഹിക്കുന്നവരുണ്ടോ ? ആ പദം തന്നെ വെറുക്കപ്പെട്ടതാകുന്നു. ആരും തേടിച്ചെല്ലാത്ത ഒരാളെക്കുറിച്ചുള്ളതാകുന്നു.അങ്ങനെയുള്ളവര്‍ ഏറെയുണ്ടായിരുന്നു നമ്മുടെ സമൂഹത്തില്‍. എല്ലാ ആജ്ഞകളും അനുസരിക്കുന്നവര്‍. മറുത്തൊന്നും പറയാനാവാത്തവര്‍. സ്വന്തം ജീവിതത്തില്‍ ഒരു തീരുമാനവും എടുക്കാനാകാതെ കളിപ്പാവയുടെ ജന്‍മം ജീവിച്ചുതീര്‍ക്കുന്നവര്‍. 

first-love പ്രതീകാത്മക ചിത്രം.

പ്രിയപ്പെട്ടവന്‍ നല്‍കുന്ന വിഷപാത്രം സ്നേഹത്തോടെ സ്വീകരിക്കുന്ന സ്ത്രീയെക്കുറിച്ചു സുഗതകുമാരിയുടെ ഒരു കവിതയുണ്ട്. നല്‍കുന്നതെന്തും സ്വീകരിക്കുക മാത്രമാണു ചെയ്യാനുള്ളത്. അതു വിഷപാത്രമാണെങ്കില്‍പ്പോലും. വച്ചുനീട്ടുന്ന വിഷപാത്രം വാങ്ങിക്കുടിച്ച് പാടുകയാണ് അതുതന്ന പ്രിയപ്പെട്ടവനെക്കുറിച്ച്. ആ മനസ്സിന്റെ നന്‍മയെക്കുറിച്ച്. ആ മഹാമനസ്ക്തയെക്കുറിച്ച്. ഇങ്ങനെയുമുണ്ടോ സ്ത്രീകള്‍ എന്നതിശയപ്പെടും മുമ്പ് ചരിത്രത്തിലേക്കൊന്നു നോക്കണം. എല്ലാം സഹിച്ചും ക്ഷമിച്ചും ഒന്നും മറുത്തുപറയാതെ ജീവിച്ചവര്‍ ഏറെയുണ്ടായിരുന്നു നാട്ടില്‍.

വിവാഹം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസരത്തില്‍പ്പോലും ഒന്നും പറയാതെ തലകുനിച്ചു നിന്നിട്ടുള്ളവര്‍. അന്നും അതിനുശേഷവും കല്‍പനകള്‍ മാത്രം കേട്ട് ജീവിച്ചവര്‍. വിവാഹബന്ധത്തില്‍പുലര്‍ത്തേണ്ട എല്ലാ പവിത്രതയും നിലനിര്‍ത്തിയാലും കടമകളെല്ലാം നിറവേറ്റിയാലും നിസ്സാരകാരണങ്ങളുടെ പേരില്‍ ഭര്‍ത്താവിന്റെ പുണ്യാശ്രമങ്ങളില്‍നിന്നു പുറത്താക്കപ്പെടുന്നവര്‍. കുട്ടികളുണ്ടാകാത്തതിന്റെ പേരിലാണ് ആ പുറത്താക്കപ്പെടല്‍ എങ്കില്‍ അതെത്ര കഠോരമായിരിക്കും.

ആജന്മം ആ ദുഃഖവുമായി കഴിഞ്ഞുകൂടുക. അവര്‍ക്കാരുണ്ട് കാത്തിരിക്കാന്‍, ആശ്രയിക്കാന്‍, അഭയം നല്‍കാന്‍. അവരുടെ ജീവിതത്തിന്റെ ദയനീയത ആരറിയുന്നു. അവരെ ആരു തേടിച്ചെല്ലുന്നു. െഎശ്വ  ര്യമില്ലാത്തവരായി അവര്‍ അവഗണിക്കപ്പെടുന്നു. അവര്‍ എന്തെങ്കിലും കഴിക്കുന്നുണ്ടോ എന്നാരെങ്കിലും തിരക്കുന്നുണ്ടോ. അവരുടെ മുറിവുകളില്‍ ആരെങ്കിലും മരുന്നു പുരട്ടുന്നുണ്ടോ. ഒടുവിലായി അവരുടെ ചിതകള്‍ക്കു തീ കൊളുത്തുന്നതാര് ? 

മുന്‍ഭാര്യമാരെക്കുറിച്ചാണ് ഈ കുറിപ്പ്. വിവാഹം കഴിച്ചെങ്കിലും തങ്ങളുടേതായ ഒരു തെറ്റിനുമല്ലാതെ ഉപേക്ഷിക്കപ്പെട്ടവരെക്കുറിച്ച്. അത്തരത്തിലൊരു സ്ത്രീയായിരുന്നു ഇക്കഴിഞ്ഞവര്‍ഷം ഒരു അനാഥായത്തില്‍ അന്തരിച്ച ഭവാനിയമ്മ. കുട്ടികളുണ്ടാകാതിരുന്നതിന്റെ പേരില്‍ ഒരു ജീവിതം മുഴുന്‍ തീ തിന്നുകയും ഒടുവില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ കുട്ടിയുണ്ടായെങ്കിലും ആ കുട്ടിയും നഷ്ടപ്പെട്ട് അനപത്യതാ ദുഃഖം പേറി ആരുമറിയാതെ, ആര്‍ക്കും വേണ്ടാതെ കടന്നുപോയ ജീവിതം.

ആ ജീവിതത്തിന്റെ നിസ്സഹായത പുറത്തുവന്നതുകൊണ്ടുമാത്രം അവരെ കേരളത്തിന്റെ മനസാക്ഷി ഏറ്റെടുത്തു. അതുപോലെ കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ ഉപേക്ഷിക്കപ്പെട്ട മറ്റുള്ളവരോ.... അവരെ അകത്തളങ്ങളിലേക്കു മാറ്റിനിര്‍ത്തിയിരുന്ന ഒരു കാലത്തുനിന്ന് നാം മുന്നോട്ടുപോകുകയാണ്. എങ്കിലും പിന്‍വിളിപോലെ ചിലര്‍ പിന്നോട്ടുവിളിക്കുന്നു.

divorce പ്രതീകാത്മക ചിത്രം.

പൂജയ്ക്കെടുക്കാത്ത ആ പൂക്കള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കേണ്ടതുണ്ട്. അതവര്‍ അര്‍ഹിക്കുന്നു. ഒരു രോഗാവസ്ഥയോ അംഗപരിമിതിയോ ഉപേക്ഷിക്കപ്പെടാനുള്ള കാരണമാണോ? വിസ്മൃതരാകാനുള്ള കുറ്റമാണോ ? ഒന്നോ രണ്ടോ ആര്‍ദ്രമായ പാട്ടുകളിലൂടെ മാത്രമാണോ അവര്‍ ഓര്‍മിക്കപ്പെടേണ്ടത്. മറിച്ച് ഇനിയെങ്കിലും എല്ലാ പൂക്കളും പൂജയ്ക്ക് ഒരേ നീതിയാല്‍ ഒരേ നിയമത്താല്‍ അര്‍ഹരാണെന്ന നിയമത്താല്‍. നാളെകളിലെങ്കിലും അതു സാധ്യമാകുമോ. അങ്ങനെയാണെങ്കിലേ ഈ മനോഹര തീരത്ത് ഇനിയൊരു ജന്‍മം കൂടി തരണമെന്ന് പ്രാര്‍ഥിക്കുന്നവരുണ്ടാകൂ.