Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയില്ലായ്മയാണ് ഏതൊരു വീടിന്റെയും സങ്കടങ്ങള്‍

mother

ആ മക്കളെയോര്‍ത്തുകൂടിയാണ് എന്‍റെ സങ്കടം. അല്ലെങ്കില്‍ അവരെയോര്‍ത്തുള്ള സങ്കടങ്ങള്‍ക്ക് ഇത്തിരിയേറെ തീവ്രതക്കൂടുതലുണ്ട്. അമ്മയില്ലാതെ പോയ കുഞ്ഞുങ്ങള്‍.അതും നൊടിയിടയില്‍.

ഉറക്കത്തില്‍നിന്നുണര്‍ന്നു നോക്കുമ്പോള്‍ തൊട്ടരികില്‍ അമ്മയില്ലെന്ന് തിരിച്ചറിഞ്ഞും പിന്നെ അമ്മയ്ക്കായി നിലവിളിച്ചും അലറിക്കുതിച്ചുപായുന്ന ട്രെയിനില്‍, അപരിചിതര്‍ക്കിടയില്‍  ഒറ്റയ്ക്കായി പോയ ആ മൂന്നു കുരുന്നുകളെയോര്‍ക്കുമ്പോൾ വല്ലാത്ത ഭാരം നെഞ്ചില്‍.

എത്ര വലിയ നടുക്കവും സങ്കടവുമായിരിക്കാം ആ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളില്‍ വീണു മുറിഞ്ഞിട്ടുണ്ടാവുക. അതേ മക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനില്‍ നിന്ന് വീണു മരിച്ച കോന്നി കല്ലേലി ഗവ ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ തുഷാരയുടെ മക്കളെക്കുറിച്ചാണ് പറയുന്നത്. ചെറിയൊരു ഉറക്കത്തിന്റെ വിടവില്‍ പോലും കൈ നീട്ടി അമ്മ അടുത്തുണ്ട് എന്ന് ഉറപ്പുവരുത്തുന്നവരാണ് പൊടിക്കുഞ്ഞുങ്ങള്‍. കൈയകലത്തില്‍ അമ്മയില്ലെന്ന് മനസ്സിലാക്കുമ്പോള്‍ ചിണുങ്ങിയുള്ള കരച്ചിലുണ്ട് അവര്‍ക്ക്.. മ്മേ.. 

ആ കരച്ചില്‍ കേട്ട് അമ്മയൊന്ന് അണച്ചുപിടിക്കുമ്പോള്‍, തുടയില്‍ താളം പിടിക്കുമ്പോള്‍, ശിരസിലൊന്ന് തലോടുമ്പോള്‍.. ഹോ അവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വവും ആശ്വാസവും പറഞ്ഞറിയിക്കാനാവാത്തതുതന്നെ.  ഉറക്കമുണര്‍ന്ന് നോക്കു‌മ്പോൾ കണിവെള്ളരിപോലെ അമ്മക്കാഴ്ചയുണ്ടാകുന്നതാണ് അവരുടെ ദിവസങ്ങള്‍ക്ക് സന്തോഷം പകരുന്നതും.

അങ്ങനെയുള്ളപ്പോഴാണ് ഒരു ഉറക്കത്തില്‍ അമ്മ അവര്‍ക്ക്  നഷ്ടമായത്. കണ്ണ് തുറന്ന് പുലരിയിലേക്ക് തെളിയുമ്പോള്‍ അന്തിയില്‍ അതുവരെ കൂടെയുണ്ടായിരുന്ന അമ്മയെ മാത്രം കാണാനില്ല. എവിടെയോ അമ്മ മറഞ്ഞിരിപ്പുണ്ടെന്ന പ്രതീക്ഷയില്‍ അന്വേഷിച്ചിട്ടും അമ്മയെ കണ്ടുകിട്ടാതെ വന്നപ്പോഴുണ്ടായ സങ്കടപ്പാട്ടുകളാണ് ട്രെയിനിലെ മറ്റുള്ളവരെയും ഉണര്‍ത്തിയത്. പിന്നെ അന്വേഷണങ്ങള്‍.കരച്ചിലുകള്‍.ഒടുവില്‍.. 

ഒരു യാത്ര പോലും പറയാതെ വേര്‍പിരിഞ്ഞുപോയ അമ്മയെക്കുറിച്ചുള്ള ആ മക്കളുടെ സങ്കടം എന്ന് തീരും? ഏതൊരു വീടിന്റെയും ദീപ്തമായ സ്മരണകള്‍ അമ്മയുമായി കൂടി ബന്ധപ്പെട്ടുള്ളതാണ്.  അത് അമ്മയെയും വീടിനെയും ഓര്‍ത്ത് ധ്യാനിക്കുന്നവര്‍ക്ക് വളരെ വേഗം മനസ്സിലാവുകയും ചെയ്യും. ഒരു ദിവസത്തേക്കെങ്കിലും അമ്മ വീട്ടിലില്ലാതാകു‌മ്പോൾ ഉണ്ടാകുന്ന ശൂന്യത..ക്രമം തെറ്റലുകള്‍..

അമ്മയ്‌ക്കൊപ്പം യാത്ര തുടങ്ങിയിട്ട് അമ്മയില്ലാതെ യാത്ര അവസാനിപ്പിക്കേണ്ടിവന്ന കുരുന്നുകള്‍. അമ്മയ്‌ക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയിട്ട് അമ്മയില്ലാതെ വീടിന്റെ പടിയേറേണ്ടിവന്ന കുഞ്ഞുങ്ങള്‍. അമ്മയില്ലാത്തതാണ് ഏതൊരു വീടിന്റെയും സങ്കടങ്ങള്‍. അമ്മയില്ലാതെ വീടുകളെ അലങ്കരിക്കാന്‍  മക്കള്‍ തത്രപ്പെടുമ്പോള്‍ അമ്മ മാഞ്ഞുപോകുന്ന വീടുകളിലെ കുഞ്ഞുങ്ങളുടെ സങ്കടങ്ങളെ ആര്‍ക്കാണ് അളന്നുതിട്ടപ്പെടുത്താനാവുന്നത്?

വെറുതെയല്ല ചിലര്‍ക്ക് ചില പേരുകള്‍ അന്വര്‍ത്ഥമാകുന്നത്. തുഷാര..മഞ്ഞുകണം കണക്കെ അവള്‍ അങ്ങ് മാഞ്ഞുപോയി.. ഓര്‍മ്മകളുടെ വിടവില്‍ ഇനി അവളുടെ പ്രിയപ്പെട്ടവര്‍ക്ക് ചേര്‍ക്കാനുള്ളത് സ്‌നേഹത്തിന്റെ ഒരുപിടി പൂങ്കുലകള്‍ മാത്രം. പുലര്‍ക്കാലങ്ങളില്‍  ഇറ്റുവീഴാന്‍ തയ്യാറായി നില്ക്കുന്ന മഞ്ഞുതുള്ളികളെ കാണുമ്പോള്‍ അവരിനി തുഷാരയെ ഓര്‍മ്മിക്കും.. സ്‌നേഹത്തിന്റെ മഞ്ഞുതുള്ളിയായ്.. വേര്‍പാടിന്റെ നീഹാരബിന്ദുവായ്