സനുഷയിൽ ഒതുങ്ങരുത് പൊലീസിന്റെ നീതിബോധം

സനുഷ എന്ന നടിയോട് ട്രെയിനിൽ വെച്ച് മോശമായി പെരുമാറിയ വ്യക്തിയെ അറസ്റ്റു ചെയ്തതും  പരാതി നൽകിയ സനുഷയെ ഡി.ജി.പി ലോക്നാഥ് ബഹ്റ അഭിനന്ദിച്ചതുമെല്ലാം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. തീർച്ചയായും ആ പെൺകുട്ടി പ്രതികരിച്ചത് വളരെ നല്ല കാര്യം. പ്രതിയുടെ അറസ്റ്റ് നടപടി അതിലും നല്ല കാര്യം. പക്ഷേ സാർ.... സ്ത്രീയെന്ന നിലയിൽ  സത്യസന്ധമായ് ചില നിരീക്ഷണങ്ങൾ കൂടി കൂട്ടി യോജിപ്പിക്കട്ടെ. 

ഒരമ്മ തന്റെ രണ്ടു മക്കളും മരണപ്പെട്ടതിന്റെ ചങ്ക് പൊള്ളിക്കുന്ന കഥ പറഞ്ഞത് രണ്ടു ദിവസം മുൻപേയാണ്. മൂത്ത മകൻ 16-ാം വയസ്സിൽ ഹൃദ്രോഗം വന്നു മരിച്ചു. കേരളത്തിലെ ഒരു കൊളേജിൽ നഴ്സിംഗ് വിദ്യാർത്ഥിയായ മകൾ 19-ാം വയസിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊളേജിൽ അവളെ പഠിപ്പിക്കുന്ന അധ്യാപകൻ ലൈംഗികമായി ദുരുപയോഗം ചെയ്തതാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച്ച മുൻപ് മകൾ ഗൾഫിൽ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുന്ന അമ്മയെ വിളിച്ച് ഇക്കാര്യം അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൊളേജ് അധികൃതരോട് പരാതിപ്പെടുവാനും ഇനി  ആ അധ്യാപകൻ എങ്ങോട്ടു വിളിച്ചാലും പോവരുതെന്നും  ആ അമ്മ മകളെ ഉപദേശിച്ചു. മകളെ പഠിപ്പിക്കാൻ, നേരാം വണ്ണം ഒരു വീടു കെട്ടാൻ അന്യനാട്ടിൽ വീട്ടുജോലിക്കാരിയായി വന്ന അമ്മയ്ക്ക് അതിനേ കഴിഞ്ഞുള്ളൂ. വിചാരിക്കുന്ന നേരത്ത് നാട്ടിലേക്കോടിപ്പോവാൻ കഴിയാത്ത നിവൃത്തികേടുള്ളവരാണ് യഥാർഥ പ്രവാസികളെന്ന് അതിനകം തന്നെ ആ അമ്മയ്ക്ക് ബോധ്യപ്പെട്ടിരുന്നു.

അവസാനമായി മകളുടെ കത്തിക്കരിഞ്ഞ ശരീരം ഹോസ്പിറ്റലിൽ വെച്ച് കണ്ട് ബോധം കെട്ടു വീണപ്പോൾ തലയടിച്ചു വീണ് ആ അമ്മയ്ക്ക് പരിക്കു പറ്റി. ഇപ്പോഴും അവരതിന്റെ ചികിത്സയിലാണ്. മകളുടെ മരണ ശേഷം മകൾ അനുഭവിച്ച പീഡനത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. കാരണം പെൺകുട്ടിയെ ഉപദ്രവിച്ചയാൾക്ക് പൊലീസിൽ അത്യാവശ്യം പിടിപാടുണ്ടായിരുന്നു. ആ അമ്മയും മകളും പ്രശസ്തരല്ലാതിരുന്നതുകൊണ്ട് കേസ് തെളിഞ്ഞില്ല.

പ്രശസ്തരല്ലാത്ത, വളരെ സാധാരണക്കാരായ  ചതിക്കപ്പെട്ട, ലൈംഗിക പീഡനത്തിന് ഇരയായ, ഗാർഹിക പീഡനത്തിന് വിധേയയായ, ആക്രമിക്കപ്പെട്ട  നിരവധി പെണ്ണുങ്ങൾ, അവർ  കൊടുത്ത പരാതികൾ കണ്ണീരുണങ്ങാതെ,   നടപടികൾ ഉണ്ടാവാതെ നിയയപാലകരുടെ കൺവെട്ടത്തുണ്ട്. സെലിബ്രിറ്റികൾ അല്ലാത്തവർ പ്രതികരിക്കുമ്പോഴും അവരെ അഭിനന്ദിക്കാനും ഇതേ ആവേശത്തോടെ നിയമ നടപടികൾ സ്വീകരിക്കാനും ജാഗ്രത ഉണ്ടാവണം. അപ്പോഴേ സാധാരണ സ്ത്രീകൾക്ക് സമൂഹവും നീതിന്യായ വ്യവസ്ഥിതിയും നൽകുന്ന സ്ത്രീ സുരക്ഷയിൽ വിശ്വാസം പൂർണ്ണമാകൂ.