Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരിക്കലും കാണാത്തവരുടെ പ്രണയം

may-gibran

ഖലീല്‍ ജിബ്രാന്‍-ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവി. ചിത്രകാരന്‍, ദാര്‍ശനികന്‍. പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ കാമുകനും ദാര്‍ശനികതയെകുറിച്ച്  പറയുമ്പോള്‍ വലിയ തത്വജ്ഞാനിയും. ജിബ്രാന്റെ പ്രണയക്കുറിപ്പുകളില്‍ മേരി ഹസ്‌കല്‍, എമിലി, സാറ, ഹാല എന്നിങ്ങനെ പല പേരുകള്‍ നമുക്ക് കാണാനാവും. എന്നാല്‍ അതില്‍നിന്നെല്ലാം ഒരു വിശുദ്ധ നക്ഷത്രമായി മേ വേറിട്ടു നില്‍ക്കുന്നു. അസാധാരണമായ അവരുടെ പ്രണയവും. 

മേ സിയാദെ. ഫലസ്തീന്‍ ലെബനീസ് എഴുത്തുകാരി. ബൈറണിന്റെ കവിതയില്‍ അലിഞ്ഞ് മണിക്കൂറുകളോളം കാടലഞ്ഞിരുന്നവള്‍. പതിനഞ്ചോളം കവിതാസമാഹാരങ്ങള്‍ എഴുതിയെങ്കിലും ഒന്നും ഇതുവരെ ഇംഗ്ലീഷില്‍ ലഭ്യമായിട്ടില്ലെന്നാണ് അറിവ്. അക്കാലത്തെ ധിഷണാശാലിയായ മാധ്യമ പ്രവര്‍ത്തക കൂടി ആയിരുന്നു മേസിയാദെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ അറബ് സാഹിത്യലോകത്ത് അറിയപ്പെടുന്ന ഫെമിനിസ്റ്റ് എഴുത്തുകാരി കൂടി ആയിരുന്നു മേ. റഷ്യന്‍ വിപ്ലവത്തിന് ശേഷം സോഷ്യലിസത്തെയും മറ്റ് പ്രത്യയശാസ്ത്രങ്ങളെയും മേ അറബ് ലോകത്തിന് പരിചയപ്പെടുത്തി. ആദ്യകാലങ്ങളില്‍ ബൗദ്ധികമായി മാത്രം ഇടപെട്ടിരുന്ന മേയും ജിബ്രാനും പതിയെ തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു. അവരുടെ ജീവിതം ചുരുക്കത്തില്‍ ഇങ്ങനെ എഴുതാം:

കത്തുകള്‍ കൊണ്ടൊരു പ്രണയം

മേ സിയാദെ ഈജിപ്തിലായിരുന്നു. ഫലസ്തീനില്‍  ജനിച്ചു. അറബ് മാധ്യമങ്ങളില്‍ എഴുതുന്നതിനായി ഈജിപ്തിലേക്ക് കുടിയേറി. ജിബ്രാന്‍ അമേരിക്കയില്‍. ലബേനോനിലെ ഒരു ഗ്രാമത്തില്‍ ജനനം.  എഴുത്തില്‍ ശ്രദ്ധയൂന്നുന്നതിനായി അമേരിക്കയിലേക്ക് കുടിയേറി. ലോകമറിയുന്ന എഴുത്തുകാരനായി. 

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കാതങ്ങളുടെ അകലമുണ്ടായിരുന്നു. എന്നിട്ടും, ജീവിതത്തിലൊരിക്കലും കാണാതിരുന്നിട്ടും, ജീവിതാവസാനംവരെ ഏറെ അടുത്തായിരുന്നു ഇരുവരും. ആത്മാവുകള്‍ ഇഴ പിരിയുന്ന പ്രണയികള്‍.  കത്തുകളായിരുന്നു അവര്‍ക്കിടയിലെ പ്രണയത്തിന്റെ പാലം.  

1912ല്‍ മേ ജിബ്രാന് ഒരു കത്തയച്ചു.  ജിബ്രാന്റെ 'ബ്രോക്കണ്‍ വിംഗ്‌സ'് എന്ന നോവല്‍ തന്നെ അലകുംപിടിയും മാറ്റിയെന്ന് അവരെഴുതി. ജിബ്രാന്‍ നിറഞ്ഞ സന്തോഷത്തോടെ അതിനു മറുപടി അയച്ചു. തൊട്ടുപിന്നാലെ മേയുടെ മറുപടി. അതൊരു പ്രവാഹമായിരുന്നു. കത്തുകളിലൂടെ അവര്‍ പരസ്പരം കൊരുത്തുപോയി.  

ജിബ്രാന്റെ ഏറ്റവും നല്ല വായനക്കാരിയായിരുന്നു മേ. ജിബ്രാന്റെ പുസ്തകങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന നിരൂപക. അറബ് ലോകത്തിനപ്പുറേത്തക്ക് ജിബ്രാന്റെ എഴുത്തുകളെ അവര്‍ എത്തിച്ചു. മേയുടെ വിമര്‍ശനങ്ങളെയും അഭിപ്രായങ്ങളെയും ജിബ്രാന്‍ അങ്ങേയറ്റം വിലമതിച്ചു. എഴുത്തിന്റെ രസതന്ത്രവും ഉള്ളറ രഹസ്യങ്ങളും ജിബ്രാന്‍ അവള്‍ക്കു മുന്നില്‍ തുറന്നുവെച്ചു. 

love-letter

ഭീതികളും അരക്ഷിതാവസ്ഥകളും സന്ദേഹങ്ങളും ജബ്രാന്‍ മേയ്ക്ക് എഴുതി. മരണാനന്തരം തന്നെ ജന്‍മദേശമായ ലബനോനിലേക്ക് കൊണ്ടുപോവണമെന്ന് ജിബ്രാന്‍ ഒരു കത്തില്‍ മേയ്ക്ക് എഴുതി. 

മുപ്പതുകളുടെ ആദ്യത്തില്‍ ജിബ്രാന്‍ മരിച്ചു. ഒപ്പം മേയുടെ മാതാപിതാക്കളും. ഇതോടെ കടുത്ത വിഷാദം മേയുടെ ജീവിതത്തെ ചൂഴ്ന്നു. അവര്‍ ബെയ്‌റൂത്തിലെ ഒരു മനോരോഗാശുപത്രിയിലായി. 1939 ന് കെയ്‌റോവില്‍ വെച്ച് മേസിയാദ് എന്ന നീലത്തീനാമ്പ് ജിബ്രാന്റെ ആത്മാവില്‍ ലയിച്ചു. 

കടുത്ത പ്രണയത്തിലായിരുന്നു അവരെന്നും. എന്നിട്ടും ഫോട്ടോകളിലൂടെയല്ലാതെ ഒരിക്കലും നേരില്‍ കണ്ടില്ല. 20 വര്‍ഷത്തോളം ആഴത്തിലാഴത്തില്‍ പ്രണയം ഇരുവരെയും വരിഞ്ഞുമുറുക്കി. തന്റെ സങ്കേതത്തില്‍ എത്തുന്ന മറ്റ് അറബ് എഴുത്തുകാരുമായും കലാകാരന്‍മാരുമായും മേ പ്രണയബന്ധത്തിലാണെന്ന ഗോസിപ്പുകള്‍ക്കിടയിലും, മേ ആഴത്തിലാഴത്തില്‍, ജിബ്രാനിലേക്ക് തന്നെ ചെന്നുനിന്നു. ആ കത്തുകള്‍ അതിനു സാക്ഷ്യം പറയും. രണ്ട് മനുഷ്യര്‍ക്ക് പരസ്പരം എങ്ങനെ ആലംബമാവാമെന്നും മുന്നോട്ടുള്ള നടത്തത്തിന് കൈത്താങ്ങ് നല്‍കാമെന്നും ഇരുവരും ജീവിതം കൊണ്ട് അടയാളപ്പെടുത്തി. 

കത്തുകള്‍ക്കപ്പുറം അവര്‍

പ്രിയപ്പെട്ട മേ...അങ്ങനെ എത്ര എഴുത്തുകള്‍ തുടങ്ങിയിരിക്കുന്നു. ഓരോ കത്തിന്റെയും കുനുകുനുത്ത അക്ഷരങ്ങള്‍ക്കിടയില്‍ രണ്ട് ഹൃദയങ്ങള്‍ എത്ര മാത്രം ബന്ധിതമായിരുന്നിരിക്കും. ഇരുപത് വര്‍ഷമാണ് പ്രണയം എന്ന മൂന്നക്ഷരങ്ങള്‍ക്കിടയില്‍ കടന്ന് പോയത് . ഒരിക്കലും പരസ്പരം കണ്ടിട്ടേയില്ലാത്ത  ഇരുപത് വര്‍ഷം. 

ആരും കൊതിക്കുന്ന ജിബ്രാന്റെ പ്രണയം പലപ്പോഴും ഒഴുകി പരന്നു. എന്നാല്‍ ഇടമുറിയാതെ അത് 'മേ, എന്റെ പ്രിയപ്പെട്ട മേ' എന്ന് പെയ്തു കൊണ്ടേ ഇരുന്നു. പ്രണയത്തെ പ്രപഞ്ചമെന്ന അർഥത്തിലേക്ക് വളര്‍ത്തിലോകത്തെ നോക്കി കണ്ണിറുക്കി ചിരിക്കുന്ന പ്രവാചകന്‍ എന്നാല്‍ പ്രിയപ്പെട്ടവളുടെ ഓരോ വാക്കിനും വേണ്ടി തപിച്ചിരുന്നു. കാല്‍പ്പനികതയുടെ ആകാശം മാത്രമായിരുന്നില്ലത്. സംവാദങ്ങളുടെ ദീര്‍ഘ രൂപങ്ങള്‍ കൂടി ആയിരുന്നു. 

ലോകം മുഴുവനും ജിബ്രാന്‍ എന്ന് ആവേശിച്ചിരിക്കുമ്പോഴും 'എന്റെ മേയുടെ അഭിനന്ദനം ഇല്ലെങ്കില്‍ ലോകം മുഴുവന്‍ എന്നെ അഭിനന്ദിച്ചിട്ട് എന്തിന്..' എന്ന് കാമുകിയാല്‍ മാത്രം അടയാളപ്പെടുന്ന തീവ്രാക്ഷരം ആകുന്നുണ്ട് ജിബ്രാന്‍. കവിതകള്‍ക്ക് മേല്‍ മേയുടെ അനുമോദനങ്ങളുടെ ഒറ്റവാക്കുകള്‍ കൊണ്ട് ഹേമന്തമാവുകയും ചെറു വിമര്‍ശനങ്ങള്‍ക്ക് മേല്‍ പൊള്ളിപ്പോവുകയും ചെയ്യുന്ന പ്രണയി.

പ്രണയത്തിന്റെ തീനാമ്പുകള്‍

ഒരിക്കല്‍ മേസിയാദ ജിബ്രാന് എഴുതി: ദൂരെ ചക്രവാളത്തിനു താഴെ സൂര്യന്‍ മുങ്ങാന്‍ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വര്‍ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ?

പ്രണയത്തിന്റെ ദേവതയായ വീനസ്.. ആ നക്ഷത്രത്തിലും നമ്മെപ്പോലെ പ്രണയത്തിന്റെ ദാഹമോഹങ്ങള്‍ ഉള്ള മനുഷ്യര്‍ ഉണ്ടാകുമോ? പ്രണയവും സ്‌നേഹവും അരികിലെത്തിക്കുന്ന വിദൂരതയിലെ ജിബ്രാനെ പോലൊരു സുഹൃത്ത് നമുക്കുമുണ്ടാകാന്‍ സാധ്യതയില്ലേ? 

love-letter

എന്തായാലും ഒന്നറിയുക. മറ്റൊരു ലോകത്ത് ഖലീല്‍ ജിബ്രാനും മേ സിയാദെയും ജീവിച്ചിരുന്നു. അവര്‍ക്കിടയില്‍ പലരും ജീവിച്ചിരുന്നു. രണ്ടാകാശങ്ങള്‍ക്ക് കീഴില്‍. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന മനസ്സ് അവര്‍ക്ക് ഉണ്ടായിരുന്നു. മേ  ജിബ്രാന് എഴുതിയ കത്തുകള്‍ ഇത് വരേയ്ക്കും അവരുടെ കുടുംബം പുറത്ത് വിട്ടിട്ടില്ലാത്തതിനാല്‍ ആ പ്രണയത്തിന്റെ തീവ്രത ജിബ്രാന്‍ മേയെ പറ്റി പറയുന്ന പോലെ തന്നെ വായ്മുഖം  അടഞ്ഞു പോയ അഗ്‌നിപര്‍വതം ആയി അവശേഷിക്കുന്നു.

മേയും ജിബ്രാനും ഉള്ളില്‍ നിറയുമ്പോള്‍

വിഷാദത്തിന്റെ ഏതോ ആകാശത്തുനിന്നാണ് ജിബ്രാനെയും മേ സിയാദെയയും കണ്ടെടുത്തത്. പ്രണയമെന്ന് ആ ഏകാന്തതയെ വിവര്‍ത്തനം ചെയ്യുമ്പോള്‍, ഞാനറിഞ്ഞു, മേ നീ ഞാന്‍ തന്നെ. 

മേ സിയാദെ ഉയിരില്‍ കലര്‍ന്നതാണ് എന്റെ പ്രണയം. എത്ര നാളും കാത്തിരിക്കാന്‍ കെല്‍പുള്ള പ്രണയം. 

നോക്ക് , ലെബനോനില്‍ നിന്നും കൈറോവില്‍ നിന്നും ന്യൂയോര്‍ക്കില്‍ നിന്നും ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഹൃദയങ്ങളെ ശുദ്ധിപ്പെടുത്തുന്ന ആ മഞ്ഞു കാറ്റ് അരികില്‍ എത്തുന്നുണ്ട്. ഞാന്‍ നീയാവുകയും നീ ഞാനാവുകയും ചെയ്യുന്ന ആ നേരങ്ങളിലേക്ക് നാം പരാവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. കണ്ണുകള്‍ നിറയുന്നുണ്ട്. ഓര്‍ക്കുന്ന മാത്രയില്‍ പോപ്ലര്‍ മരങ്ങളും വില്ലോ മരങ്ങളും പുഷ്പിക്കുകയും വാല്‍ നട്ട് മരങ്ങളും ഓക്ക് മരങ്ങളും ഈ വിദൂരതയില്‍ വന്ന് തളിരിടുകയും ചെയ്യുന്നുണ്ട് .

.

ജിബ്രാന്‍ നിന്നെ കടമെടുത്ത് തന്നെ പറയട്ടെ .

എന്റെ മുറിവുകളുടെ ആഴത്തില്‍ നീ സ്പര്‍ശിക്കുക 

പുല്‍ക്കൊടികളും മുന്തിരിയിലകളും 

അത് കണ്ട് അസൂയപ്പെടട്ടെ...