പാവാട പ്രായത്തിൽ ഫ്രോക്കിട്ട് നടന്നതു കൊണ്ടാണോ എന്നറിയില്ല പണ്ടൊന്നും പാവടയെ അധികം ശ്രദ്ധിച്ചിട്ടില്ല! അല്ലെങ്കിലും വയസ്സ് മുപ്പതു കഴിഞ്ഞപ്പോഴാണ് ശരിക്കും പറഞ്ഞാൽ പാവാടയുടെ ഒരു ഭംഗിയൊക്കെ കണ്ണിൽ പതിഞ്ഞത്.
ഒന്നു രണ്ട് ലൊട്ടു ലൊടുക്ക് പാവടകൾ വീട്ടിലൂടെ ഇട്ട് ആഗ്രഹം സാധിക്കുകയും ചെയ്തു. അങ്ങനെയൊക്കെ കഴിഞ്ഞു കൂടുന്നതിനിടയ്ക്കാണ് ഓഫിസിലെ കൂട്ടുകാരികൾ ലോക പാവാട ദിനത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടത് . അങ്ങനെയൊരു ദിനമൊക്കെയുള്ള സ്ഥിതിക്ക് ഒരെണ്ണം ഇട്ടാലോന്ന് ചെറുതായൊരു ആലോചന നടത്തിയപ്പോഴേ ആറടിയ്ക്കടുത്ത് പൊക്കമുള്ള സഹപ്രവർത്തകയുടെ വമ്പൻ ഓഫർ, എന്റെ കൈയിൽ ധാരാളം പാവാടകൾ ഉണ്ട് . ഇനി മേടിക്കാനൊന്നും പോകണ്ട, ഞാൻ കൊണ്ടുത്തരാം.
ഫിഷ്കട്ട് നല്ല വിടർന്നു കറങ്ങുന്ന സൂപ്പർ പാവാട. രണ്ട് ദിവസം മുൻപേ കൈയിൽ കിട്ടി! ഒരു സാരിയ്ക്കുള്ള തുണിയുണ്ടെന്ന് തോന്നി അടിപൊളി ഇതിട്ട് തകർക്കണം എന്നുറപ്പിച്ചു. പാവാട ദിനത്തിൽ രാവിലെ ഫിഷ്കട്ട് , വിത്ത് അബ്രല്ലാ സ്കർട്ട്....ഇട്ടുനോക്കിയപ്പോഴാണ് അവളുടെ പൊക്കവും എന്റെ പൊക്കവും തമ്മിലുള്ള അന്തരം മനസിലായത്.
പിന്നേ വിട്ടു കൊടുക്കാൻ പാടില്ല. ചുരുട്ടി തെറുത്ത് നീളം ബാലൻസ് ആക്കി!! ആഹാ വാട്ട് എ ബ്യൂട്ടി... ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത് ദാസാ ...എന്നും പറഞ്ഞ് വീട്ടിൽ നിന്ന് സ്റ്റെപ് ഇറങ്ങാൻ, തട്ടിവീഴാതെ പാവാടയൊതുക്കിയപ്പോഴാണ് അൽപം കീറലുണ്ടോ എന്ന് സംശയം തോന്നിയത്. ഓ...സാരമില്ല ഒരു ചെറിയ പിന്നെടുത്തു കുത്തിയാൽ മതിയല്ലോ? ...ഒാഫിസിലേക്ക് ഇറങ്ങാൻ ധൃതിയ്ക്ക് പിന്നും എടുത്ത് ഇങ്ങ് പോന്നു....പോരുന്ന വഴിക്ക് നോക്കിയപ്പോഴാണ് മനസിലായത്...ഒന്നല്ല പലസ്ഥലങ്ങളിൽ ചെറുതായി തയ്യൽ വിട്ടിട്ടുണ്ട്. ഇനി ടോൺഡ് ജീൻസ് പോലെ വല്ലസ്റ്റൈലും ആയിരിക്കുമോ?...ഏയ്. അങ്ങനെ പെട്ടെന്നൊന്നും കീറൽ ആർക്കും മനസിലാകില്ല...ടോൺഡ് പാവാടയ്ക്ക് കൂട്ടുകാരികൾ നല്ല അഭിപ്രായവും പറഞ്ഞു.
ഈ പാവാടയുടെ ഉടമസ്ഥവന്ന് ഇതിന്റെ സത്യാവസ്ഥ എന്താന്നറിയണമെന്നുള്ള ആഗ്രഹനുമായി കട്ട വെയ്റ്റിങ് ആയിരുന്നു പിന്നെ. ദാ വരുന്നു...നല്ല സ്റ്റൈലൻ പാവാടയുമിട്ട്
അവൾ....അതേ ഇത് മൊത്തം കീറിയതാണല്ലോ ...ഞാൻ കീറിയതൊന്നുമല്ല കേട്ടോ...പുതിയ പാവാട മേടിക്കാനൊന്നും
പറഞ്ഞേക്കരുത്!
ലേ അവൾ
ഒ അതൊക്കെയുള്ളതാ...അത് അങ്ങനെ കിടക്കുമ്പോൾ കീറൽ കാണില്ല...
ലേ ഞാൻ
എന്തായാലും ഞാനീ പാവാട കഴുകാതെ തിരിച്ചു തരും കേട്ടോ...
ലേ അവൾ
ഓ...വേണ്ടന്നെ ... അതു മേടിച്ചേ പിന്നെ കഴുകിയിട്ടേ ഇല്ലന്നെ!!!ന്ന്് ന്ന്...