Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്നൂ, ഓരോ പെൺകുട്ടിയും കൊതിക്കുന്നുണ്ട് നിന്നെപ്പോലെ യാത്രകളുടെ രാജകുമാരിയാകാൻ

queen-44 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

2016 ൽ ഏറ്റവും കൂടുതൽ കോലാഹലമുണ്ടാക്കിയ ഹോളിവുഡ് സിനിമകളിലൊന്നായിരുന്നു പിങ്ക്. പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന ഒരു സമൂഹത്തിന്റെ ശബ്ദം ആ സിനിമയിലൂടെ കേട്ടു.

അതേ ഒച്ച തന്നെയാണ് ഈ വർഷം ആദ്യം മലയാളത്തിലിറങ്ങിയ ക്വീൻ എന്ന കൊച്ചു സിനിമ. ചെറിയ സിനിമ എന്ന് പറഞ്ഞതിന്റെ സാരം ചെറു സിനിമയെന്നല്ല, പുതുമുഖങ്ങളായ ചെറുപ്പക്കാരെ വച്ച് നവാഗതനായ ഡിജോ ജോസ് ആന്റണി ചെയ്തു എന്നതാണ്. പക്ഷേ പുതുമുഖങ്ങൾ ആണെന്നുള്ളതല്ല ഒരു ചിത്രത്തിന്റെ മൂല്യത്തെ നിർണയിക്കുന്നതെന്നു ക്വീൻ ഉറപ്പിച്ചു.

pink film poster

പിങ്കിലെ ചില സന്ദർഭങ്ങൾ അറിയാതെ കയറി വന്നതാണെങ്കിലും അറിഞ്ഞു കൊണ്ട് വന്നതാണെങ്കിലും അതുകണ്ട് കൈയടിക്കാൻ തന്നെയാണ് തോന്നിയത്. കാരണം അങ്ങ് ഡൽഹിയിൽ ആണെങ്കിലും ഇങ്ങു കേരളത്തിലാണെങ്കിലും പാതിരാത്രിയിൽ പൊതു നിരത്തിലിറങ്ങാൻ പെൺകുട്ടികൾക്ക് ഇനിയുമേറെ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം എന്നുള്ളതുകൊണ്ട്.

രാത്രികളുടെ ഭംഗി കവികളും ചിത്രകാരന്മാരും വരച്ചും പറഞ്ഞും വച്ചതിനേക്കാൾ എത്രയോ മനോഹരമാണെന്ന് ആ തണുത്ത ഇരുണ്ട വഴിയിലൂടെ നടക്കാനിറങ്ങിയവർക്കറിയാം. വീട്ടിൽ നിന്ന് പോകുന്ന ആൺകുട്ടികളുടെ മടങ്ങി വരവുകൾ ശ്രദ്ധിച്ചാലറിയാം അവർ വികാര തീവ്രത കൊണ്ട് ചുവന്നിരിക്കും. പാതി രാത്രിയിൽ വരെ തണുത്ത രാത്രിയിൽ അലഞ്ഞു നടന്നതിന്റെ കിതപ്പിൽ അവരങ്ങനെ ഊർജ്ജ പ്രവാഹം കൊണ്ട് നിറഞ്ഞൊഴുകി വീടിനുള്ളിലൂടെ നടക്കും. അടുക്കള പണി ചെയ്തു ക്ഷീണച്ചു തളർന്ന, പഠിച്ചു മടുത്ത പെൺകുട്ടികളോ കടന്നൽ കുത്തേറ്റ പോലെ വീർത്തു വിങ്ങിയിരിക്കും.

queen-66.jpg ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

"എനിക്കും രാത്രിയിൽ നടക്കാൻ പോണം", അവൾ ഇടയ്ക്കൊക്കെ അവനോടു പറയും.

-ഉം, ചെന്നാലും മതി, ഓരോരുത്തര് നോക്കിയിരിപ്പാ...-

അവന്റെ  മറുപടിയിൽ അവൾക്ക് നെഞ്ചു നോവും

"പിന്നെ നീയെന്തിനാ കൂടെ വരുന്നത്?"

ഈ ലോകത്തിലെ നല്ലൊരു ശതമാനം വരുന്ന പെൺകുട്ടികളുടെയും ആഗ്രഹം അത്തരമൊരു യാത്ര തന്നെയാവും. ചിന്നു പോയ പോലെ.

എൻജിനീയറിങ് കൊളേജിലെ ആൺകുട്ടികളുടെ മെയിൻ സെക്ഷനായ മെക്കാനിക്കിൽ കടന്നു വരുന്ന ഒരേയൊരു പെൺകുട്ടിയാണ് ചിന്നു. അവളെ പരസ്യമായി സ്വീകരിക്കാൻ മടി കാണിക്കുന്ന അഹങ്കാരികളായ മെക്കിലെ പയ്യന്മാരെ ചിന്നു സ്നേഹം കൊണ്ട് ഒപ്പം കൂട്ടുന്നു.

അങ്ങനെയാണ് അവൾ അവർക്കിടയിലെ രാജകുമാരിയാകുന്നത്. പാതിരാത്രിയിൽ ആൺ സുഹൃത്തുക്കൾക്കൊപ്പം സ്വാതന്ത്ര്യത്തിന്റെ കാറ്റ് നുകർന്ന് അവരെ പുണർന്നു നിൽക്കുന്നത് കാണുമ്പോൾ സദാചാര കണ്ണുകളോടെ എത്തുന്ന ഏതൊരു മനുഷ്യനും കുരുക്കൾ പൊട്ടും.

നമുക്ക് കിട്ടാത്തത്, ആർക്കും പാടില്ല എന്നൊരു ആന്തരിക വൈരുധ്യം ഇതിലുണ്ട്. പെൺകുട്ടികൾ പാതിരാത്രിയിൽ പുറത്തിറങ്ങാൻ പാടുള്ളവരല്ല, എന്നൊരു തോന്നൽ എല്ലാ സദാചാര വിശ്വാസികളായ മനുഷ്യരുടെയും ഉള്ളിലുണ്ട്. അസമയത്ത് സഞ്ചരിക്കാനിറങ്ങുന്നതുകൊണ്ടാണ്  അവൾ മാനഭംഗം ചെയ്യപ്പെടുന്നത് എന്നു വരെയുള്ള കണ്ടെത്തലുണ്ട്. ആ മനസിലാക്കലിനെയാണ് സലിം കുമാറിന്റെ വക്കീൽ ചോദ്യം ചെയ്യുന്നത്.

queen-0032 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കൊളേജിലെ ആഘോഷങ്ങൾക്കൊടുവിൽ രാത്രിയിൽ ബസ് സ്റ്റോപ്പിൽ പെടുന്ന ചിന്നു ആക്രമിക്കപ്പെടുകയും അതിക്രൂരമായി കൊല്ലപ്പെടുകയുമാണ്. അവളുടെ മരണത്തിന്റെ സംശയമുനകൾ അവൾക്കു പ്രിയപ്പെട്ടവരിലേക്കെത്തുമ്പോൾ ചോദ്യം ചെയ്യാതിരിക്കാനാവില്ല.

പിങ്ക് സിനിമയിൽ അമിതാഭ് ബച്ചന്റെ കഥാപാത്രവും ക്വീനിലെ സലിം കുമാറിന്റെ കഥാപാത്രവും ഒരേ ശബ്ദത്തിൽ സംസാരിക്കുന്നത് ഇവിടെയാണ്. സദാചാര സമൂഹത്തിന്റെ പരിഹാസങ്ങളിൽ അവർ ചോദിക്കുന്നു, "ഏതാണ് ഇവിടെ ഒരു പെൺകുട്ടിക്ക് അസമയം? ഇന്ന സമയം മുതൽ ഇന്ന സമയം വരെ പെണ്ണുങ്ങൾ പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിക്കാവുന്നതാണ്"

ഈ വാക്കുകൾ തന്നെയാണ് ക്വീൻ എന്ന സിനിമയുടെ കാതൽ.

എന്താണ് പെൺകുട്ടികൾക്ക് മാത്രം അസമയം? അവർക്കെന്തു കൊണ്ട് സമയങ്ങൾ വിവക്ഷിക്കപ്പെടുന്നു? അവർക്കു വേണ്ടി മാത്രം സമയത്തെ ആരാണ് ക്ലിപ്തപ്പെടുത്തിയത്? ആരാണ് അവരെ രാത്രി പുറത്തു പോകാൻ അനുവദിക്കേണ്ടത്? മനുഷ്യന്റെ പെണ്ണുടലുകളോടുള്ള വെറി മാത്രമാണ് അതിനുള്ള ഉത്തരം.  രാത്രിയിൽ ഒറ്റയ്ക്കൊരു സ്ത്രീ നടന്നു പോകുമ്പോൾ അവൾ പ്രലോഭിപ്പിക്കാനായി മാത്രമുള്ള "ചരക്കാണെന്നു" വിശ്വസിക്കുന്ന പുരുഷന്മാർക്ക് വെറി തുടങ്ങുകയായി.

അതുകൊണ്ടു തന്നെ ആ സമയത്തു അവൾ മാനഭംഗം ചെയ്യപ്പെട്ടാലോ കൊല്ലപ്പെട്ടാലോ അത് അവളുടെ മാത്രം കുറ്റമായി വ്യാഖ്യാനിക്കപ്പെടുകയായി."അസമയത്ത്" അവൾ പുറത്തിറങ്ങിയത് കൊണ്ട് അവൾക്ക് കൊല്ലപ്പെടാം എന്നാണു സദാചാര വിശ്വാസികളുടെ നിയമം. ഡൽഹിയിലെ നിർഭയ കൊല്ലപ്പെട്ടതും ഈ നിയമത്തെ അവൾ അനുസരിക്കാതെയിരുന്നതുകൊണ്ടു മാത്രമാണല്ലോ!

queen-006 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

സ്ത്രൈണ വിഷയങ്ങളുടെ നിറമാണ് പിങ്ക്. അവളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്താൻ പ്രേരിപ്പിക്കുന്ന അച്ചടക്കത്തിന്റെ നിറമാണ് പിങ്ക്. എന്നാൽ അതേ അച്ചടക്കത്തെ വെല്ലു വിളിച്ചു തങ്ങളുടെ അവകാശങ്ങൾക്കു മുകളിൽ ജീവിക്കുകയും തങ്ങളുടെ "നോ" എന്ന വാക്കിനെ അംഗീകരിക്കാൻ ആൺ മേൽക്കോയ്മയോട് ആവശ്യപ്പെടുകയും ചെയ്യുന്ന പെൺ കഥാപാത്രങ്ങളാണ് പിങ്ക് എന്ന സിനിമയിലുള്ളത്. 

പെണ്ണിന്റെ ശരീരം അവൾക്ക് ഇഷ്ടമുള്ളവരുമായി പങ്കു വയ്ക്കുന്നത്ര നിസ്സാരമല്ല, അവളുടെ നോയുടെ മുകളിൽ നിന്നും അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത്. എന്നാൽ സ്ത്രൈണ പക്ഷം പറയുന്നുണ്ടെങ്കിലും ഈ സിനിമയെ ചില വഴികളിൽ പരാജയപ്പെടുത്തുന്നത് അമിതാഭ് ബച്ചന്റെ കഥാപാത്രമാണ്.

മൂന്നു പെൺകുട്ടികളും പൊരുതാൻ ഉറച്ച് മുന്നേറി നിൽക്കുന്നുണ്ടെങ്കിലും പലപ്പോഴും തകർന്നു പോകുന്ന അവരിലേക്ക് പ്രതീക്ഷയുടെ കിരണവുമായെത്തുകയും അവർക്ക് ഒപ്പം നിൽക്കുകയും അവസാനം ശക്തമായ വാക്കുകൾ വഴി അവരിലെ കരുത്തിനെ അംഗീകരിക്കുകയും ചെയ്യുന്നത് അമിതാഭിന്റെ വക്കീൽ കഥാപാത്രമാണ്. ഈ സിനിമ സ്ത്രീ പക്ഷമാണെന്നു പറയുമ്പോഴും അപൂർവ്വം ആളുകൾ ഇതിനെ ഇങ്ങനെയും ട്രോൾ ചെയ്യുന്നുണ്ടായിരുന്നു, പെണ്ണിന് എവിടെ പ്രശ്നമുണ്ടെങ്കിലും ഒരു ആണെങ്കിലും അവളെ സഹായിക്കുവാൻ ഉണ്ടെങ്കിലേ അവൾക്ക് രക്ഷപെടാനാകൂ എന്ന്.

എന്നാൽ അമിതാഭ് ബച്ചന്റെ കഥാപാത്രം ഒരു പിടിവള്ളി മാത്രമാണ് അവർ മൂവർക്കുമിടയിൽ. സ്വന്തമായി ജീവിക്കുകയും സ്വന്തം ഇഷ്ടങ്ങൾക്കു ജീവിക്കുകയും ചെയ്യുന്ന പെൺകുട്ടികൾക്ക് സമൂഹം "നോ" പറയാനുള്ള സ്വാതന്ത്ര്യവും നൽകണമെന്നും അത് അതിന്റേതായ ബഹുമാനത്തോടു കൂടി അംഗീകരിക്കപ്പെടണം എന്നും പിങ്ക് പറയുന്നു. 

queen-003 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ക്വീൻ പറയുന്ന കഥയും വളരെ ശക്തമാണ്.  അതിജീവിക്കാൻ കഴിയാതെ പോയ മറ്റൊരു നിർഭയയുടെ കഥ വീണ്ടും കാണുമ്പോൾ അപകടങ്ങൾ നമ്മുടെ തൊട്ടടുത്തും വന്നുവല്ലോ എന്നൊരു നെഞ്ചിടിപ്പുയരും. അപ്പോഴും പാതി രാത്രിയിൽ റോഡിലിറങ്ങാൻ കലഹിച്ച് പെൺകുട്ടികൾ ചുറ്റിലുമുണ്ട്.

അവരുടെ സുരക്ഷിതത്വം മാത്രമാണ് പ്രശ്നം. മാറേണ്ടത് എന്താണ് എന്ന ചോദ്യം വല്ലാതെ അലട്ടുന്നു. പുരുഷന്റെ വെറി പിടിച്ച മനസ്സോ? സദാചാര സമൂഹത്തിന്റെ കാലം ചെന്ന നിയമങ്ങളോ? അസമയമെന്നത് പെണ്ണിന് കൽപ്പിക്കപ്പെട്ട അവസ്ഥയോ? എല്ലാത്തിനേയും തിരിച്ചു പിടിക്കേണ്ടി വരും.

queen-001 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

അസമയമെന്നത് ആണിനെന്നതു പോലെ പെണ്ണിനുമില്ലെന്നു സ്വയം കണ്ടെത്തി പുറത്തിറങ്ങുന്നവർക്ക് സംരക്ഷണമല്ല, ഒപ്പം ചേർത്ത് പിടിക്കലാണ് വേണ്ടത്. അവളെ സംരക്ഷിക്കാൻ അവൾക്കറിയാം, പക്ഷേ അതിനെങ്കിലും അവളെ അനുവദിക്കണം എന്ന് മാത്രം! ക്വീൻ സിനിമയും ടിജോയും പ്രശംസയർഹിക്കുന്നു ഉറപ്പായും!