ഇന്ന് ലോകം പാവാടദിനമാഘോഷിക്കുമ്പോൾ കുറ്റബോധത്തോടെ ഞാനോർക്കുന്നത് നിന്റെ മുഖമാണ് കൂട്ടുകാരാ. നിന്നിലെ നന്മ തിരിച്ചറിയാതെ നിന്നെ അപമാനിച്ചുവിട്ട എന്റെ കൗമാരക്കാലത്തിലെ നീറുന്ന ഓർമ്മയാണ് നീയെന്നും. ഒരു നന്ദിവാക്കിനു പോലും കാത്തുനിൽക്കാതെ നീ മടങ്ങുന്നത് നിസ്സഹായയായി നോക്കിനിന്ന ദിവസത്തിൽ നിന്നു തന്നെ ആ കഥ പറഞ്ഞു തുടങ്ങാം. വേനലവധിക്കു തൊട്ടുമുൻപുള്ള അവസാനത്തെ പരീക്ഷാ ദിനം. പരീക്ഷയെഴുതി ബാഗുമായി മടങ്ങുമ്പോഴാണ് എങ്ങു നിന്നോ ഓടി വന്നു നീയെന്റെ പാവാട പിടിച്ചു വലിച്ചത്.
ഒരു നിമിഷത്തെ ഞെട്ടലിനൊടുവിൽ എന്റെ കൈ നിന്റെ മുഖത്തു പതിഞ്ഞു. ഒന്നും മിണ്ടാതെ തലതാഴ്ത്തി നീ മടങ്ങുമ്പോൾ അപമാനിക്കാൻ ശ്രമിച്ചവനെ കീഴടക്കിയവളുടെ ഗർവായിരുന്നു എന്റെ മനസ്സിലും മുഖത്തും. ഈയാംപാറ്റയോളം പോലും ആയുസ്സ് ആ അഹങ്കാരത്തിനില്ലെന്നറിയാൻ ഞാനൽപ്പം വൈകിപ്പോയി.
നിന്റെ മേൽ കൈവെച്ചതിനുള്ള ശകാരവർഷം ചൊരിഞ്ഞുകൊണ്ടാണ് കൂട്ടുകാരികൾ ആ സത്യം തുറന്നു പറഞ്ഞത്. പോകാനുള്ള തിരക്കിനിടയിൽ ബാഗ് ധൃതിയിൽ തോളിൽ തൂക്കിയപ്പോൾ ബാഗിന്റെ വള്ളിയിൽ കുടുങ്ങി എന്റെ പാവാടയും ഉയർന്നു പോയിരുന്നു. അതുകണ്ട് മറ്റുള്ളവർ ചിരിക്കുന്നതു കണ്ടാണ് നീ എന്റെ അരികിൽ ഓടി വന്നതും ധൃതിയിൽ എന്റെ പാവാട വലിച്ചിട്ടതും.
അന്നോളം ഒരുവാക്കുപോലും പരസ്പരം മിണ്ടിയിട്ടില്ലാത്ത നീ എന്റെ അരികിൽ ഓടിവന്ന് എന്റെ പാവാട വലിച്ചിട്ടപ്പോൾ നിന്റെ ഉദ്ദേശശുദ്ധിയെ ഞാൻ തെറ്റിദ്ധരിച്ചുപോയി. മറ്റു കൂട്ടുകാർ കളിയാക്കാൻ മുന്നിട്ടു നിന്നപ്പോൾ നീ മാത്രമാണ് എന്നെ ആ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ മുന്നോട്ടു വന്നത്. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായതും കുറ്റബോധം കൊണ്ട് എന്റെ ഉള്ളു നീറി. ഒരു ക്ഷമാപണംകൊണ്ട് നമ്മുടെ ഇടയിൽ അന്നോളം നിന്ന മൗനത്തിന്റെ മഞ്ഞുമലയെ ഇല്ലാതാക്കണമെന്ന് ഞാനുറച്ചു. പരീക്ഷാഭാരം തീർന്നതിന്റെ ആഘോഷത്തിൽ കലപില കൂട്ടുന്ന കൂട്ടുകാർക്കിടയിൽ അന്നു വൈകുവോളം ഞാൻ തിരഞ്ഞത് നിന്റെ മുഖം മാത്രമായിരുന്നു.
പക്ഷേ ഒരു നന്ദിവാക്കിനു പോലും കാത്തു നിൽക്കാതെ നീ മടങ്ങിയെന്ന് വളരെ വൈകിയാണ് ഞാനറിഞ്ഞത്. ഒരു വലിയ ശരി മാത്രമാണ് നീ ചെയ്തത്. എന്നിട്ടും എന്റെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്റെ ഭാഗം ന്യായീകരിക്കാതെ നീ മിണ്ടാതെ മടങ്ങിയത് എന്തിനായിരുന്നു? നിന്റെ ശരിയെ കൂട്ടുകാർ വിമർശിച്ചപ്പോഴും ഒരു വിശദീകരണവും നൽകാതെ നീ മടങ്ങിപ്പോയത് എവിടേക്കായിരുന്നു?
പാവാടക്കാലം കഴിഞ്ഞിട്ട് കൊല്ലങ്ങളേറെയായെങ്കിലും പറയാതെ പോയ ഒരു നന്ദിവാക്കിന്റെ ഭാരവുമായി ഇപ്പോഴും കാത്തിരിക്കുന്നു...