ഒരിക്കലും മറക്കില്ല ആ ഡാൻസും പിന്നെ അഴിഞ്ഞുപോയ പാവം പാവടയേയും

പ്രതീകാത്മക ചിത്രം.

നൃത്തത്തെയും പാവാടയേയും ഒരുപാടൊരുപാടു സ്നേഹിച്ച ഒരു പെൺകുട്ടിക്കാലത്തിൽ നിന്നാണ് ഈ കഥതുടങ്ങുന്നത്. പത്തോ പന്ത്രണ്ടോ വയസ്സാണ്  അന്ന് പ്രായം. സ്കൂളിലെ കലാപരിപാടികളുടെ ഭാഗമായി പഞ്ചാബി ഡാൻസ് അവതരിപ്പിക്കുന്നുണ്ട്. ഡാൻസ് സംഘത്തിൽ ഞാനുമുണ്ട്. ചടുലമായ ചുവടുകളും കാതടിപ്പിക്കുന്ന സംഗീതവുമായി സ്റ്റേജിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സംഘം തകർക്കുകയാണ്.

പ്രതീകാത്മക ചിത്രം.

തകർത്തു ഡാൻസ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് ഞാൻ ആ സത്യം ഞാൻ മനസ്സിലാക്കിയത്. പാവാടയുടെ കെട്ടഴിഞ്ഞു തുടങ്ങുകയാണ് ഏതു നിമിഷവും അതഴിഞ്ഞു വീഴാം. വിദേശികളുൾപ്പെടെയുള്ള അതിഥികൾ, അധ്യാപകർ, കൂട്ടുകാർ അങ്ങനെ വലിയൊരു ആൾക്കൂട്ടമാണ് നൃത്തം ആസ്വദിച്ചുകൊണ്ടു വേദിക്കു മുന്നിലിരിക്കുന്നത്. ഡാൻസ് തുടരണോ അഭിമാനം സംരക്ഷിക്കണോ? രണ്ടിൽ ഏതുവേണമെന്ന് ഉടൻ തീരുമാനമെടുത്തേ പറ്റൂ. ആലോചിച്ചു നിൽക്കാൻ സമയമില്ല അൽപ്പം സങ്കടത്തോടെ  അഴിഞ്ഞുകൊണ്ടിരിക്കുന്ന പാവാടയിൽ മുറുകെപ്പിടിച്ച് നൃത്തം തുടർന്നു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ പതിയെ സ്റ്റേജിനു പിന്നിലേക്ക് പിന്മാറി. അവിടെ കാത്തു നിന്ന സീനിയേഴ്സ് ചേച്ചിമാർ പാവാടയുടെ കെട്ടുകൾ മുറുക്കെ കെട്ടിത്തന്നു.

പാവാട മുറുകിയതോടെ അതുവരെ അയഞ്ഞു കിടന്ന ആത്മവിശ്വാസവും പൂർവാധികം ശക്തിയായി മുറുകെത്തുടങ്ങി. എങ്ങനേയും ഡാൻസ് പൂർത്തിയാക്കണമെന്ന ചിന്ത മാത്രം മനസ്സിൽ നിറഞ്ഞപ്പോൾ മുറുക്കിക്കെട്ടിയ പാവാടയ്ക്കൊപ്പം ആത്മവിശ്വാസത്തോടെ സ്റ്റേജിലേക്ക് തിരികെയെത്തി. അതിഗംഭീരമായി നൃത്തം പൂർത്തിയാക്കി. പാവാട അഴിഞ്ഞു തുടങ്ങിയതു ശ്രദ്ധിച്ച പല കാണികളും പ്രോഗ്രാം കഴിഞ്ഞപ്പോൾ എന്നെ പ്രത്യേകം അഭിനന്ദിച്ചു. അപ്രതീക്ഷിത സാഹചര്യത്തെ നേരിട്ടതിനെയും ചമ്മൽ പുറത്തുകാട്ടാതെ മിടുക്കിക്കുട്ടിയായി ഡാൻസ് പൂർത്തിയാക്കിയതിനും അവർ നല്ല വാക്കുകൾ കൊണ്ട് എന്റെ മനസ്സു നിറച്ചു. ലോകം ഇന്ന് പാവാട ദിനമാഘോഷിക്കുമ്പോൾ ഈ പാവാടക്കഥ ഓർക്കാതിരിക്കാനാവുന്നില്ല.