പെൺശരീരങ്ങളെ വെറും പച്ചക്കറികളാക്കുന്ന ആൺ ധാർഷ്ട്യത്തോട് പറയാനുള്ളത്

പ്രതീകാത്മക ചിത്രം.

ആദ്യം മാറിടത്തിലൊരു സൂചി കൊണ്ട് കുത്തുന്ന പോലെ വേദന തോന്നിയപ്പോഴാണ് ആ കണ്ടെത്തൽ നടന്നത്! ബട്ടൻസ് പോലെ ഒട്ടിയിരുന്ന മാറിടങ്ങൾക്ക് ചെറിയ വീർപ്പ്. കുത്തുന്ന നോവും. 

"അമ്മേ, എനിക്കിവിടെ നോവുന്നു"

എവിടെ

"ദേ, ഇവിടെ...."

തൊട്ടു കാണിച്ചപ്പോൾ അമ്മയ്ക്ക് കാര്യം മനസ്സിലായി. 

അത് പെൺകുട്ടികൾക്ക് വളരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും. പേടിക്കണ്ട.

"അപ്പൊ ഈ വേദന ഇനി പോവില്ലേ?",

പല്ലു ഇളകി പോകാൻ നേരം അത് പൂർണമായും വിട്ടു പോകുന്നതുവരെ നിലനിന്ന വേദനയായിരുന്നു അപ്പോൾ മനസ്സിൽ മുഴുവനും.

ഇത് പെട്ടെന്ന് മാറിക്കോളും. നീ അത് ശ്രദ്ധിക്കേണ്ട

സംഭവം ശരിയായിരുന്നു. ആ കുത്തുന്ന വേദന പെട്ടെന്ന് മാറി. പക്ഷേ പിന്നീട് ഉടൽ തന്നെ അതിശയമായി മാറിപ്പോയി. ഒരു നാണം വന്നു ഉടലാകെ മൂടി പുതച്ചു. നല്ല ചേർന്നിരിക്കുന്ന ഉടുപ്പിടുമ്പോൾ തെല്ലു വീർത്തു നിൽക്കുന്ന മാറിടുമായി എങ്ങനെ മറ്റുള്ളവരുടെ മുന്നിൽപ്പോകും? ലജ്ജ കൊണ്ട് ആകെ പൂത്തു പോയൊരു പെണ്ണിന്റെ മാറിന്റെ മുകളിലേയ്ക്ക് അങ്ങനെ ഷോൾ എന്ന വസ്ത്ര ഭാഗം കൂടി വന്നു പെട്ടു.

സ്‌കൂൾ വിട്ടു ബസ് കിട്ടാൻ വേണ്ടി വേഗത്തിലോടുമ്പോൾ എതിരെ വരുന്ന ആൺ കണ്ണുകളിൽ പലപ്പോഴും കാണാം അസാമാന്യമായൊരു തിളക്കം. വെള്ള യൂണിഫോം ഉടുപ്പിനെ തുളച്ചു കണ്ണുകൾ ഉള്ളിലേക്ക് തറഞ്ഞു കയറുന്നു. വീണ്ടും ഷോളിടാനാകാത്ത സുരക്ഷിതത്വക്കുറവ് വീർപ്പു മുട്ടിക്കുന്നുണ്ട്. എപ്പോഴാണ് ആ ചെറിയ വസ്ത്ര ഭാഗത്തിലൊതുങ്ങി നിൽക്കുന്നതല്ല പെണ്ണിന്റെ സുരക്ഷിതത്വം എന്ന് മനസ്സിലായത്? 

സൂര്യനെല്ലി എന്ന പേരിനൊപ്പമായിരുന്നു അത് എന്നാണോർമ്മ. അന്ന് വൈകിയാണ് സ്‌കൂളിൽ നിന്നും വീട്ടിലെത്തിയത്, സ്‌പെഷ്യൽ ക്ലാസ് ഉണ്ടെന്നു അമ്മയ്ക്ക് അറിയാതെയല്ല, പക്ഷേ വന്നയുടനെ അമ്മയുടെ ആവലാതികൾ, കരണമന്വേഷിച്ചു മൗനത്തിലേയ്ക്ക് നടന്നു ചെല്ലുമ്പോൾ നാൽപ്പതോളം പുരുഷന്മാരുടെ പൗരുഷത്തിന്റെ ബലമായ അടയാളപ്പെടുത്തലുകൾ ഏറ്റു വാങ്ങി ഒരുവൾ മുഖമില്ലാതെ ടിവി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു.

വിറച്ചു പോയി. അറിയാതെ ശരീരത്തിലെ സ്വന്തം അവയവങ്ങളിൽ തൊട്ടു നോക്കിയപ്പോൾ അമ്പരപ്പ് തോന്നി. രതി എന്തെന്നറിഞ്ഞിട്ടില്ല. പക്ഷേ ചില കുഞ്ഞു കുഞ്ഞു ആർത്തവ വേദനകൾ പോലും അസഹനീയമായിരിക്കുന്ന പെൺകുട്ടികൾക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന പുരുഷത്വം നൽകുന്ന വേദന എന്തായിരിക്കും. ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. പക്ഷേ അവളും അന്ന് ധരിച്ചിരുന്നത് സ്‌കൂൾ യൂണിഫോം ആയിരുന്നില്ലേ, ഷോൾ ഇട്ടിരുന്നില്ലേ, എന്നിട്ടും അവൾ കട്ടെടുക്കപ്പെട്ടു. അവളുടെ ഉടൽ അപമാനിക്കപ്പെട്ടു. സുരക്ഷിതത്വം വസ്ത്രത്തിലല്ല, ഒന്നിലുമല്ല.

"അവളുടെ മുപ്പതു മുപ്പത്തിനാല് ആക്കിക്കൊടുത്തത് ഞാനാ...."- ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച്  മറ്റൊരു സുഹൃത്ത് എന്റെ ചെവിയിൽ പറയുമ്പോൾ ആദ്യം ചിരിക്കാൻ തോന്നി. കാമുകനാവാൻ കാമുകിയുടെ മുലകളുടെ വലിപ്പം കൂട്ടിക്കൊടുക്കണമെന്നു ആരാണാവോ അവനു പറഞ്ഞു കൊടുത്തത്. പക്ഷേ അതോടെ മാറിടവും പെണ്ണും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം മനസ്സിൽ ഉറപ്പിക്കപ്പെട്ടു. അതിൽ നിന്നും ഒട്ടും മാറ്റം വന്നിട്ടില്ല പെണ്ണിന്റെ മാറിടത്തെ തണ്ണി മത്തങ്ങകളോടും പപ്പായയോടും ഒക്കെ ഉപമിക്കുന്നത് കാണുമ്പോഴും. 

ആദ്യമായി ഒരാളെ കാണുമ്പൊൾ അത് പെണ്ണാണെങ്കിൽ സ്വാഭാവികമായി വഴി മാറി പോകുന്ന കണ്ണുകൾ അവളുടെ മാറിടത്തിലും ചെന്ന് കൊള്ളാറുണ്ട്. സ്വാഭാവികമായി അല്ലാത്തത് പോലെ നിറഞ്ഞു നിൽക്കുന്ന മാറിടങ്ങളിൽ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. മറ്റുള്ളവർ എന്നേയും ഇതുപോലെ നോക്കി നിൽക്കും എന്ന ബോധ്യവുമുണ്ട്.

പക്ഷേ വസ്ത്രങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുമ്പോൾ ലഭിക്കുന്നൊരു ആനന്ദമുണ്ട്. മാറിടം തങ്ങളുടെ പൗരുഷത്തിന്റെ അടയാളമാക്കി വലിപ്പം കൂട്ടാനുള്ള മാർഗ്ഗമല്ലാതെ കാണുന്ന പുരുഷന്റെ മുന്നിൽ അവന്റെ ഉള്ളിലെവിടെയോ ഗൃഹാതുരമായി മാത്രം കിടക്കുന്ന ഒരു 'അമ്മ സ്നേഹത്തെ ഉണർത്താൻ കഴിയുമ്പോൾ ആ ആനന്ദം അതിരു കവിയുന്നു. മാറിടം എന്നത് അവനു സ്വയം ചെന്നടിയാനുള്ള ഒരു ആശ്രയമായി മാറുമ്പോൾ അവൾ വീണ്ടും പൂക്കുന്നു. അവൾ ഉടൽ മാത്രമല്ലെന്ന് ബോധ്യപ്പെടുന്നു. അതുകൊണ്ടു തന്നെ ഇത്തരം തണ്ണിമത്തൻ പ്രസ്താവനകളിൽ ക്യാമ്പയിനുകളുമായി മുന്നോട്ടു നീങ്ങേണ്ടിയിരുന്നത് പുരുഷന്മാരായിരുന്നുവെന്നു തോന്നുന്നുണ്ട്.

മാറിടം മാത്രമല്ല ഒരിക്കലും പെണ്ണ് അഭിമുഖീകരിക്കുന്ന പ്രശ്നം. ഒട്ടിക്കിടക്കുന്ന ലെഗ്ഗിങ്‌സ് പോലെയുള്ള വസ്ത്രങ്ങൾ. പക്ഷേ ഞങ്ങൾ പെണ്ണുങ്ങളെ സംബന്ധിച്ചിടത്തോളം ലെഗ്ഗിങ്‌സ് പോലെ സൗകര്യപ്രദമായ മറ്റൊരു വസ്ത്രമില്ല. ഊരാനും ഇടാനും ഉള്ള എളുപ്പം, വള്ളിയഴിഞ്ഞു ഊരി പോകില്ല എന്ന ആത്മ വിശ്വാസം, നോർമൽ ആയുള്ള ഒരു കളർ ഉണ്ടെങ്കിൽ അത്യാവശ്യം യാത്രകൾ പോകുമ്പോൾ പല കുർത്തകൾക്കും മാറ്റി ഉപയോഗിക്കാം എന്ന സൗകര്യം, അങ്ങനെ ഉപയോഗങ്ങൾ മാത്രമേയുള്ളൂ. ഇടുന്ന വസ്ത്രങ്ങൾ അല്ലെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ അവനവന്റെ തിരഞ്ഞെടുപ്പാകുമ്പോൾ അവിടെ ചോദ്യങ്ങൾക്ക് എന്താണ് പ്രസക്തി. അവൾ ലെഗ്ഗിങ്‌സ് ഉപയോഗിക്കാൻ പാടില്ലെന്ന് ആർക്കാണ് പറയാൻ പറ്റുക? അവനവന്റെ കംഫോർട്ട് സോണിലുള്ള വസ്ത്രങ്ങൾ ആർക്കും ധരിക്കാം, അതിനെ ചോദ്യം ചെയ്യുന്നതും ഒരർത്ഥത്തിൽ ഫാസിസമാണ്. അങ്ങനെ വരുമ്പോൾ നാട്ടിൽ ഏറ്റവും കൂടുതൽ ഫാസിസ്റ്റുകളെ നേരിടുന്നത് പാവം പെണ്ണുങ്ങൾ തന്നെ.

സമര മാർഗ്ഗങ്ങൾ ഓരോരുത്തർക്കും അവരവരുടേതാണ്. അതുകൊണ്ടു തന്നെ മാറ് തുറക്കൽ സമരങ്ങൾ ഓരോ കാഴ്ചപ്പാടുകളുമായി ചേർന്നിരിക്കുന്നു. പക്ഷേ വ്യക്തിപരമായി ഉടൽ തുറന്ന സമരമാർഗ്ഗങ്ങളോട് നീതികരിക്കാനാവതില്ല. തുറക്കേണ്ടത് സങ്കുചിതമായിപ്പോയ മനസ്സുകളാണ്. അതിനു വേണ്ടി തുറക്കപ്പെടുന്ന മാറുകൾ കൂടുതൽ തീക്ഷ്ണ നോട്ടങ്ങളുടെ മുനകളിൽ കൊരുത്തു പോകപ്പെടും എന്നല്ലാതെ സദാചാര വിപ്ലവങ്ങൾ എന്നേയ്ക്കുമായി ഇല്ലാതാകും എന്ന് തോന്നുന്നില്ല. 

ഓർമ്മ വരുന്നത് ഒരു സോനാഗച്ചി യാത്രയാണ്. തെരുവിൽ മുക്കിലും മൂലയ്ക്കും നിരന്നു നിൽക്കുന്ന സുന്ദരികളും അല്ലാത്തവരുമായ പെണ്ണുങ്ങൾ. നിറമുള്ള വസ്ത്രങ്ങൾ, നഗ്നരായി നിൽക്കുന്നവരാരും തന്നെയില്ല. വളരെ മാന്യമായ വേഷമാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. പക്ഷേ അവരുടെ നോട്ടത്തിൽ നിന്നോ ആ പ്രദേശത്തിന്റെ അനുഭവത്തിൽ നിന്നോ മാത്രമാണ് അവർ എന്തിനു വേണ്ടി നിൽക്കുന്നു എന്ന് മനസ്സിലാവുക. ആ തെരുവിൽ എണ്ണിയാലൊടുങ്ങാത്ത പെണ്ണുങ്ങൾ ഉള്ളതു പോലെ തന്നെ എണ്ണിയാൽ തീരാത്ത ആണുങ്ങളുമുണ്ട്. ഒരാൾക്കും രാത്രിയുടെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടാവാനിടയില്ല. അൻപതു രൂപാ മുതൽ പെൺ ശരീരങ്ങൾ വിൽക്കപ്പെടുന്ന ഒരിടത്ത് ആർത്തിയെന്തിന്?

 പക്ഷേ ഞങ്ങൾ രണ്ടു പെണ്ണുങ്ങളുടെ കാഴ്ചപ്പാടുകളെ പാടേ തെറ്റിച്ചു കൊണ്ട് ആ തെരുവിലൂടെ നടന്ന അര മണിക്കൂർ ഞങ്ങൾ നഗ്നരാക്കപ്പെട്ടു. ആർത്തിയോടെ നോക്കുന്ന നൂറു കണക്കിന് കണ്ണുകൾക്കിടയിൽ ഞങ്ങൾ ഭയന്നു. ആ നിമിഷം ഞങ്ങൾ വലിച്ചിഴക്കപ്പെടുമെന്നും അതി ക്രൂരമായി മാനഭംഗം ചെയ്യപ്പെടുമെന്നും തോന്നി.

ഒരു രസത്തിനു അങ്ങോട്ടേക്ക് കയറാൻ തോന്നിയ സമയത്തെ സ്വയം കുറ്റപ്പെടുത്തി. തിരികെ നടക്കാൻ ഭയന്നു. ഒടുവിൽ എല്ലാ കണ്ണുകളെയും അതിജീവിച്ചു തിരികെയെത്തുമ്പോൾ ഒരു കാര്യം മനസ്സിലായി. എത്ര കിട്ടിയാലും ആർത്തി തീരാത്ത പെണ്ണുടലിന്റെ മൂല്യത്തെക്കുറിച്ച് ആണിന്റെ ആർത്തി പിടിച്ച തലച്ചോറിലെ തീയെക്കുറിച്ച്. ആ അതിജീവിക്കൽ ഇപ്പോഴും ആവശ്യപ്പെടുന്നു സ്വന്തം ഉടൽ അടക്കി വയ്ക്കാൻ. കാരണം ഞങ്ങൾ ഇന്ത്യയിലെ പെണ്ണുങ്ങളാണ്. ഇവിടെ മാറിടം ഉൾപ്പെടുന്ന പെണ്ണിന്റെ ശരീരത്തെ വസ്ത്രത്തിൽ കണ്ടാൽ പോലും ഉദ്ധരിക്കപ്പെടുന്ന ആൺ തലച്ചോറുകളുണ്ട്. ഭയമാണ് ഞങ്ങൾക്ക്.

പക്ഷേ പ്രിയമുള്ള ആൺ സുഹൃത്തുക്കളെ, മുലകളെക്കുറിച്ചോർക്കുമ്പോൾ അവയുടെ വലിപ്പം കൂട്ടാനല്ലാതെ നിങ്ങൾക്കവയെ ഓമനിക്കാൻ തോന്നുന്നുണ്ടെങ്കിൽ, അവയിൽ പഴയൊരു ഗൃഹാതുരതയുടെ ബാക്കി ചുരത്തുന്നത് മനസ്സിലാകുന്നുണ്ടെങ്കിൽ മാറിടങ്ങൾ തണ്ണി മത്തങ്ങകളും പപ്പായകളും അല്ലെന്നു നിങ്ങളുടെ തന്നെ ജനുസ്സിൽ പെട്ട "ചിലർക്ക്" ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ.

തുറന്നിട്ട മാറിടങ്ങൾ തണ്ണി മത്തനുകളല്ലെന്നു മനസ്സിലാക്കിയാലും എന്റെ ആണിന്റെ ഏറ്റവും പ്രിയപ്പെട്ട അവയവം എന്നതു കൊണ്ട് എനിക്കതു നിങ്ങൾക്ക് മുന്നിൽ തുറന്നു വയ്ക്കാനാവില്ല.അത്തരം സമരത്തിൽ പങ്കെടുക്കാനും വയ്യ. പക്ഷേ ഞങ്ങളുടെ ശരീര ഭാഗങ്ങളെ വെറും പച്ചക്കറികളാക്കുന്ന ആൺ ധാർഷ്ട്യങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. നിങ്ങൾക്കറിയുന്ന മൂല്യം കാത്തു സൂക്ഷിക്കേണ്ടത് നിങ്ങൾ കൂടിയാകുന്നു. അതുകൊണ്ടു ഞങ്ങളുടെ മുലകളെയും ലെഗ്ഗിന്സിനെയും വെറുതെ വിടുക. ഞങ്ങളും ജീവിച്ചോട്ടെ!